ധ്യാനനിമഗ്നം
കാടിനെക്കുറിച്ചൊരു
കവിതയെഴുതണമെന്ന്
മനസ്സ് മോഹിച്ചു.
നിറയേ പച്ചപ്പ്,
തഴുകിയുണർത്തും കാറ്റ്
കുളിരാർന്നൊരു ആലിംഗന പുതപ്പ്
കിളികൾ ചിലച്ച്
‘ആമരംമീമരം’ പാറി കളിയ്ക്കണം.
അനുസരണയുടെ കുഞ്ഞാടുകളായ്
വന്യമൃഗങ്ങൾ അരുമയായ് നിൽക്കണം.
വനാന്തരങ്ങളെ കളകളം പാടി
തെളിമയാർന്ന ചോലയൊഴുകേണം.
ഇരയെ കാത്തു കാത്തു കൊറ്റികൾ
താപസ കന്യകരാകേണം.
പകലിലും സൂര്യനെ തോൽപിക്കും
ഇരുട്ടിലേക്ക് കണ്ണ് പായേണം.
വരികളിൽ എല്ലാം നിറഞ്ഞൊരീ
സുന്ദര ഭൂവിടം തീർക്കേണം.
കവിതയുടെ ആരംഭം
എത്ര മനോഹരം.
പിറവിയുടെ ആരംഭം കുഞ്ഞിളം
പൈതൽപോലെ... നിഷ്‍കളങ്കമാർന്നങ്ങനെ..!
മോഹസീമകൾ കാക്കുവാനാരുമില്ലല്ലോ...
അങ്ങനെ മോഹിച്ച് മോഹിച്ച്
പൂമുഖത്തിരുന്നു ഞാൻ.
അങ്ങകലെ തെളിയുന്ന
പ്രഭാപൂര രാജിയിൽ കണ്ണും നട്ട്.
പാതിയുറക്കത്തെ തരിപ്പണമാക്കി
കവിതയിതാ കേഴുന്നു.
കാട് കരയുന്നു.
പച്ചപ്പടർന്ന് വീഴുന്നു.
കിളികൾ,
മൃഗങ്ങൾ,
ചോല,
കൊറ്റികൾ,
ക്ഷണിക നേരത്താൽ
എല്ലാം അത്ഭുതമായ് മാറുന്നു.
വെറുമൊരു ഒറ്റനിറത്തിലേക്കെല്ലാം
തെന്നിമാറുന്നു.
കവിത കരഞ്ഞ് കൊണ്ടേയിരുന്നു.
മുഖത്ത് നിന്നൂർന്ന് വീണ കണ്ണട
തപ്പിത്തപ്പി
ഞാനുമൊരൊറ്റ നിറത്തിലേക്ക്
കരഞ്ഞുകൊണ്ട് വീഴുന്നു.