Begin typing your search above and press return to search.
proflie-avatar
Login

കതിര്

Malayalam poem
cancel

ചാറ്റമഴയിൽ നനഞ്ഞ മുറ്റം

ആകെക്കറുത്ത കുരുപ്പകുത്തി.

മണ്ണും ചെളിയും പിടിച്ച ഭിത്തി;

വെട്ടിത്തിളങ്ങുന്ന വെള്ളിരേഖ.

പിന്നിട്ടകാലം വരച്ചുവച്ചിട്ടതിൻ

അറ്റത്തിരിക്കുന്നു ഒച്ചൊരെണ്ണം.

ആളനക്കംകെട്ട വീട്ടിലാളും മനം

തേട്ടിവരുന്നോരവിഞ്ഞ ഗന്ധം.

ഉഗ്രപ്രതാപമെതിയടി, കൈവടി,

ഊരയൊടിഞ്ഞ കയറ്റുകട്ടിൽ;

പോയകാലത്തിൻ നിഴലുകളെ

ക്കെണി​െവച്ചു ചിലന്തികളാകമാനം.

പിന്നിൽ പഴുത്തില വീഴും ഒച്ച;

നീണ്ടുപോകുന്ന ചവിട്ടുപാത.

താണ്ടിയ കാലിൽക്കടിച്ച ലഹരിയിൽ

വീണു മയങ്ങുന്ന മുള്ളുവള്ളി.

കാട്ടുകടന്നലിൻ കുത്തുകൊണ്ട

കാറ്റിന്റെ പ്രാണൻ പിടയുമോട്ടം.

ഏതോ ദുരാത്മാവ് തുപ്പിയിട്ട

ചോര ചിതറിയ കാട്ടുചേമ്പ്.

ചത്തവരൊക്കെ കതിരുകളായ്

പൂത്തുനിൽക്കുന്ന വയൽപ്പരപ്പ്.

ആമയായ് മാറി, യളിഞ്ഞ ചേറിൽ

മൂപ്പൻ പുലയൻ തുഴഞ്ഞുപോണു.

രാത്രിയിരുണ്ടു, കറുത്തു പാടം;

നീണ്ടുപോകുന്ന മട മുറിഞ്ഞ്

പ്രേതച്ചുരുൾമഞ്ഞുയർന്നിടുന്നു.

കാറ്റിൽ കതിരിൻ ചിലമ്പുയർന്നു.

വെള്ളിടി വെട്ടി, മഴ തിമിർത്തു,

രാവിന്റെ ചങ്കു വരഞ്ഞുകീറും

പക്ഷിക്കരച്ചിൽ പറന്നുനീളെ.

കാലം പുലർന്നു, തെളിഞ്ഞു മാനം,

ഏറ്റ മുറിവുകൾ പൂവിടർത്തി.

കാട്ടുകല്ലിൻതട നീക്കി മെല്ലെ

തോട്ടുചാൽ പാടത്തിറങ്ങിടുന്നു.

തുമ്പികളായിപ്പറന്നു കതിരുകൾ

മാനം മുഴുവൻ നിറഞ്ഞിടുന്നു.

നൂറു വരാലുകൾ ചേറിൽനിന്നും

സംഘഗാനത്തിൻ കുമിള പാടി.

കീഴടങ്ങാത്ത മനസ്സിൻ പതാകകൾ

കൊറ്റികളായിപ്പറന്നുയർന്നു.

Show More expand_more
News Summary - weekly literature poem