Begin typing your search above and press return to search.
proflie-avatar
Login

മാച്ചി

poem
cancel

പെണ്ണുടലുകൾ മരം കയറുമ്പോൾ

പഠിച്ച പഴന്നാരിൽ ചാടിയ

മലയണ്ണാൻ മാനായി മയിലായി-

മാഞ്ഞ പമ്പരത്തിൽ ഞാനും

എന്റെ പെണ്ണും ഒരു കല്ലെടുത്ത്

കല്ലുക്കളിച്ച് തോറ്റ പുഴ കുഴിയിലെ

മീനിനെ വിരുന്നിന്നായി കൂട്ടിക്കൊണ്ടു

പോയിട്ടൊരു പന്നിതുട മാൻതുട

ആട്ടിൻതുട തുടയെല്ലാം തുടച്ച്

കൊട്ടിൽ വൃത്തിയാക്കിയ നേരം

പുഴപടിച്ച പാട്ടിലൊഴുക്കായി

വന്നെനിക്കൊരു പ്രണയ പുസ്തകം.

ടൈറ്റിൽ മാച്ചി.

പ്രീയപ്പെട്ട ചന്തക്കാരാ (സുന്ദരൻ)

സൂര്യനെ ചൂടരുത്

ചുമരിലെഴുതിയ വരികളെ ഞാൻ

മഴയായി വന്ന് മായ്ച്ചിട്ടും

ഒരു തീ തിരി നീയെന്തിനു വെച്ചു.

ചോദ്യം?

ഉത്തരം

കൊടുവാൾ കാച്ചിയ

കൊല്ലന്റെ കയ്യിൽ

പുതുമഴ പെയ്യുമ്പോൾ

നീയവരെ കൊയ്യണം.

ആനേ യേനേ പൂവേ

പുഞ്ചിരി കുഞ്ഞേ കൂവ്

ഗൂമാഗുമാ ഗൂമാ ഗൂമാ ഗൂമാ

ഗുഡുഗുഡു പൂവനെ കൂകു.

കൂവി.

കാഞ്ച ബെങ്കെ നീരിലി

പുലിമു നരിമു കുളിക്കിന്റോ

പൂന്തിന്ന അണ്ണി ചെറൂരില

മാമെന്റ മഗെയ് അലാക്കിന്റോ

മൈച്ച ബാബാ ബാവ ബാവാ

ബാക്കില കാട്ടമ്പൊരുക്ക കാട്ടു.

ഉം ഉം ഉം ഉം ഉം ഉം ഉം

മൂച്ചു കാട്ടിന്ന മടെ കട്ടാന്ത

ചുവാന്തു കാട്ടിന്ന മര പറാന്ത

കറുത്ത കാവുള ചാത്തെന്റ കുള്ളിലി

പൊറുക്കിപെരുമ ബളെ ബെച്ചാ...

തിറെബെച്ച

ബന്റെരാ പോന്റെരാ

മണ്ണും തിമ്മോ

കല്ലും തിമ്മോ

കായും തിമ്മോ

കതിരും തിമ്മോ

ബുടോണ്ടാ...

മാച്ചിനെ ബുടൂ...

എയ് എയ് കായമ്പ്

എയ് എയ് പൂവമ്പ്

എയ് എയ് കാരമ്പ്

എയ് എയ് കൊമ്പമ്പ്

എയ് എയ് മീനമ്പ്

എയ് എയ് കാടമ്പ്.

ഒന്നും ഏറ്റില്ല.

ചുരം വളഞ്ഞ് വളഞ്ഞ്

കട്ടിലേക്ക് കയറിയപ്പോൾ

എന്റെ മാച്ചിയെന്നെ

ദൗക്കൂട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ടു പറഞ്ഞു.

നമ്മൾ തീരുന്ന രാത്രിയിൽ

ഒരു സൂര്യനുദിക്കും.

അന്ന് ഒരു നൂൽമഴ നൂലിൽ പിടിച്ച്

കയറിട്ട് നമ്മളെല്ലാരും ആമകളാവും.

ഉം

കേറീട്ട്.

മാച്ചിയായ ഞാൻ

വലിയൊരു ഇടിയായി

മിന്നലായി മഴയായി

പെയ്തിറങ്ങുമ്പോൾ

അവർ ചിരിക്കണം.

ഉം.

ചിറകുവന്ന പക്ഷിക്ക്

തുണി തുന്നിക്കാൻ ഞാൻ വരും

ഒരു വെടിമരുന്ന് നിറയ്ക്കാൻ

മുളവടി വെട്ടണം ഓടകൾ കൂവണം

ണ്ടും ണ്ടും ണ്ടും ണ്ടും.

കൊടും മഴ.

എന്തോ പൊട്ടി

പൊതിഞ്ഞ പൊതിച്ചോറ്

വിരിയാത്ത പൂക്കൾ

ചിതറിയ കല്ലുകൾക്കിടയിൽനിന്നും

ഒരു ഞണ്ടിന്റെ മൂർച്ചയുള്ള കൊമ്പ്

അത് മാച്ചിയായിരുന്നു.

മാച്ചിയുടെ മാറിൽ തൊട്ടാപ്പോൾ

ഒരുണ്ട കല്ലുണ്ട വെടിയുണ്ട തുളച്ച

ഓട്ടയിൽ ഒരു പേരെഴുതിവെച്ചിട്ടവൾ

ചത്തു.

അല്ല അവളെ അവർ കൊന്നു.

ആ പേര് ബേത്തിമാരൻ.

ചുരം വീണ്ടും വീണ്ടും വളർന്നു

എന്റെ മാച്ചി ചോക്കാത്ത വളവുമായി

പൊട്ടിയൊഴുക്കിയ വെള്ളച്ചാട്ടത്തിലേക്ക്

എന്നെയും കൂട്ടിട്ടു പോയപ്പോൾ

ഒരു കാട്ടമ്പിനവൾ മാച്ചിയെന്ന് പേരിട്ടു.

മൂർച്ചയുള്ള വാക്കിലവളുടെ

മുട്ടിയ അമ്പുകൾ തുരുതുരെ...

പിന്നെ എന്തെന്നറിയില്ല.

ഞാനൊരു പൂമരം നട്ടു

അതിൽ വിരിഞ്ഞ പൂവ്

കുറച്ച് വാക്കുകൾ എഴുതി തന്നു.

നോക്കണം എന്ന വാക്ക്.


Show More expand_more
News Summary - weekly literature poem