Begin typing your search above and press return to search.
proflie-avatar
Login

മഴ പെയ്യുമ്പോൾ

Malayalam poem
cancel

ഉരുകും വേനൽപ്പരപ്പിലകലെയെങ്ങാ-

ണ്ടൊരു ചിലമ്പൊച്ചപൊങ്ങി,

പതിതാളത്തിൽ!

അടുക്കലേയ്ക്കണയുമ്പോൾ

മുറുകും കാൽത്താളങ്ങളതിൻ കനത്തിൽ

വിരിയുന്നൂ, ചെമ്മണ്ണിൻ ചെന്താരകം!

ഇലച്ചാർത്താൽ നെയ്ത ചമയങ്ങളും

മുരുക്കും പിലാശും തെറുക്കും മണിമകുടവും

എടുത്തുചൂടിയിടഞ്ഞാടിടുന്നു

മഴത്തോറ്റത്തിൻ മുകിൽക്കോമരങ്ങൾ.

കനക്കും ചൂടിന്നുച്ചിയിൽപ്പതിക്കുന്നു

കനിവിന്റെ കുളിർസ്പർശം

നിനച്ചിരിക്കാതെ വന്നുപോം സ്നേഹസാന്ത്വനം

തിളച്ചാറിത്തണിഞ്ഞ ഭൂവിൽ

പൊടിച്ചൂ, പച്ചത്തെഴുപ്പുകൾ

കിതച്ചോടിയണഞ്ഞിടുന്നൂ

കൊള്ളിയാൻ വെളിച്ചങ്ങൾ

ഇരുട്ടിൻ പെരുമ്പറകൊട്ടി-

പ്പെരുകിയ താളത്തിൽ

വിറച്ചു ഞെട്ടീ വെള്ളില,

വള്ളികൾ, വല്ലികൾ സർവം!

കുതിച്ചുപായും കാറ്റിൻ

കൈയിലിത്തിരിയുണ്ടാ

മുഴുത്ത മാമ്പഴം;

സ്വാദേറും രസക്കൂട്ട്!

തുടിച്ചു പാടുന്നൂ ജീമൂതങ്ങളിരവിൻ,

തടിച്ച കമ്പളം പുതയ്ക്കുന്നൂ

മണ്ണും മനുഷ്യരും.

കടത്തൊഴിഞ്ഞ വക്കിൽ

വഴിക്കണ്ണുമായ്

തണുപ്പുകാഞ്ഞിരിക്കുന്നൂ

പഴയൊരാപ്പുഴ തനിച്ച്!

പതിഞ്ഞ താളത്തിൽ, ഝടുതിയിൽ

സമത്തിലങ്ങനെ

പലതുമാറും രാഗ-ഭാവ സ്പന്ദങ്ങളിൽ

മഴ, മാരി, വർഷം -പീയൂഷമായ്

തളിച്ചുപോം കുളിർത്തണ്ണീർക്കണങ്ങളിൽ

മനസ്സ് മാരിവിൽത്തേരിൽപ്പറക്കുന്നൂ

മയൂരമനോജ്ഞമാം നൃത്തം പകർത്തുന്നൂ!

Show More expand_more
News Summary - weekly literature poem