ശമീല ഫഹ്മിയും അക്ബർ മാഷും
ശമീല ഫഹ്മി ഒരു കഥാപാത്രമാണ്. അക്ബർ കഥാരചയിതാവും. കഥാകാരനും കഥാപാത്രവും തമ്മിലുള്ള ആശയവിനിമയമാണ് യഥാർഥത്തിൽ ഒരു കഥ. അങ്ങനെയെങ്കിൽ അക്ബറും ശമീല ഫഹ്മിയും തമ്മിൽ എന്താണ് അടുപ്പം.
കഥാപാത്രങ്ങളിലൂടെ ചില സ്വകാര്യങ്ങൾ പറഞ്ഞ കഥാകാരനായിരുന്നു അക്ബർ കക്കട്ടിൽ. ആ കഥകൾ വായിക്കുകയും യാഥാർഥ്യവും സ്വകാര്യങ്ങളും തമ്മിലുള്ള ഇഴയടുപ്പം കഥാഭാഷയിൽ അറിയുകയും ചെയ്തിരുന്നു.
''ബാലാ, എെൻറ കഥ വന്നിട്ടുണ്ട്. വായിച്ചോ?'' അക്ബർ എഴുതും. വായനയുടെ ഭംഗിയെക്കുറിച്ച് ഞാനറിയിക്കും. അങ്ങനെ പതുക്കപ്പതുക്കെ വികസിച്ചു വന്ന സൗഹൃദത്തിന്റെ ഓർമയാണ് അക്ബർ കക്കട്ടിൽ.
തന്റെ ഒരു കഥക്കും പിന്നീട് തന്റെ ചെറുകഥാസമാഹാരത്തിനും ശമീല ഫഹ്മി എന്ന പേർ ഈ കഥാകാരൻ സ്വീകരിച്ചു. അതിന്റെ പൊരുൾ ആ കഥകൾ വായിച്ച മുതലേ ഞാൻ അന്വേഷിക്കുന്നു. ഇപ്പോഴും ആ തിരച്ചിലിലാണ് ഞാൻ. അക്ബർ പറയുമെന്ന് കരുതി, പക്ഷേ അക്ബർ പറയാതെ പോയി.
വാക്കുകൾക്കിടയിലൂടെ പ്രയോഗങ്ങൾക്കപ്പുറം ജീവിതവും രഹസ്യവും ഒളിപ്പിച്ചു കടത്തിയ കഥാകാരനായിരുന്നല്ലോ അക്ബർ. അയാൾക്ക് എല്ലാം റിയാലിറ്റി തന്നെ. ഒരുനാൾ അദ്ദേഹം കുറെ കഥകൾ എനിക്കയച്ചു തന്നിരുന്നു. എല്ലാം ആനുകാലികങ്ങളിൽ വന്നവ. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ വലിയ ഇടംപിടിച്ചുകഴിഞ്ഞിരുന്ന അക്ബർ എന്ന കഥാകാരൻ വായനക്കാരിലേക്ക് ഒരു അടക്കിപ്പിടിച്ച ചിരിയോടെ ഇറങ്ങിച്ചെല്ലുന്നു.
അയച്ചുതന്ന കഥകളിൽനിന്ന് ഏതാനും കഥകൾ തിരഞ്ഞെടുത്ത് ഒരു പുസ്തകരൂപത്തിലാക്കുക അതായിരുന്നു എനിക്കദ്ദേഹം നൽകിയ ചുമതല. ഒരു വായനക്കാരനായി ആ കഥകളിലൂടെ കടന്നുപോയി. നിരൂപകഭാവം ഈ കഥാകാരന് മുന്നിൽ ആവശ്യമില്ല എന്ന് തോന്നി. അങ്ങനെ സങ്കൽപിച്ചെടുത്ത പുസ്തകമാണ് ശമീല ഫഹ്മി.
