മേഘസന്ദേശം
ഒച്ചകൾ തുള്ളിതുള്ളിയായ്
ഇറ്റിറ്റു വീഴുന്ന ഇരുട്ടിൽ
വെളിച്ചം തരി തരിയായ്
പാറുന്ന ആകാശത്തെ
നോക്കിനിൽക്കുന്നു.
അനന്തത
തിരയടങ്ങിയ കടൽപോലെ
ആഴമാർന്നകലെയകലെ...
വെളുത്തൊരു മേഘം
പാറുകയാണെന്ന
ഭാവമില്ലാതെ നീങ്ങുന്നു.
ഇമ ചിമ്മി തുറക്കുന്ന
നേരത്തൊക്കെയും
അതിന്റെ രൂപങ്ങൾ മാറുന്നു
കാറ്റിന്റെ ചിറകനക്കാതെ തന്നെ.
അകലെ മലമുകളിൽനിന്നും
നിലാവിന്റെ ജലം ഉറവ പൊട്ടുന്നു
പൊടുന്നനെ ഒരു കിളി
മേഘവും കടന്നതിലേക്ക്
ചിറക് കുടയുന്നു
നീ മറഞ്ഞിരിക്കുന്ന ദിക്കിലേക്ക്
കണ്ണുകൾ പതിയെ തുടിക്കവേ
മേഘം തൂവലുകൾപോലെ
താഴേക്ക് കൊഴിയുന്നു.
ഒഴുകിവന്ന നിലാവിൽ
അവ ജ്വലിക്കുന്നു
രാവിലുറങ്ങാൻ തുനിഞ്ഞ മരങ്ങൾ
ഒന്നിമ ചിമ്മി
നിശ്ശബ്ദതയുടെ താരാട്ടിന്
ചെവിയോർത്തു
ഒച്ചയില്ലാതെ നടക്കുന്ന
കാലം കടന്നുപോകുന്നു.
ഇരുട്ടിൽ തനിച്ചുനിൽക്കുന്നു,
കാലുകൾ മണ്ണിൽ തൊടുന്നില്ലിപ്പോൾ.
പാറിയെത്തുന്ന തൂവലുകൾ
ഒന്നുചേർന്ന്
നീയാവുന്ന നിമിഷത്തിൽ
ഭൂമി ആകാശമാകുന്ന
അനന്തകാലത്തോളം തുടരുന്നു.