സുകുമാഷ്
ഒന്ന്
തൊണ്ണൂറുകളിൽ
കക്കാട്ടുകടലൈബ്രറിയിലെ
ലൈബ്രേറിയൻ
സുകുമാഷായിരുന്നു.
കൂർത്ത താടിയും
ലെനിന്റെ തലയുമുള്ള
ആ മനുഷ്യനെ
പറച്ചിലുകളിൽനിന്ന്
ആ പേരിലേക്ക്
നട്ടുപിടിപ്പിക്കുകയായിരുന്നു.
അയാൾക്ക്
ഭൂമിയിലുള്ള എല്ലാ
പുസ്തകങ്ങളും കൂട്ടുകാർ.
പിറന്നതും ഇനി
പിറക്കാനുള്ളതുമായ
അക്ഷരങ്ങൾ
അയാളുടെ ചുണ്ടുകളിൽ
വിറച്ചിരുന്നു.
ബഹുസ്വര രാഷ്ട്രങ്ങളിൽനിന്ന്
ആയുധവിൽപനയും
ഉപരിപ്ലവസമാധാവും
കൈമുതലാക്കിയവരെ
തിരഞ്ഞുപിടിച്ച് ആക്രോശിച്ചു.
നാൽക്കവലകളിലെ
കവിതകളിലും
ലഘുലേഖകളിലെ
മൂർച്ചയുള്ള വാക്കുകളിലും
കൂട്ടുറപ്പുള്ള തൊഴിലാളികൾ
മുഷ്ടി ചുരുട്ടി.
മറുപടികളില്ലാത്ത
പ്രണയസാമ്രാജ്യങ്ങൾ
അയാൾക്കു മുന്നിൽ
പൂത്തുലഞ്ഞു.
നഷ്ടങ്ങളുടെ
ഇടുങ്ങിയ മൺപാതകളിൽ
ഒറ്റുകാരനെപ്പോലേ
ഒളിച്ചുനടന്നു.
അതിശയങ്ങളുടെ
ഡിജിറ്റൽതാളുകൾ
അയാളുടെ
പ്രവചനങ്ങൾക്കുമപ്പുറത്തായിരുന്നു.
ലോകം
അതിന്റെ സ്വഭാവമെന്നോണം
അട്ടിമറികളിൽ വിശ്വസിച്ചു.
സുകുമാഷും
നിഷ്‍കാസിതനായിരിക്കണം.
രണ്ട്
2024 ഒക്ടോബർ രണ്ട്
ഒരായിരം ഗാന്ധിമാരിൽനിന്ന്
ഒരു ഗാന്ധി
എന്റെ അരികിലെത്തി.
‘ഗാന്ധിയെ
എനിക്കത്ര മനസ്സിലായില്ല.’
‘തൊണ്ണൂറുകളിലെ ലൈബ്രേറിയൻ
ഞാനായിരുന്നു.’
‘സുകുമാഷ്..?’
‘എന്റെ പേര് സുകുവെന്നല്ല;
എന്റെ പേര്...’
‘രഘുപതി...’ ഗാനത്തിന്റെ
അകമ്പടിയിൽ
നിരയായിനീങ്ങുന്ന
സ്കൂൾ വിദ്യാർഥികളിൽ
ഒരാൾ വന്ന്
താഴെവീണ ആ പേരെടുത്ത്
മണ്ണു തുടച്ചു.
പിന്നെ,
മറ്റുള്ളവര്‍ക്കൊപ്പമെത്താൻ
വേഗത്തിലോടി.