പഴയതാകുകയെന്നാൽ
പഴയതാകുകയെന്നാൽ
ഓർമയാകുകയെന്നതാണ്.
വിജനമായ വഴികളിലലയുന്ന
ഒരു നായയുടെ ശൗര്യത്തോടെ
പാത്തുപതുങ്ങിയും കുരച്ചുചാടിയും
കണ്ട വഴികളിലൂടെയത് ഓടിക്കയറും.
പഴയതാകുകയെന്നാൽ
മറവിയിലേക്കു പോകുകയെന്നതാണ്.
ചതുപ്പുനിലങ്ങളിൽ
ആഴ്ന്നുപോകുന്ന
അടയാളങ്ങൾ
നിമിഷനേരംകൊണ്ട്
മായുന്നതുപോലെ
നിശ്ശബ്ദതകളുടെ
ഇരുട്ടിടങ്ങളിലേക്ക്
അലസനടത്തത്തിന്റെ
അടയാളങ്ങളാകും.
പഴയതാകുകയെന്നാൽ
വേരറുക്കുകയെന്നതാണ്.
വേരുകൾ കെട്ടിപ്പിടിച്ച്
അകന്നുനിൽക്കുന്ന മരങ്ങളുടെ
വേരറുത്തുമാറ്റുന്ന നിഴൽനാടകമാണ്.
തിരിച്ചുകിട്ടാത്തവിധം
അഴിഞ്ഞുപോയ പട്ടം
വിദൂരതയുടെ പാതയിലൂടെ
ചൂടും വേവുമേറ്റ്
സഞ്ചരിക്കുകയെന്നതാണ്.
പഴയതാകുകയെന്നാൽ
ഉശിരുകൂടുകയെന്നതാണ്.
മണ്ണിനടിയിൽ പൂണ്ടുകിടക്കുന്ന
ഒരു വിത്ത്
നനവു തട്ടുമ്പോൾ
പൂർവാധികം ശക്തിയോടെ
ആകാശത്തെ തൊടുന്ന
ആത്മവിശ്വാസത്തിന്റെ
ആത്മപ്രകാശനമാണിത്.
പഴയതാകുകയെന്നാൽ
പുതുക്കപ്പെടുകയെന്നതാണ്.
പ്രാഥമിക വർണങ്ങളിൽനിന്നും
പുതിയ നിറങ്ങളുടെ
വർണപ്രപഞ്ചങ്ങളിലേക്കുള്ള
യാത്രയിൽ സഞ്ചരിക്കുകയെന്നതാണ്,
മിഴികൾക്കും കാതുകൾക്കുമപ്പുറം
അനുഭവങ്ങളുടെ തീവ്രതയുടെ
ഒരു സൂര്യകാന്തിച്ചെടി നടുകയെന്നതാണ്.
l