വെളിച്ചത്തിന്റെ വഴിയും പോരാളിയുടെ വഴിയമ്പലങ്ങളും
പൗലോ കൊയ് ലോയുടെ ‘വെളിച്ചത്തിന്റെ പോരാളികള്‍’ എന്ന കൃതിയെ ആധാരമാക്കിയുള്ള പഠനം. പൗലോ കൊയ് ലോയുടെ ദര്‍ശനങ്ങള്‍ ഒറ്റ വോള്യത്തില്‍ സമാഹരിച്ചതാണ് ഇൗ ഗ്രന്ഥമെന്ന് ലേഖകൻ.മനുഷ്യന്റെ എല്ലാ അന്വേഷണങ്ങളും ആരംഭിക്കുന്നതും അവസാനിക്കുന്നതും അവനവനില്നിന്നാണ്. ആത്മബോധത്തിലൂടെ ഒരാള്‍ സ്വയമറിയുന്നു. താന്‍ ഉള്ളടങ്ങിയതും തന്റെ ഉള്ളടക്കവുമായ...
Your Subscription Supports Independent Journalism
View Plansപൗലോ കൊയ് ലോയുടെ ‘വെളിച്ചത്തിന്റെ പോരാളികള്‍’ എന്ന കൃതിയെ ആധാരമാക്കിയുള്ള പഠനം. പൗലോ കൊയ് ലോയുടെ ദര്‍ശനങ്ങള്‍ ഒറ്റ വോള്യത്തില്‍ സമാഹരിച്ചതാണ് ഇൗ ഗ്രന്ഥമെന്ന് ലേഖകൻ.
മനുഷ്യന്റെ എല്ലാ അന്വേഷണങ്ങളും ആരംഭിക്കുന്നതും അവസാനിക്കുന്നതും അവനവനില്നിന്നാണ്. ആത്മബോധത്തിലൂടെ ഒരാള്‍ സ്വയമറിയുന്നു. താന്‍ ഉള്ളടങ്ങിയതും തന്റെ ഉള്ളടക്കവുമായ പ്രപഞ്ചത്തെപ്പറ്റിയും പിന്നെപ്പിന്നെ അറിഞ്ഞുതുടങ്ങുന്നു. അറിവിന്റെ ഈ അനുഭവവികാസത്തിലാണ് വ്യക്തിസത്ത പൂര്‍ണവളര്‍ച്ച നേടുന്നത്. മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെപ്പറ്റി മതാത്മകവും അല്ലാതെയുമുള്ള അനേകം ചിന്തകള്‍ ഉണ്ടായിട്ടുണ്ട്. തത്ത്വചിന്തകള്‍ രൂപംകൊണ്ടത് അങ്ങനെയാണ്. രാത്രിയും പകലുംപോലെ ജനനവും മരണവും വന്നുപോവുന്നു. ജീവിതത്തെ വരക്കുകയും മായ്ക്കുകയും ചെയ്യുന്ന മഹാപ്രവാഹമായി കാലം നിലകൊള്ളുന്നു. ഇന്ദ്രിയങ്ങള്‍കൊണ്ട് അളക്കാനാവാത്ത അനേകവിസ്മയങ്ങളുടെ പൊരുളറിയാതെ മനുഷ്യന് ആത്മവും അന്യവുമായ ജ്ഞാനത്തിന്റെ പ്രകാശം തേടുന്നു.
ഭാരതീയമായ കര്‍മസിദ്ധാന്തം വ്യക്തിയുടെ കര്‍മത്തെയും ഫലത്തെയും തമ്മില്‍ ബന്ധിപ്പിക്കാനാണ് ശ്രമിച്ചത്. ഒരു വ്യക്തിയുടെ (കാരണം) ഉദ്ദേശ്യവും പ്രവര്‍ത്തനങ്ങളും ആ വ്യക്തിയുടെ (ഫലം) ഭാവിയെ സ്വാധീനിക്കുന്നു എന്നതാണ് കര്‍മസിദ്ധാന്തത്തിന്റെ അടിസ്ഥാനം. കര്‍മം വിധിയുമായി ചേര്ന്നുനില്ക്കുന്നു. അജ്ഞതയുടെ പെരുവഴിയില്‍നിന്ന് ജ്ഞാനത്തിന്റെ സഫലവഴിയിലേക്ക് അത് വെളിച്ചം വീശുന്നു. അറിവിനെ ആഴത്തില്‍ അനുഭവിച്ചവന്റെ ജ്ഞാനബോധമാണ് തത്ത്വചിന്തകളായി വെളിപ്പെടുന്നത്. ജീവിതത്തിന്റെ സങ്കീര്‍ണതകളെ ഉപദര്ശിക്കുന്നവരുടെ കാഴ്ചയും കാഴ്ചപ്പാടുമാണത്. തത്ത്വചിന്തകരോടൊപ്പം കലാകാരന്മാരും തത്ത്വചിന്തകളുടെ കൂട്ടാളികളാവുന്നു. ഏതു കലാരൂപത്തേക്കാളും തത്ത്വചിന്തയെ കൂട്ടുപിടിച്ചത് എഴുത്തുകാരാണ്. അനന്തവിചിത്രങ്ങളും അനേകവൈരുധ്യങ്ങളും അടങ്ങുന്ന ജീവിതമാണ് അവരുടെ കാന്‍വാസ്.
തത്ത്വചിന്തയെ ജീവിതത്തിന്റെ ജ്ഞാനദര്ശനമായി അവതരിപ്പിച്ച എഴുത്തുകാരനാണ് പൗലോ കൊയ്ലോ. ‘ആല്‍ക്കെമിസ്റ്റ്’ എന്ന നോവല്‍ അതിന്റെ മികച്ച ഉദാഹരണമായി നിലകൊള്ളുന്നു. ഭാരതീയമായ കര്‍മസിദ്ധാന്തത്തിന്റെ അനുബന്ധമായി പറയാവുന്ന ഒരു ജീവിതവീക്ഷണം സാന്റിയാഗോ എന്ന ആട്ടിടയനില്‍ എഴുത്തുകാരന് സന്നിവേശിപ്പിക്കുന്നു. നിധിയെന്ന സ്വപ്നവും സ്വപ്നത്തിന്റെ അറിയാപ്പൊരുളും നിധിതേടലിന്റെ അലച്ചിലും സാഹസികതയും ഒടുവില്മാത്രമെത്തിച്ചേരുന്ന സഫലതയുമാണ് കര്മഫലാനുഭവങ്ങളായി നോവലില്‍ അവതരിപ്പിക്കുന്നത്. ജീവിതത്തിന്റെ ലക്ഷ്യത്തെയും മാര്‍ഗത്തെയും കുറിച്ചുള്ള ചിന്തകളായത് മാറുന്നു.
കഥയോട് അത്രമാത്രം ചേരുംവിധത്തിലാണ് പൗലോ തത്ത്വചിന്തയെ നോവലില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. ജീവിതത്തിന്റെ അർഥമെെന്തന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭത്തിലാണ് തത്ത്വചിന്തയെ ജൂലിയന്‍ ബാഗിനി ‘സിസിഫിയന്‍ ടാസ്ക്’ എന്ന് വിളിച്ചത്. സാഹിത്യത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ ജീവിതംകൊണ്ട് പ്രായോഗികമാക്കാവുന്ന ഒന്നായി അത് മാറുന്നു. പാശ്ചാത്യലോകത്ത് തത്ത്വചിന്തയെ സാഹിത്യത്തിലേക്ക് വിലയിപ്പിച്ചവരില് പ്രമുഖര്‍ ബോര്‍ഹസ് കാല്‍വിനോ, ഉമ്പര്‍ട്ടോ ഇക്കോ, പൗലോ കൊയ്ലോ തുടങ്ങിയവരാണ്. പൗലോ കൊയ്ലോയുടെ രചനകളിലും ആത്മാവിന്റെ വെളിപാടുപോലെ തത്ത്വചിന്ത ജീവിതത്തിന്റെ ആഴങ്ങളെത്തേടുന്നു. പൊള്ളുന്ന നെടുംപാതകളെയും സ്വച്ഛശാന്തിയുടെ തണലിടങ്ങളെയും മാറിമാറി കാട്ടിത്തരുന്നു.
