പങ്കിടല്‍
മീനിലേക്ക്
കല്ലുപ്പിട്ടപ്പോള്‍
കടലിന്‍റെ ഓര്‍മ വന്ന് ഒറ്റക്കൊത്ത്...
വലയില്‍ പിടഞ്ഞ് തീര്‍ന്ന
അവസാന നീന്തലിന്‍റെ
ആയത്തെ,
കടല് വറ്റിച്ച്
ഉപ്പില്‍ ചുരുട്ടിവച്ച നീറ്റലുമായി
മുഖാമുഖം നിര്‍ത്തി നോക്കി;
മുറിവുകളുടെ മഹാസമുദ്രത്തിലേക്ക്
അത് ഒഴുകി മാഞ്ഞു...
മീനുകളുടെ മേല്‍
ആകാശത്തിന്‍റെ നിഴല്‍
ചൂണ്ടവലപോലെ മലര്‍ന്നുകിടന്നു.
അന്നം തേടി കൊളുത്തില്‍ പിടഞ്ഞു ചത്ത
പൂര്‍വികരുടെ ചെതുമ്പല്‍ മണം
വെള്ളത്തിലൂടെ പതുങ്ങിവന്നു...
ചതിയുടെ രുചിപാഠമാണ് മീന്‍തീറ്റ;*
തിളച്ചമര്‍ന്ന മീന്‍ചാറിലേക്ക്
വിരല്‍ മുക്കി നാവില്‍ െവച്ചപ്പോള്‍
കള്ളില്‍ വിഷം ചേര്‍ത്ത് കൊന്ന
കൂട്ടുകാരനെ ഓര്‍ത്തു;
അവന്
മുപ്പത്തിമൂന്ന് വയസ്സായിരുന്നു
യേശുവിന്‍റെ അതേ പ്രായം
തോളറ്റമുള്ള
ഒഴുകുന്ന മുടിയിഴകളിലൂടെ വിരലോടിച്ച്
ഉച്ചിയില്‍ ഉമ്മ െവച്ച്
തെറി പറഞ്ഞ് ചിരിച്ച് മറിഞ്ഞ നട്ടുച്ച...
തൊണ്ടതൊട്ട് കള്ളിറങ്ങുമ്പോള്‍
അവന്‍ പാടിയ പാട്ടിന്‍റെ വരികളില്‍
ചോര മണത്തു...
നന്ദികെട്ടവനേ
ഞാനവന്‍റെ കണ്ണുകളിലേക്ക് ചുണ്ടമര്‍ത്തി
വരാലിന്‍റെ ഒടുക്കത്തെ പിടയല്‍പോലെ
ഒന്നുമറിഞ്ഞ് കണ്ണുകളടഞ്ഞു...
അവെന്റ
ചുണ്ടുകളിലേക്ക്
വീണ്ടും വീണ്ടും
ലഹരിയിറ്റിച്ച്
തിരിച്ചു നടന്നു
മീന്‍ചൂരില്‍
കടല്‍ക്കോളില്‍
ചൂണ്ട നൂലില്‍
എല്ലാടത്തും
അവന്‍റെ മലച്ച കണ്ണുകള്‍
കള്ളിന്‍റെ പാല്‍നിറം
പുളിച്ചു പൊങ്ങിയ
പ്രേമംപോലെ
അക്കം മാഞ്ഞുപോയ
എടുക്കാത്ത നാണയംപോലെ...
==========