ഒരു ദിവസം

വടക്കുനിന്നുമുള്ള ഒരു ബസിലിരുന്ന്
ഒരുദിവസം നീ എന്നെത്തേടി വരും
രാത്രിമുഴുവനും ഉറക്കം മരിച്ച്
വണ്ടിയിൽ ആവിച്ചിരുന്നതിന്റെ വാട്ടം
പാടത്തെ വെള്ളിനിറമുള്ള തോട്ടുവെള്ളത്തിൽ
നീ വേഗം കഴുകിക്കളയും
പുല്ലിൻകൂടുകൾ വിട്ടുപാഞ്ഞ
വാലേക്കൊടിയൻ പരലുകളെ പിടിക്കാനാഞ്ഞ്
നിന്റെ പാവം കൈകൾ
ഒഴുക്കത്ത് പൊൻവെയിൽ പോലെ ഓടിനടക്കും
പലനിറത്തിലുള്ള കുപ്പിവളകൾ
വെള്ളത്തിൽ മഴവില്ലു കലക്കും
നിന്റെ പൊട്ടിച്ചിരി തോടിനെ
കൊലുസ്സു കെട്ടിക്കും
നമുക്കൊരുമിച്ച് പുഴയിൽ പോയി
നീന്തിക്കുളിക്കാമെന്നും
മണ്ണിര കൊരുത്ത് ചൂണ്ടയിട്ട്
നാടൻ കുറുവ പിടിക്കാമെന്നും
പുഴ നമുക്കായി വർഷങ്ങളോളം സൂക്ഷിച്ചുവെച്ച
ഉരുളൻകല്ലുകൾകൊണ്ട്
ഒറ്റമുറിയുള്ള ഒരു വീടുപണിയാമെന്നും
കടത്തുവള്ളത്തിൽ കയറി
വെറുതെ അക്കരെയുള്ള മണൽത്തിട്ടവരെയും
പോയിവരാമെന്നും
പുഴയിൽനിന്നും വെള്ളം തെറിപ്പിച്ച്
നമ്മുടെ കണ്ണടച്ചില്ലുകളിൽ ഏതോ
മഞ്ഞുകാലം പടർത്താമെന്നും
ഒരു നിശ്ചയവുമില്ലാതെ
ഓടിവന്നുപെയ്യുന്ന മഴയിൽ
പുഴവക്കത്തെ അരളിമരത്തിന്റെ ചുവട്ടിൽ
നനഞ്ഞുനിൽക്കാമെന്നും
തമ്മിലുടക്കിയ കണ്ണിലെയാർദ്രത
പുഞ്ചിരികൊണ്ടങ്ങ് വേർപെടുത്താമെന്നും
പുഴപ്പരപ്പിൽനിന്ന് കാറ്റിന്റെ പുടവയുടുത്ത്
മഴ നൃത്തം ചെയ്യുന്നത് കാണിച്ചുതരാമെന്നും
പിടിച്ച മീനുകളുമായി മഴയത്ത് വീട്ടിലെത്തി
പുളിയിലക്കുരുന്നും കാന്താരിയും ഇഞ്ചിയും
ചേർത്തരച്ച് വാഴയിലയിൽ നിരത്തി
ഓട്ടുകലത്തിൽ വെച്ച് കല്ലടുപ്പിൽ ചുട്ടുതരാമെന്നും
ചൂടൻ ചോറിനൊപ്പം മീൻപുളിയില
നാവെരിച്ച് കഴിക്കാമെന്നും
പിന്നെയും, എന്റെ നാട്ടിൽ
അധികം ആളുകൾ വരാത്ത വഴികളിലൂടെ
നമുക്ക് കുടചൂടി നടക്കാമെന്നും
ഏതെങ്കിലും ചായക്കടയിൽ ഓടിക്കയറി
കട്ടൻചായ കുടിക്കാമെന്നും
എരിവുള്ള ഒരു പരിപ്പുവട പങ്കുവെക്കാമെന്നും
തൊട്ടപ്പുറത്ത് തണുത്തുനിൽക്കുന്ന കാട്ടിലേക്ക്
വെറുതെ ഒന്നു നടക്കാമെന്നും
നനഞ്ഞ വിരലുകൾ കോർത്ത്
കാടിന്റെ ഓരം ചേർന്ന് ഒരു കാറ്റലപോലെ
ഒരിക്കലും തിരിച്ചുവരാതെ
അങ്ങ് പോകാമെന്നും
ഞാൻ പണിയെടുക്കുന്ന പാടത്ത്
പാവലിനു പന്തലിടാനും
ഇലകൾക്കിടയിൽ ഒളിച്ചുകിടക്കുന്ന
മത്തൻകുഞ്ഞുങ്ങളെ കണ്ടുപിടിക്കാമെന്നും
വൈകിട്ട് പറമ്പിൽനിന്നും പറിച്ചെടുത്ത
വെള്ളപ്പൊടിയൻ ആമ്പക്കാടൻ കപ്പ
ചെണ്ടൻപുഴുങ്ങിയത്
മുളകുചമ്മന്തി കൂട്ടി തിന്നാമെന്നും
അങ്ങനെയങ്ങനെ
നുള്ളിപ്പെറുക്കിയെടുത്ത നിമിഷങ്ങളുമായി
ദൈവം കടംതന്ന ഒരു ദിവസം
അതിവേഗം ജീവിച്ചു തീരുമ്പോൾ
രാത്രി സൈക്കിളിനു പിന്നിലിരുത്തി
ബസ്സ്റ്റാൻഡിൽ കൊണ്ടുപോയി
ഒരുപാടകലെ എവിടെയോ ഉള്ള
ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത
ഒരുപക്ഷേ ഒരിക്കലും കാണാനിടയില്ലാത്ത
നിന്റെ നാട്ടിലേക്കുള്ള ബസിൽ
കയറ്റിവിടാമെന്നും
ഞാൻ പലപ്പോഴും പറയും,
നീ ഒരിക്കലും വരില്ല എങ്കിലും
വടക്കെവിടെയോ ഉള്ള ഒരു നാട്ടിൽ നീയും
ലോകത്തിന്റെ തെക്കേയറ്റത്തെ
ഒരു കുഗ്രാമത്തിൽ ഞാനും
പിന്നെയും
ഒരിക്കലും തമ്മിൽ കാണാത്ത
കാമുകരായി തുടരും.
l