Begin typing your search above and press return to search.
proflie-avatar
Login

നര-വരാഹ മുഖാമുഖം

നര-വരാഹ മുഖാമുഖം
cancel

രാവി​ന്റെ കട്ടിക്കരിമ്പടത്തിന്നപ്പുറം കിഴക്കി​ന്റെ അണിയറയിൽ ഉദയ പ്രതീതിയായ് മഹേന്ദ്രജാലം തുടങ്ങുന്ന പുതുമയെ പതിവെന്നു മുറപോലെ അവഗണിച്ച് പ്രഭാതനടത്തം. നേർത്ത മഞ്ഞിൻമറയ്ക്കപ്പുറം പേർത്തും തെളിച്ചു കാട്ടുന്നു ഇലക്ട്രിക് ടോർച്ച്. ഇരുട്ട് മുറിഞ്ഞു മുറിഞ്ഞ് കാക്കക്കൂട്ടങ്ങളായ് ഗ്രാമത്തിനു മീതെ പറന്നു തുടങ്ങുന്നു. ഉഷസ്സ് പൊൻതേരിലെത്തുന്നതിൻ മുമ്പ് പൂർവാംബര മുറ്റത്ത് ചിതറിക്കിടക്കുന്ന കരിമേഘത്തുണ്ടുകൾ അടിച്ചുവാരുന്നു പുലരിത്തെന്നലാൾ. ഇരുട്ടി​ന്റെ തോറ്റം പാടിത്തളർന്ന ചീവീട് മണ്ണട്ടയെല്ലാം ക്ഷീണിച്ചുറങ്ങുന്ന പച്ചയുടെ സ്വച്ഛമാം സാന്ത്വനത്തിൽ ഒച്ചി​ന്റെ ധ്യാന...

Your Subscription Supports Independent Journalism

View Plans

രാവി​ന്റെ കട്ടിക്കരിമ്പടത്തിന്നപ്പുറം

കിഴക്കി​ന്റെ അണിയറയിൽ

ഉദയ പ്രതീതിയായ് മഹേന്ദ്രജാലം തുടങ്ങുന്ന പുതുമയെ

പതിവെന്നു മുറപോലെ അവഗണിച്ച്

പ്രഭാതനടത്തം.

നേർത്ത മഞ്ഞിൻമറയ്ക്കപ്പുറം

പേർത്തും തെളിച്ചു കാട്ടുന്നു

ഇലക്ട്രിക് ടോർച്ച്.

ഇരുട്ട് മുറിഞ്ഞു മുറിഞ്ഞ്

കാക്കക്കൂട്ടങ്ങളായ്

ഗ്രാമത്തിനു മീതെ പറന്നു തുടങ്ങുന്നു.

ഉഷസ്സ്

പൊൻതേരിലെത്തുന്നതിൻ മുമ്പ്

പൂർവാംബര മുറ്റത്ത്

ചിതറിക്കിടക്കുന്ന കരിമേഘത്തുണ്ടുകൾ

അടിച്ചുവാരുന്നു പുലരിത്തെന്നലാൾ.

ഇരുട്ടി​ന്റെ തോറ്റം പാടിത്തളർന്ന

ചീവീട് മണ്ണട്ടയെല്ലാം ക്ഷീണിച്ചുറങ്ങുന്ന

പച്ചയുടെ സ്വച്ഛമാം സാന്ത്വനത്തിൽ

ഒച്ചി​ന്റെ ധ്യാന പഗോഡകൾ!

ദൂരെ മലഞ്ചെരിവുകളിൽ

കോടമഞ്ഞിൻ പഞ്ഞിക്കെട്ടുകളെ

ചെമ്മരിയാടുകളെയെന്നപോൽ മലങ്കാറ്റ് മേയ്ച്ചു

നടക്കുന്നത് അവ്യക്തമായ് കാണാം.

