അച്ഛന്റെ മരണം
അച്ഛൻ മരിച്ചപ്പോൾ സങ്കടമായി. സ്വാഭാവികമെന്നായിരിക്കും നിങ്ങളുടെ വിചാരം. പക്ഷേ ഞങ്ങളുടെ അച്ഛൻ എത്രകാലം മുമ്പേ മരിക്കേണ്ടയാളായിരുന്നു! എങ്കിലോ, അതിനുള്ള പദ്ധതികളൊന്നും നടപ്പായില്ല. വയസ്സുകാലത്ത് ഇങ്ങനെ രോഗപ്പെട്ട് വേദനയും വയ്യായ്കയും സഹിച്ച് മരിക്കാനാണ് അച്ഛന് യോഗമുണ്ടായത്. എന്റെ കുട്ടിക്കാലത്ത് ഞാൻ അച്ഛനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. അതിനായി അവസരം കാത്തുനടന്നു. അത് സംഭവിച്ചില്ലെന്നേയുള്ളൂ. സംഭവിച്ചിരുന്നെങ്കിൽ ഇതെഴുതേണ്ടി വരില്ലായിരുന്നു. കുട്ടിക്കാലത്ത് അച്ഛനുമായുള്ള ഇടപാടുകൾ അങ്ങനെയായിരുന്നു. അത്രയേറെ കുഴപ്പം പിടിച്ചതായിരുന്നു അച്ഛനോ ശരി, ഞാനോ ശരി? അച്ഛനോ ശരി,...
Your Subscription Supports Independent Journalism
View Plansഅച്ഛൻ മരിച്ചപ്പോൾ സങ്കടമായി.
സ്വാഭാവികമെന്നായിരിക്കും
നിങ്ങളുടെ വിചാരം.
പക്ഷേ ഞങ്ങളുടെ അച്ഛൻ
എത്രകാലം മുമ്പേ
മരിക്കേണ്ടയാളായിരുന്നു!
എങ്കിലോ, അതിനുള്ള
പദ്ധതികളൊന്നും നടപ്പായില്ല.
വയസ്സുകാലത്ത്
ഇങ്ങനെ രോഗപ്പെട്ട് വേദനയും
വയ്യായ്കയും സഹിച്ച് മരിക്കാനാണ്
അച്ഛന് യോഗമുണ്ടായത്.
എന്റെ കുട്ടിക്കാലത്ത് ഞാൻ
അച്ഛനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു.
അതിനായി
അവസരം കാത്തുനടന്നു.
അത് സംഭവിച്ചില്ലെന്നേയുള്ളൂ.
സംഭവിച്ചിരുന്നെങ്കിൽ
ഇതെഴുതേണ്ടി വരില്ലായിരുന്നു.
കുട്ടിക്കാലത്ത് അച്ഛനുമായുള്ള
ഇടപാടുകൾ അങ്ങനെയായിരുന്നു.
അത്രയേറെ കുഴപ്പം പിടിച്ചതായിരുന്നു
അച്ഛനോ ശരി, ഞാനോ ശരി?
അച്ഛനോ ശരി, അമ്മയോ ശരി?
അച്ഛനു കുടിക്കാൻ കള്ളും ചാരായവും
ബ്രാണ്ടിയുമുണ്ടായിരുന്നു.
അതൊക്കെ ഇഷ്ടാനുസരണം
വാങ്ങാൻ തേങ്ങയും അടക്കയും
കുരുമുളകുമുണ്ടായിരുന്നു.
അമ്മയ്ക്ക് ഒന്നുമില്ല,
നേരാങ്ങള പറ്റിച്ചു.
അങ്ങനെ ഞങ്ങൾക്കും ഒന്നുമില്ല.
കുടിച്ചും കലമ്പിയും അച്ഛൻ അത് ആഘോഷിച്ചു.
പച്ചത്തെറി തീർന്നാൽ
പഴംചൊല്ലും പാട്ടും ശ്ലോകവുമൊക്കെയായി
പ്രാകൃതത്തോടൊപ്പം
സംസ്കൃതവും ഒലിച്ചിറങ്ങും
അമ്മയെ കശക്കാൻ മനുവും ഭർതൃഹരിയും
ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും വരെ
അച്ഛന്റെ കൂടെ നിന്നു.
