മറിയ മറുത
വിശുദ്ധ അന്തോണീസിന്റെ
അസ്ഥിയെടുത്ത്
രൂപക്കൂട് കൂട്ടിയതിന്
ആദ്യത്തെ കുരിശടി
കിട്ടിയ പെമ്പ്രന്നോൾ
കുരുത്തോല കരിച്ച്
എണ്ണയിൽ ചാലിച്ച്
കുരിശിന്റെ
കറുത്തപൊട്ടു തൊട്ട്
വെളുത്ത നെറ്റ് പുതച്ച്
മീനെ പിടിച്ചവൾ
മീനാന്തി മറുത
കാട്ടുപൂവു മൂടി
അകത്തെ കല്ലറയിലിരുന്ന്
മൂന്നാം നാൾ
ഉയിർപ്പൂവുമായ്
വരാന്ന് പറഞ്ഞു
പോയവനെ
കാത്തിരുന്നവൾ
കേമി മറിയ
മരത്തിന്റെ തച്ചൻപുതച്ച
അങ്കിയുമായ്
പിലാത്തോസിന്റെ
ഗേറ്റിൽ കുത്തിയിരുന്ന്
തളർന്നു വീണവൾ
മഞ്ഞാളം മറിയ
പുണ്യാളന്റെ
പാമ്പിൻ കുഞ്ഞുങ്ങളെ
പോറ്റിയവൾ
മറിയ വാവ
കുമ്പസാരവും
നൊവേനയുമായി
കൊഞ്ഞനം കുത്തി
മടുത്തു
ജപമാലയുമായി
ചമഞ്ഞൊരുങ്ങി
മഠത്തിൽ വരവ്
നിർത്തിച്ചവൾ
ഫൂലൻ മറിയ
വികാരിയുടെ
നടതുറപ്പുകളിൽ മാത്രം
അരമനയിലെ
പാതാള കിണർ
കണ്ടു അഭയം
തേടി പാഞ്ഞവൾ
ലൂസ് മറിയ
അതിരുവിട്ടാൽ
മഠത്തിലെ
പന്നിക്കൂട്ടിലേക്കുള്ള
ഭക്ഷണമാകേണ്ടവൾ
പിന്നീട് രൂപാന്തരപ്പെട്ടു
വിശുദ്ധ മറിയയായ്
മുത്തുക്കുട പിടിച്ച
എഴുന്നള്ളത്തുകൾക്കൊക്കെയും
താലം പിടിച്ചവൾ
നട്ടുച്ചയിലും
മെഴുകുതിരിയായവൾ
അൾത്താരയിലെ തിരി
കെട്ടാൽ പിന്നെ
അടക്കി ചിരി
കുരിശടികളാൽ
കൂച്ചുവിലങ്ങ്.
സഹ്യന്റെ മകൾ
അല്ല
സഹനത്തിന്റെ സന്തതി
അവൻ വീണ്ടും വരുന്നു
ഇനി വയ്യാ
പൊന്നുകെട്ടിയ പള്ളിമേടയുടെ
അടഞ്ഞവാതിൽ
പതിയെ തുറന്ന്
പറന്നു പോവണം
വെൺപിറാവിന്റെ
ളോഹ കഷണം
ചുരുട്ടിയെറിഞ്ഞ്
കുലീനതയുടെ
കുടമണികൾ
മുട്ടിയുടച്ച്
മേടയുടെ മൗനം
തകർത്തെറിയാതെ
ആരുമറിയാതെ
ആത്മബോധത്തിന്റെ
കെട്ടുറപ്പിൽ
ഒരിക്കലെങ്കിലും
വെറുമൊരു
പെണ്ണായി
ഉടലറിഞ്ഞ്
പൂക്കണം
പൂത്ത കാടും
മറികടന്ന്
പറന്നു പറന്ന്
കുഴഞ്ഞ് വീഴണം
വെള്ളത്തിൽ നടന്നവന്റെ
ആണി പഴുതുള്ള
കരങ്ങളാൽ
വെള്ളം കുടിച്ച്
ഭൂമിവിട്ടു പറക്കണം.
ഒന്നുറക്കെ
അവസാനത്തെ
കൂവലും
തൂവലും
ഒന്നിച്ച്
പറത്തണം.