ചോപ്പ്
ഇത് പട നയിച്ചവന്റെ കുപ്പായം.
അത് വെടികൊണ്ടവന്റെ നിലവിളി.
അതിനു മുകളിലാണ്
ചിലന്തികൾ വലകെട്ടിപ്പാർക്കുന്നത്.
ചരിത്രം അങ്ങനെ തന്നെയുണ്ട്.
അത് കളങ്കപ്പെടുത്താനാവില്ല.
ആർക്കും അട്ടിമറിക്കാനും.
ചരിത്രത്തിനും ഒരു കൈവിലങ്ങുണ്ട്.
സ്വാതന്ത്ര്യത്തിന്റെ.
സൂക്ഷിച്ചു നോക്കിയാൽ
മഴയത്തും നനയാത്ത ചെങ്കൊടി.
അന്ന് അപ്പുവും ചിരുകണ്ടനും കുഞ്ഞമ്പുവും
അബൂബക്കറും.
അതൊരു ഗാഥയായിരുന്നു.
കരുത്തിന്റെ.
അപ്പു ചിരുകണ്ടനെ ഒറ്റിക്കൊടുക്കുമോ?
കുഞ്ഞമ്പു അബൂബക്കറിനെ
മാറ്റിനിർത്തുമോ?
ഭയമാകുന്നു.
അന്നും യുദ്ധത്തിൽ
അസൂയാലുക്കൾ ഉണ്ടായിരുന്നു.
കീഴടങ്ങിയവരും
പരാജയപ്പെട്ടവരും.
ചരിത്രം പൊള്ളുന്നു.
നിലവിളിക്കുന്നു.
ചരിത്രത്തിലുള്ളതൊന്നും
മായ്ക്കാനാവില്ല.
ഒളിവ് ജീവിതമാണ്
ചിലന്തിയുടേതും.
*സ്നേഹിക്കയില്ല, ഞാൻ
നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു
തത്ത്വശാസ്ത്രത്തെയും.