വയല്‍പ്പാട്ടുകാര്‍
ചുരന്ന പാല്‍നുര
അമ്ലധാരയായ്
പതഞ്ഞു കേറുന്നു
മിഴിപ്പുറ്റു ചുറ്റിലും
മൊഴിത്തഴക്കം കാട്ടി
അറിഞ്ഞു കാണാത്ത
വഴിക്കിനാവിനെ, പഴിച്ചുനീറുന്നു.
ഉടുത്ത കോണകം
അഴിഞ്ഞുവീഴുമ്പോള്‍
തിളച്ച പാല്‍പ്പത നിലാവു തേടുന്നു
കടുത്ത വേനലില്‍ കറുത്തവാവിന്റെ
തുടുത്ത സന്ധ്യയില്‍
ചിരിച്ച ചിരാതുകള്‍
പൊലിഞ്ഞുകത്തി
കുമിഞ്ഞ ചിന്തയെ
ചേറി പെരുപ്പിച്ച മുറത്താളമുലകില്‍
ഊതിയൂതി തെളിക്കുന്നു
വാക്കിന്റെ ദിക്കിനെ,
കാളി, കൂളി, അരുമകള്‍
നിഴലടര്‍ത്തി വിരുന്നുവന്നെത്തി
തിന്നുതീര്‍ത്ത - മദിച്ച രാത്രിയില്‍
ഉള്ളമാര്‍ത്തു ചിരിച്ചുതുള്ളുന്നവര്‍
മദിച്ച സ്വപ്നതുഴത്തണ്ടിനറ്റത്ത്
വിശ്വവിസ്മയ ഭൂപടം തുന്നിയോര്‍
നുരഞ്ഞു കേറുന്ന ചെളിപരപ്പില്‍
നുകത്തണ്ട് പേറി ചിരിച്ചുനിന്നവര്‍
രക്തമിറ്റിച്ച് ശുദ്ധിയാക്കുന്നു
വിത്തു പേറുന്നിടങ്ങളെ,..
കാളലാളിതണുത്തു നില്‍ക്കുമ്പോള്‍
കാട്ടുവള്ളി കിഴങ്ങിന്റെ മാധുര്യം
ചുട്ടുപൊള്ളി പഴുത്തോരിരിമ്പിന്റെ
രൗദ്ര ലാവണ്യപെരുമയായ് നില്‍ക്കുന്നു.
കോടപൂത്ത കുന്നുകള്‍ തമ്മിലൊട്ടി-
പിണഞ്ഞപ്പോള്‍
ഭോഗരോഗികള്‍
നെഞ്ചിലൂറി തണുത്ത
ചോരനാളിക്ക് വൈദ്യം പറയുന്നു.
വഴി മറക്കാത്ത പുഴപ്പെരുക്കം
വിളവു തിന്നുന്ന വേലിക്കരികില്‍
മൃതി വിധിക്കുന്ന പച്ച പൂവിട്ട
നിലാവല പട്ടുമൂടി - പാട്ടുമൂളി
മണ്ണിറങ്ങിയ വേരുതേടുന്നു.
ജപിച്ച പ്രഭാതങ്ങള്‍
തിടുക്കത്തില്‍ കിളിര്‍പ്പിച്ച തലപ്പുകള്‍
പറിച്ച ഞാറുകള്‍
പുതഞ്ഞ വയല്‍ഞ്ഞെറിവില്‍
ക്ഷീരഗര്‍ഭം പേറി ആടിയാടിയുലയുന്ന
തപിച്ച കിനാവുച്ചയില്‍
മണ്‍മുറിവില്‍ പൂക്കും ചോരക്കട്ടകള്‍
അരിശം പൂണ്ടേ,..
വെയിലാളി കരുത്തുറച്ചവര്‍
കരുവാളിച്ചവര്‍ തിളച്ചുപൊന്തി
പൊന്തിയെടുത്തോടുന്നു.
ഏറാന്‍മൂളി കാളക്കുടമണി
ചാട്ടയെടുത്തോടും നേരം
മുതുകില്‍ തേഞ്ഞ നുകപ്പാട്
ചളിയില്‍ പുതഞ്ഞ കാല്‍പ്പാട്
കിളച്ചമണ്ണിലെ പശിമലാളിച്ച
നുരത്ത മണ്ണിരപുരപ്പുറത്ത്
കുഴച്ചപുറ്റിന്റെ ചളിക്കരുത്തില്‍
വിതച്ചവിത്തിന്റെ കുസൃതിത്തലപ്പുകള്‍
മിഴിച്ചുനോക്കുന്നുണര്‍ച്ചയില്‍
നടുവൊടിഞ്ഞവര്‍ പരക്കമോടുന്നു.