കുവെംപുവിന്റെ ചുട്ക്ക് കവനങ്ങൾ
29 എന്റെ നോവൽ കറ പിടിച്ച ഭാവനയുടെ കത്രികകൊണ്ട് കേൾക്കൂ: ആ പുറങ്ങൾ മുറിച്ചുമാറ്റുക! (ജീവിതാവിഷ്കാരമാണ് നോവൽ. തെളിഞ്ഞ ഭാവനയുടെ സുതാര്യമായ ആവിഷ്കാരം. നിറം മങ്ങിയ ഭാവനയുടെ പുറങ്ങൾ അതാര്യമായ ആവിഷ്കാരമാകും. തെളിച്ചമാണ് പ്രതിഭ.) 30 നന്ദനത്തിൽ ഇന്ദ്രനൊപ്പം അപ്സരിയുടെ മയൂരനൃത്തം ഇന്ദ്രിയങ്ങളെ പുണർന്ന് അതീന്ദ്രിയതയിലേക്ക് അമൃതരസ പ്രവാഹം! (കലയും കമലയും ചേരുമ്പോൾ ഇന്ദ്രീയാതീതമായ രസം അനുഭവൈകവേദ്യമായിത്തീരുന്നു.) 31 മണ്ണിന്റെ മണമുണ്ട് കവിതക്ക് മണ്ണ് ചുമന്നാൽ മാത്രം പണി കിട്ടുന്നവരുടെ ദർശനവും. (മണ്ണും കവിതയും തമ്മിലുള്ള/ മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധവ്യാഖ്യാനം.) 32 കടലിന്റെ...
Your Subscription Supports Independent Journalism
View Plans29
എന്റെ നോവൽ
കറ പിടിച്ച ഭാവനയുടെ
കത്രികകൊണ്ട് കേൾക്കൂ:
ആ പുറങ്ങൾ മുറിച്ചുമാറ്റുക!
(ജീവിതാവിഷ്കാരമാണ് നോവൽ. തെളിഞ്ഞ ഭാവനയുടെ സുതാര്യമായ ആവിഷ്കാരം. നിറം മങ്ങിയ ഭാവനയുടെ പുറങ്ങൾ അതാര്യമായ ആവിഷ്കാരമാകും. തെളിച്ചമാണ് പ്രതിഭ.)
30
നന്ദനത്തിൽ ഇന്ദ്രനൊപ്പം
അപ്സരിയുടെ മയൂരനൃത്തം
ഇന്ദ്രിയങ്ങളെ പുണർന്ന്
അതീന്ദ്രിയതയിലേക്ക്
അമൃതരസ പ്രവാഹം!
(കലയും കമലയും ചേരുമ്പോൾ ഇന്ദ്രീയാതീതമായ രസം അനുഭവൈകവേദ്യമായിത്തീരുന്നു.)
31
മണ്ണിന്റെ മണമുണ്ട് കവിതക്ക്
മണ്ണ് ചുമന്നാൽ മാത്രം
പണി കിട്ടുന്നവരുടെ
ദർശനവും.
(മണ്ണും കവിതയും തമ്മിലുള്ള/ മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധവ്യാഖ്യാനം.)
32
കടലിന്റെ തിരശ്ശീലയിൽ
മുഴങ്ങിടും പാട്ടു കേൾക്കൂ
മാറ്റൊലികൊൾകയാണതിൽ
കവി തൻ വാഴ്വിൻ സ്വരം.
(അപാരതയിൽ മുഴങ്ങുന്ന ജീവിതഗാനത്തിന്റെ മാറ്റൊലിയാണ് കവിശബ്ദമായി നമുക്ക് ചുറ്റും കേൾക്കുന്നത്. പ്രകൃതിയെ/ ജീവിതത്തെ അനുഗാനം ചെയ്യുന്നവനാണ് കവി.)
33
നിങ്ങൾ നിയന്ത്രണം പാലിക്കുക
യന്ത്രോപമം ചലിക്കുന്നു ഞാൻ
നിങ്ങളാണ് മന്ത്രം: തന്ത്രം
നിങ്ങളുചിതംപോലെ മെനയുക.
സർവതന്ത്ര സ്വതന്ത്രനാണ് നിങ്ങൾ
അതെ; നിങ്ങൾ സ്വതന്ത്രനാണ്
ആഗോളീകരണം
പ്രകൃതിസൂത്രം
‘‘ഞാൻ സ്വതന്ത്രനാണ്’’
ശുദ്ധമായ അനിശ്ചിതത്വം.
