Begin typing your search above and press return to search.
proflie-avatar
Login

രണ്ട്​ കവിതകൾ

രണ്ട്​ കവിതകൾ
cancel

1. അവളവള്‍ സമരംവളരെ പതുക്കെയാണ് അവള്‍ നടന്നു തുടങ്ങിയത്. ഇടവഴികളില്‍ മാത്രമല്ല, തുറവികളിലും അവള്‍ക്കുവേണ്ടി മുള്ളുകള്‍ കാത്തിരുന്നു. മഴയും വെയിലും അവളില്‍ വിതച്ചു കൊയ്തു. പുകള്‍പെറ്റ ദുരന്തമെന്ന് കരക്കാര്‍ ഉറക്കെച്ചിരിച്ചു. ഉള്‍മുറിവിലേക്ക് മുക്കൂറ്റിനീരിറ്റിച്ച് മുറികൂടും വരെ അവളവള്‍ക്ക് കൂട്ടിരുന്നു. ചതഞ്ഞുപോയ ആത്മാവ് കല്ലിച്ചുപോകാതെ അവള്‍ തേന്‍പുരട്ടി. തോല്‍വികളില്‍ അവള്‍ കാരണം തിരഞ്ഞു ഇനിയാവര്‍ത്തിക്കാതിരിക്കാന്‍ പണിപ്പെട്ടു. വിജയ പ്രഖ്യാപനത്തിനൊടുവിലും തന്റേതെന്ന് ഉറപ്പാക്കി മാത്രം അവള്‍ അടുത്ത ഭൂമികകള്‍ വേട്ടു. ആനന്ദത്തിന്റെ പരകോടിയില്‍ ഹൃദയത്തില്‍ അവളെ...

Your Subscription Supports Independent Journalism

View Plans

1. അവളവള്‍ സമരം

വളരെ പതുക്കെയാണ് അവള്‍

നടന്നു തുടങ്ങിയത്.

ഇടവഴികളില്‍ മാത്രമല്ല, തുറവികളിലും

അവള്‍ക്കുവേണ്ടി മുള്ളുകള്‍ കാത്തിരുന്നു.

മഴയും വെയിലും അവളില്‍

വിതച്ചു കൊയ്തു.

പുകള്‍പെറ്റ ദുരന്തമെന്ന്

കരക്കാര്‍ ഉറക്കെച്ചിരിച്ചു.

ഉള്‍മുറിവിലേക്ക് മുക്കൂറ്റിനീരിറ്റിച്ച്

മുറികൂടും വരെ അവളവള്‍ക്ക് കൂട്ടിരുന്നു.

ചതഞ്ഞുപോയ ആത്മാവ്

കല്ലിച്ചുപോകാതെ അവള്‍ തേന്‍പുരട്ടി.

തോല്‍വികളില്‍ അവള്‍ കാരണം തിരഞ്ഞു

ഇനിയാവര്‍ത്തിക്കാതിരിക്കാന്‍ പണിപ്പെട്ടു.

വിജയ പ്രഖ്യാപനത്തിനൊടുവിലും

തന്റേതെന്ന് ഉറപ്പാക്കി മാത്രം അവള്‍ അടുത്ത ഭൂമികകള്‍ വേട്ടു.

ആനന്ദത്തിന്റെ പരകോടിയില്‍

ഹൃദയത്തില്‍ അവളെ മാത്രം പ്രതിഷ്ഠിച്ചു

സ്വന്തമായിടങ്ങള്‍ നേടിയിട്ടും പേരില്ലാതായി,

അവള്‍ക്ക് പല പേരുകളായി.

ഒരുമ്പെട്ടവളായി,

തന്റേടിയായി.

പെണ്ണത്തമില്ലാതെയായി.

അവളവളില്‍ പൂര്‍ണയായി.

2. ആത്മഹത്യ ചെയ്തവളുടെ ഡയറിയില്‍നിന്ന്…

ബ്ലേഡ്

നീല ഞരമ്പുകളിൽ ഒന്നിലേക്ക്

ഉമ്മവെക്കാനൊരുങ്ങുന്ന ബ്ലേഡ്.

