കാലാതീതം
എന്റെ ലോകസഞ്ചാരത്തിനിടയിൽ
എവിടെയോ വെച്ചായിരുന്നു അത്
നാട്, തീയതി, വിശദാംശങ്ങൾ
ഒക്കെയും
നഷ്ടപ്പെട്ടിരിക്കുന്നു
ഏതോ ലോകശിൽപിയുടെ
മ്യൂസിയത്തിലായിരുന്നു ഞാൻ
ടിക്കറ്റ് കിട്ടാൻ
വിഷമമായിരുന്നത് ഓർക്കുന്നു
ജനങ്ങൾ ഒഴുകിക്കൊണ്ടിരുന്നു
പോരാട്ടത്തിൽ
വാളറ്റ
ഒരു പടയാളിയുടെ
കൂറ്റൻ ലോഹശിൽപം
വിള്ളലിൽ
ചുവന്ന തലയും
മഞ്ഞ ചിറകുകളുമുള്ള
കുഞ്ഞികുരുവികൾ
കൂടുകൂട്ടിയിരുന്നു
അവ പുറത്തേക്ക്
ചിറകടിച്ചു
വെളുത്ത മാറിൽ
കറുത്ത പുള്ളി
രാത്രികാലങ്ങളിൽ
നെഞ്ചിലേക്ക്
തല ചായ്ച്ചിരുന്ന
കാമുകിയുടെ
നഗ്നമുലകൾക്കിടയിലെ
മറുകുപോലെ
അത് തിളങ്ങിക്കൊണ്ടിരുന്നു
ദ്വിഭാഷിയെ അടുത്തേക്ക്
വിളിച്ചു
അയാൾ ശിൽപിയെക്കുറിച്ച്
വാചാലനായി
മണ്ണാങ്കട്ട!
ഈ കുരുവികളെ പറ്റി
പറയൂ
ഇവക്ക് എന്താണ്
ഇവിടെ പേർ
‘‘ബ്ലാക്ക് സ്പോട്ടെഡ്
സ്പാരോസ്
എന്ന് പറയും സർ’’
‘‘ഫോട്ടോ എടുക്കാമോ’’
‘‘ശിൽപങ്ങളുെടയോ
നിരോധനം ആണ് സർ’’
‘‘അല്ല... കുരുവികളുടെ’’
‘‘പരിഗണിക്കാം സർ’’
ആനന്ദപരവശനായി
ആയിരം ക്ലിക്ക് ചെയ്തു
കാലം, ലോകം, രുചികൾ
എല്ലാം മാറിമറഞ്ഞു
ആ ഫോട്ടോ
ഇപ്പോഴും കോലായയെ
അലങ്കരിക്കുന്നു.