(ആഗോളീകരണത്തിൽ നഷ്ടമാകുന്ന മനുഷ്യസ്വാതന്ത്ര്യം: അനിശ്ചിതത്വത്തിൻ നടുവിൽ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ.)
34
ആരാധനയുള്ളിടത്തെല്ലാം
എന്റെ ക്ഷേത്രമുണ്ട്.
പ്രാർഥിക്കുന്നവന്റെ ഹൃദയം
എന്റെ ഗുരുകുലമാണ്.
ദൈവത്തിനായിക്കൊണ്ടെൻ
വംശത്തെയോർക്കുന്നു ഞാൻ.
(ക്ഷേത്രമല്ല ആരാധനയാണ് പ്രധാനം: ആരാധനയുള്ളിടമെല്ലാം ക്ഷേത്രസമാനമാണ്. ഭക്തന്റെ മനസ്സ് ഗുരുകുലമാണ്. ദൈവത്തെയോർക്കുകയെന്നാൽ തന്റെ വംശത്തെയോർക്കുകയെന്നാണർഥം.)
35
വിരഹത്തെപ്പോലൊരു
നരകമില്ല.
(വിരഹം പകരുന്ന ഏകാകിതയുടെ ആഴം വ്യക്തമാക്കുന്നു.)
36
അഹങ്കാരത്തിനു നമസ്കാരം
ഉദാരമാം നമസ്കാരം!
ജഗദാധാരാ നമസ്കാരം
നമസ്കാര മഹംബോധമേ!
വല്മീകത്തിൽ പിറന്നൊ-
രാദി കവിക്കു നമസ്കാരം!
അഹംഭാവത്തിൻ വേരറുത്ത
വേദം പലതായ് വ്യസിച്ച
വ്യാസനും നമസ്കാരം!
(അഹംഭാവത്തിന്റെ വേരറുക്കലാണ് മനുഷ്യജീവിതത്തെ ധന്യമാക്കുന്നത്. കാട്ടാളൻ വാല്മീകിയായതപ്പോഴാണ്. വേദങ്ങൾ പലതായ് പകുത്ത വ്യാസൻ നിരവധി കഥാസന്ദർഭങ്ങളിലൂടെ പറഞ്ഞതും ഇതിന്റെ ആവശ്യകതയെ കുറിച്ചാണ്.)
37
ധൈര്യമാണ് ജഗത്-
പാർപ്പിനേക പാത!
ഈ വീണയുടെ നാദം
അമ്മയുടെ പാദപഥം!
(ജീവിതത്തെ നയിക്കുന്നത് ധൈര്യമാണ്. അപ്പോൾ ആ ജീവിതവല്ലകിയിൽനിന്ന് അമ്മയുടെ പാദപഥത്തിൽനിന്നുയരുന്നതാണ്.)
38
കയറുക മാനവ കയറുക
ഇളയ്ക്കേക്കുക നീ പുതുജന്മം
ചേരുക; ചേരുക മാനവ
മാതൃപഥങ്ങളിലനവരതം
ഉയരുക: ഉയരുക മാനവ
ദേവപഥങ്ങളിലനിശമിത്!
ഉണരുക; ജാഗ്രത: ഉയരുക നീ!
(മാതൃപഥത്തെയും ദേവപഥത്തെയും ആശ്രയിച്ച് ഉണർന്ന് ജാഗ്രതയോടെ പ്രവർത്തിക്കുന്നവർക്കേ ഉദ്ഗതിയുണ്ടാകുകയുള്ളൂ. അവർക്കേ ഭൂമിയെ പുതുക്കിപ്പണിയാനൊക്കൂ.)
39
നഷ്ടപ്പെട്ട നാവ് തിരികെ കൊണ്ടുവരുക
കൊട്ടിയടയ്ക്കപ്പെട്ട മിഴികൾ
വീണ്ടും തുറക്കുക.
കെട്ടുപൊട്ടിച്ചാ കൈകൾ
വീണ്ടുമുയർത്തുക
അറിക; എങ്കിൽ വീഴില്ല.
അല്ലായ്കിലോ ധ്രുവമിഹ
ചങ്ങലയാ കാൽകളിൽ!
(നല്ല വാക്ക്, നല്ല നോട്ടം, നല്ല പ്രവൃത്തി എന്നിവയാണ് സ്വാതന്ത്ര്യത്തെ ഉറപ്പാക്കുന്നത്. മറിച്ചെല്ലാം ബന്ധനമാണ്: പാരതന്ത്ര്യമാണ്.)