വെളിച്ചത്തിന്റെ വഴിയും വഴിയമ്പലങ്ങളും
പൗലോ കൊയ്ലോയുടെ നോവലുകളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ‘വെളിച്ചത്തിന്റെ പോരാളികൾ’. ജീവിതംതന്നെയാണ് ഈ കൃതിയുടെയും പ്രധാനവിഷയമെങ്കിലും കഥയുടെ ആഖ്യാനഘടന ഈ കൃതിക്കില്ല. ഒരു ചെറുകഥയുടെ അത്രമാത്രം വിസ്താരമുള്ള ഒരാമുഖ അധ്യായം. അതിനുശേഷം ഗ്രന്ഥകാരന്റെ വെളിപാടുകളും വെളിപ്പെടുത്തലുമായി നൂറിലധികം പുറങ്ങള്‍. ഓരോ പുറത്തിലും ചെറുഖണ്ഡികയോളം പോന്ന വിവരണങ്ങള്‍. എല്ലാ പുറങ്ങളിലും ‘വെളിച്ചത്തിന്റെ പോരാളി’ എങ്ങനെയാണെന്നും എങ്ങനെയാവുമെന്നുമുള്ള നിരീക്ഷണങ്ങളും ദര്‍ശനങ്ങളും ചേരുംപടി ചേരുന്നു. ഇല്ലായ്മയില്‍നിന്ന് ഉണ്മയിലേക്കാണ് മനുഷ്യന് പിറന്നുവീഴുന്നത്. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കുള്ള യാത്രയാണത്. അതുകൊണ്ടുതന്നെ വെളിച്ചം ബാഹ്യമെന്നതുപോലെ ആന്തരികംകൂടിയാണ്. പിറക്കുകയും മരിക്കുകയും ചെയ്യുന്ന മനുഷ്യന് ഇതിനിടയിലെ ഇടവേളകളില്‍ ജീവിക്കുന്നു. കഥയറിയാതെ ആട്ടമാടുന്നു.
ജീവിതയാത്രയില്‍ വഴികള്‍ അനേകങ്ങളാണ്. വെളിച്ചത്തിന്റെ വഴിയും വഴിയമ്പലങ്ങളും പലതുമുണ്ട്. ഏതുവഴിയിലൂടെ പോവണം എന്ന അറിവില്ല. വഴിയുണ്ടെങ്കില്‍ വഴികാട്ടികളും ഉണ്ടാകും. ‘ആല്‍ക്കെമിസ്റ്റി’ല്‍ സാന്റിയാഗോ സഞ്ചരിച്ചത് വഴികാട്ടികള്‍ നിര്‍ദേശിച്ച വഴിയോടൊപ്പമായിരുന്നു. വഴി എന്നത് സുഗമസുഖകരമായ ഒന്നല്ല. അനുഭവങ്ങളുടെ കനല്പ്പാതകളാണത്. നന്മയും തിന്മയും ഇടകലര്‍ന്ന വഴികളിലൂടെ സഹനത്തിന്റെയും ശരിയായ തീരുമാനത്തിന്റെയും ഉറച്ച ചുവടുവെപ്പുകളിലൂടെയുള്ള യാത്രയാണത്. ‘ആല്‍ക്കെമിസ്റ്റി’ലെ സാന്റിയാഗോ വഴിവക്കില്‍വെച്ച് കണ്ടുമുട്ടുന്ന വൃദ്ധന്റെ നിയോഗം വഴികാട്ടിയാവാനായിരുന്നു. സാന്റിയാഗോവിന്റെ നിയോഗം നിധിതേടാനും അതു കണ്ടെത്താനുമായിരുന്നു. വിധിക്കും നിധിക്കുമിടയിലെ അനേകങ്ങളായ അനുഭവങ്ങളിൽനിന്നാണ് ജീവിതമെന്ന അമൂല്യനിധിയുടെ വെളിച്ചവും തെളിച്ചവും മനുഷ്യന് കണ്ടെത്താനാവുന്നത്.
‘ആല്‍ക്കെമിസ്റ്റ്’ എന്ന നോവലില്‍ കര്മസഫലതയെക്കുറിച്ച് പറഞ്ഞുകഴിഞ്ഞെങ്കിലും ജീവിതത്തെപ്പറ്റിയുള്ള തന്റെ ദര്ശനസമഗ്രത കുറച്ചുകൂടി വിസ്തരിക്കാനുള്ള ശ്രമം എന്ന നിലയിലാണ് വെളിച്ചത്തിന്റെ പോരാളിക്ക് രൂപമുണ്ടാവുന്നത്. അതുകൊണ്ടുതന്നെ ആല്‍ക്കെമിസ്റ്റിന്റെ കാലാതീതവും പ്രചോദനാത്മകവുമായ സഹചാരിയെന്ന് ഈ കൃതിയെ വിശേഷിപ്പിക്കാം. വെളിച്ചത്തിന്റെ പോരാളി നമ്മെ ജീവിതത്തിന്റെ അനിശ്ചിതത്ത്വത്തെ ഓർമിപ്പിക്കുകയും നിയോഗത്തെക്കുറിച്ച് തിരിച്ചറിവ് നല്‍കുകയും സ്വപ്നജീവിതത്തിലേക്ക് എത്തിച്ചേരാന്‍ ക്ഷണിക്കുകയും ചെയ്യുന്നു. വെളിച്ചത്തിന്റെ പോരാളി എന്നത് ഒരപരസങ്കൽപമല്ല. ഓരോരുത്തരുടെയും ഉള്ളിലുള്ള യോദ്ധാവാണത്. ജീവനോടെ ഇരിക്കുക എന്ന മഹാത്ഭുതത്തെ ആസ്വദിക്കുന്നവനും തോല്‍വിയെ അംഗീകരിക്കുന്നവനുമാണത്. സന്തോഷം കണ്ടെത്തുകയും അതിലൂടെ ജീവിതത്തിന്റെ പൂര്‍ണതയെ തേടുകയും ചെയ്യുന്നവനാണ് വെളിച്ചത്തിന്റെ പോരാളികള്‍. ധർമക്ഷേത്രമാവുന്ന കുരുക്ഷേത്രത്തെക്കുറിച്ച് വ്യാസന് തന്റെ ദര്‍ശനം അവതരിപ്പിച്ചതുപോലെ ലോകത്തെ ഒരു യുദ്ധക്കളമായും ജീവിതത്തെ പോരാട്ടമായും പൗലോ കൊയ്ലോയും സങ്കൽപിക്കുന്നു.
