ഉം
1. ഉം ആളുകളുടെ ഒച്ചയും കടലിന്റെ മുരൾച്ചയും ഒന്നുമില്ലാത്ത താഴ്ചയും അനന്തയും പൂർണതയും ആരംഭത്തിന്റെ തുടർച്ചയും മിസൈൽ ആക്രമണത്തിൽ ചിതറിയ മാംസവും. 2. കൽക്കട്ട ഭൂമിയ്ക്ക് ഭാരമുണ്ടെന്നറിയുന്നത് ഈ നഗരത്തിലെ മതിലുകൾ കാണുമ്പോളാണ്, ആകാശത്തെ അള്ളിപ്പിടിക്കാൻ ഒരുങ്ങുന്ന വരണ്ട കൈകൾ. ഇടുങ്ങിയ നടപ്പാതകൾ പാടങ്ങളെ ഞെരുക്കുന്ന കാറ്റ് റിക്ഷവലിക്കുന്നവരുടെ ദിവസങ്ങൾ ചുറ്റും ശീതളപാനീയങ്ങൾ ആരെയും ഉണർത്തുന്നില്ല ഒരു പാത്രം ചോറിനായി കാത്തുനിൽക്കുന്നവർക്ക് രബീന്ദ്രനാഥിന്റെ ഒരിറ്റു ഛായപോലുമില്ല സ്വപ്നങ്ങളിൽ വന്നു മുട്ടുന്നത് ഇവ തന്നെ കാൽനഖങ്ങളിലെ അഴുക്ക് നാളെ അതും ഡോലക്കിൽ വീഴും നാളെ അതും...
Your Subscription Supports Independent Journalism
View Plans1. ഉം
ആളുകളുടെ ഒച്ചയും
കടലിന്റെ മുരൾച്ചയും
ഒന്നുമില്ലാത്ത താഴ്ചയും
അനന്തയും പൂർണതയും
ആരംഭത്തിന്റെ തുടർച്ചയും
മിസൈൽ ആക്രമണത്തിൽ
ചിതറിയ മാംസവും.
2. കൽക്കട്ട
ഭൂമിയ്ക്ക് ഭാരമുണ്ടെന്നറിയുന്നത്
ഈ നഗരത്തിലെ മതിലുകൾ കാണുമ്പോളാണ്,
ആകാശത്തെ അള്ളിപ്പിടിക്കാൻ ഒരുങ്ങുന്ന
വരണ്ട കൈകൾ.
ഇടുങ്ങിയ നടപ്പാതകൾ
പാടങ്ങളെ ഞെരുക്കുന്ന കാറ്റ്
റിക്ഷവലിക്കുന്നവരുടെ ദിവസങ്ങൾ ചുറ്റും
ശീതളപാനീയങ്ങൾ ആരെയും ഉണർത്തുന്നില്ല
ഒരു പാത്രം ചോറിനായി കാത്തുനിൽക്കുന്നവർക്ക്
രബീന്ദ്രനാഥിന്റെ ഒരിറ്റു ഛായപോലുമില്ല
സ്വപ്നങ്ങളിൽ വന്നു മുട്ടുന്നത് ഇവ തന്നെ
കാൽനഖങ്ങളിലെ അഴുക്ക്
നാളെ അതും ഡോലക്കിൽ വീഴും
നാളെ അതും നോക്കി
അനാഥർ ഇരിക്കുമായിരിക്കും
സൂര്യൻ അപ്പോഴും ഹൗറ പാലം നോക്കി
പാരമ്പര്യത്തിൽ ഊറ്റം കൊള്ളുമായിരിക്കും.
