ഒരു കടൽ മണൽ
മണലൂർന്നു വീഴുന്നുണ്ട്. മുറി മുഴുവൻ മണൽ മുറിയുടെ താക്കോൽ ദ്വാരത്തിലൂടെ മണൽ മുഴുവൻ കടലിലേക്കു തന്നെ ഊർന്നു പോയി. ഒരു കടൽ മീൻ മാത്രം താക്കോൽ ദ്വാരത്തിൽ കുടുങ്ങി. താക്കോലായ്ത്തിരിച്ചു ഞാനതിനെ വാതിൽത്തുറന്നു. കടൽ അലയ്ക്കുന്നു. വാതിൽ വലിച്ചടച്ചു. ‘‘തീരാത്ത സമയത്തിൽ, ആവർത്തിക്കുന്ന സമയത്തിൽ കുടുങ്ങിക്കിടക്കുന്ന മീൻ തന്നെ നമ്മൾ’’ കട്ടിലിലിരിക്കുമെന്നോട് താക്കോൽ ദ്വാരത്തിലിരിക്കും മീൻ വാലിട്ടടിച്ച് വിളിച്ചു പറയുന്നു താക്കോൽ ദ്വാരത്തിൽനിന്നും വലിച്ചെടുത്ത് ഞാനതിനെ കടലിലേക്കു തന്നെ വലിച്ചെറിയുന്നു. ● മുറിയിൽ കുമിഞ്ഞുകൂടിയ...
Your Subscription Supports Independent Journalism
View Plansമണലൂർന്നു വീഴുന്നുണ്ട്.
മുറി മുഴുവൻ
മണൽ
മുറിയുടെ
താക്കോൽ ദ്വാരത്തിലൂടെ
മണൽ മുഴുവൻ
കടലിലേക്കു തന്നെ
ഊർന്നു പോയി.
ഒരു കടൽ മീൻ മാത്രം
താക്കോൽ ദ്വാരത്തിൽ
കുടുങ്ങി.
താക്കോലായ്ത്തിരിച്ചു
ഞാനതിനെ
വാതിൽത്തുറന്നു.
കടൽ
അലയ്ക്കുന്നു.
വാതിൽ
വലിച്ചടച്ചു.
‘‘തീരാത്ത സമയത്തിൽ,
ആവർത്തിക്കുന്ന സമയത്തിൽ
കുടുങ്ങിക്കിടക്കുന്ന
മീൻ തന്നെ നമ്മൾ’’
കട്ടിലിലിരിക്കുമെന്നോട്
താക്കോൽ ദ്വാരത്തിലിരിക്കും മീൻ
വാലിട്ടടിച്ച്
വിളിച്ചു പറയുന്നു
താക്കോൽ ദ്വാരത്തിൽനിന്നും
വലിച്ചെടുത്ത്
ഞാനതിനെ
കടലിലേക്കു തന്നെ
വലിച്ചെറിയുന്നു.
●
മുറിയിൽ
കുമിഞ്ഞുകൂടിയ മണൽ
ചെവിയിലേക്കൂർന്നിറങ്ങി.
ചെവി
അടഞ്ഞുപോയി.
എണ്ണ ഒഴിക്കുന്ന
കോളാമ്പി വെച്ച്
മുറത്തിലേക്കു
ചെരിഞ്ഞു കൊട്ടി
ഒരു കടൽ മണൽ
മുറത്തിലേക്കു ചാടി!
●
മുറത്തിലെ മണൽ
കാറ്റിലേക്കു വീശി
തൊടി മുഴുവൻ
മണൽ മുളച്ചു.
ഓരോ മുളയിലും
ഒരു കടൽത്തുള്ളി
നീലക്കടൽത്തുള്ളി!
തൊടി മുഴുവൻ
കടൽത്തുള്ളികളുരുണ്ടു.
●
ഒരു മണ്ണിര കേറിയിറങ്ങി
കേറിയിറങ്ങിപ്പോവുന്നു
ഓരോ കടൽത്തുള്ളിയിലൂടേയും.
അവസാനതുള്ളിയിലൂടൂർന്നിറങ്ങി
മണ്ണിര!
ഇപ്പോൾ
മണ്ണിരയാൽ കോർത്തൊരു
മുത്തുമാല!
കടൽ-
നീലമാല!
●
നീലമാല
ഞാൻ
കഴുത്തിലണിയും.
നെഞ്ചിൽ
കടലിനൊപ്പം
മണലിരമ്പും!
തലയ്ക്കു മീതേ
കാക്കകൾ പറക്കും.
പെട്ടെന്നു
മണ്ണിര മണ്ണാഴത്തിലേക്കുൾവലിയും
ചരടറ്റ മുത്തുകളൊന്നാകെ
ഉരുളും.
മണൽ
ഹൃദയത്തിലേക്കൂർന്നു വീഴും.
മണൽ നിറഞ്ഞ്
ഹൃദയം
കടൽപോലെ
വീർപ്പു മുട്ടും
●
ഹൃദയം
ഒരു കോർക്കു കൊണ്ടടച്ച്
മെല്ലെ
വാതിൽത്തുറന്ന്
ഞാൻ
പുറത്തേക്കു കടക്കും.
ഹൃദയം പടെ, പടെ മിടിക്കും.
സൂര്യന്റെ കൊട്ടെന്നോർത്ത്
കടൽ ലാഞ്ചും.
കോർക്കു തെറിക്കും
മണൽ പുറത്തേക്കു വഴിയും.
കടലൊഴുകും
കടലിനൊപ്പം ഞാൻ നീന്തും
മണലിൽ ഞാൻ നീന്തും
●
സ്വസ്ഥമായി
വാതിലടച്ചു ലൈറ്റണച്ചു
ആരോ വാതിലിൽ
മുട്ടി.
ലൈറ്റിട്ടു
താക്കോൽപ്പഴുതിൽ
എന്റെ ഹൃദയം!
●
ഞാനെന്റെ ചെറിയ ജനാലപ്പഴുത്
നിലാവുകൊണ്ട്
വലിച്ചടക്കട്ടെ!
മുറിയിലെ
മണലിൽ ഞാൻ
മലർന്നു കിടക്കും.
നിലാവിൽ
മിന്നും മണലായ്
മാറും!
●
ഒരു
വൃദ്ധയുടേതുപോലെ
ചുളിഞ്ഞു പോയിരിക്കുന്നു തൊലി.
വൃദ്ധരുടെ
അഴുകിയ
മണവും.
തൊലി അഴുകുന്ന മണം
മണൽ അഴുകിയ മണം തന്നെ.
മണൽ ചുരുണ്ടുപോയിരിക്കുന്നു.
ഒരു വൃദ്ധയുടെ
തൊലി പോലെ.
തൊട്ടാൽ വിരലാഴ്ന്നു പോകുന്നത്രയും
മൃദുത്വം.