കഥയില്‍ പൊതിഞ്ഞ ദര്‍ശനങ്ങള്‍
ഒരു മികച്ച ആഖ്യാതാവിനെ സംബന്ധിച്ചിടത്തോളം ലോകമെന്നതേ ഒരു കഥയാണ്. ഓരോ ജീവിതവും കഥകളുടെ കടൽ മരുഭൂമികളും ഉടല്ഭൂപടങ്ങളുമാണ്. അതുകൊണ്ടുതന്നെ കഥയിലൂടെയല്ലാതെ ആഖ്യാതാവിന് ലോകത്തെക്കുറിച്ച് അധികമൊന്നും പറയാനാവില്ല. പൗലോ കൊയ്ലോയെ സംബന്ധിച്ചും ഇതൊരു പരമാർഥമായിത്തീരുന്നു. ‘വെളിച്ചത്തിന്റെ പോരാളികള്‍’ ദാര്‍ശനികചിന്തകളുടെ സമാഹാരമാണെങ്കിലും എഴുത്തുകാരന് അതിനെ മനോഹരമായ ഒരു കഥയാല്‍ പൊതിഞ്ഞുെവച്ചിരിക്കുന്നു. കുട്ടികളെ ആകര്‍ഷിക്കാന്‍ മനോഹരമായ വർണക്കടലാസില്‍ മധുരമിഠായി പൊതിഞ്ഞതുപോലെയാണത്. ആമുഖാധ്യായം എന്ന് പേരിട്ടിരിക്കുന്ന പുസ്തകാരംഭത്തിലാണ് കഥ ഒരു പ്രധാനഭാഗമാവുന്നത്. ഗ്രന്ഥാവസാനത്തില്‍ മിഠായി മധുരം ചോര്ന്നുപോവാത്തവിധം വർണക്കടലാസുകൊണ്ട് ഒരുതവണകൂടി ചുറ്റി കഥ അവസാനിപ്പിക്കുന്നു. ‘വെളിച്ചത്തിന്റെ പോരാളി’യിലേക്ക് നയിക്കുന്ന കഥയിങ്ങനെയാണ്: മത്സ്യത്തൊഴിലാളികളുടെ ഒരു കടലോരഗ്രാമം. അവിടെവെച്ച് ഒരാണ്‍കുട്ടി അതീവ സുന്ദരിയും പ്രത്യേകതകള്‍ പലതും തോന്നുംവിധത്തിലുമുള്ള ഒരു സ്ത്രീയെ കണ്ടുമുട്ടുന്നു.
സ്ത്രീ കുട്ടിയോട് ഒരു കഥ പറയുന്നു: ‘‘കടലോരത്ത് തെല്ല് ഉള്ളിലോട്ട് മാറി, ഗ്രാമത്തിന്റെ പടിഞ്ഞാറ് ഒരു ദ്വീപ്. അതില്‍ ധാരാളം മണികളുള്ള ഒരു വലിയ ക്ഷേത്രം. ആ ക്ഷേത്രം നീ കണ്ടിട്ടുണ്ടോ?’’
അവന് ആ സ്ത്രീയെ ഇതിനുമുമ്പ് കണ്ടിട്ടില്ല. അവരുടെ വേഷം അസാധാരണമായിരുന്നു. ഒരു തുണിയാല്‍ അവര്‍ തലമൂടിയിരുന്നു. സ്ത്രീ കുട്ടിയോട് വീണ്ടും പറഞ്ഞു. ‘‘നീ അവിടെ പോകണം. എന്നിട്ടെന്നോട് പറയണം, അതിനെക്കുറിച്ച് നീ എന്തു വിചാരിക്കുന്നുവെന്ന്.’’
‘‘സ്ത്രീയുടെ സൗന്ദര്യത്താല്‍ വശീകരിക്കപ്പെട്ട അവന് അവര്‍ സൂചിപ്പിച്ച സ്ഥലത്തേക്കു പോയി. കടല്‍ത്തീരത്ത് കുത്തിയിരുന്ന് ചക്രവാളത്തിലേക്ക് കുറെനേരം തുറിച്ചുനോക്കി. പക്ഷേ, ഇന്നലെവരെ കണ്ടിട്ടുള്ളതിലപ്പുറമൊന്നും അവന് കണ്ടില്ല.’’ നീലക്കടലും ചക്രവാളവും മാത്രം.
വീട്ടിലെത്താന്‍ വൈകിയപ്പോള്‍ വീട്ടുകാരെത്തി അന്നവനെ കൂട്ടിക്കൊണ്ടുപോയി. എങ്കിലും അവന്റെ മനസ്സ് കടല്‍ത്തീരത്ത് തന്നെയായിരുന്നു. മുക്കുവന്മാരോട് അവന് ക്ഷേത്രത്തെക്കുറിച്ച് ചോദിച്ചു. ഭൂകമ്പത്തില്‍ തകരുകയും കടലില്‍ മുങ്ങിപ്പോവുകയും ചെയ്ത ഒരു ക്ഷേത്രത്തെക്കുറിച്ച് അവര്‍ പറഞ്ഞു. കടലിനടിയിലെ ക്ഷേത്രം അവന്റെ മനസ്സില്‍ നിറഞ്ഞു. ക്ഷേത്രത്തിലെ നിധിയും ധനവും കണ്ടെത്താനുള്ള ആഗ്രഹം അവനിലുണ്ടായി. ക്ഷേത്രമുള്ള സ്ഥലം കണ്ടെത്താനുള്ള സൂചനയായിരുന്നു മണിനാദം. അത് നല്കുന്ന സൂചനകളിലൂടെ ക്ഷേത്രത്തിലെത്തണം. അവന്റെ ശ്രദ്ധയും ചിന്തയും അതു മാത്രമായിത്തീര്‍ന്നു. അതോടെ സ്കൂളില്‍ പോകാതെയായി. കൂട്ടുകാരില്‍നിന്ന് അവനകന്നു. എന്നിട്ടും കടലില്‍നിന്ന് മണിനാദം കേള്‍ക്കാനുള്ള ഭാഗ്യം മാത്രം അവനുണ്ടായില്ല. അവന് കേള്‍ക്കാനായത് തിരമാലകളുടെയും കടല്‍ക്കാക്കകളുടെയും ശബ്ദം മാത്രമായിരുന്നു. കാത്തിരിപ്പ് ഒരു വര്‍ഷത്തോളം നീണ്ടപ്പോള്‍ അവന് മതിയായി. ഇതൊരു പാഴ്ശ്രമമാണെന്ന് തോന്നിത്തുടങ്ങി. ഒടുവില്‍ നിരാശനായി അവന് മടങ്ങാനൊരുങ്ങി. ഇത്രയും നേരം കണ്പാര്ത്തുനിന്ന കടലിലേക്ക് ഇറങ്ങിച്ചെന്ന് അതിനോട് യാത്രപറഞ്ഞു.
ചുറ്റുമുള്ള പ്രകൃതിയെ അന്നാദ്യമായി സ്നേഹത്തോടെ അവന് നോക്കിക്കാണുകയായിരുന്നു. മണിനാദത്തെക്കുറിച്ച് ആ നേരത്ത് ആലോചിച്ചതേയില്ല. അതുകൊണ്ട് ആ നേരത്ത് കടലിന്റെ ഇരമ്പലും കടല്‍ക്കാക്കകളുടെ കരച്ചിലും ഈന്തപ്പനകള്‍ക്കിടയിലൂടെ വീശിയടിക്കുന്ന കാറ്റിന്റെയും തലോടലും ആസ്വദിക്കാന്‍ അവന് കഴിഞ്ഞു. ഇവയോടെല്ലാം ഐക്യപ്പെടുകയും അത്രയേറെ ആത്മാർഥമായി അതിനോെടല്ലാം പുഞ്ചിരി തൂകുകയും ചെയ്തു. കളിക്കളത്തില്‍നിന്ന് കൂട്ടുകാരുടെ ശബ്ദം വളരെക്കാലത്തിനുശേഷം അവന് കേട്ടു. ബാല്യത്തിന്റേതായ പലതരം കളികളില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ച് ചിന്തിച്ചു. ഇനിയും സമയമുണ്ടെന്നും തനിക്ക് സമയം നഷ്ടപ്പെട്ടിട്ടില്ലെന്നും അവന് സമാധാനിച്ചു. എല്ലാറ്റിനുമുപരിയായി താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന ബോധ്യത്താല്‍ അവന് ലോകത്തോടായി നന്ദി രേഖപ്പെടുത്തി.