ഈ തിരഞ്ഞെടുപ്പിൽ ഞാൻ മുതിർന്നത് വെറുതെയല്ല. വളരെ കാലം മുമ്പേ സ്നേഹിച്ചു തുടങ്ങിയ ഒരാളുമായി പിണങ്ങരുതല്ലോ. മലയാളത്തിലെ അഞ്ചാം തലമുറക്കാഥികരിൽ ഒരാൾ പ്രകടിപ്പിച്ച ആഗ്രഹം ചെയ്യുക തന്നെ എന്ന് ഞാനും നിശ്ചയിച്ചു. കഥകൾ തിരഞ്ഞെടുത്ത് അടുക്കിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കത്ത് അക്ബർ എനിക്കയച്ചിരുന്നതുമാണ്. ജീവിതം ഗഹനമായും ലളിതമായും എഴുതുന്ന ഈ ചെറുകഥാകൃത്തിന്റെ കഥകൾ, ചെറിയ തോതിലെങ്കിലും അസ്വാസ്ഥ്യപ്പെടുത്തി എന്ന് പറയാം. പരുപരുപ്പുകൾ നിലനിൽക്കുന്ന ഒരുതരം മധുരഭാഷയിൽ കഥ പറയുന്നു. കഥാപാത്രങ്ങളുടെ മനസ്സ് തുറന്നെടുക്കുന്നു. അങ്ങനെ ഒരു തടസ്സവുമില്ലാതെ രൂപപ്പെടുന്ന അക്ബറിന്റെ കഥകൾ ചില തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടിട്ടുള്ള കാര്യമാണ്. അതെന്നെ ആകർഷിക്കുകയും ചെയ്തിരുന്നു.
മലയാളത്തിന്റെ ആസ്വാദകർ പൊതുവെ സ്വീകരിച്ചു തുടങ്ങിയ ആ കഥകളിലെ വൈവിധ്യവും എന്നെ കുഴപ്പത്തിലാക്കി. ഈ കഥാകാരൻ അക്ബർ മാഷായി മാഷന്മാരുടെയും കുട്ടികളുടെയും കഥ പറഞ്ഞു. മനുഷ്യജീവിതത്തിന്റെ നിസ്സാരതകളിലും ചെറു ധാർഷ്ട്യങ്ങളിലും ഒളിഞ്ഞുനോക്കി. വ്യക്തികളിലേക്ക് ചുരുങ്ങിപ്പോവുന്ന കഥകളെഴുതി. ഫാന്റസിയും ചരിത്രം മാറുന്ന ഇടങ്ങളും പറയാതിരുന്നില്ല. ചില കഥകളിലൂടെ നമ്മെ ചിരിപ്പിക്കുകയും ചെയ്തു. ഈ കഥകളിൽനിന്നാണ് ഒരു കഥാസമാഹാരത്തിനാവശ്യമായ രചനകൾ തിരഞ്ഞെടുക്കേണ്ടത്.
ഓർമിക്കാൻ ശ്രമിക്കട്ടെ; ആരാണ് എനിക്ക് അക്ബർ കക്കട്ടിലെന്ന് പരിചയപ്പെടുത്തി തന്നത്? യു.കെ. കുമാരനോ ടി.വി. കൊച്ചുബാവയോ? വ്യക്തമായി ഓർക്കുന്നില്ല... എൺപതുകളിലെ ആ എഴുത്തു കൂട്ടായ്മകളിലേക്ക് ഈ കഥാകാരൻ ഒരു സാന്നിധ്യമായി. ആധുനികതയിൽനിന്നുള്ള ഒരു വിച്ഛേദത്തിന്റെ സ്വപ്നം ആ കാലം ഉണർത്തിയിരുന്നു. ബോർഹസിന്റെ കഥകൾ നമ്മുടെ ഭാഷയിലെത്തി. വി.പി. ശിവകുമാറും മറ്റു ചില കഥാകൃത്തുക്കളും ഭാഷയെ ധൂർത്തടിച്ചുതുടങ്ങിയിരുന്നു. എന്നിട്ടും അക്ബർ സ്വതഃസിദ്ധമായ ഭാഷയും ശൈലിയും കൈവിടാതെ കഥകളെഴുതുന്നു. നാടൻ മൊഴിവഴക്കത്തിന്റെ തണുപ്പ് പരത്തുന്ന ഒരു ഭാഷ അക്ബർ പ്രയോജനപ്പെടുത്തുന്നു. അത് കഥയിലെ തനിമയുള്ള മറ്റൊരു വഴിയായിരുന്നല്ലോ.