(പഴയ ഓർമ)
3. ഉപ്പും ഓർമയും
സൂപ്പർമാർക്കറ്റിന്റെ തട്ടിൽ പാക്കറ്റ് ഉപ്പിരിക്കുന്നു
ഉപ്പിട്ട നാരങ്ങവെള്ളം കഴിക്കാനുള്ള
ആഗ്രഹമുണ്ടാകുന്നു
എന്റെ അച്ഛൻ നാരങ്ങവെള്ളം കുടിച്ച്
എത്ര നടന്നിട്ടുണ്ടാകും
എന്റെ കുട്ടിക്കാലംപോലെ
താടിയുള്ള ആകാശം
താടിയുള്ള പുക
ചത്ത കെട്ടുകൾ ചുമക്കുന്ന നിഴലുകൾ
അസ്ഥികളിൽ മെലിഞ്ഞ ശരീരം
വടി കുത്തിപ്പിടിച്ച് മുന്നോട്ട് നീങ്ങുന്നു
പിന്നെ
ആ കാഴ്ച കാണാനാവുന്നില്ല
ഉപ്പിട്ട നാരങ്ങവെള്ളം കുടിക്കാനും കഴിയുന്നില്ല
ഉപ്പുകുറുക്കിക്കൊണ്ടിരിക്കുന്ന
ഒരു വയസ്സൻ കാഴ്ച
വട്ടക്കണ്ണട എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും
കുത്തിപ്പിടിക്കാനുള്ള വടി
ആണ്ടുകൾക്കു പിന്നിലായി കിടക്കുകയാണല്ലോ.
4. നരഭോജിയായ ഭാവി
പിന്നിലെ പൂർവികർ തകർന്നു കഴിഞ്ഞു
അവരുടെ ഇരിപ്പിടങ്ങളിൽ ഇരിക്കാമെന്ന ആഗ്രഹവും
തനിച്ചാണ് എല്ലാം
വേലിയേറ്റത്തിന്റെ ഉയർച്ച
എല്ലാറ്റിനേയും ചതുപ്പണിയിക്കുന്നു
നരഭോജിയായ ഭാവി ഹൃദയം തുറന്നുകാട്ടുന്നു
മുമ്പിൽ, മാലിന്യങ്ങളുടെ അലർച്ച
നായ്ക്കളുടെ കുര
അവസാനം മറ്റെന്തെങ്കിലും
സംഭവിക്കുന്നതുവരെ നിൽക്കൂ.
5. ജീവിതം എക്സ്പ്രസ്
എന്തിൽനിന്നോ അകലുന്നതുപോലെ
വളരെ അകലെയാണ്
പൊട്ടിവീണ കമ്പി ഇഴകൾക്കു സമം
വിജയിച്ച ഒരു കപ്പലിനും
സമീപിക്കാൻ കഴിയില്ല
എത്താൻ ശ്രമിച്ചാലും അകലെ തന്നെ ആയിരിക്കും
ഇവിടെ ദാഹിക്കുന്നവർ മാത്രമേ ഉള്ളൂ
ആഴത്തിൽനിന്നുയർന്നുവരുന്ന വേദനകളും
ആഗ്രഹങ്ങളുടെ ചുറ്റുപാതകളെക്കുറിച്ച്
ആഗ്രഹിക്കാമെങ്കിലും
ഇവിടെ മാലാഖകൾ വരെ വീണു പോയിട്ടുണ്ട്
എല്ലാവരും ഡിജിറ്റൽ ഡയറി എഴുതുന്നു
ചരിത്രം പെറ്റുപെരുകുന്നു
വാതിൽക്കൽ തോക്കിനെ ചുംബിച്ചു
നിൽക്കുന്നു പെൺകുട്ടികൾ
ചാരനിറത്തിലുള്ള എഞ്ചിനീയർമാർ
ശൂന്യമായ കണ്ണുകളാൽ വഴി ഒരുക്കുന്നു
ആ വഴികളിലൂടെ അടുത്തേക്ക് വരുംതോറും
കൂടുതൽ അകലുന്നു
കുരുവി മറുപുറം കടക്കാൻ
ജനലുമായി ഏറ്റുമുട്ടുംപോലെ
ഗ്യാസ് സ്റ്റൗവിന്റെ ആളൽ ഉള്ളിലുണ്ട്
എവിടെയാണെന്നറിയാത്തവിധം
ഭാരിച്ച ഇരുട്ടാണ് ഇവിടെ
ഇത് ചരിത്രമാണെങ്കിൽ ആരെയും കാണില്ല
എത്തുംവരെ കാത്തിരിക്കുകയും അരുത്.