ആ നേരത്താണ് തികച്ചും അപ്രതീക്ഷിതമായി അത് സംഭവിച്ചത്. കടലിന്റെ അടിത്തട്ടിലെവിടെയോ നിന്ന് ഒരു മണിനാദം ഉയര്‍ന്നുവന്നു. ഒരിക്കലല്ല പലതവണ. അവനത് കേട്ടു. അതോടെ, നേരത്തേ കണ്ട സുന്ദരിയായ സ്ത്രീയെ വീണ്ടും അവിടെവെച്ച് അവന് കണ്ടുമുട്ടി. നിറയെ താളുകളുള്ള ഒന്നും എഴുതാത്ത ഒരു നീല നോട്ടുപുസ്തകം അവരുടെ ൈകയിലുണ്ടായിരുന്നു. അതവര് അവനുനേരെ നീട്ടി. അത് നല്‍കിക്കൊണ്ടവര്‍ അവനോട് പറഞ്ഞു:
‘‘വെളിച്ചത്തിന്റെ പോരാളിയെക്കുറിച്ച് എഴുതൂ.’’
അവന് പിന്നെയും സംശയങ്ങളായിരുന്നു. ആരാണ് വെളിച്ചത്തിന്റെ പോരാളി? അയാള്‍ എന്താണ്? എങ്ങനെയാണ്? അവന്റെ സംശയം കണ്ട് സുന്ദരിയായ സ്ത്രീ പിന്നെയും ചില സൂചനകള്‍ നല്കി. ‘‘ജീവിതത്തിന്റെ ദിവ്യാത്ഭുതം മനസ്സിലാക്കുന്നവന്, താന്‍ വിശ്വസിക്കുന്ന ഏതോ ഒന്നിനുവേണ്ടി അന്ത്യംവരെ പോരാടുന്നവന്. സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് തിരമാലകള്‍ ആട്ടിവിടുന്ന മണിനാദത്തെ കേള്‍ക്കാന്‍ കഴിയുന്നവന്.’’ ഇത്രയുമാണ് അവരവന് നല്കിയ സൂചനകള്‍. അത് വെളിച്ചത്തിന്റെ പോരാളി ആരെന്നതിന്റെ ഉത്തരവും കൂടിയായിരുന്നു. ഒരാള്‍ അവനവനിലേക്കു നോക്കുമ്പോള്‍ സ്വയം ബോധ്യപ്പെടാത്ത പലതുമുണ്ടാകുന്നു. താന്‍ ഒരിക്കലും വെളിച്ചത്തിന്റെ പോരാളിയായി തന്നെ കണ്ടിരുന്നില്ല എന്നതായിരുന്നു അയാളുടെ ബോധ്യം. അതുകൊണ്ടവന് ഒന്നും മിണ്ടിയില്ല.
അവന്റെ മനസ്സ് മനസ്സിലാക്കിയതുപോലെ സുന്ദരിയായ സ്ത്രീ പറഞ്ഞു: ‘‘ഈ കാര്യങ്ങളൊക്കെ ആര്‍ക്കും ചെയ്യാവുന്നതേയുള്ളൂ. ഒരു വെളിച്ചത്തിന്റെ പോരാളിയായി ആരും സ്വയം കരുതുന്നില്ലെങ്കിലും നാമെല്ലാവരും വെളിച്ചത്തിന്റെ പോരാളികളാണ്.’’
അവന്റെ കൈയിലെ എഴുതാത്ത താളുകളിലേക്കു ഒന്നുനോക്കി, ചിരിച്ചുകൊണ്ട് അവര്‍ ഇത്രയുംകൂടി പറഞ്ഞു: ‘‘ആ പോരാളിയെക്കുറിച്ച് എഴുതൂ.’’
ഒരു കഥനമാതൃകയില് ഇത്രയും കാര്യങ്ങളാണ് പൗലോ കൊയ്ലോ ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നത്. നിയോഗത്തിന്റെയും നിമിത്തങ്ങളുടെയും ഇടയിലൂടെ സന്ദേഹിയായ ഒരു മനുഷ്യന് യാത്രയാവുന്നതും അറിവിന്റെയും തിരിച്ചറിവിന്റെയും തീര്‍പ്പുകളില്‍ പ്രപഞ്ചസത്തയിലൊന്നായ തന്നെത്തന്നെ കണ്ടെത്തുകയും ചെയ്യുന്ന അനുഭവലോകങ്ങളാണ് ഗ്രന്ഥകാരന് വരച്ചുെവക്കുന്നത്. ജീവിതംകൊണ്ട് ഒരാള്‍ക്കു നേടാനാവുന്ന വിശേഷപ്പെട്ട നിധിയായി അറിവ് മാറുന്നു. അറിവിലേക്ക് നയിക്കുന്ന വഴികളിലും വഴിത്തിരിവുകളിലും അമാനുഷികതയുടെ മാന്ത്രികസ്പര്‍ശം ഗ്രന്ഥകാരന് ബോധപൂർവം ഇടകലര്‍ത്തുന്നു. അത് ഫാന്റസിയുടെയും ഭ്രമാത്മകതയുടെ വഴികളുമായി തമ്മില്ച്ചേരുന്നു.
ലാറ്റിനമേരിക്കന്‍ ജീവിതാഖ്യാനങ്ങളില്‍ മാജിക്കല്‍ റിയലിസം ഒരു പ്രധാനസവിശേഷതയായി കടന്നുവരുന്നുണ്ട്. മാർകേസിന്റെ കൃതികളില്‍ അതേറെയുണ്ട്. അതുപോലെ ബ്രസീലിയന്‍ എഴുത്തുകാരനായ പൗലോ കൊയ്ലോയും തന്റെ കൃതികളിലുടനീളം ഫാന്റസിയുടെയും മാജിക്കന് റിയലിസത്തിന്റെയും ചേരുവകള്‍ മനോഹരമായി ഇണക്കിച്ചേര്‍ക്കുന്നു.