ഓക്സിജനുമായി പോകേണ്ട

വഴികളിലൊന്നില്‍ പെ‌‌​െട്ടന്നൊരു ബ്ലോക്ക്.

ശുദ്ധീകരിക്കാന്‍ രക്തം കിട്ടാതെ

ഹൃദയം കാത്തുനില്‍ക്കെ

മുറി നിറയെ ചുവന്ന ചോണനുറുമ്പുകള്‍.

കയര്‍‌

ചേതനയുടെ എല്ലാ സാധ്യതയും

ചേര്‍ത്തടച്ച് ഒരു കുടുക്ക്.

കയറില്‍ പിശുക്കരുത്.

നെഞ്ചുറപ്പുള്ള നട്ടെല്ലുറച്ച

കസേരയോ കട്ടിലോ കൂട്ടിന് നിര്‍ബന്ധം.

മരിക്കാനിഷ്ടമില്ലാത്ത ഓര്‍മകള്‍ ഇറങ്ങിയോടാം.

തുറവിയേക്കാള്‍ മെച്ചം അടഞ്ഞിടങ്ങള്‍.

ഐസ്ക്രീം

ഏറ്റവും മധുരമുള്ളതിലേക്കേ,

‘വിഷ’മം ചേര്‍ക്കാവൂ.

കഴിക്കുന്ന ഓരോ സിപ്പും ആസ്വദിക്കാമ്പറ്റണം.

അറച്ചോ വെറുത്തോ അല്ല ആര്‍ത്തിയോടെ കഴിക്കണം.

ഫ്രിഡ്ജിലേക്ക് പകര്‍ത്തിവെച്ച്

നാളത്തേക്കുപയോഗിക്കേണ്ട.

കാത്തിരിക്കാന്‍ സമയമില്ല, മുഴുവനും കഴിയണം.

തലയിണ

ആത്മാനുരാഗം ഒരു തരിപോലുമില്ലെന്ന

ബോധ്യത്തിലേ,

തലയിണ മുഖത്തോട് ചേര്‍ക്കാവൂ.

സോഫ്റ്റല്ല, നല്ലുരുക്ക് കട്ടിയുള്ളതാവണം.

സാമാന്യം നീളം വേണം,

രണ്ടരികും കൂട്ടിപ്പിടിക്കാന്‍.

ആത്മഹത്യ ചെയ്ത് പാളിപ്പോയാലുള്ള

അവസ്ഥ ചിന്തിക്കാനാവുന്നില്ല.

മരണത്തിലും എനിക്ക് ഒരു

പരാജയം ഏറ്റുവാങ്ങുക വയ്യ.

സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് ഒന്നൊഴിയാതെ

എല്ലാം വാങ്ങണം.

ബ്ലേഡിനൊപ്പം റേസര്‍,

കയറിനൊപ്പം ക്ലോത്ത് ഹുക്ക്,

തലയിണക്കൊപ്പം എയര്‍ ഫ്രെഷ്നര്‍,

ഐസ്ക്രീമിനൊപ്പം മില്‍ക്ക് മെയ്ഡ്

വീ‌‌ട് ക്ലീനിങ്ങിന്റെ പേരില്‍

സ്വാഭാവികമായി പാറ്റഗുളികയും എലിവിഷവും.

മരണത്തിന്റെ സാധ്യതകളെ‌

ജീവിതത്തിന്റെ ഉന്മാദങ്ങളെന്ന് തോന്നിപ്പിച്ച് വേണം

തൊട്ട് തലേന്നുവരെ എനിക്ക് ജീവിക്കാന്‍.

മരിച്ചെന്ന് മറ്റൊരാളറിയുന്നതുവരെ,

ജീവിതത്തിലേറ്റവും സന്തോഷമുള്ളയാളെന്ന്

തോന്നിപ്പിക്കുന്നതിലെങ്കിലും എനിക്ക് ജയിച്ചേ തീരൂ.


News Summary - weekly literature poem