Begin typing your search above and press return to search.
proflie-avatar
Login

ഭൗമായനം

ഭൗമായനം
cancel

1 മണ്ണലിവ്അച്ഛനാരെന്നറിഞ്ഞില്ല അമ്മയാരെന്നറിഞ്ഞില്ല കണ്ടെടുത്തൊരാളിലായി- ക്കണ്ടേനച്ഛ,നമ്മയായും. കര്‍ഷകനായിരുന്നയാള്‍ കച്ചകെട്ടിയുഴുതിട്ട മണ്ണിടയില്‍നിന്നു കണ്ടു കണ്‍മണിയെന്നുള്ളു കൊണ്ടു. കൊണ്ടുപോയി കുടിലതില്‍ വിണ്ട മണ്ണില്‍ മഴപ്പെയ്ത്തായ് ഉള്ളലിഞ്ഞു വാത്സല്യത്തിന്‍ കണ്ണുറന്നു കുഞ്ഞിനായി. 2 ഭൂമികുഞ്ഞിനയാള്‍ ഭൂമിയെന്നു പേരു ചൊല്ലിവിളിക്കയായ് കുഞ്ഞവളോ കരയുമ്പോള്‍ ഭൂമിയെന്നേ നീറ്റലായി. ഭൂമി പെറ്റ കുഞ്ഞവളെ- ന്നെപ്പോഴുമേ നെഞ്ചിലേറ്റി കര്‍ഷകനാമയാള്‍ക്കുള്ളില്‍ കുഞ്ഞവളോ നീറ്റലായി. മണ്ണു തൊടാതവളേയും തന്നിലേ നടത്തിയയാള്‍ മണ്ണതല്ല...

Your Subscription Supports Independent Journalism

View Plans

മണ്ണലിവ്

അച്ഛനാരെന്നറിഞ്ഞില്ല

അമ്മയാരെന്നറിഞ്ഞില്ല

കണ്ടെടുത്തൊരാളിലായി-

ക്കണ്ടേനച്ഛ,നമ്മയായും.

കര്‍ഷകനായിരുന്നയാള്‍

കച്ചകെട്ടിയുഴുതിട്ട

മണ്ണിടയില്‍നിന്നു കണ്ടു

കണ്‍മണിയെന്നുള്ളു കൊണ്ടു.

കൊണ്ടുപോയി കുടിലതില്‍

വിണ്ട മണ്ണില്‍ മഴപ്പെയ്ത്തായ്

ഉള്ളലിഞ്ഞു വാത്സല്യത്തിന്‍

കണ്ണുറന്നു കുഞ്ഞിനായി.

ഭൂമി

കുഞ്ഞിനയാള്‍ ഭൂമിയെന്നു

പേരു ചൊല്ലിവിളിക്കയായ്

കുഞ്ഞവളോ കരയുമ്പോള്‍

ഭൂമിയെന്നേ നീറ്റലായി.

ഭൂമി പെറ്റ കുഞ്ഞവളെ-

ന്നെപ്പോഴുമേ നെഞ്ചിലേറ്റി

കര്‍ഷകനാമയാള്‍ക്കുള്ളില്‍

കുഞ്ഞവളോ നീറ്റലായി.

മണ്ണു തൊടാതവളേയും

തന്നിലേ നടത്തിയയാള്‍

മണ്ണതല്ല മനസ്സെന്നേ

സ്നേഹമവള്‍ക്കെന്നുമേകി.

വസന്താഗമം

മഴയും വെയിലും മഞ്ഞും

പലതങ്ങനെ പോകവെ

മിഴിയില്‍ വസന്തര്‍ത്തു

നൂറ്റു പൂക്കളനാവൃതം

സ്വപ്നത്തിന്‍ നീലവിണ്ണില്‍

നിലാവൊത്തലിഞ്ഞ നാള്‍

കണ്ടുമുട്ടി തെയ്യക്കാവില്‍

മുടിയേറ്റിയ പോലൊരാള്‍

കണ്ണിടഞ്ഞതിലുള്‍ച്ചേര്‍ന്ന

പ്രണയാസുഖ വിസ്മൃതി

പിന്നെ കണ്ണടഞ്ഞീടി-

ലുള്‍ത്തെളിച്ചമാ മുഖം

കാണുമ്പോഴൊക്കെയും കണ്ണില്‍

കണ്ണെറിഞ്ഞൊരാശയില്‍

കവിതയുള്ളില്‍ വിടര്‍ന്നാവൂ

കമിതാവിന്‍റെ നെഞ്ചകം.