വി.പി. ശിവകുമാറും ടി.വി. കൊച്ചുബാവയും യു.കെ. കുമാരനും വി.ബി. ജ്യോതിരാജും എൻ. പ്രഭാകരനും ടി.എൻ. പ്രകാശും അശോകൻ ചരുവിലും അഷ്ടമൂർത്തിയുമടങ്ങുന്ന ഒരു ബൃഹദ് കഥാതലമുറ അവരവരുടേതായ വാങ്മയങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന കാലം. വായനയെ അവർ അത്ഭുതപ്പെടുത്തുന്നു. സഹൃദയർക്ക് അമ്പരപ്പുണ്ടാക്കുന്നു. ആ കാലത്താണ് തെൻറ പുതിയ ഒരു കഥാസമാഹാരം വരണമെന്ന് കക്കട്ടിൽ താൽപര്യപ്പെടുന്നത്.
വിഭിന്ന സ്വഭാവങ്ങളുള്ള അക്ബറിന്റെ കഥകൾ കൂടിച്ചേരുമ്പോൾ വായനയിൽ എന്ത് സംഭവിക്കുമെന്ന് അറിയേണ്ടത് നിരൂപണകലയിലെ ഒരു കൗതുകം തന്നെ എന്ന് ഞാൻ കരുതി. നാലുഭാഗങ്ങളിലായി ആ കഥകൾ വേർതിരിക്കപ്പെട്ടു. അതിനായി നിർബന്ധിതനായി എന്നതാകും ശരി. കഥാപാത്രങ്ങളുടെ പേരുകൾ വഹിക്കുന്ന എട്ടു കഥകൾ ഒന്നാം ഭാഗത്തും പുരാണേതിഹാസമനോഭാവങ്ങളുടെ ചൂടുള്ള ഏഴു കഥകൾ രണ്ടാം ഭാഗത്തും ചേർത്തു. സാമൂഹിക–രാഷ്ട്രീയപ്രശ്നങ്ങൾ ഉള്ളടങ്ങുന്ന ചില കഥകൾ മൂന്നാം ഭാഗത്ത് വന്നു. നാലാം ഭാഗത്തെ രണ്ടു കഥകൾ ഫാന്റോ റിയലായി. ഇതൊക്കെയാണെങ്കിലും കക്കട്ടിലിെൻറ മിക്കവാറും കഥകൾക്കുള്ളിൽ ഒരു ചിരി നമുക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു. കറുത്തചിരി എന്നൊന്നും ആ ചിരിയെ വിശേഷിപ്പിച്ച് നമ്മുടെ നിരൂപകർ ആനന്ദിച്ചില്ല. എങ്കിലും ചിരിയും മനസ്സും ചേർന്ന് ഒരു ഭാവശൈലി മലയാളകഥക്ക് ലഭിച്ചത് ഈ കഥാകാരനിൽനിന്നായിരുന്നോ? ഇപ്പോൾ ആരെങ്കിലും അങ്ങനെ സംശയിച്ചാൽ ഞാൻ പറയും, തെറ്റല്ല എന്ന്.
ശമീല ഫഹ്മി എന്ന പേർ അക്ബർ കക്കട്ടിൽ തന്റെ പുസ്തകത്തിന് സ്വീകരിച്ചു എന്ന് പിന്നീട് മനസ്സിലായി. തിരഞ്ഞെടുത്ത കഥകളിൽ അക്ബർ മാറ്റം വരുത്തിയോ എന്ന് എനിക്ക് ഓർമയില്ല. ഒരു വിസ്മയമായി കടന്നുവന്ന ആ നാമം ദുരൂഹമായ ഒരു സമസ്യയായി മാറുന്നതിലെ ഓർമയാകാം അക്ബറിനെ ആകർഷിച്ച പൊതുതത്ത്വം.
അക്ബർ എന്നോട് പറഞ്ഞു: ''ബാലാ, ഈ കഥകൾ തിരഞ്ഞെടുത്തത് നീയാണെന്ന് ആരോടും പറയരുത്.''