സമ്പന്നമായ ഭൂതകാലത്തിന്റെ ഈടുവെപ്പുകളായ പുരാവൃത്തത്തിന്റെയും മാന്ത്രിക കഥകളുടെയും സ്വാധീനം പല എഴുത്തുകാരിലും ഊറിക്കൂടുന്നുണ്ട്. ബോധത്തിന്റെയും അബോധത്തിന്റെയും അജ്ഞാതസ്ഥലികളില്നിന്ന് വിഭ്രമാത്മകമായ കാഴ്ചകളിലേക്ക് കഥകള്‍ എഴുത്തുകാരനെയും ക്ഷണിച്ചുകൊണ്ടുപോവുന്നു. ഇത്തരമൊരു മായികലോക നിര്‍മിതി മലയാളത്തില്‍ മനോഹരമായി വിളക്കിച്ചേര്‍ത്തത് ബഷീറാണ്. രാത്രിയുടെ മായികാനുഭൂതിയില് കടലിന്റെ അപാരതയിലേക്ക് നോക്കിനില്ക്കുമ്പോള് പൂര്‍ണനഗ്നയായ ഒരു സുന്ദരി കണ്ട കഥ ബഷീര്‍ പറഞ്ഞിട്ടുണ്ട്. കണ്ണുകൊണ്ടു ദര്‍ശിക്കാവുന്ന ഒരു കാഴ്ചയല്ലിത്. ഇന്ദ്രിയങ്ങളെല്ലാം പ്രകൃതിയുടെ അലൗകികതയില്‍ അലിഞ്ഞുചേരുമ്പോള്‍ മാത്രം ലഭിക്കുന്ന ദര്‍ശനമാണത്. ‘നീലവെളിച്ചം’ എന്ന കഥയില്‍ കാണാനല്ലാതെ അനുഭവിക്കാന്‍ മാത്രം കഴിയുന്ന സാന്നിധ്യമായി ഭാര്‍ഗവിക്കുട്ടിയെ അവതരിപ്പിക്കുന്നതും ഇത്തരമൊരു സൗന്ദര്യാനുഭൂതിയില്നിന്നാണ്. അതുപോലെ സ്വന്തം ഏകാന്തതയിലേക്ക് വിധിനിയോഗങ്ങളാല്‍ എത്തിച്ചേരുന്ന വെളിച്ചത്തിന്റെ പോരാളിയും പലതരം അത്ഭുതങ്ങളിലേക്ക് നയിക്കപ്പെടുന്നു. അന്വേഷണത്തിനും കാത്തിരിപ്പിനുമൊടുവില്‍ അനുഭവങ്ങളാല്‍ ജ്ഞാനസ്നാനം ചെയ്യപ്പെടുന്നവനായി മനുഷ്യന് മാറുന്നു. ‘ആല്‍ക്കെമിസ്റ്റി’ലെ സാന്റിയാഗോവിനെപ്പോലെ വെളിച്ചത്തിന്റെ പോരാളിയിലെ നായകനും ബോധവികാസം പ്രാപിക്കുന്നത് ഈയൊരനുഭവത്തിലേക്കാണ്.
ജീവിതമെന്ന മഹായുദ്ധം
ജീവിതം യുദ്ധമാണെന്ന തിരിച്ചറിവില്‍നിന്നാണ് പൗലോ കൊയ്ലോ തന്റെ കൃതിയില്‍ ഒരു പോരാളിയെ സൃഷ്ടിക്കുന്നത്. ശരീരവും മനസ്സും ബുദ്ധിയുമാണ് ഏതൊരു പോരാളിയുടെയും പ്രഥമായുധങ്ങള്. ഭഗവദ്ഗീതയില്‍ യുദ്ധംചെയ്യാന്‍ മടിക്കുന്ന അര്ജുനനോട് കൃഷ്ണന് യുദ്ധത്തിന്റെ തത്ത്വം പറയുന്നുണ്ട്. അത് ജീവിതത്തിന്റെയും അതിജീവനത്തിന്റെയും തത്ത്വം കൂടിയാണ്. കാലം ആവശ്യപ്പെടുന്നതുപോലെ മനുഷ്യന് കര്‍മത്തില്‍ പങ്കാളിയാവേണ്ടിവരുന്നു. കര്‍മയോഗവും ധര്മയോഗവും കൂട്ടിവായിക്കുമ്പോള്‍ ആ തത്ത്വമാണ് വെളിപ്പെടുക. നയിക്കുന്നത് മനസ്സാണ്. നയിക്കപ്പെടുന്നത് ശരീരവും. വെളിച്ചത്തിന്റെ പോരാളികള്‍ എന്ന കൃതിയില്‍ ആണ്‍കുട്ടിയെ നയിക്കുന്നത് നേരത്തേ സൂചിപ്പിച്ച സുന്ദരിയായ സ്ത്രീയാണ്. തന്റെ വാക്കുകള്‍ കേള്‍ക്കാനും അതുള്‍ക്കൊള്ളാനും പാകമായപ്പോള്‍ ദിവ്യമായ പരിവേഷത്തോടെ അവര്‍ അവനോടായി വെളിച്ചത്തിന്റെ പോരാളിയെക്കുറിച്ച് പറയുന്നു.
വെളിച്ചത്തിന്റെ പോരാളി എങ്ങനെ എന്നതിന്റെ സങ്കൽപ ചിന്തകളും അനുഭവസാക്ഷ്യങ്ങളുമാണ് പുസ്തകത്തിലവതരിപ്പിക്കുന്ന ഓരോ ചെറുഖണ്ഡങ്ങളും. അത് ജീവിതത്തില്‍ സ്വപ്നങ്ങള്‍ നിറവേറ്റാനുള്ള വഴിയായിത്തീരുന്നു. വന്നുചേരുന്ന അനിശ്ചിതത്വത്തെ ഉള്‍ക്കൊള്ളാനും നമ്മുടെ തനതായ ലക്ഷ്യത്തിലേക്ക് ഉയരാനുള്ള ക്ഷണവുമായിത്തീരുന്നു. ഇത്തരത്തില്‍ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ യോദ്ധാവിനെ പുറത്തെടുക്കാനും സാഹസികത നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കാനുമുള്ള പ്രേരണ നല്കുന്നു. പൗലോ കൊയ്ലോയുടെ ഏറ്റവും പ്രശസ്ത കൃതിയായ ആല്‍ക്കെമിസ്റ്റ് പോലെ ഈ പുസ്തകവും അങ്ങനെ മികച്ച ഒരു പ്രചോദകഗ്രന്ഥമായിത്തീരുന്നു.
വെളിച്ചത്തിന്റെ പോരാളി സ്വയമേവ സൃഷ്ടിക്കപ്പടുന്നില്ല. മുട്ട ഒരിക്കലും സ്വയം ഒരു കോഴിക്കുഞ്ഞായി മാറാത്തതുപോലെ. ഉള്ളിലുള്ള അറിവിനെ ഉണര്‍ത്തുന്ന ഒരു പ്രചോദക കേന്ദ്രം ആവശ്യമാണ്. അതാണ് ഏതൊരു പോരാളിയെയും സൃഷ്ടിക്കുന്നത്. ‘ആല്‍ക്കെമിസ്റ്റി’ല്‍ അത് സ്വപ്നരൂപത്തില്‍ പിറവിയെടുക്കുകയും പിന്നീട് വൃദ്ധന് നല്കുന്ന സൂചനയിലൂടെയും പ്രതീകങ്ങളിലൂടെയും ഇക്കാര്യം വിവരിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ പ്രകാശത്തിന്റെ ഒരു പോരാളിയുണ്ട്. എല്ലാത്തിനോടുമുള്ള സ്നേഹവും അച്ചടക്കവും സൗഹൃദവുമാണ് അവന്റെ ഭാവം. അതോടൊപ്പം, സ്വന്തം ഹൃദയസംഗീതം കേള്‍ക്കാനുള്ള പാഠവുംകൂടി വെളിച്ചത്തിന്റെ പോരാളി സ്വയം പഠിച്ചെടുക്കുന്നു. ചുരുക്കത്തില്‍ ഈ പുസ്തകത്തിന്റെ എല്ലാ പേജുകളിലുമുള്ളത് ജീവിതത്തെ പ്രചോദിപ്പിക്കുന്നതും വെളിച്ചം പ്രസരിക്കുന്നതുമായ ചിന്തകളാണ്.