ചാരായ ഷാപ്പിൽനിന്നു വീട്ടിലേക്കുള്ള
വഴിയിലായിരുന്നു ഞങ്ങളുടെ സ്കൂൾ.
എന്റെ എൽ.പി സ്കൂളിനടുത്തുള്ള ആൽത്തറയിൽ
മിക്ക ദിവസവും അച്ഛൻ
മദോന്മത്തനായി വന്നിരിക്കും.
കുട്ടികൾ ചുറ്റും കൂടും.
ചിലർ ഞങ്ങളെ, എന്നെയും ഏട്ടനെയും,
ഹെഡ്മാസ്റ്റർക്ക് കാണിച്ചു കൊടുക്കും
പ്യൂൺ വന്ന് ഞങ്ങളോട് അച്ഛനെ
വിളിച്ചുകൊണ്ട് പോകാൻ പറയും
ഞങ്ങൾ വിളിച്ചാൽ അച്ഛൻ വരുമോ?
അവിടെ കിടന്ന് അച്ഛന് ചെയ്യാൻ
എന്തെല്ലാം കാര്യം കിടക്കുന്നു!
അവിടെയിരുന്നാണ്
അച്ഛൻ രാഷ്ട്രീയം പറയുക.
വലതന്മാരെ പുലഭ്യം പറയുന്ന
ഇടത് കമ്യൂണിസം.
അച്ഛന്റെ ബന്ധുക്കൾ തന്നെയായ
ചില വലതു മാഷന്മാർ വന്ന്
മിണ്ടാതെ വീട്ടിൽ പോകാൻ പറയും
അതു കേട്ട് അച്ഛൻ പോകുമോ?
ആ മാഷന്മാർക്കും
അവരുടെ അച്യുതമേനോനും ഇന്ദിരയ്ക്കും
കണക്കിന് കിട്ടും.
വീട്ടിലെത്തിയാൽ അതിന്റെ ബാക്കിയുണ്ടാകും
അമ്മ മുറിയിൽ കയറി വാതിലടയ്ക്കും.
എന്റെ അനിയത്തിമാർ
ഭയന്ന് വിറച്ച് അവിടെ പതുങ്ങുന്നുണ്ടാകും.
കൊലപാതകം നടന്നാലും
വല്യേട്ടനായ അച്ഛന്റെ ഭാഗത്തേക്ക്
നക്സലൈറ്റ് എളയച്ഛന്മാർ
തിരിഞ്ഞു നോക്കില്ല.
എന്റെ ഏട്ടനോ,
വായിച്ചുകൊണ്ടിരുന്ന നോവൽ
ഒളിപ്പിച്ചുവെച്ച് മിണ്ടാതെ ഇറങ്ങിപ്പോകും.
പുസ്തകം കയ്യിൽ കിട്ടിയാൽ
അതു ബാക്കിയുണ്ടാവില്ല.
ഒരിക്കൽ പാഠപുസ്തകത്തിന് ബയന്റിടാൻ വെച്ച
സോവിയറ്റ്നാട്ടിലെ
ബ്രഷ്നേവിന്റെ ചിത്രത്തിലേക്ക് കാറിത്തുപ്പി.
ഇന്ദിരയ്ക്ക് ചൂട്ട് പിടിക്കുന്ന എരപ്പൻ!
മറ്റൊരിക്കൽ
സ്കൂളിൽനിന്നു കിട്ടിയ ഏതോ ലഘുലേഖകൾ
മേശമേൽ വെച്ചിരുന്നതെടുത്ത് അച്ഛൻ അടുപ്പിലിട്ടു.
ഓളെ അപ്പന്റെ അടിയന്തിരത്തിന്റെ ഇരുപതിനം!
അച്ഛനെ സഹിക്കാൻ പറ്റാതെ
ഏട്ടൻ ഒരു വലതനായി.
രാത്രിയുറക്കം കലാസമിതിയുടെ വരാന്തയിലാക്കി.
