Begin typing your search above and press return to search.
proflie-avatar
Login

ചിലമ്പടക്കം

Malayalam poem
cancel

കറുത്ത വാവ്

കൂത്താടണപോലെ

ഓൾടെ തലമുടി

പിന്നാമ്പുറമൊന്ന് കാണാൻ

പാലക്കാടൻ കാറ്റിനുയിരു

നേർന്നത് ചീരാമേട്ടൻ.

ഓള് ചിരിക്കണത് കണ്ടാൽ

അടിവയറ്റിലൊരു ചില്ലു പിഞ്ഞാണം,

കാട്ടുചോലവെള്ളപ്പാച്ചിലിന്റെ

ശബ്ദത്തിൽ പൊട്ടിച്ചിതറുമെന്ന്

പണ്ട് കാട്ടാനയെ നോട്ടംകൊണ്ട്

വിരട്ടിവിട്ട കുഞ്ഞാമൻ.

മാന്തളിര് നിറം; മിനുപ്പ്.

ഓൾടെ ഇറുകിയ മാറുതുണി

പൊട്ടണപോലെയാണ്

തുലാവർഷം മലയിറങ്ങുന്നതെന്ന്

ഓളെക്കിനാക്കണ്ട് കണ്ട്

തേക്കുപാട്ടിന്റൊപ്പം മൂളിയത് തമ്പ്രാൻ.

‘‘അടങ്ങിയും പാത്തും നടന്നോ.’’ അമ്മ;

‘‘ഞാനെന്ത് പെയച്ച്?’’... ഓള്.

‘‘മുടിയഴിക്കണ്ട, ചിരിക്കണ്ട

നാട്ടാര് ആരും കാണണ്ട.’’

ഓളടങ്ങീലാ പാത്തു നടന്നില്ല.

വടക്കേലെ കരിയാത്തൻ തെറ മുറുകിയപ്പോ, മാനത്ത്

വെള്ളി വെട്ടപ്പിണര് മിന്നിയപ്പോ

മുറീടെ ഓലമറ വാ പൊളന്നു,

പാലക്കാടൻ കാറ്റും തുളച്ചു കേറിയപ്പോ,

ഓളൊരുത്തി വെളിച്ചത്ത് മിഴിച്ചപോലെ.

കരിമൂർഖൻ; കാട്ടാന; കഴുകൻ ചുണ്ട്.

ഒളിച്ച കാട് മാഞ്ഞു; ഇല പൊഴിച്ച് കൊമ്പുകൾ കൂർത്തു; തെറ മുറുകി.

കരിയാത്തൻ മല കേറണ ചെത്തം.

‘‘ഓള് മുടിയഴിച്ചു കാടാക്കി;

അരളിപ്പൂക്കൾ ചൂടി നിറച്ചു...’’

ആ മലയിൽ ചവിട്ടി ഈ മലയിൽ ചാടി

പുഴവെള്ളം തെറ്റിച്ച്, മുടിയാടി നിറഞ്ഞു.

മലയിടുക്കിൽ ഓൾടെ ചിരി.

കരിയാത്തൻ വഴിവക്കിൽ പകച്ചു.

വെള്ളപ്പാച്ചിലുകൾ ഉടഞ്ഞുതെറിച്ചു.

ഓള് നിർത്താതെ ചിരിച്ചു, നിർത്താതെ.

അടിവയറ് പൊത്തി ചെകിടുപൊട്ടി

കുഞ്ഞാമൻ മലച്ചു.

മാറുതുണി ഓള് കാറ്റിൽ പറത്തി

കരിമ്പനക്കൊമ്പത്തത് ഞാന്നു;

അറ്റത്തൊരു തമ്പ്രാനും തേക്കു പാട്ടും.

കാട് ചീറ്റി നീലിച്ച ചീരാമൻ

കരിയാത്തന്റെ കാലിൽ തടഞ്ഞു.

മൂത്തൊരു കരിങ്കല്ലിൽ ചിലമ്പടക്കി

കരിയാത്തൻ മാനത്തേക്ക്

മിഴിച്ചു; ഒരു പുഴയൊന്നാകെ മോന്തി.

ഓൾടെ മാന്തളിരു മുഖം.

ഓള് മുടിയഴിച്ച ഞാറ്റേല.

കട്ടക്കറുപ്പ് മാനത്ത്

ചിരിച്ച പെണ്ണിന്റെ തിറയേറ്റം.


Show More expand_more
News Summary - weekly litrature poem