യോദ്ധാവിനെക്കുറിച്ചുള്ള വിചാരങ്ങള്‍
ജീവിതം യുദ്ധമാണെന്ന് നേരത്തേ പറഞ്ഞു. ഈ യുദ്ധം പലപ്പോഴും ബാഹ്യം മാത്രമല്ല; ആന്തരികംകൂടിയാണ്. മനസ്സാണ് ജീവിതം. മനസ്സിലാണ് ജീവിതസമഗ്രത. സമുദ്രോപരി കാണുന്ന മഞ്ഞുമലകള്പോലെ അതിന്റെ അൽപമാത്രമായ പ്രതിഫലനങ്ങളാണ് ജീവിതവൃത്തികളില്‍ കാണുന്നത്. സ്വപ്നത്തിനും യാഥാർഥ്യത്തിനും വഴിക്കും വഴികാട്ടികള്‍ക്കും നിയോഗത്തിനുമിടയിലൂടെ മനുഷ്യന് കാലങ്ങളായി യാത്രചെയ്യുന്നു. തേടുന്നതും നേടുന്നതും നഷ്ടപ്പെടുത്തുന്നതുമെല്ലാം അവന്റെ തോന്നലിനും തീരുമാനത്തിനും കര്‍മത്തിനും അനുസരിച്ചായിത്തീരുന്നു. ഇത്തരമൊരു ജീവിതയാത്രയില്‍ ഏര്‍പ്പെടുന്ന ഏതൊരു യോദ്ധാവിനും എഴുത്തുകാരന് നല്കുന്ന കൈപ്പുസ്തകമായി വെളിച്ചത്തിന്റെ പോരാളികള്‍ മാറുന്നു. ആരാണ് യോദ്ധാവ് എന്ന ചോദ്യത്തിന് ഈ പുസ്തകം കൃത്യമായ ഉത്തരം നല്‍കുന്നുണ്ട്. സ്വപ്നങ്ങള്‍ പിന്തുടരുകയും ജീവിതത്തെ വിലമതിക്കുകയും പ്രതിസന്ധികളെ അതിജീവിക്കുകയും ചെയ്യുന്നവനാണ് യോദ്ധാവ്. അതുകൊണ്ടുതന്നെ യോദ്ധാവ് അഭിമുഖീകരിക്കുന്ന അനേകം പ്രശ്നങ്ങളെ ഗ്രന്ഥകാരന് കണ്ടെത്തുകയും വായനക്കാര്‍ക്ക് കാട്ടിത്തരുകയും ചെയ്യുന്നു. അവക്കുള്ള പരിഹാരങ്ങളും ഗ്രന്ഥകാരന് നിര്‍ദേശിക്കുന്നു. ഇത്രയും പറഞ്ഞതില്‍നിന്ന് കുറ്റമറ്റ ഒരു വേദപുസ്തകമായി ഇതിനെ തെറ്റിദ്ധരിക്കരുത്. പറഞ്ഞതിനെ സ്ഥാപിക്കുന്നതിനിടയില്‍ വൈരുധ്യങ്ങള്‍ കടന്നുവരുന്നു. അതുവഴി പുനഃസ്ഥാപനങ്ങള്‍ യാദൃച്ഛികമായി സംഭവിക്കുന്നു.
പോരാളിയെക്കുറിച്ചുള്ള വെളിപാടുകള്‍
പൗലോ കൊയ്ലോയുടെ ദര്‍ശനങ്ങള്‍ ഒറ്റ വോള്യത്തില്‍ സമാഹരിച്ചതാണ് ‘മാനുവല്‍ ഓഫ് ദി വാരിയര്‍ ഓഫ് ലൈറ്റ്’. 1997ലാണ് ഇതാദ്യമായി പുസ്തകരൂപത്തില്‍ വെളിച്ചം കാണുന്നത്. ‘ഫിഫ്ത് മൗണ്ടന്റെ’ രചനാകാലത്തിനുശേഷമുള്ള ഇടവേളയില്‍ ബ്രസീലിയൻ പത്രമായ ഫോള്‍ഹ ഡി സാവോ പോളോയിലെ 'മക്തുബ്' എന്ന കോളത്തില്‍ ഇത്തരം ചിന്താശകലങ്ങളും വെളിപാടുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ഹ്രസ്വ ഉപമ-അല്ലെങ്കില്‍, ടോള്‍സ്റ്റോയിയുടെ ഉരുക്കില്‍ കൊത്തിയ പരുക്കന്‍ ഉപമകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കുറച്ചുകൂടി മൃദുത്വമാര്ന്നതാണ്. ദാര്‍ശനിക ഗ്രന്ഥങ്ങളില്‍നിന്നുള്ള വരികളും പഴഞ്ചൊല്ലുകളും ഇതിലുണ്ട്. അതോടൊപ്പം ബൈബിള്‍, താവോ ടെ ചിങ്ങില്നിന്നുള്ള പാഠങ്ങള്‍, ഗാന്ധിജി, ചുവാങ് സൂ, ഐ ചിങ്, ജോണ്‍ ബെന്യന്, ടി.എച്ച്. ഹക്സ് ലി തുടങ്ങിയവരുടെ ഉദ്ധരണികള്‍ എന്നിവ പലയിടങ്ങളിലുമായി ചിതറിക്കിടക്കുന്നു.
134 വെളിപാടുകള്‍ ആണ് ‘വെളിച്ചത്തിന്റെ പോരാളികള്‍’ എന്ന പുസ്തകത്തിലുള്ളത്. ഇതിലെ യോദ്ധാവ് ഒരു സാങ്കൽപിക കഥാപാത്രമാണ്. അതുകൊണ്ടുതന്നെ യോദ്ധാവിന്റെ പ്രവര്‍ത്തനങ്ങള്‍, ചിന്തകള്‍, തീരുമാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ദാര്‍ശനിക കഥകളുടെ സമാഹാരമായി ഇത് മാറുന്നു. ‘വെളിച്ചത്തിന്റെ പോരാളി’ എന്താണ്, എങ്ങനെയാണ് എന്ന് വെളിപ്പെടുത്തുന്ന ചില ഖണ്ഡങ്ങള്‍ ഇവിടെ ഉദാഹരിക്കുന്നു. പുസ്തകത്തിലെ എട്ടാമത്തെ ഖണ്ഡത്തില്‍ വെളിച്ചത്തിന്റെ പോരാളിയുടെ പോരാട്ട അനുഭവങ്ങളെക്കുറിച്ചും തിരിച്ചറിവുകളെക്കുറിച്ചും പറയുന്നത് ഇങ്ങനെയാണ്: ‘‘വെളിച്ചത്തിന്റെ ഒരു യോദ്ധാവ് താന്‍ നടത്തിയ ഓരോ യുദ്ധത്തിൽനിന്നും എന്തെങ്കിലും പഠിച്ചിട്ടുണ്ടെന്ന് അറിയാം, എന്നാല്‍ ആ പാഠങ്ങളില്‍ പലതും അവന് അനാവശ്യമായ ദുരിതങ്ങള്‍ വിതച്ചിട്ടുണ്ട്. ഒരു നുണക്കുവേണ്ടി പോരാടി അവന് പലതവണ സമയം പാഴാക്കിയിട്ടുണ്ട്. തന്റെ സ്നേഹത്തിന് അര്‍ഹതയില്ലാത്ത ആളുകള്‍ക്കുവേണ്ടി അവനൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. വിജയികള്‍ ഒരിക്കലും ഒരേ തെറ്റ് രണ്ടാമത് ആവര്‍ത്തിക്കില്ല. അതുകൊണ്ടാണ് അമൂല്യമായ ഒന്നിനുവേണ്ടി മാത്രം യോദ്ധാവ് തന്റെ ഹൃദയം പണയപ്പെടുത്തുന്നത്’’ (പേജ്: 29).