എനിക്ക് അത്ഭുതവും അമ്പരപ്പുമുണ്ടായി. വസ്തുത മറ്റുള്ളവർ അറിഞ്ഞാൽ എന്താണ് തെറ്റ്? അക്ബറിന്റെ കഥകളെക്കുറിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്തെങ്കിലും ആ രഹസ്യം ആ നല്ല സുഹൃത്തിനു വേണ്ടി പറയാതിരുന്നതാണ്.
തൃശൂരിലെ കഥാസമ്മേളനങ്ങൾക്ക് കക്കട്ടിൽ വന്നു. സാഹിത്യ ക്യാമ്പുകളിൽവെച്ച് നേരിൽ കണ്ടു. അപ്പോഴൊക്കെ അക്ബർ പറഞ്ഞതിന്റെ പൊരുളെഴുത്ത് എന്ത് എന്നു ഞാൻ ആലോചിച്ചുകൊണ്ടിരുന്നു. പിന്നീടെപ്പോഴോ ഒരു ലേഖനത്തിൽ ആ വസ്തുത തുറന്നു പറഞ്ഞു. ഉൗന്നുവടിയും ഉഴവുചാലും എന്ന ലേഖനത്തിലായിരുന്നു അത്. കഥാകാരൻ പ്രതികരിച്ചതേയില്ല. മുറുമുറുപ്പ് ഉണ്ടാക്കിയോ എന്നും അറിയില്ല.
കഥാകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയിലേക്ക് എന്നെ കൊണ്ടെത്തിച്ചത് അക്ബറായിരുന്നു. 'സ്മാരകശിലകളു'ടെ കർത്താവും സുഹൃത്തായി. കന്യാവനങ്ങൾക്ക് നിരൂപണം എഴുതണമെന്നും ആവശ്യപ്പെട്ടത് കക്കട്ടിൽ തന്നെ.
'പ്രതിഭാസംഗമം' എന്ന പേരിൽ പുതിയ തലമുറക്കാഥികരുടെ കഥകൾ സമാഹരിച്ചപ്പോൾ അതിന് പിറകിൽ എൻ.പി. ഹാഫിസ് മുഹമ്മദിനോടൊപ്പം അക്ബറുമുണ്ടായിരുന്നു. സി.എച്ച്. ഹരിദാസിനെ മറക്കാനാവില്ല. അത് കഥാസാഹിത്യത്തിലെ ഒരു ചരിത്രസംഭവമായിരുന്നു. അതിലെത്ര പേർ പിന്നീട് കഥയെഴുത്തുകാരായി തുടർന്നു എന്നത് മറ്റൊരു പ്രശ്നം. പ്രതിഭാസംഗമത്തിന്റെ അവതാരിക എത്ര കഥാകൃത്തുക്കളുടെ മുകുളഹിംസക്ക് ഹേതുവാകും എന്ന് അക്ബറിനോട് ചോദിച്ചത് ഞാൻ ഓർമിക്കുന്നു. സുഹൃദ്ബന്ധങ്ങൾ തുടർന്നുപോന്നു. ആധുനികോത്തര സാഹിത്യം പിറന്ന് മരിച്ചു.
ഇതിനിടയിലാണ് അങ്കണം സാംസ്കാരികവേദിയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നത്. അതിന്റെ ആദ്യത്തെ സാഹിത്യക്യാമ്പ് തൃപ്രയാറിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. എം.ടിയെ ക്യാമ്പിൽ എത്തിക്കണം. പുനത്തിൽ കുഞ്ഞബ്ദുള്ള സഹായിക്കുമെന്ന് അക്ബർ ഉറപ്പ് നൽകി. ക്യാമ്പിെൻറ പ്രോദ്ഘാടനം എം.ടി. വാസുദേവൻനായർ നിർവഹിച്ചപ്പോൾ, ക്യാമ്പ് ഡയറക്ടർമാരായി പുനത്തിലും ഈ ലേഖകനും പ്രവർത്തിച്ചു. ക്യാമ്പിലെ മുഴുനീള സാന്നിധ്യമായിരുന്നു അക്ബർ എന്നോർക്കുന്നു.
