Begin typing your search above and press return to search.
proflie-avatar
Login

ജലബിംബങ്ങൾ

Malayalam poem
cancel

ശിലയിൽ കൊത്തുമ്പോ

ലാവുമോ ജലോപരി

ശിഥിലവൃത്തത്തിൽ നദീ

വാദനം കേൾക്കുന്നു.

പൊങ്ങിയാഴുന്നുണ്ടു

നൊടിയിൽ ജലശിൽപം

തല്ലിയോ വരഞ്ഞോ

വീർപ്പിക്കുന്നന്തർഭാവം.

മീൻപോൽ മിനാരംപോൽ

ഇലപോൽ പൂവിതൾപോൽ

മിനുങ്ങിപ്പൊട്ടുന്നതി-

രാർന്നു നൂൽക്കനം നുര.

ധൃതിയിൽ മായുമ്പോ-

ഴുതിർക്കും സ്വരഭേദം

പിറകെയെത്തുന്നുണ്ട്

കുഞ്ഞുന്നാളീണങ്ങൾ.

ജലനാളിയിൽ വിരൽ

വഴുതുന്ന വൈദഗ്ധ്യ-

മതേപടി വരച്ചതാ-

ണകച്ചാന്തിലുരുവങ്ങൾ.

പിന്നെ ഞാൻ വരഞ്ഞെത്ര

ചിത്രങ്ങൾ ജലോപരി

മറ്റൊരാൾ കാണാതടർന്ന

ക്ഷണകലാധൂമിക.

ശിലയിൽ വരയുമ്പോലെ

തരുവിൽ കൊത്തുമ്പോലെ

ഉടലിൽ ടാറ്റൂ മയിൽപ്പീലി

വിടർത്തുംപോലെ.

ജലനാളങ്ങൾ പൂ

ക്കളങ്ങളായി ചിന്നുമ്പോൾ

നടുവിൽപ്പൊന്തും മഹാ

ബലിയോ, വസന്തമോ?

അകലെപ്പടിഞ്ഞാറോ

നിവരും ചുരുൾക്ക്യാൻവാ-

സതിലായ് തെങ്ങിൻ നിര

നിഴ,ലന്തിച്ചെമ്മുകിൽ.

ജലത്തിൻ നിറജാലം

മായ്ച്ചിടുന്നിരുൾച്ചായം

കയർക്കുന്നെവിടുന്നോ

നിലാപുരുഷൻ, ക്രുദ്ധൻ.

ഉടയാടകൾ മാറ്റി

പ്പെൺകിടാവൊരുങ്ങുന്നു

വലിയും ചേലത്തുമ്പ്

തുന്നുന്നു മിന്നാമിന്നി.

കൊലുസ്സിൻ വെള്ളിക്കുമിള

മണലിൽ ചിണുങ്ങുന്നു.

നോക്കുമ്പോൾ ജലനീലി

പടർന്നതു മായ്ക്കുന്നു

ശിലയിൽ കൊത്തുമ്പോ-

ലാവില്ല ജലചിത്രം.

അതിൻ വര വടിവു വർണം

ഞൊടിജന്മ വിസ്മയം.

Show More expand_more
News Summary - weekly literature poem