Begin typing your search above and press return to search.
proflie-avatar
Login

ഹിസ്-സ്റ്റോറി-സിറ്റി

Malayalam poem
cancel

അജന്തയുമെല്ലോറയും

ചിറിക്ക് തോണ്ടിവിളിച്ചു,

പെട്ടെന്നൊരുനാൾ

കാലത്തിൻ

ശിലാവനങ്ങളിൽനിന്ന്...

ഇതുവരെയുമതൊന്നും

കണ്ടിട്ടില്ലേ എന്ന

പരിഹാസങ്ങൾ

ആർപ്പുവിളികൾ

തൊട്ടടുത്ത നിമിഷം

ചുറ്റും.

ചരിത്രത്തിന്

അങ്ങനെ ചില

കുത്തിനുപിടിക്കലുകളുണ്ട്, വെലങ്ങിനിന്നുപോകും

ശ്വാസം വെറുതെ,

എല്ലുകൾ നുറുങ്ങുമ്പോൽ തോന്നും...

ഔറംഗബാദിലേക്ക്

വണ്ടി വിട്ടോ

വേഗമെന്ന് ഗൂഗിൾ പ്രതിവിധിച്ചു.

അടുത്തത്രേ ബാക്കിയെല്ലാം.

സ്ഥലം കേട്ടപ്പോൾ

തികട്ടിവന്നു,

ഔറംഗസീബിനെ.

ദേ, പിന്നെയും ചരിത്രം...

ചരിത്രത്തിന്മേൽ ചരിത്രം... ഭൂമിശാസ്ത്രം.

ഔറംഗബാദിലേക്ക്

ടിക്കറ്റെടുത്തപ്പോൾ

കിട്ടിയത് അങ്ങോട്ടേക്കല്ല.

ഛത്രപതി സംഭാജിനഗർ

അങ്ങനെയത്രേ ഇപ്പോഴാ നഗരത്തിൻ നാമം.

ഛത്രപതിയെന്ന് ശിവജിയെ

കേട്ടിട്ടുണ്ട്.

ഔറംഗസീബിന്റെ രാജധാനിയിൽ

ശിവജി നിൽക്കുന്ന

ഒരു പടം ഹൈസ്‌കൂളിലെ

ഹിസ്റ്ററിപുസ്തകത്തിൽ കണ്ടിട്ടുണ്ട്...

ആനാൽ യാരപ്പാ

ഇന്ത സംഭാജി..!

വിമാനം ചെന്നിറങ്ങുമ്പോൾ

സന്ധ്യ കഴിഞ്ഞിരുള് വീണിട്ടുണ്ട്...

ദ്രവ്യത്തിൻ നാലവസ്ഥകളെ പ്രൈമറിക്ലാസിൽ

പഠിച്ചതോർത്തു കോണിയിറങ്ങി.

കാണുന്ന

ബോർഡുകളിലെല്ലാം

ഔറംഗബാദ് തന്നെ.

സംഭാജിയെവിടെയുമില്ല,

വിമാനത്തളത്തിലും പരിസരത്തും

പുറത്തു നഗരത്തിലും.

കമാനങ്ങളാണെങ്ങും

കമനീയമായി പുറത്തുകേറാം അകത്തേക്കിറങ്ങാം

അതാര്യതകളില്ലാതെങ്ങും...

അജന്ത

വടക്കുകിഴക്ക് നൂറു കിലോമീറ്റർ...

എല്ലോറ

വടക്കുപടിഞ്ഞാറ്

മുപ്പത് കിലോമീറ്റർ...

എന്നിങ്ങനെ ദൂരസൂചിക പരക്കെ.

ഇടയിലുണ്ട്

ദൗലത്താബാദ് എന്നൊരു പേര്.

ആഹാ... അതുപൊളിച്ചു.

രാവിലെയാദ്യം അങ്ങോട്ട് പോവണം.

തുഗ്ലക്കിനെയൊന്ന് നമസ്കരിക്കണം.

ബുദ്ധിമാനായിരുന്നെങ്കിലും

അല്ലെങ്കിലും

നിങ്ങളൊന്നുമൊരു

വിഡ്ഢിയേ അല്ല സേർ

എന്നുറക്കെ പറയണം...

വിഡ്ഢിമാന്മാരായ

വിഡ്ഢികളുടെ കാലത്തുനിന്ന്...

Show More expand_more
News Summary - weekly literature poem