അയാളുമതുപോലെന്നു-

മോർമയറ്റതുപോലവള്‍-

ക്കരികില്‍ കാറ്റായെത്തും

പ്രണയമായതിവശ്യമായ്.

 

സ്വയംവരം

തേരിറങ്ങി വരും നാടിന്‍

തേരാളിയെന്നൊരുങ്ങിയാള്‍

വഴിയില്‍ കാത്തുനിൽപായി

മിഴിയില്‍ സ്വപ്നമൊതുക്കിയോള്‍.

ശക്തിമാനയാളെന്നു

വാഴ്ത്തും ചുറ്റുമൊരുങ്ങിയോര്‍

അവളെക്കണ്ടപാടുള്ളം

ശക്തിചോര്‍ന്നത്ര ദുര്‍ബലന്‍.

പല നേരം പലേടത്തായ്

കണ്ണും കണ്ണുമിടഞ്ഞവര്‍

പതിയെയൊത്തുചേര്‍ന്നാത്മ-

വിസ്മൃതിയിലലിഞ്ഞവര്‍.

പ്രണയം രണ്ടു ലോകത്തെ-

യൊറ്റ ചിമിഴിലൊതുക്കിടും

പ്രപഞ്ചമതിലാമഗ്നം

ലയദീപ്തിയില്‍ വിടര്‍ന്നിടും.

അവരൊന്നിച്ചതൊരമ്പല

നടയില്‍ നക്ഷത്രദീപ്തിയില്‍

അവര്‍ മാത്രമതിഗൂഢാത്മ-

മൊരേ പ്രാർഥനയെന്നതായ്.

ഉള്ളറിവ്

നേര്‍ത്ത മഞ്ഞില്‍

നിലാവലിയുമ്പോലെ

നേരതായലിഞ്ഞത്രയും

രാഗമായ്

നീര്‍മണിയ്ക്കുള്ളില്‍

സൂര്യാംശുവെന്നകം

തീത്തിളക്കത്തില്‍

സൗവര്‍ണമെന്നതായ്

ഉള്ളലിഞ്ഞു

പരസ്പരമെങ്കിലും

ഉണ്മയെന്തെ-

ന്നറിഞ്ഞില്ലയാരുമേ.

കണ്ണിലല്ല

കനവെന്നതാകിലും

കണ്ണറിയാതെ-

യില്ലക ചിത്രവും.

രാവിനുണ്ടാം

പകലെന്നു നിർണയം

പാരിതില്‍ ദിന-

മിങ്ങനെയല്ലയോ.

ജീവിതമാകി-

ലീപ്രപഞ്ചലീല-

യാകവേയറി-

യാതെയായെങ്ങനെ?

മണലൂറ്റ്

തടസ്ഥലിയിലെ

ശിലയെന്ന പോലെന്നും

പുഴയൊഴുക്കില്‍

കലര്‍ന്നൊഴുകീടുമേ.

പുഴ കടലെത്തി

നിശ്വസിക്കുംപോലെ

വഴിയിലെങ്ങോ

തെളിഞ്ഞൂറിടും മണ്ണ്.

തരികളായവ

മണലെന്നതൂറുമേ

കയമതില്‍ പുഴ

വറ്റിടും കാലത്ത്

തടമതിലേക്ക്

പിന്നെയും മാറ്റിടും

തരിമണലിന്‍റെ

ജീവിതമിങ്ങനെ.

 

പിരിഞ്ഞവള്‍

കോടതി വിട്ടു

പിരിഞ്ഞതിൽപിന്നെയും

വന്നവഴിയേയിറങ്ങി.

മുന്‍പില്‍ നടന്നതാ-

ണൊട്ടും കരുതാതെ

പിന്‍തിരിയാതൊന്നു നോക്കി.

