ആശ്വസിപ്പിൻ പ്രേമുകരേ
മറിയയ്ക്കുറപ്പായിരുന്നു:
ഉയിർക്കും ക്രൂശിത പ്രണയം,
ഏത് പ്രായത്തിലും.
വരുംവഴി മാറിപ്പോകും ഒറ്റുകാരൻ.
തുടങ്ങും മുമ്പേ തീരും വിചാരണ.
കൈ കഴുകിയാലും കൈയിൽ
നാറും രക്തക്കറ.
മുനയൊടിഞ്ഞ് തെറിക്കും ആണികൾ.
മൗനത്തിനും കണ്ണീരിനും മേൽ
പ്രണയിഭാഷ ബൈബിൾ സിനിമയിലെ
ദൈവസ്വരമായി ആത്മാവിൽ മുഴങ്ങും.
മറിയയ്ക്കുറപ്പായിരുന്നു, ഇതെല്ലാം.
ചരിത്രത്തിൽനിന്ന് മിത്തിന്റെ ഉയിർപ്പിൽ
രക്തകഥകൾ മാഞ്ഞ് സമയ മേലങ്കി
വെൺനിറ ആടയാവും...
എന്നെ മറന്നോ എന്ന് ചോദിച്ചൊരു
സുഗന്ധം കാറ്റിൽ വരും.
മറക്കാനോ?
നമ്മുടേത് ജന്മാന്തര നിത്യവാസന.
ഉൾത്തകർച്ചയ്ക്കെതിരേ പ്രണയം
ഭാവിവിവേകത്തിന്റെ കാവൽനാളം.
ആശ്വസിപ്പിൻ പ്രേമുകരേ.
ക്രൂശിതമായാലാവട്ടെ,
ഉയിർത്തെണീക്കും പ്രേമം.
തെളിയും കലക്കമേതുമെന്ന
ഭാഷാചരിത്രം പ്രേമചരിത്രം...