യത്തീം -കവിത
എൻറുമ്മ വരുന്നുണ്ട് പെരുങ്കാട്ടിലൂടെ
മോന്തി മയങ്ങുന്നേരത്ത്
തേങ്ങാച്ചോറിൻ പൂത്താലമേന്തി
ആകാശച്ചെരിവിലെ നിലാച്ചിരിയായ്!
പെരുങ്കാട്ടിൽ പൂ തേടിപ്പോയവർ
ഇരുട്ടിയാലും തിരിച്ചുവരാറില്ല
അവർ ഭംഗിയുള്ള പൂമാലതീർത്ത്
നരിക്കണ്ണുകളോടൊത്ത് രാപ്പാർക്കും
നരികൾക്ക് ഇഷ്ടമല്ലാത്തതിനാൽ
ഇല്ലിക്കൂട്ടങ്ങൾക്കപ്പുറത്തെ
ഇടവഴിയിറങ്ങിയാരും
കരഞ്ഞ് കൂടെ പോകരുത്!
അപ്പോൾ കരിതേച്ച കോലായത്തുമ്പ്
നനവ് വറ്റി വിളർത്തുനിൽക്കും
കുപ്പായമിടാതെ കൂടെയോടിയ മുറ്റം
തിരിച്ചുവന്ന് കിതയ്ക്കും
''വെള്ള്യായ്ച്ചപ്പള്ളിക്ക് ബാവാവരും മോനേ''
എന്നാശ്വസിപ്പിക്കും
വെള്ളിയാഴ്ചകൾ വെള്ളയണിഞ്ഞ് വരും
ജുമുഅ നമസ്കരിച്ച് സലാംവീട്ടും
മുസ്വല്ല മടക്കിവെച്ച് തിരിച്ചുപോകും!
കരിപിടിച്ചെത്തുന്ന മേഘരാത്രികൾ
കൊള്ളിയാൻ മിന്നി ഒച്ചയുണ്ടാക്കും
മേഘക്കീറിൽ പൂണ്ടുപോയ
ഒറ്റനക്ഷത്രത്തെ ആരും കാണില്ല
കെട്ടുപോകുന്ന ആ മിന്നാമിന്നി
പൊട്ടിവിടരുന്ന വെള്ളിവെളിച്ചത്തിൽ
ചിറകു കരിഞ്ഞ് വീഴും!
അന്ന് രാത്രി
ഖൽബിലെ നേർച്ചപ്പറമ്പിൽ നിഴലുകൾ ദഫ്മുട്ടും
നെഞ്ചിടിപ്പിെൻറ കുത്ത്റാത്തീബ്
''യാ ശൈഖ് മൊഹ്യുദ്ദീൻ അബ്ദുൽഖാദിർ ജീലാനി''
എന്ന് ഉറക്കം കുത്തിക്കീറും!
രാവേറെച്ചെല്ലുമ്പോൾ
ഏഴാനാകാശത്തിലെ കോട്ടവാതിലുകൾ
തുറക്കപ്പെടും
മഞ്ഞുചിറകുകൾ വീശി
ഒരു വെളുത്ത പക്ഷി പറന്നുവരും
നക്ഷത്രത്തെ മറച്ച
കറുത്ത മേഘമേലങ്കി കൊത്തി
ഉയരങ്ങളിലേക്ക് പറന്നുപോകും!