ഏഴിന്‍റന്ന്
ഏഴിന്റന്ന് എല്ലാരും പോയി
ഏന്തിവലിഞ്ഞൊരു
ദീനദീനമാം ചുമ
വീഴാതെ പിടിച്ച് നിൽപ്പൂ,
കുളിപ്പിച്ച് കിടത്തിയ മരയഴിക്കട്ടിലിൽ.
അയയിൽ നനഞ്ഞ തോർത്ത് വിരിച്ചിട്ട് തോരാമഴ
പടിഞ്ഞാറ്റയിൽ
പരവശം കാട്ടിയൊരമരവള്ളിക്ക്
പാവൽ പടർത്തിയ പന്തലിൽ
വാഴനാരിന്റെ ബലം നൽകി
പോയതെങ്ങ് നീ?
പറിച്ച് നട്ട ചാമ്പയിൽ
പണ്ട് നാം കണ്ട കിനാവിന്റെ പച്ചിലക്കൂമ്പ്
സ്ഫടികപാത്രത്തിൽ
സൂര്യകാന്തിക്ക് വെള്ളമൊഴിക്കുന്നു
പുലർകാല സൂര്യൻ,
രാത്രിയിൽ തിരിഞ്ഞുകൊത്താത്ത
നിന്റെ മുലകൾ
പൗർണമിക്ക് പാലൂട്ടുന്നു
നീയിപ്പോൾ
ഏത് രാജ്യത്തെ രാജ്ഞി?
മോരിന് ഉറയൊഴിച്ചതിൻ ബാക്കി
തൂവിപ്പോയൊരിത്തിരി തൈര്
തുടച്ചെടുത്ത്
തറ തൂത്ത്
പിൻവാതിൽ കുറ്റിയിട്ട്
നേരത്തെ കിടന്നു
നിവർത്തിയ മെത്തവിരിയിൽ
വിട്ടുപോകാൻ മടിച്ച്
അടക്കിപ്പിടിച്ചൊരന്താക്ഷരി,
ഇനിയും നീ തന്നെ പാടുക,
ഇത്രയും കാലമെനിക്ക് പകരാൻ കറിയിൽ,
നീയിട്ട ഉപ്പോളമെത്തില്ല
പകരമൊന്നും.