പിന്നീട് പുതിയ തലമുറയിലെ കലാകാരന്മാരെ/ എഴുത്തുകാരെ കണ്ടെത്താനും േപ്രാത്സാഹിപ്പിക്കാനും വേണ്ടി പുരസ്കാരം ഏർപ്പെടുത്താൻ തീരുമാനിക്കുന്നു. നിരവധി ചർച്ചകൾക്ക് ശേഷമാണ് പുരസ്കാരവുമായി ബന്ധപ്പെട്ട ഒരു തീർപ്പിൽ എത്തുന്നത്. ഡോ. സുകുമാർ അഴീക്കോടുമായി ഈ കാര്യം ചർച്ച ചെയ്യുകയും ചെയ്തു. മുപ്പത്തിയഞ്ച് വയസ്സ് തികയാത്ത എഴുത്തുകാർക്ക് പുരസ്കാരം നൽകിയാൽ മതിയെന്ന അഭിപ്രായം ഉയർന്നുവന്നു. മാത്രവുമല്ല, അവാർഡ് തുകയായി പണം നൽകേണ്ടതില്ലെന്നും വന്നു. അരപ്പവൻ തൂക്കമുള്ള സ്വർണപ്പതക്കവും പ്രശസ്തിപത്രവും അടങ്ങുന്നതായിരിക്കണം പുരസ്കാരമെന്ന് നിശ്ചയിച്ചു.
കേരളത്തിലെ നിലവിലുള്ള അവാർഡ്സംസ്കാരത്തിന് ഒരു പ്രതിരോധമായി അങ്കണം അവാർഡ്. അവാർഡിനായി പുസ്തകങ്ങൾ ക്ഷണിക്കപ്പെട്ടു. അയച്ചുകിട്ടിയ പുസ്തകങ്ങളിൽ ശമീല ഫഫ്മിയും ഉണ്ടായിരുന്നു.
ആദ്യത്തെ പുരസ്കാരം നിർണയിച്ചത് ഡോ. സുകുമാർ അഴീക്കോട് ചെയർമാനായുള്ള കമ്മിറ്റിയായിരുന്നു. പുസ്തകത്തിെൻറ കാലാവധി ആ വർഷം തീരുന്നു എന്നുള്ളതിനാലും അയച്ചുകിട്ടിയ കൃതികളിൽ മികച്ചത് അക്ബർ കക്കട്ടിലിെൻറ പുസ്തകമായതിനാലും പുരസ്കാരം ശമീല ഫഹ്മിക്ക് കൊടുക്കാൻ വിധിയായി. കഥ പറയുന്നതിലെ ചാതുര്യവും ലളിതമായ അവതരണശൈലിയുടെ സുഭഗതയും പത്രസമ്മേളനത്തിൽ അഴീക്കോട് എടുത്തു പറഞ്ഞതായിട്ടാണ് ഓർമ. അര മാർക്കിനാണ് പി. സുരേന്ദ്രന്റെ കഥാസമാഹാരം പുരസ്കൃതമാവാതെ പോയത് എന്നത് ഇനി രഹസ്യമാക്കി െവക്കേണ്ടതില്ലല്ലോ.
രണ്ടാമത്തെ അങ്കണം അവാർഡ് അഷിതയുടെ വിസ്മയചിഹ്നങ്ങൾക്കായിരുന്നു. മൂന്നെത്തിയപ്പോൾ സ്വാഭാവികമായോ ബോധപൂർവമായോ ഒരു തർക്കം രൂപപ്പെടാനുള്ള സാധ്യത എന്റെ ശ്രദ്ധയിൽപെട്ടു. സാംസ്കാരികപ്രവർത്തനത്തെക്കുറിച്ചുള്ള ആലോചനകൾക്കിടയിൽ അക്ബർ അറിയിച്ച കാര്യം ആർ.ഐ. ഷംസുദ്ദീൻ എന്നെ അറിയിച്ചു.
