ചൂട്ട്കൊള്ളി
എടമുക്ക് പള്ളിക്ക് തെക്ക്
അർധബോധാവസ്ഥയിൽ
തലയിൽനിന്നൊരു കടന്നൽക്കൂടിളകി
കിടന്നിടത്തുനിന്നും, ഉരുണ്ട് മറിഞ്ഞ്
തലയിണച്ചോട്ടിൽ ബീഡി തപ്പി
ടീയെൻ ജോയിയെ സ്വപ്നത്തിലുപേക്ഷിച്ച്
എടമുക്ക് മൂപ്പന്റെ വീടിന്നിടയിലൂടെ
കുറ്റിബീഡി തപ്പിത്തടഞ്ഞയാൾ നടന്നു
പുലർച്ചെ മൂന്നുമണിക്കുള്ള കാവില് വെടി.
വെടി കൊള്ളാത്തവരില്ല കൊടുങ്ങല്ലൂരിൽ...
കാറ്റത്തും, മഴയത്തും
കെടാത്തൊരു തീപ്പെട്ടി വേണം.
കാറൽ മാർക്സുമായിട്ടൊരു സംവാദമുണ്ട്
അതു കഴിഞ്ഞ് നാരായണ ഗുരു
അവർക്കിടയിലൊരു പീഠമുണ്ട്
തർക്കം, കഴിഞ്ഞ് സർവജ്ഞപീഠം കയറിപ്പോണം
വീടിനു മുമ്പിലെ കിളിക്കൂട് തുറന്ന് വിടണം
വളഞ്ഞ കൊമ്പ് നിവർത്തി കെട്ടണം
പേരില്ലാത്ത പൂവിന് പേരിടണം
അധിക ജോലിഭാരത്താലയാൾ
എടമുക്ക് കോളനിയിലെ
അറുപത്തിനാല് കൂരകളിലും കയറി തീപ്പെട്ടി ചോദിച്ചു
തീ കൂട്ടാനൊന്നുമില്ലാത്തിടത്ത്
തീപ്പെട്ടി പരതി
പച്ചവെള്ളത്തെ ചൂടാക്കി ദർശനത്തിൽ
റേഷനരി തിളപ്പിച്ചു
ഓരോ വീട്ടിൽനിന്ന്
കുറ്റിച്ചൂട്ടുമായി
വരുന്നു, ജാരൻ, കള്ളൻ
പലിശക്കാരൻ, പത്രവിതരണക്കാരൻ
തീപ്പെട്ടിക്കൊള്ളിയുമായി വരുന്നവർ
ഭീമാകാരൻമാരായി
തീപ്പെട്ടിക്കൊള്ളി ചൂട്ടുകൊള്ളിയായി
ഒരുമിച്ച് കൂടി വന്നവർ
അയാളെ മലർത്തിക്കിടത്തി
ചൂട്ട് കൊണ്ട് ബീഡി കത്തിച്ചുകൊടുത്തു
ചിത
ആളിക്കത്താൻ തുടങ്ങി...