ഇത്രയുമായപ്പോഴേക്കും
എനിക്ക് അച്ഛനെ കൊല്ലാതെ പറ്റില്ലെന്നായി.
അച്ഛനെ കൊല്ലാൻ സ്വകാര്യമായി
പദ്ധതിയിട്ടെങ്കിലും എനിക്ക്
അത് എങ്ങനെ നടപ്പാക്കുമെന്നറിയില്ലായിരുന്നു.
കത്തികൊണ്ട് കുത്തിക്കൊല്ലുക,
ഉറങ്ങുമ്പോൾ കഴുത്തു ഞെക്കി കൊല്ലുക
മുഖത്ത് തലയിണവെച്ച് ശ്വാസംമുട്ടിച്ചു കൊല്ലുക
അച്ഛൻ പോകുന്ന വഴി പിന്തുടർന്ന്
ഏതെങ്കിലും കുഴിയിൽ തള്ളിയിട്ട് കൊല്ലുക...
ഏറ്റവും എളുപ്പം
അവസാനത്തേതായിരുന്നു.
അച്ഛൻ സ്ഥിരമായി
മദ്യപിച്ച് മത്തുമായി നടന്നുവരുന്ന
വഴിയരികിൽ ധാരാളം
കപ്പണക്കുഴികളുണ്ടായിരുന്നു.
കാൽതെറ്റി വീണതായി
ആളുകൾ ധരിക്കുകയുംചെയ്യും.
അങ്ങനെയൊക്കെ ആലോചിച്ചുറപ്പിച്ചുവെങ്കിലും
അതിനായി ഒരുങ്ങുമ്പോഴേക്കും മനസ്സിളകും.
ചിലപ്പോൾ അച്ഛന്
മാനസാന്തരം വന്ന് നന്നാവുമെങ്കിലോ?
ഇളകിയ മനസ്സുമായി
അച്ഛനെ കൊല്ലാനും
അതേസമയം കൊല്ലാതെ വിടാനും
ചിന്തിച്ചു ചിന്തിച്ച് മടുത്ത്
എന്റെ പഠനം മുടങ്ങി,
ഞാൻ നാടുവിട്ടു.
അപ്പോഴേക്കും
അച്ഛന്റെ കുശാലു കൂടിയിരുന്നു.
കറന്നു കുടി മാറ്റി
വിറ്റു കുടി തുടങ്ങി.
വീട്ടുപറമ്പിന്റെ ലാൻഡ് ട്രിബ്യൂണൽ പട്ടയം
പട്ട ഷാപ്പിൽ പണയത്തിലായി.
ഏട്ടനു പണി കിട്ടിയതിനാൽ മാത്രം
വീടു പുലർന്നു.
ഞാൻ കുറേ കാലം
പലയിടത്തും പണിയെടുത്തും
പഠിപ്പു നോക്കിയും അലഞ്ഞ്
തിരിച്ച് നാട്ടിലെത്തുമ്പോൾ
അച്ഛൻ നാട്ടിൽ പൊളിഞ്ഞു
കിടന്നിരുന്ന അമ്പലം പുതുക്കിപ്പണിയുന്നതിന്റെ
ഉത്സാഹ കമ്മിറ്റിയിൽ
താടിയും കുറിയുമായി ഭക്തിമാർഗത്തിലാണ്.
അമ്പലം കെട്ടിത്തീർന്നെങ്കിലും
അച്ഛൻ ആരോഗ്യം നശിച്ച് ആസ്പത്രിയിലും
വീട്ടിലുമായി കിടപ്പിലായി.
വേറെ ഗതിയില്ലാത്ത സ്ഥിതിയിൽ
അമ്മയോടുള്ള ദ്രോഹം അടങ്ങി.
അച്ഛനല്ലേയെന്ന്,
ഞങ്ങളും പൊരുത്തപ്പെട്ടു.
അങ്ങനെയൊക്കെയായി
കുറച്ചു വർഷങ്ങളായി.
ഒടുവിൽ അച്ഛൻ മരിച്ചപ്പോൾ
വലിയ സങ്കടമായി.