മരംകൊത്തി
ഒരു മരംകൊത്തി ജനാലയിൽ ആഞ്ഞുകൊത്തുന്നു. ഞാനെന്റെ കണ്ണുകൾ ഇറുക്കിയടയ്ക്കുന്നു. കൺപോളയിൽനിന്ന് തുള്ളി തുള്ളിയായി ചോര പീലികളിൽ വീണ് കവിളിൽ പതിച്ച് താഴോട്ടിറങ്ങുന്നു. കൺകരുവിൽ കൊക്കു തറച്ച് നോട്ടത്തിന്റെ നിലകളെല്ലാം ചിതറുന്നു. നെറ്റിയിൽ നഖങ്ങളുടെ നടുക്കുന്ന നിലപാട് ആഴ്ന്നിറങ്ങുന്നു. നോക്കെത്താ ദൂരം ജനങ്ങളുടെ അനങ്ങാജാലം. കൊത്തിയടർത്തുന്നതിന്റെ ചിത്രങ്ങൾ മത്സരിച്ചെടുക്കുമ്പോൾ കാഴ്ചയുടെ വർത്തമാനം മുറിവേറ്റ്...
Your Subscription Supports Independent Journalism
View Plansഒരു മരംകൊത്തി
ജനാലയിൽ
ആഞ്ഞുകൊത്തുന്നു.
ഞാനെന്റെ കണ്ണുകൾ
ഇറുക്കിയടയ്ക്കുന്നു.
കൺപോളയിൽനിന്ന്
തുള്ളി തുള്ളിയായി ചോര
പീലികളിൽ വീണ്
കവിളിൽ പതിച്ച്
താഴോട്ടിറങ്ങുന്നു.
കൺകരുവിൽ
കൊക്കു തറച്ച്
നോട്ടത്തിന്റെ നിലകളെല്ലാം
ചിതറുന്നു.
നെറ്റിയിൽ
നഖങ്ങളുടെ
നടുക്കുന്ന നിലപാട്
ആഴ്ന്നിറങ്ങുന്നു.
നോക്കെത്താ ദൂരം
ജനങ്ങളുടെ
അനങ്ങാജാലം.
കൊത്തിയടർത്തുന്നതിന്റെ
ചിത്രങ്ങൾ മത്സരിച്ചെടുക്കുമ്പോൾ
കാഴ്ചയുടെ വർത്തമാനം
മുറിവേറ്റ് പിടയുന്നു.
ശബ്ദം പോലുമെറിയാതെ
തകർന്നുവീഴുന്നത്
നോക്കിനിൽക്കുമ്പോൾ
ഭൂതകാലം
ദയാരഹിതമായി
തുരന്നെടുക്കുന്നു.
കൺതടങ്ങളിൽനിന്ന്
ദൂരങ്ങൾ
മാഞ്ഞുപോകുന്നു.
കൺകോണുകളിൽനിന്ന്
കൈകോർത്തു നിന്നതിന്റെ
ചൂട് നഷ്ടപ്പെടുന്നു
ഭാവിയിലേക്ക്
ആഴമുള്ള ഒരു ചതുരം മാത്രം
ബാക്കിയാവുന്നു.
മരംകൊത്തി
പറന്നുപോകുന്നു.