വിലാസിനി
ഈ ഗ്രാമത്തിലെ
മരങ്ങൾ നോക്കൂ
രണ്ടു പേരുടെ
കണ്ണുകളിലെ കള്ളനോട്ടങ്ങൾ വീണ്
ഹരിതകത്താൽ
കരിം പച്ചക്കാടുകൾ
കാറ്റുവഴികളൊരുക്കുന്നു
സന്ദേശപ്പെട്ടുകൊണ്ടിരിക്കുന്നു.
ഈ തെരുവിലെ
വെളിച്ചം നോക്കൂ
എന്നും സല്ലപിക്കാൻ
വരുന്നവരുടെ
ചായക്കോപ്പ വെച്ച
പാടുകൾ വരച്ച
ചിത്രങ്ങൾ നോക്കൂ.
പിരിഞ്ഞു പോയവരെ
തിരികെ കൊണ്ടുവരാൻ
വെളിച്ചപ്പൊട്ടുകൾ
മിണ്ടിക്കൊണ്ട്
മാസ്സ് ലൈറ്റുകളാവുന്നു.
ഈ കടവിലെ
തണലിടം നോക്കൂ
മീൻ വെട്ടിയും
വില വിളിച്ചു കൂവിയും
ഒരുവൾ കത്തി മിനുക്കിക്കൊണ്ടിരിക്കുന്നു,
ഏഴിമലപ്പൂഞ്ചോലാ... എന്ന് താളമിട്ട്
പാടുകയും ചെയ്യുമ്പോൾ
പാറമടയിറങ്ങി ഒരുവൻ
കണക്കില്ലാതെ
പണം കയ്യിൽവച്ച്
ഒരു ചെറുചിരിയോടെ
മെല്ലെ
മെല്ലെ
മെല്ലെ മല്ലനെന്ന വട്ടപ്പേരിനെയും മറന്ന്
പുഴ കടന്ന് പോകേ
തിരികെ നോക്കുന്നു
വിലാസിനിയായവളെ.
വരൂ
ഈ മുറ്റത്തെ ചോരപ്പാടുകൾ കാണൂ,
ചെമ്പരത്തികൾ കാണൂ
കാട് നീലപ്പൂക്കളാൽ
കുട പിടിച്ച വഴിയിലൂടെ നടത്തി
അടുത്തിരുത്തി
ഒരേ ചൂടിൽ
ഒരേ കോപ്പയിൽ
ചായ പങ്കിട്ടുകൊണ്ടിരിക്കേ
കല്യാണക്കുറി നീട്ടിയത് മാത്രം
ഓർമയുണ്ടയാൾക്ക്.
മീൻ വെട്ടുന്ന കത്തി
ഇത്തവണ മാറി എന്ന് മാത്രം
വിറകും വെട്ടുംപോലെ
എന്ന ഉപമ
വായിൽ വന്നില്ല
എന്ന് മാത്രം.
വിലങ്ങണിഞ്ഞ വിലാസിനിയുടെ പടവും
മല്ലന്റെ പടവും ഒരുമിച്ച്
പത്രത്തിൽ
ആദ്യമായും
അവസാനമായും വന്നത്
ഗ്രാമവും
തെരുവും
കടവും മറന്നു.
ആദ്യമായി ചുണ്ടു ചോപ്പിച്ച് സാരിയുടുത്തവളുടെ
കയ്യിലെ
തീപ്പൊരി കെട്ട് മണ്ണിലാണ്ട
സിഗരറ്റ് കുറ്റിയും
ചോര വീണ ചെമ്പരത്തിയും മറന്നില്ല.