എഴുപത്തി ഒന്നാമത്തെ ഖണ്ഡത്തില്‍ പറയുന്നു: ‘‘വെളിച്ചത്തിന്റെ പോരാളി വിവേകശാലിയാണ്. അവന് തന്റെ തോല്‍വികളെക്കുറിച്ച് സംസാരിക്കുന്നില്ല’’ (പേജ്: 154). തോല്‍വിയെ അതിജീവിച്ച് യോദ്ധാവ് ജ്ഞാനിയായി മാറുന്നതിന്റെ സാക്ഷ്യമാണ് ഈ ഖണ്ഡം. നാല്പത്തി മൂന്നാം ഖണ്ഡത്തില്‍ യേശുക്രിസ്തുവിന്റെ വാക്കുകളെ ഉദ്ധരിക്കുന്നു. ‘‘യുദ്ധത്തിനിറങ്ങുമ്പോള്‍ നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിന്‍’’ എന്നായിരുന്നു ക്രിസ്തുവിന്റെ വചനം. യോദ്ധാവ് അതിനെ സ്വീകരിക്കുന്നു. പക്ഷേ, ക്ഷമിച്ചുകൊടുക്കുന്നു എന്നതിന് പ്രാഥമികമായ അർഥമല്ല ഉള്ളത്. അതിന്റെ അർഥം തന്റെ ധൈര്യവും സ്ഥൈര്യവും തീരുമാനങ്ങളെടുക്കാനുള്ള കഴിവും പരീക്ഷിക്കാനാണ് തനിക്ക് എതിരാളികള്‍ എന്ന അറിവാണത്. അവനത് ഉള്‍ക്കൊള്ളുകയും സ്വന്തം സ്വപ്നങ്ങള്‍ക്കായി പോരാടാന്‍ തീരുമാനിക്കുകയും ചെയ്യുന്നു (പേജ്: 99). ഓരോ പോരാട്ടവും വര്‍ത്തമാനത്തിനും ഭാവിക്കുവേണ്ടിയുള്ള കരുതലുകളാണ്. അതുകൊണ്ടുതന്നെ ധീരത, ഭീരുത്വം ഇവയെന്തെന്ന് അമ്പത്തിമൂന്നാമത്തെ ഖണ്ഡത്തിലൂടെ ഗ്രന്ഥകാരന് വെളിച്ചത്തിന്റെ പോരാളിയുടെ ലോകധര്‍മം വിശദീകരിക്കുന്നു. ലോകത്തിനുവേണ്ടി താന്‍ ഒന്നും ചെയ്തില്ലെങ്കില്‍ മറ്റാരും ചെയ്യില്ലെന്ന് അവനറിയാം’’ (പേജ് 118).
വെളിച്ചത്തിന്റെ പോരാളിയെ വ്യക്തമാക്കാന്‍ ഗ്രന്ഥകാരന് ഇരുപത്തിരണ്ടാം ഖണ്ഡത്തില്‍ ടി.എച്ച്. ഹക്സ് ലിയെ ഉദ്ധരിക്കുന്നു. ‘‘ലോകമാണ് ചതുരംഗപ്പലക. നമ്മുടെ നിത്യജീവിതത്തിലെ ചേഷ്ടകളാണ് ചതുരംഗക്കരുക്കള്‍. നാം പ്രകൃതിനിയമങ്ങളെന്ന് വിളിക്കുന്നവയാണ് കളിയുടെ നിയമങ്ങള്‍. മറുപക്ഷത്തെ കളിക്കാരന് നമ്മില്‍നിന്ന് മറഞ്ഞിരിക്കുന്നു. പക്ഷേ, നമുക്കറിയാം അദ്ദേഹത്തിന്റെ കളി എപ്പോഴും യോഗ്യവും നീതിയുക്തവും ക്ഷമനിറഞ്ഞതുമാണെന്ന്’’ (പേജ്: 57). അദ്ദേഹം എന്നത് ഇവിടെ ദൈവമാണ്.
നൂറ്റിരണ്ടാം ഖണ്ഡത്തില്‍ ‘ആല്‍ക്കെമിസ്റ്റി’ലെ പ്രശസ്തമായ വരികള്‍ കടന്നുവരുന്നു. ‘‘ഒരുവന് എന്തെങ്കിലും ഒന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ പ്രപഞ്ചം മുഴുവന്‍ അതു സാധ്യമാക്കുന്നതിനായി അവന് അനുകൂലമായി ഗൂഢാലോചനചെയ്യുമെന്ന് വെളിച്ചത്തിന്റെ പോരാളിക്കറിയാം.’’ ആഗ്രഹം, സ്വപ്നം തുടങ്ങിയവയെല്ലാം ചിന്തയില്‍നിന്ന് നിഷ്പന്നമാണ്. അതുകൊണ്ടുതന്നെ ഒരുവന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനം നല്ല ചിന്തകളാണ്. ചിന്തകളുടെ മഹത്ത്വത്തെക്കുറിച്ച് വെളിച്ചത്തിന്റെ പോരാളിയും മനസ്സിലാക്കുന്നു.
പോരാളിയുടെ ജീവിതസാഫല്യം എന്തെന്ന് വ്യക്തമാക്കാന്‍ ഗ്രന്ഥകാരന് ജോണ്‍ ബെന്യനെ ഉദാഹരിക്കുന്നു. ഞാനിക്കണ്ടതിലെല്ലാംകൂടി കടന്നുപോയിട്ടുണ്ടെങ്കിലും ഞാന്‍ നേരിട്ട നിരവധി പ്രയാസങ്ങളെക്കുറിച്ച് ആലോചിച്ച് ഞാന്‍ ദുഃഖിക്കുന്നില്ല. കാരണം, ഞാന്‍ എവിടെയെത്താന്‍ ആഗ്രഹിച്ചുവോ അവിടെയെന്നെ കൊണ്ടെത്തിച്ചത് അതൊക്കെയാണല്ലോ’’ (പേജ്: 42). ജീവിതം മുന്നില്‍ നിര്‍ത്തുന്ന അതിജീവനത്വവും അതിലൂടെ സാധ്യമാകുന്ന ലക്ഷ്യസ്ഥാനത്തെപ്പറ്റിയുള്ള ബോധ്യവും ഓരോ പോരാളിയും സ്വയം മനസ്സിലാക്കുന്നു. തന്റെ കൈകളിലുള്ള പോരാട്ടത്തിന്റെ മുദ്രകളും വടുക്കളും പോരാളി കൊണ്ടുപോവുന്നു. സ്വന്തം സഹനത്തിന്റെയും കീഴടക്കലിന്റെയും പ്രതിഫലമായി അത് എന്നെന്നേക്കുമായി കാലത്തില്‍ അടയാളപ്പെടുന്നു. അതുകൊണ്ടുതന്നെ പോരാളിക്ക് അടുത്ത പോരാളിക്ക് കൈമാറാനുള്ളത് തനിക്ക് പൊരുതാന്‍ തുണയായിരുന്ന വാള് മാത്രമാണ്. ജീവിതത്തോട് പൊരുതി ജയിക്കാനുള്ള ശക്തിയായി ആ വാളും ആ വാളിനെ ഉപയോഗിക്കാനുള്ള ആത്മശക്തി പോരാളിക്ക് ഗ്രന്ഥകാരന് പകര്‍ന്നുകൊടുക്കുന്നു.