ഈ വർഷത്തെ പുരസ്കാരം ടി.വി. കൊച്ചുബാവക്ക് കൊടുക്കരുത് എന്ന് പുനത്തിൽ പറഞ്ഞതായി അക്ബർ അറിയിച്ചേത്ര. മറ്റൊരു അവാർഡ് തരപ്പെടുത്തിക്കൊടുക്കാമെന്നും. ഞാനത് വിശ്വസിച്ചില്ല. ചെയർമാൻ തന്നെ അവാർഡിന്റെ ദിശയിൽ മാറ്റം വരുത്തുകയാണോ എന്ന് എനിക്ക് സംശയം തോന്നി. സൂചിക്കുഴയിലെ യാക്കൂബ് എന്ന കൊച്ചുബാവയുടെ കൃതി ഉൾപ്പെടുത്തുകയും സ്വാഭാവികമായും പുരസ്കാരം കൊച്ചുബാവക്ക് നിർണയിക്കപ്പെടുകയും ചെയ്തു. അങ്കണത്തിൽ നിന്നകലാനുള്ള എന്റെ തുടക്കം ആ അവാർഡ് വിവാദമായിരുന്നു എന്ന് സൂചിപ്പിക്കട്ടെ.
ഞാനും അക്ബറുമായുള്ള സൗഹൃദത്തിൽ ഉലച്ചിൽ തട്ടിയതായി എനിക്ക് തോന്നിയില്ല. എന്നാൽ പരിചയവൃത്തം വിപുലപ്പെടുമ്പോൾ ബന്ധങ്ങളിൽ മാറ്റം വരിക സ്വാഭാവികമാണ്. അത് ചില കുഴപ്പങ്ങൾ ഉണ്ടാക്കും. കുഴപ്പങ്ങൾക്ക് കാരണായി എന്ന് തോന്നുന്ന പലതും യാഥാർഥ്യമാകണമെന്നില്ല. ഈ സാമൂഹികനിയമം ലംഘിക്കപ്പെടാതെ പുലർന്നുകൊണ്ടേയിരിക്കുന്നു. പുനത്തിൽ കുഞ്ഞബ്ദുള്ളയോടൊപ്പം തൃശൂരിൽ അക്ബർ ഇടക്കൊക്കെ എത്തുമായിരുന്നു. വന്നാൽ വിളിക്കും. കുറച്ചു നേരം കുശലം പറഞ്ഞ് അവർ പോകും.
ഒരുദിവസം അക്ബർ അറിയിച്ചു: ''പുനത്തിൽ കുഞ്ഞബ്ദുള്ളയും ഞാനും തൃശൂരിൽ വരുന്നുണ്ട്. പാലക്കാട് പോകണം. 1986ലെ വയലാർ അവാർഡ് ദാനമാണ്.'' പാലക്കാട് ടൗൺഹാളിലായിരുന്നു ചടങ്ങ്. എൻ.എൻ. കക്കാടിെൻറ സഫലമീയാത്രക്കായിരുന്നു അവാർഡ്. ''പുനത്തിൽ പറഞ്ഞിട്ടുണ്ട്, നീ വേണമെന്ന്.'' അക്ബർ പറഞ്ഞു. കഥാകാരൻ കക്കട്ടിലുമൊത്ത് ഒരു സാഹിത്യയാത്രയും അതുവരെ ഞാൻ നടത്തിയിരുന്നില്ല. എന്റെ നഗരത്തിൽനിന്ന് ഒ.വി. വിജയെൻറ നാട്ടിലേക്കുള്ള ദൂരം അത്ര വലുതല്ല. കാണലും എഴുതലും ആയിരുന്നു സൗഹൃദത്തിന്റെ ഞങ്ങൾക്കിടയിലെ അടയാളപ്പെടുത്തലുകൾ. ''ശരി, വരാം'' എന്ന് ഞാൻ സമ്മതിച്ചു. അക്ബറിെൻറ കഥകളിലൂടെ നടത്തിയിട്ടുള്ള യാത്രകൾ കൗതുകകരമായിരുന്നല്ലോ എന്നും ഓർമിച്ചു.
പിറ്റേന്ന് കൃത്യസമയത്തുതന്നെ പുനത്തിൽ തൃശൂരിൽ എത്തിയതിനാൽ, അവരുടെ കാറിൽ കയറി. പുനത്തിലിനോടൊപ്പം അക്ബർ മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂ. അക്ബർ ചിരിപ്പിച്ചും ഉണർത്തിയും ചിലതൊക്കെ പറഞ്ഞുകൊണ്ടിരുന്നു. പുനത്തിൽ പറഞ്ഞു: ''സാഹിത്യത്തിലെ മൗലികതയാണ് ചർച്ചാവിഷയം എന്ന് തോന്നുന്നു.'' നഗരത്തിൽ എത്താറാവുന്നതിന് തൊട്ടുമുമ്പായി കഥാകാരൻ പറഞ്ഞു. ''ബാലാ, ഞാൻ വലിയ എഴുത്തുകാരനൊന്നുമല്ല. ചെറിയവൻ. അതിെൻറ പരിമിതികൾ എനിക്കുണ്ട്.''
