എന്റെയവ്വ; ദുഃഖങ്ങൾ ചിതറിവീണൊരു ചവിട്ടുകല്ല്

അവ്വ, എന്റെയമ്മ ഭിത്തിപ്പഴുതില്‍ സുരക്ഷിതമായിരുന്നു തെളിഞ്ഞുകത്തുന്ന വിളക്കല്ല, ആകാശപ്പുതപ്പില്‍നിന്നും അറിയാതെ വഴുതി വീണുപോയ ഒരു സൂര്യന്. ഭൂമിയമ്മ എളിയില്‍നിന്നും വലിച്ചു പുറത്തിട്ട ചേലത്തുമ്പിലെ ഒടുങ്ങാത്ത വിശപ്പ്. അവ്വ, അവളോ എന്നേയ്ക്കുമോരേ പൗര്‍ണമി പുലരാനൊരു പുലര്‍ച്ചയില്ലാത്ത സമരത്തിന്നടയാളം ഉരലില്‍ ഉലക്കയോടെതിരിടും കൊഴിഞ്ഞ കറ്റക്കതിരിന്‍ ഉമിയവളുടെ തല. അവളുടെ കണ്ണിമകള്‍ക്കുള്ളിലാണ് കിഴക്ക് കീറും പുത്തന്‍പുലര്‍വെട്ടത്തിന്‍ നാളം തണുപ്പാറ്റാന്‍ വരുന്നതെന്നും ഓരോരോ പുലരിയിലും നക്ഷത്രങ്ങളെ അടിച്ചു വാരിയവള്‍ മുറ്റത്തു ചാണകവെള്ളം തളിച്ചു ഞങ്ങളെ...
Your Subscription Supports Independent Journalism
View Plansഅവ്വ, എന്റെയമ്മ
ഭിത്തിപ്പഴുതില്‍
സുരക്ഷിതമായിരുന്നു തെളിഞ്ഞുകത്തുന്ന വിളക്കല്ല,
ആകാശപ്പുതപ്പില്‍നിന്നും
അറിയാതെ
വഴുതി വീണുപോയ ഒരു സൂര്യന്.
ഭൂമിയമ്മ
എളിയില്‍നിന്നും വലിച്ചു പുറത്തിട്ട
ചേലത്തുമ്പിലെ ഒടുങ്ങാത്ത വിശപ്പ്.
അവ്വ, അവളോ എന്നേയ്ക്കുമോരേ പൗര്‍ണമി
പുലരാനൊരു പുലര്‍ച്ചയില്ലാത്ത സമരത്തിന്നടയാളം
ഉരലില്‍ ഉലക്കയോടെതിരിടും
കൊഴിഞ്ഞ കറ്റക്കതിരിന്‍ ഉമിയവളുടെ തല.
അവളുടെ കണ്ണിമകള്‍ക്കുള്ളിലാണ്
കിഴക്ക് കീറും
പുത്തന്‍പുലര്‍വെട്ടത്തിന്‍ നാളം
തണുപ്പാറ്റാന്‍ വരുന്നതെന്നും
ഓരോരോ പുലരിയിലും
നക്ഷത്രങ്ങളെ അടിച്ചു വാരിയവള്‍
മുറ്റത്തു ചാണകവെള്ളം തളിച്ചു
ഞങ്ങളെ വിളിച്ചുണര്‍ത്തി
അന്നമൂട്ടിയുടന്
വേലയ്ക്കായ് പോകുന്നു.
കാട്ടിലെ പശുവോ
അതിന്റെ വീട്ടിലെ കുട്ടിയോ
പരസ്പരം ഒരു നിമിഷംപോലും
തങ്ങള്‍ക്കായ് കൊതിക്കുന്നില്ല.
രുചിയില്ലാത്തൂണെന്നോ
ചോറില്‍ മണല്ത്തരിയെന്നോ
ഒരു മുടിനാരെന്നോ
അവളുടെ കൂലിപ്പണം
കുടിക്കാന്‍ വേണമെന്നോ
കലമ്പി
എരിഞ്ഞു കത്തുന്ന അയ്യായുടെ
കോപത്തിന്നടുപ്പില്
ഇടയ്ക്കിടെ വീണു പോമവള്‍
ഞങ്ങള്‍ക്കെല്ലാം
വിളമ്പി വെച്ചോരന്നമവള്
ഉഴവ് ചാലുകളില്‍ വിത്തായി വീണു
മുള പൊട്ടി വിടരും പച്ചപ്പാടമവള്
പകല്‍ മാഞ്ഞിരുള്‍ മൂടും നേരത്തും
മുട്ടൊപ്പം ചളിയില്‍ മുങ്ങി
വരിനെല്പ്പാടങ്ങളില്
ഞാറു നട്ടും കള പറിച്ചുമവള്, അതേ എന്റെയവ്വ
പാടത്തു പണിയും നേരം
ഊരെല്ലാമവളുടെ
ചുണ്ടില്‍നിന്നും
പാട്ടുകള്‍ പറന്നെത്തും
അന്നേരമവളുടെ
മേനിയില്‍ കിനിയും
വിയര്‍പ്പിന്റെ വെള്ളച്ചാട്ടം
മരുഭൂവിനെയും മുക്കും.
