ചുമരിടങ്ങൾ
വരയ്ക്കാൻ
മുട്ടുമ്പോക
നിറങ്ങളും
കാൻവാസുമെടുത്ത്
വാടക വീടിന്റെ
ഒരൊഴിഞ്ഞ
മൂലയിൽ
കാട്ടുപന്നികളെ
പാടാൻ അനുവദിച്ച്
ചുവപ്പ് ചിന്തിയ നിലത്തിരുന്ന്
ഒരു മീനിന്റെ
തുച്ഛമായ ഉടലിനെ
വരച്ചു തുടങ്ങും
വരച്ചു വരച്ച്
മേൽക്കൂരയിലും
ചുമരിലും
നിലങ്ങളിലുമെല്ലാം
പൂപ്പാടം പോലെ
നിറങ്ങളുടെ
തിത്തേരിക്കുട വിരിയിക്കും
കാലിന്നടിയിൽ
വെളിച്ചം പരക്കും
*സൂര്യകാന്തിപ്പൂക്കളോടൊപ്പം
*സ്വർഗവും, ഭൂമിയും നരകവും തെളിയും
കാന്താരിമുളകുകൾ
മുളച്ചുപൊങ്ങും
ആവോളം വെള്ളം കുടിക്കും
കാൻവാസിനു മുകളിൽ
ചാർക്കോൾ വണ്ടുകൾ
മൂളിപ്പറക്കും
പ്രാന്തെടുത്ത്
വീട്ടുകാർ
നിലത്തൊച്ച വെയ്ക്കും
ഒച്ചകേട്ട്
*ബോറിസിന്റെ
പാമ്പുകൾ
വാതിലിന്നിടയിലൂടെ
മതിലിനപ്പുറത്തേക്ക്
ഇഴഞ്ഞുപോകും
ചതഞ്ഞരഞ്ഞ
അപ്പച്ചെടിയുടെ
മണം കാൻവാസിലൊരു
പച്ചക്കുളം തീർക്കും
ചിറകില്ലാത്ത വരാലുകൾ
കരിവെളുപ്പിലൊരു
പുഴയുണ്ടാക്കും
അതിൽ
മുങ്ങിനിവരുമ്പോൾ
മലയുടെ മോന്തായത്തിൽ
ഒരു വെളുത്ത വീട്
പിറന്നപടി നിൽക്കുന്നത് കാണാം
================
* പോൾ ഗൊഗൈൻ വരച്ച സൂര്യകാന്തി പൂക്കൾ
* ഹെറോണിമസ് ബോഷിന്റെ പെയിന്റിങ്
* ബോറിസ് പെറൂവിയൻ അമേരിക്കൻ പെയിന്റർ