Begin typing your search above and press return to search.
proflie-avatar
Login

ഏകാന്തതയോട്

Malayalam poem
cancel


വേവും വെയിലായ് എഴുന്നേൽക്ക്

ഏകാന്തതേ, എന്റെ കെട്ട്യോളേ

വേനലവധിക്കു മക്കൾപോൽ

ഏതെല്ലാം പക്ഷികൾ! കണ്ടാട്ടേ

ഞാനെന്ന ഭാവത്തിൽ ഞാലുന്നു

ഞാവലിൻ കൊമ്പിലോലേഞ്ഞാലി

കാക്കക്കുടുംബശ്രീ മുറ്റത്ത്

ചീത്തകൾ കൊത്തിവലിക്കുന്നൂ*

ക്വാറിയിൽ പാറ തെറിക്കുംപോൽ

റോഡിൽ കുരികിലിൻപറ്റങ്ങൾ

ജന്നലിറമ്പിൽ റംബൂട്ടാനിൽ

ബുൾബുളും മക്കളും പയ്യാരം

ദേശാടനക്കാരിക്കൊക്കേ നിൻ

വേഷംകെട്ടോവറാണോർത്തോളൂ

കുണ്ടികുലുക്കിക്കുളക്കോഴീ

കണ്ടം നിനക്കുള്ള റാമ്പോടീ?

കേവീലൈൻകമ്പിമേലാട്യാടി-

പ്പാടുന്നോ വണ്ണാത്തിപ്പുള്ളേ നീ

കോഴിക്കുഞ്ഞുങ്ങളെ കോർക്കാനോ

താണുപറപ്പെടി കൃഷ്ണമ്മേ?

വേവും വെയിൽപോയ് എഴുന്നേൽക്കെ-

ന്റേകാന്തതേ, എടി കെട്ട്യോളേ

കാനലുപോലെ കിനാപോലെ

പൂക്കൾ പറമ്പാകെ; നോക്കിക്കേ

ബാൻഡു വായിക്കുന്നു വേലിക്കൽ

ഏഴു നിറത്തിൽ ബൊഗൈൻവില്ല

ചെമ്പരത്തി അതു കണ്ടിട്ടോ

‘അമ്പടാ’ന്നപ്പടി ചോക്കുന്നു

ലില്ലിയും റോസുമിതൾ നീർത്തി

മുട്ടിന്മേലോശാന മൂളുമ്പം

തെച്ചീ മന്ദാരം തുളസ്യേച്ചീം

സിൽമാപ്പാട്ടായി തൊഴുന്നുണ്ട്

പൂവാലനേഴിലംപാലേ നീ

കാറ്റിലൂടാടിവരുന്നേരം

മാവേലി വന്നെന്നു പ്രാന്തായി

തുമ്പ മുക്കുറ്റിയോ നാണിപ്പൂ?

വെൺപകൽ ചൂടിയ വാർമുല്ല

വാസന പോയി നിറംകെട്ട്

വിണ്ണിൻ പുറമ്പോക്കിൽ വീഴുമ്പോൾ

വീണപൂവെന്നാര് മന്ത്രിപ്പൂ?

ആറീ വെയിൽ; നീ എഴുന്നേൽക്ക്

ഏകാന്തഡാകിനിവല്യമ്മേ

രാജുവും രാധ കപീഷും പോൽ

ജന്തുക്ക,ളോർമക,ളെമ്പാട്

മക്കളൊപ്പം നമ്മൾ വായിച്ച

ചിത്രകഥയിലെ ശിക്കാരി

മാനെ കടുവയെ ചെന്നായെ

ആനകളെ മലയണ്ണാനെ

ലാക്ക് പിഴച്ചൊരു തോക്കാലേ

വേട്ടയാടും കഥയോർത്തുംകൊ-

ണ്ടന്തിമങ്ങൂഴം കടക്കുമ്പോൾ

ഉള്ളൊരടഞ്ഞ മൃഗശാല

പട്ടിയെ തർക്കിച്ചൊരാടാക്കി-

ച്ചിന്നംവിളിക്കുന്നയൽ ടീവി

പൂച്ച എലിയായ് നരിച്ചീറായ്

കാഴ്ചയും കാതും കടക്കുന്നു

മൂവന്തി മാളമിഴഞ്ഞേറും

മർമരം മെല്ലെയടങ്ങുന്നു

മൂകത മേലാരോ കൊത്തുന്നു

കൂരിരുൾച്ചീവീടുശിൽപങ്ങൾ...

പൂപ്പൽപൂപക്ഷിതിര്യക്കായ

നാദപ്രപഞ്ചമിരമ്പീടും

പാതിരാപ്പഞ്ചാരിമൗനത്തിൽ

നീറി നീ കത്തെടി തീയമ്മേ

==========

* വൈലോപ്പിള്ളിയുടെ ‘കാക്ക’യെ ഓർത്തുകൊണ്ട്

Show More expand_more
News Summary - weekly literature poem