മണ്ണടുപ്പില്
ആളിക്കത്തുന്ന അണയാത്ത തീയവള്‍, അവ്വാ.
അവളുടെ അരക്കെട്ടില്‍
തൂങ്ങിയ മധുരിക്കുന്നോര്മയെനിക്കില്ല
അവളെനിക്കായോരു
താരാട്ടും പാടിയില്ല
കരിപുരണ്ട തഴമ്പിച്ച കൈകള്‍കൊണ്ട്
കഥ പറഞ്ഞെന്നെയൊരുനാളും
ഊട്ടിയില്ല
അവളുടെ മടിയില്‍ ഞാനൊരു നാളും
കോട്ടുവായിട്ടു മയങ്ങിയിട്ടില്ല.
ചളുങ്ങിയ ഒരു പാത്രം
കയ്യിലേന്തി
അന്നമെന്ന് ഞാന്‍ കാറിക്കരഞ്ഞത് മാത്രം
ഓര്‍മയായ് തെളിയുന്നു.
പൊട്ടിയ ഡ്രമ്മില്‍ വീഴും
താളമാണെന്റെയവ്വ
ഈ ഭൂമിയെ പൂക്കാനും കായ്ക്കാനും
പഠിപ്പിക്കുന്നതവള്
ചെരുപ്പ് തുന്നാനുള്ള തോലവള്
ജന്മിയുടെ കയ്യിലെ ചരടില്നിന്നും
തെറിച്ചു പോകാന്‍ കൊതിച്ചു
നോവും പമ്പരം.
ഈ ഭൂമിയെ മൊത്തം സ്വന്തം
മുലപ്പാല്‍ തേവി നനച്ചൂട്ടിയിട്ടും
വിളവെടുക്കാന്‍ നേരമവര്‍
ആട്ടിയകറ്റുകയാണ്
അവളെയെന്നും
വാതില്ക്കല്
വെച്ച
ചവിട്ടുകല്ലവള്
അതില്‍ ചിതറിപ്പരന്നു കാണാം
അവള്‍തന്‍ ദുഃഖം
നുറുങ്ങിയ
ചരിത്രത്തിന്
കൂമ്പാരംപോലെ.
ഇടുപ്പില്‍
അമര്ത്തിച്ചുറ്റിയ ചേലത്തുമ്പുമായ്
കൈയില്‍ മിന്നും
അരിവാളുമായ്
അവള്
നിലകൊള്ളുന്ന ഒരു ചോദ്യം.
നശിച്ചു പോകട്ടെയീ കൊടികെട്ടിയ ഭാഷകളെല്ലാം!
എന്റെയവ്വ നടന്നലഞ്ഞ
വഴികളൊന്നും അവ കണ്ടതേയില്ലല്ലോ.
=============
മൊഴിമാറ്റം: ധന്യ എം.ഡി
കുറിപ്പ്:
ദലിത് ആക്ടിവിസ്റ്റ് കൂടിയായ ജൂപക സുഭദ്ര തെലുഗു ദലിത് പെണ്ണെഴുത്തുകാരില്‍ പ്രമുഖയാണ്. എസ്.സി, എസ്.ടി, ബി.സി, മൈനോറിറ്റി എഴുത്തുകാരുടെ കൂട്ടായ്മയായ ‘മട്ടിപ്പൂലു’ രൂപവത്കരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ‘രായക്ക മാന്യം’ എന്ന കഥാസമാഹാരം തെലുഗു ദലിത് ജീവിതങ്ങളുടെ വേറിട്ട നേര്‍ക്കാഴ്ചകള്‍ സമ്മാനിക്കുന്നു. ‘അയ്യയ്യോ ധമ്മക്ക’, ‘തെലന്കാനി ’ എന്നിവ കവിതാസമാഹാരങ്ങളാണ്. ‘നല്ല റഗഡി സല്ലു’, ‘കാട്ടിനക്കട ദണ്ടേം’ എന്നിവ യഥാക്രമം അവര്‍ എഡിറ്റ് ചെയ്ത സ്ത്രീകഥാസമാഹാരവും മാഡിഗ കവിതാ സമാഹാരവുമാണ്.
ഈ കവിത ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത് കാകതീയ യൂനിവേഴ്സിറ്റിയിലെ അധ്യാപകനും എഴുത്തുകാരനുമായ ഡോ. കെ. പുരുഷോത്തം ആണ്.
ഒറിജിനല്‍: മാ അവ്വ ദുഖലിനി ദുന്നി പോസ്കുന്ന ഒക്ക തൊക്കുടുബണ്ട
ഇംഗ്ലീഷ്: Avva’s Stack of Grief.