വെളിച്ചമെന്ന പ്രകൃതിസംഗീതം
ആമുഖ അധ്യായത്തിന്റെ തുടര്‍ച്ചയാണ് നോവലിലെ അവസാനത്തെ അധ്യായം. പഴയ കടല്‍ത്തീരം. അവിടെ ആ ആണ്‍കുട്ടിയും അതേ സുന്ദരിയായ സ്ത്രീയും. സുന്ദരിയായ സ്ത്രീയുടെ ചുണ്ടുകളില്‍നിന്നാണ് വെളിച്ചത്തിന്റെ പോരാളിയാവാനുള്ള വെളിപാടുകളൊക്കെ കേട്ടതെന്ന് വായനക്കാര്‍കൂടി മനസ്സിലാക്കുന്നു. ആ നേരത്ത് ആകാശത്ത് ഇരുട്ടുവീണുതുടങ്ങിയിരുന്നു. കടലിലെ ക്ഷേത്രത്തില്‍നിന്ന് ഉയര്‍ന്നുകേട്ട മണിനാദംപോലെ പ്രകാശത്തായ വെളിപാടുകള്‍ അവനില്‍ എന്ത് മാറ്റമാണുണ്ടാക്കിയിട്ടുണ്ടാവുക? അവന് പറഞ്ഞതും അവള് പറഞ്ഞതും പൗലോ കൊയ്ലോയുടെ വാക്കുകളില്‍നിന്ന് തന്നെ വായിച്ചറിയുക: ‘‘അവള് സംസാരം അവസാനിപ്പിച്ചപ്പോഴേക്കും ഇരുട്ടുവീണു കഴിഞ്ഞിരുന്നു. ചന്ദ്രന് ഉദിച്ചുവരുന്നതും നോക്കി അവര്‍ ഇരുവരും ഇരുന്നു.’’
‘‘നിങ്ങള്‍ പറഞ്ഞ പല കാര്യങ്ങളും പരസ്പരവിരുദ്ധമാണ്’’, അവന് പറഞ്ഞു.
അവള് എഴുന്നേറ്റു. അവള് പറഞ്ഞു, ‘‘ഗുഡ്ബൈ.’’
അതോടൊപ്പം ഇതും.
‘‘നീ അറിഞ്ഞല്ലോ, കടലിനടിത്തട്ടിലെ മണികള്‍ വെറും ഒരു കെട്ടുകഥയല്ലെന്ന്. പക്ഷേ, എപ്പോഴാണവ നിനക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. കാറ്റും കടല്‍ക്കാക്കകളും പനയോലകളുടെ ആരവവുമെല്ലാം മണികളുടെ മുഴക്കത്തിന്റെ ഭാഗമാണെന്ന് നീ യാഥാർഥ്യമായി സ്വീകരിച്ചപ്പോള്‍ മാത്രം. അതേപോലെതന്നെ തന്റെ ചുറ്റുമുള്ള സകലതും –അവന്റെ വിജയങ്ങള്‍, അവന്റെ പരാജയങ്ങള്‍, അവന്റെ ഉത്സാഹം, അവന്റെ ആകുലത എല്ലാം അവന്റെ നല്ല പോരാട്ടത്തിന്റെ ഭാഗമാണെന്ന് വെളിച്ചത്തിന്റെ പോരാളിക്കറിയാം. ആവശ്യമുള്ളപ്പോള്‍ ഏതു തന്ത്രമാണുപയോഗിക്കേണ്ടതെന്നും അവന് അറിയും. യുക്തിയുക്തമാകാന് ഒരു പോരാളി ശ്രമിക്കുന്നില്ല. സ്വന്തം വൈരുധ്യങ്ങളോടൊപ്പം ജീവിക്കാന്‍ അവന് പഠിച്ചുകഴിഞ്ഞിരിക്കുന്നു.’’
അവന് ആകാംക്ഷയോടെ ചോദിച്ചു: ‘‘നീ ആരാണ്?’’
‘‘പക്ഷേ, ആ സ്ത്രീ ഇതിനകംതന്നെ നീങ്ങിക്കഴിഞ്ഞിരുന്നു. തിരമാലകള്‍ക്ക് മുകളിലൂടെ നടന്ന്, ഉദിച്ചുയരുന്ന ചന്ദ്രനിലേക്ക്.’’
സത്യവും മിഥ്യയും തിരിച്ചറിയാനാവാത്തവിധം ഫാന്റസിയുടെ മായിക അന്തരീക്ഷത്തിലാണ് ഈ കൃതിയുടെ നില്പ്. ‘‘ജീവിതം കെട്ടുകഥകളെക്കാള്‍ അതിശയോക്തി നിറഞ്ഞതാണ്’’ എന്നു പറഞ്ഞ മാർകേസിന്റെ അനുഭവചിന്തകളോടൊപ്പം മറ്റൊരു ലാറ്റിനമേരിക്കൻ യാഥാർഥ്യമായി പൗലോ കൊയ്ലോയും നിലകൊള്ളുന്നു.
അമ്മയുടെ ഗര്‍ഭപാത്രത്തിലെ ഇരുട്ടില്‍നിന്ന് സൂര്യസ്പര്‍ശമുള്ള പകലുകളിലേക്കും ചാന്ദ്രശീകരമായ രാത്രികളിലേക്കുമാണ് മനുഷ്യര്‍ ജനിച്ചുവീഴുന്നത്. കണ്ണിലേക്ക് പകരുന്ന വെളിച്ചം ഉള്ളിലേക്ക് പകര്‍ത്തുന്ന വെളിച്ചമായിത്തീരുന്നു. ആകാശമെന്ന അനന്തവിസ്തൃതിയില്‍ ഉള്ളടക്കം ചെയ്യപ്പെട്ട പ്രപഞ്ചം. കടലിനാലും കരയാലും ആകാശത്താലും ചുറ്റപ്പെട്ട ഭൂമി. അതിന്റെ മടിത്തട്ടില്‍ നിലകൊള്ളുന്ന ജീവന്റെ പ്രകാശബിന്ദുക്കള്‍. ജീവജാലങ്ങളും ചരാചരങ്ങളും നിറഞ്ഞ അനന്തവൈചിത്ര്യങ്ങള്‍. അതില്‍ നിലകൊള്ളുന്ന സചേതനമായ മനസ്സ്. അതില്‍ നിറഞ്ഞുനില്ക്കുന്ന ബോധവെളിച്ചം. അതിലൂടെ തന്നെയും ലോകത്തെയും കാണാനുള്ള കാഴ്ച... ഇത്രയുമാണ് ‘വെളിച്ചത്തിന്റെ പോരാളികളി’ലൂടെ പൗലോ കൊയ്ലോ പറയാന്‍ ശ്രമിച്ചത്. എല്ലാം ഒന്നാണെന്നുള്ള സമഭാവനക്കപ്പുറം തന്നിലും അപരനിലുമുള്ള വൈരുധ്യങ്ങളെ മറനീക്കി കാണിക്കുകകൂടി ചെയ്യുന്നു. വൈരുധ്യങ്ങളെയും പാരസ്പര്യങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളുമ്പോള്‍ പ്രപഞ്ചത്തിന്റെ സംഗീതം കേള്‍ക്കാനാവുന്നു. വെളിച്ചത്തിന്റെ പോരാളിയിലൂടെ ഉയര്‍ന്നുകേള്‍ക്കുന്നത് ജീവിതത്തിന്റെ ആ മധുരസംഗീതമാണ്.
l