Begin typing your search above and press return to search.
proflie-avatar
Login

അവകാശികൾ

poem
cancel

ഏറെ പ്രിയമായിരുന്നു ആ മുറി

പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് കുളിച്ച്, മുടി

വിതിർത്തിട്ട് കട്ടിലിൽ ചമ്രംപടിഞ്ഞിരിക്കും.

അന്നാദ്യം എയർഹോളിലൂടെ

വെയിൽച്ചീള് അകത്തേക്ക് കടന്നു;

ചുവരിലെ ഘടികാരത്തിനു സമീപം

ഒരവകാശംപോലെ തങ്ങി.

അൽപം കഴിഞ്ഞ് കശുമാവിന്റെ ചില്ല

അകത്തേക്ക് ജനൽവഴി കായ്ച്ചോട്ടേന്ന് തലനീട്ടി.

മുറ്റത്തെ ബോഗൺവില്ലയുടെ കൊമ്പിനൊപ്പം

ശലഭങ്ങൾകൂടി കടന്നുവന്നു.

സിന്ദൂരിപ്പശു വാതിൽ തള്ളിത്തുറന്ന്

കൈമുട്ടിൽ നക്കി തലയാട്ടി.

രേവതിപ്പൂച്ച പവിഴമല്ലി

കുലുക്കി.

ചാഞ്ചാലനണ്ണാൻ സീതപ്പഴത്തിൽ മൂക്കുരുമ്മി.

കാർമേഘമൊന്ന് കട്ടിലിനടിയിൽ

ഉണർത്തല്ലേന്ന് കൂർക്കം വലിച്ചു.

കൂട്ടുകാരെല്ലാം അകത്തുണ്ട്.

ഞാൻ പതിവിലും ഉഷാറിൽ ധ്യാനത്തിലാണ്ടു.

ഉണർന്നപ്പോൾ വൃക്ഷങ്ങളും പക്ഷികളും

സൂര്യനും നിലാവും പൂപ്പരത്തികളും തുമ്പികളും!

മുറിയെവിടെ?

കട്ടിൽ കൂടിയില്ല!

എലി മാളത്തിൽനിന്ന്

പതുക്കെ തലപൊക്കി.

ചുമരിനടിയിൽ മാളം പണിയുന്നതിന്

പലതവണ വഴക്കിട്ടവരാണ് ഞങ്ങൾ.

പതിവില്ലാത്ത സൗമ്യത അവന്.

‘‘വരൂ മാളം ഉണ്ടാക്കാൻ പഠിപ്പിച്ചു തരാം’’

ആവശ്യം അറിഞ്ഞ പ്രതികരണം.

ഞാൻ പിമ്പേ കൂടി.

അല്ലാ, എന്തിനാണ്

സൂര്യനും നിലാവും കടലും

മരങ്ങളും പക്ഷിലതാദികളും

കിണറ്റുവക്കത്തെ പത്തുമണിയും

ഞങ്ങളെ അനുഗമിക്കുന്നത്?

Show More expand_more
News Summary - weekly literature poem