ഞാൻ ചിരിച്ചു. കന്യാവനങ്ങൾ എന്ന നോവലിന്റെ നിരൂപണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നുകഴിഞ്ഞിരുന്നു എന്നാണെന്റെ ഓർമ. കന്യാവനങ്ങൾ വിവാദത്തിലേക്ക് പ്രവേശിച്ചിരുന്നോ? എന്തായാലും കന്യാവനങ്ങളുടെ റിവ്യൂവിന്റെ പ്രസക്തി അക്ബർ എടുത്തുപറഞ്ഞു. കൽപക ഹോട്ടലിലാണ് ഞങ്ങൾ ചെന്നുകയറിയത് എന്നാണ് ഓർമ. അവിടെ മുറിയിൽ മലയാളത്തിലെ സാഹിത്യപ്രമാണിമാരിൽ ചിലർ വർത്തമാനം പറഞ്ഞിരിക്കുന്നു. ആരാണ് എന്ന് മനസ്സിലായില്ല. അടുത്തു ചെന്നപ്പോഴാണ് പ്രമാണിമാർ മാത്രമല്ല, പ്രഗല്ഭരുമാണ് എന്ന് മനസ്സിലായത്. കട്ടിലിൽ തോപ്പിൽ ഭാസി ഇരിക്കുന്നു. മുന്നിൽ മലയാറ്റൂർ രാമകൃഷ്ണൻ. ''നിെൻറ മറ്റേ കാലും ഞാൻ തല്ലിയൊടിക്കും'' എന്ന് തോപ്പിൽ ഭാസിയോട് ശബ്ദിക്കുന്ന മലയാറ്റൂരിനെയാണ് കണ്ടത്. ഇതെല്ലാം ശ്രദ്ധിച്ച് നിരൂപകനായ വി. രാജകൃഷ്ണൻ ജനലിൽക്കൂടി പുറത്തേക്ക് നോക്കിനിൽക്കുന്നു. കൈയിൽ ഒരു ഗ്ലാസുണ്ട്.
പുനത്തിലിനെ കണ്ടപാടെ മലയാറ്റൂർ എഴുന്നേറ്റു നിന്ന് വന്ദിച്ചു. അഭിസംബോധന ഇപ്രകാരം: ''പുനം നമ്പൂതിരി വന്നല്ലോ...''
തീർച്ചയായും ആ പ്രയോഗം എനിക്ക് ആകർഷകമായിത്തോന്നി. പുനത്തിലിെൻറ മരണശേഷം ഞാൻ എഴുതിയ ഓർമലേഖനത്തിൽ മലയാറ്റൂരിനെ സ്മരിച്ചുകൊണ്ട്, ഗദ്യത്തിൽ ചമ്പുക്കളെഴുതിയ പുനം എന്നാണ് പേർ നൽകിയത്. ആ ഗദ്യചമ്പുക്കൾ ഇന്നും നമ്മെ അസ്വാസ്ഥ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
അക്ബർ കക്കട്ടിലും ഞാനും ഈ മുതിർന്നവരുടെ വാക്കുകൾ ശ്രദ്ധിച്ച് ഒരുഭാഗത്ത് നിന്നു. പുനത്തിലിനോടായി മലയാറ്റൂർ ചോദിച്ചു. ''സാഹിത്യത്തിൽ എവിടെയാണെടോ ഈ മൗലികത?'' പുനത്തിൽ പറയാൻ ശ്രമിച്ചതിനെ മലയാറ്റൂർ തടഞ്ഞു. നമ്മുടെ പ്രഗല്ഭരായ ഈ എഴുത്തുകാർ നേരിയ ലഹരിയിലാണ് എന്ന് മനസ്സിലായി. നമ്മുടെ എഴുത്തുകാരുടെ കൂട്ടായ്മകൾ രൂപപ്പെടുന്ന രീതിയും മറ്റും അറിഞ്ഞു.