40
എന്തിനാണ് നിങ്ങൾ ലജ്ജിക്കുന്നത്
മരണമീ യാത്രയിലെ
തുറന്ന വാതിലാണ്
എന്തിന് കീഴ്പ്പെടണം!
(ജീവിതയാത്രയിൽ മരണത്തിന് കീഴ്പ്പെടാം കീഴ്പ്പെടാതിരിക്കാം. മരണത്തെയോർത്ത് ലജ്ജിക്കുകയല്ല മുന്നോട്ടു പോവുകയാണ് പ്രധാനം.)
41
മരത്തിൻ ചോട്ടിലെ
ഈ പാറക്കെട്ടിൽ
ദേവിയുടെ ചൈതന്യമൊരു-
പുഷ്പമായ് വിടർന്നിരിക്കുന്നു.
കരിമ്പാറയിൽ കന്മദംപോൽ!
(എല്ലാ ദുർഘടങ്ങളിലും ദൈവത്തിന്റെ സാന്നിധ്യം. ആ ചൈതന്യമാണ് ജീവിതത്തിന്റെ ആധാരം.)
42
ആകാശം ആനന്ദത്തിന്റെ
ക്ഷേത്രമാകുന്നു.
ചന്ദ്രനെത്രയരികിലാണ്
എന്തു കമ്രമാം ഭാവന!
(ആകാശവും ചന്ദ്രനുമെല്ലാം കവിക്കെന്നും അരികിലാണ്. ആത്മപ്രചോദകമാണ്.)
43
വിവാഹമൊരു മധുരമായ തുടക്കമാണ്
ഒരു പ്രശ്നത്തിനുള്ള ദൈവിക പ്രതിവിധിയാണ്.
ഗൃഹ തപസ്യ!
(വിവാഹജീവിതം ദൈവത്തിന്റെ വരദാനമാണ്; ഒരനിവാര്യതയും മധുരമായ തുടക്കവുമാകുന്നു.)
44
കവിയുടെ മനസ്സ്
നന്ദവനികയാണ്.
രസനികേതനമാണ്.
ധർമത്തിന്റെ വഴിയിൽ
ആനന്ദനെവിടെയാണ് പാപം!
ദുഃഖം സുഖത്തിന്റെ ആത്മാവാണ്!
മൃതി അമൃതത്വത്തിന്റെയും!
(കവിയുടെ മനസ്സ് പൂന്തോപ്പും രസനികേതനവുമാണ്. എന്നും അവാച്യമായ രസാനുഭൂതി പകർന്നുകൊണ്ടിരിക്കും. ധർമത്തിന്റെ വഴിയിലാണ് അയാളുടെ സഞ്ചാരം, ആനന്ദഭിക്ഷുവിന്റെ ധർമപാതയിൽ പാപത്തിന് പ്രവേശമില്ലാത്തതുപോലെ സർഗാത്മകതയെന്നും പാപത്തെ അകറ്റുന്നു.)
45
എന്റെ ഭക്തിയൊരു തീപ്പെട്ടിക്കൊള്ളിയും
നിങ്ങളൊരു തീപ്പെട്ടിക്കൂടുമാണ്.
എന്റെ സമർപ്പണംകൊണ്ട്
സഹസ്ര ദീപങ്ങളെരിയുന്നു
അതിൻ ജ്യോതിസ്സാലീ വസുധയും!
(കവിയും സമൂഹവും പരസ്പര പൂരകങ്ങളാണ്. ഒന്ന് മറ്റൊന്നിന് പ്രചോദനം. കവിയുടേത് സമർപ്പണമാണ്/ കവിതയാണ് ഭൂമിയെ പ്രകാശമാനമാക്കുന്നത്.)
46
ഹേ! മഹാകാളീ
ചൈനയിലെ രാക്ഷസനെ പിളർത്തുക.
47
മതി! മതി! അമ്മേ മതി!
ഈ ചൈനീസ് പിശാചിൻ മനം
നന്നായ് ഗ്രഹിച്ചു ഞാൻ!
48
യുദ്ധം! യുദ്ധം! യുദ്ധം!
ഹിമാലയൻ രാക്ഷസനരങ്ങിൽ
നൃത്തമാടുന്നു! പണം തരൂ;
ഓഹരി കൊടുത്തു തീർക്കുക.
(മൂന്ന് ചുട്ക്കുകളും ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടത്. യുദ്ധത്തിന്റെ ഭീകരത -ചൈനയുടെ ഹിമാലയൻ രാക്ഷസീയത സൂചിതം.)