ഏതു നിമിഷവും കൊലക്കത്തിയുമായൊ-

രജ്ഞാതനോ, കാട്ടുജന്തുവോ

ചാടി വീഴാമെന്നൊരാശങ്ക

ചുറ്റും കനക്കും വിജനതയിൽനിന്നു വായിച്ച്

ഭയന്ന് വളവൊന്ന് തിരിയുന്ന നേരം

അതാ മുന്നിലൊരു കാട്ടുപന്നി!

തൊട്ടപ്പുറത്തെ തോമാച്ച​ന്റെ കൃഷിയിടത്തിലെ

സോളാർ വേലിയുടെ അടിയേറ്റോടുമ്പോൾ

ഇരുൾക്കാട്ടുപൊന്ത മറയത്തൂന്ന്

കൊടിത്തൂവ തോണ്ടി

ചൊറിയിച്ചതി​ന്റെ കലിപ്പുണ്ടതിന്.

പകൽ വെളിച്ചത്തിൽ വേലികെട്ടിത്തിരിച്ച്

രാമൻ ബ്രഹ്മാവിനെ ധ്യാനിച്ചും

തോമൻ കുരിശു വരച്ച് പ്രാർഥിച്ചും

ഹൈദർ ബിസ്മി ചൊല്ലിയും

വേറിട്ട് നട്ട തോട്ടക്കനികളുടെ

മതമില്ലാത്ത രുചി

ഇരുട്ടിൽ ഒരേ മട്ടിലാസ്വദിച്ച്

അത് നടക്കുന്നു.

ടോർച്ച് വെട്ടം കണ്ടതും

‘വേണ്ട മുഖാമുഖം’ എന്നത്

വേഗം വഴിവിട്ടൊഴിഞ്ഞു മാറി.

മൂർച്ചത്തേറ്റയും തടിമിടുക്കും

മൂർധാവിൽ കത്തും പല കലിപ്പും

എല്ലാമടക്കിപ്പിടിച്ചു പിൻവാങ്ങുവാൻ മാത്രം

വല്ലാതെ പേടിച്ചതെന്തേ മൃഗം?

ബോംബും മിസൈലുമായ്

കൂട്ടക്കുരുതികൾ വിതച്ചു മുന്നേറുന്നൊരെ​ന്റെ

വംശത്തി​ന്റെ ചങ്കുറപ്പോർത്തോ?

കുരുതി നിലങ്ങളിൽനിന്നുള്ള

ചോരമണമെന്നിലൂടെപ്പകർന്നു കിട്ടുന്നുവോ?

ബ്രഹ്മസാരം വഴിയേണ്ട വാക്കുകളിൽ

കാളകൂടം കലക്കി വിളമ്പുവാൻ

ഉളുപ്പില്ലാത്തവർ

എന്നു ഭയന്നുവോ?

അങ്ങേ കുന്നിൻ ചരിവിലെ

അമ്പലത്തിൽനിന്നപ്പോൾ

‘‘എത്ര ജന്മം മരങ്ങളായ് നിന്നതും

എത്ര ജന്മം അരിച്ചു നടന്നതും

എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്...’’ എന്ന് പ്രഭാതപ്പാന.

പൂർവ ജന്മത്തി​ന്റെ

നിഴൽ മറയത്തുനിന്നെന്നപോൽ

നേർത്ത ഇരുട്ടിൽ പന്നിയും ഞാനുമത്

ഒട്ടിട കാതോർത്തു നിൽക്കെ,

പന്നി മസ്തിഷ്കത്തിലായതിൻ ജ്വലനം

എന്നിലെ ഭക്തി നിറ-

വെന്ന പോലാകുമോ?

തേറ്റ പോലുള്ള കൊല-

ക്കത്തിയുമായ് ഒളിഞ്ഞിരിക്കുന്നത്

ഇരുകാലിയെങ്കിലോ

എന്നപ്പോൾ

ഒന്ന് നടുങ്ങി ഞാൻ.


News Summary - weekly literature poem