ക്രൂരമായ് മർദന-

മേറ്റു പിഞ്ഞിപ്പോയ

നേരിന്‍ മുറിവതിലെന്നായ്.

പൊട്ടിയൊലിക്കും

മഴയത്തിറങ്ങവെ

പൊട്ടിയെയാട്ടിയോ ദൂരെ?

രാമനെന്നാണയാ-

ളഗ്നിയിലിട്ടതീ

വേവുമുടലിനെയല്ലോ.

കോടതിയില്‍നിന്നു-

മൂരിയെടുത്തതാം

നാളമതെത്ര പ്രകാശം.

കുഞ്ഞുങ്ങളെ ചേര്‍ത്തു

നിര്‍ത്തീ കിരാതന്‍റെ-

യുണ്മയതോര്‍ത്തറിയാതെ

അശ്വമേധത്തെ

പിടിച്ചൊടുക്കാനുള്ളൊ-

രഗ്നിയവരില്‍ പടര്‍ത്തി

ഇച്ഛയാ പോകവെ

സ്വച്ഛമായ്ത്തീര്‍ന്നതായ്

സ്വപ്നാന്തര ജീവസത്യം.

നോവിന്‍റെ നാവില്‍

കാലം കരുതും വഴിയില്‍

കിരാതര്‍ തന്‍

കോലം പെരുക്കുമിടയില്‍

നാവു തളര്‍ന്നൊരു

പെണ്ണിന്‍റെ ജീവിതം

നാനാവിധം കട്ടെഴുതാന്‍

നോമ്പുനോറ്റെത്തുന്ന

ഭീരുക്കളില്‍ പകര്‍ന്നാടി-

യരങ്ങാക്കി മാറ്റാന്‍

കേവലമാമൊരു

തെയ്യമായ് കാവിലെ-

ന്നോരോ തെരുവിലുമെത്തി

പെണ്ണാണ് തെയ്യമെ-

ന്നൂറ്റം പെരുത്തവള്‍

കൊയ്യാനിറങ്ങി തന്‍ നാവാല്‍.

നാവുറങ്ങില്ലവള്‍ക്കെന്തെന്നോ

ഉണ്മയാം

നോവുറങ്ങാതെയിരിപ്പൂ.

രാവൊഴിയെ

രാവൊഴിയെ നിലാവു പോയ് മഞ്ഞിന്‍റെ

നേര്‍ത്തതൂളലില്‍ നക്ഷത്രരാശിയും.

കാണുകില്ല,യിരുട്ടുമെന്നെ വിട്ടു

പോകയായത്ര ലോകമേ മാറിയോ?

കീടമുള്ളമശിച്ചതാം പുസ്തകം

നേരറിയാ സമയമതായതോ?

കീറിടുന്നതില്‍നിന്നുള്ള താളില്‍ ഞാന്‍

കോറിയിട്ട പോല്‍ രാവെങ്ങൊടുങ്ങിയോ?

രാവൊഴിഞ്ഞതിന്‍ ശേഷമാണിങ്ങനെ

മാറ്റിയിട്ട മുഖംമൂടിയെന്നതായ്

മാറിയെല്ലാ മുഖങ്ങള്‍, സ്ഥലങ്ങളും

മാറ്റമായവയ്ക്കുള്ളതാം പേരതും.

എങ്കിലുമവയ്ക്കുള്ളിലുണ്ടാം പഴേ

സങ്കടങ്ങളുമോർമയും സ്വപ്നവും.

പ്രേതബാധയേറ്റെന്ന പോല്‍ ജീവനില്‍

ഭീതമായവ, മായ്ക്കാനുമാവാതെ.

രാവൊഴിഞ്ഞതിന്‍ ശൂന്യതയായി ഞാന്‍

വേട്ടയാടും നിഴലുകള്‍ക്കുള്ളിലായ്

വേറിടാതെയായ് നിശ്ശബ്ദത, രാവിന്‍

മാഞ്ഞിടാത്തൊരാ സൗഹൃദവായ്പിനാല്‍.

രാവൊഴിച്ചിട്ട ശയ്യയിലേകയായ്

നാവിറങ്ങിക്കിടക്കയായ് ലോകവും.

News Summary - weekly literature poem