49
വിരഹത്തേക്കാൾ വലിയ ശിക്ഷയില്ല
സ്വയം കുത്തി കൊലപ്പെടുത്തിയ തെറ്റിന്
തന്റെയടുത്തെത്തിയ അപരിചിതന്റെ
ശിക്ഷയിൽ യമൻ തോറ്റു!
(വിരഹാഗ്നിയിൽ സ്വയം ഹോമിക്കപ്പെടുന്നത് മരണത്തെക്കാൾ ഭീതിദമാണ്.)
50
എന്റെ നഗ്നനേത്രങ്ങൾ പിടയ്ക്കുന്നുവോ
ഈ പൂച്ചെണ്ടിന്റെ നിറം
ഓ... അമ്മയുടെ ആലിംഗനം;
മുലപ്പാലിന്റെയിനിപ്പ്
ഐക്യത്തിന്റെ യോഗാമൃതം
അനുഗ്രഹത്തിന്റെയും!
51
അന്ന് പൂമാല
ഇന്ന് കല്ലേറ്
എന്തൊരു ഗ്രഹാചാരം
നാശമിയോട്ടം!
(ജീവിതയാത്ര മുലപ്പാലിന്റെ മധുരം നുണഞ്ഞുകൊണ്ട് തുടങ്ങിയതാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള യോഗമാണ് അതിന്റെ ധന്യത. ആ അകൽച്ച -പ്രപഞ്ചനിഷേധം വിപത്തുകൾ ക്ഷണിച്ചുവരുത്തും. പൂമാലകൾ കല്ലേറുകളായി പരിണമിക്കും.)
52
മരങ്ങൾ തളിർത്തു വളരട്ടെ
കാക്കയുടെ കൂട്ടക്കരച്ചിൽ
തെക്കുനിന്ന് കുളിർകാറ്റ്
കൊച്ചു പെൺകുട്ടിയുടെ
സ്നേഹത്താൽ ജീവിതം നിറയുന്നു.
(നിഷ്കളങ്കമായ സ്നേഹമാണ് ജീവിതത്തെ ജീവിതവ്യമാക്കുന്നത്. പ്രകൃതിയിലും മനുഷ്യനിലും അതിന്റെ ഭിന്ന ഭാവങ്ങൾ കാണാം.)
53
അല്ല: സുഹൃത്തേ നിങ്ങൾ
എന്തുകൊണ്ട് ദൈവമല്ല?
(സുഹൃത്ത് ദൈവമാണെന്ന സൂചനയും ഈ ചോദ്യത്തിലുണ്ട്. സൗഹൃദത്തിലെ ആത്മീയത വ്യംഗ്യം.)
54
പിശുക്കനായ ദൈവമൊരു
ദയാരഹിതമാം സൃഷ്ടി
ഭീതി, ക്ഷയം, മരണം
പലരെയും പുണരുന്നു
ഹൃദയസ്തംഭനം
പലരെയും ഉമ്മവെക്കുന്നു!
എന്തൊരു പിശുക്കനാണീ ദൈവം.
(ദൈവത്തിന്റെ നീതി സ്നേഹത്തിന്റേതാണ്. ക്ഷേമത്തിന്റേതാണ്: മറിച്ചുള്ളതെല്ലാം ദയാരാഹിത്യമാണ്.)
55
രാജാവും പുരോഹിതനും കണ്ടുമുട്ടിയപ്പോൾ
ആദ്യത്തെ വോട്ടു പിറന്നു
എന്തൊരു വിസ്മയം!
(രാജാവും പുരോഹിതനും ഭിന്നിപ്പിന്റെ കാരണം പ്രജകളെയും ദൈവത്തെയും വിജയത്തിന്റെ ആധാരമാക്കുന്നു –സ്വാർഥതയുടെയും.)
56
ദൈവത്തിന്റെ ഭവനം
ഇവിടെ ഈ ഗുഹയുടെ തീരത്താണ്.
ഹിമഗിരി ഇവിടെ ഉപ്പാണ്
ഹരിദ്വാറിന്റെ കഥയിതാ!
വാരാണസി ഇതാ ഇവിടെ!
ഇതാ ദക്ഷിണേശ്വറിലെ ഋഷികേശ്
സ്വാതന്ത്ര്യത്തിലേക്കുള്ള വലിയ കവാടം രാമേശ്വരം
ഇവിടെയുണ്ടെല്ലാ തീർഥങ്ങളും
പുണ്യഭൂമികളിൽ സർവദേവതാവതാരം!
നിങ്ങളെന്താണിത്രയും ദൂരെ?
പൂർണതയിലപൂർണതയും
വെളിച്ചത്തിലിരുട്ടും സംഗമിക്കുന്നു!
(എല്ലാ തീർഥസ്ഥലികളിലും ദൈവമുണ്ട്. ഈ വിചാരമാണ് നമ്മെ ദൈവത്തോടടുപ്പിക്കുന്നത്; അപൂർണതയിൽനിന്നും ഇരുട്ടിൽനിന്നും മോചിപ്പിക്കുന്നത്.)
57
നീ എന്നോടൊപ്പമുണ്ടെന്നോർക്കുമ്പോൾ
മനസ്സിലെ കോടമഞ്ഞ് പെട്ടെന്ന് മാറും!
എല്ലാ പിരിമുറുക്കവുമകലും.
സമാധാനമെനിക്കെപ്പൊഴും
വിശ്വാസത്തിന്റെ ബലമാണ്!
(ഈശ്വരവിചാരം ജീവിതത്തിന്റെ ബലമാണ്: സമാധാനത്തിലേക്കുള്ള പാതയാണത്.)
58
ഇപ്പോൾ എനിക്കറിയാം
എന്തിനാണൊരു പുരോഹിതൻ,
എനിക്കും നിങ്ങൾക്കുമിടയിലെന്ന്.
നമ്മുടെ സംവാദങ്ങളുടെ പൊരുൾ
ന്യായമായുമറിയാമവന്!
(ദൈവത്തിനും മനുഷ്യനുമിടയിൽ ഒരു ഇടനിലക്കാരൻ എന്തിനാണ്? സാക്ഷാത്കാരത്തിനത് വിലങ്ങുതടിയാണ്.)
59
വീടു മുഴുവൻ മുല്ലപ്പൂക്കൾ
കാമുകനില്ലാത്ത വീടെന്തിന്?
(കാമുകി-കാമുക ഭാവത്തിന്റെ ഹൃദ്യത വ്യഞ്ജിക്കുന്നു.)
60
ദുഃസ്വപ്നം;
എന്തായാലുമത് സ്വപ്നത്തിൽ തുടരട്ടെ.
കട്ടിയുള്ള ചരടാണെങ്കിലും
അതെന്റെ മനസ്സിൽ വളരട്ടെ.
(സ്വപ്നം ദുഃസ്വപ്നമാണെങ്കിലും മനസ്സിൽ വളരണം. അതൊരു കരുതലാണ്. അവഗണിക്കരുത്.)
61
ധ്യാനം ഗുണനമാണ്
അനന്തമായ ധ്യാനത്തിലൂടെ
അഹങ്കാരത്തിന്റെ
അഭാവത്തെ ഗുണിച്ച്
അതിനെ അലിയിക്കുക
ഉജ്ജ്വലമായ ജ്ഞാനത്തിലേക്ക്
ഭൂമിയെ ക്ഷണിക്കുക.
(ധ്യാനത്തിലൂടെ അഹങ്കാരനാശവും ജ്ഞാനവും ഫലം. ഭൂമിയുടെ രക്ഷണവും.)
62
സഹോദരിയുടെ വീട്
എത്ര മനോഹരം
ഏതു വെയിലിലും
പെങ്ങളുടെ വീട്
തണുപ്പാണ്!
(സാഹോദര്യത്തിന്റെ തണുപ്പ്.)
63
നിന്നെയോർക്കുമ്പോൾ
ഞാൻ പ്രാർഥിക്കുന്നു.
നിന്റെ കൃപ
പരിഹാസം മാത്രമാണ്.
(നിന്റെ കൃപ പരിഹാസമാണെന്നറിഞ്ഞിട്ടും ഞാൻ നിനക്കായി പ്രാർഥിക്കുന്നു.)
64
മാലാഖമാർ ഉറ്റുനോക്കുന്നതുപോലെ
ഹേ... മനുജാ! ഇതു നിനക്കുള്ളതാണ്.
മരിച്ചവരുടെ വിരുന്ന്
ഈ ചന്ദ്രോദയം മാത്രമാണ്!
(മരണം മാലാഖമാരെപ്പോലെയാണ്. ആലിംഗനംചെയ്യാം. ചന്ദ്രോദയത്തിന്റെ നിഷ്കളങ്കതയിലാറാടാം.)
മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