മലയാറ്റൂർ തന്റെ കഥ തുടങ്ങിക്കഴിഞ്ഞിരുന്നു. ഡോ. എസ്.കെ. നായർ ഉള്ള കാലം. കൊല്ലത്തെ ഒരു ഹോട്ടലിൽ, തെൻറ മുറിയിലേക്ക് കടന്നുചെന്ന പെൺകുട്ടിയെ കണ്ട് മലയാറ്റൂർ പകച്ചു. തനിക്കറിയാവുന്ന ഒരു എൻജിനീയറുടെ മകൾ. എന്റെ മകളോടൊപ്പം പഠിക്കുന്നവൾ. അത് മലയാറ്റൂരിനെ കൂടുതൽ വേദനിപ്പിച്ചു. ആ അമ്പരപ്പിൽ ആ പെൺകുട്ടിയെ മുറിക്ക് പുറത്താക്കി. മലയാറ്റൂർ എല്ലാവരോടുമായി ചോദിക്കുന്നു. ഇവിടെ എവിടെയാടോ മൗലികത? മൗലികതയില്ലാത്ത ജീവിതം സാഹിത്യത്തിൽ എങ്ങനെ മൗലികതയുണ്ടാക്കും. ഒരു വലിയ വിഷയം തന്നെ.
മൗലികതയെക്കുറിച്ചാണ് അക്ബർ കക്കട്ടിലും കഥകളിലൂടെ പറഞ്ഞുകൊണ്ടിരുന്നത്. ധർമം ഇത്രമാത്രം ക്രൂരമാണോ എന്നും ഒരു കഥയിൽ ചോദിക്കുന്നു. ഭീമൻ പറഞ്ഞു: ''ഞങ്ങളുടെ ഏട്ടനെ ക്രൂരനാക്കാൻ മാത്രം വിരൂപമാണോ ധർമത്തിന്റെ മുഖം?'' തോപ്പിൽഭാസിയേയും മലയാറ്റൂരിനേയും ഞാൻ ആദ്യമായി കാണുകയായിരുന്നു. ഒരുപക്ഷേ, അതായിരുന്നു ഒടുവിലത്തെ കാഴ്ചയും.
അക്ബർ കാരണമാണല്ലോ ഈ പ്രതിഭാശാലികളെ നേരിൽ കാണാൻ കഴിഞ്ഞത്? അക്ബറിന് ആ നന്ദി അർഹിക്കുന്നു. ഇങ്ങനെ ചില ആനന്ദങ്ങൾ സൗഹൃദത്തിെൻറ ചരിത്രത്തിൽ പകർന്നുകൊടുത്ത അക്ബർമാഷെ കഥകളിലൂടെ തിരിച്ചറിയുക.
പ്രിയപ്പെട്ട അക്ബർ, നീ എവിടെവെച്ചാണ് ആ സ്നേഹത്തിെൻറ പടികൾ ഇറങ്ങിയത്? ആറാട്ടുപുഴ െവച്ചായിരിക്കണം എന്നോർമിക്കുന്നു. ഒരു മാസിക പത്രാധിപരുടെ മകളുടെ വിവാഹത്തിൽ നീയും ഞാനും വന്നു. നീ എന്നോട് എന്തോ കയർത്ത് സംസാരിച്ചു. ''നീയെന്നെ അഭിനന്ദിച്ചില്ലല്ലോ'' എന്ന് പരാതി പറഞ്ഞു.
സാഹിത്യ അക്കാദമിയുടെ ചുമതലക്കാരനായി മാറിക്കഴിഞ്ഞിരുന്ന കക്കട്ടിൽ ആകെ മാറിപ്പോയി എന്ന് തോന്നി. എവിടെയാണ് പിഴച്ചത്? അറിയില്ല. ജീവിതത്തിൽ ചില സമയങ്ങളിൽ നാം ചിലതൊക്കെ നേടുന്നു. ചിലർ സ്വയം ബലികൊടുക്കാൻ തയാറാവുന്നു. നേടാനാവാത്ത ഒരാൾക്കു വലിയവനാകാൻ കഴിയില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു.
തിരിച്ചുപോകുമ്പോൾ അക്ബർ എന്നോടു പറഞ്ഞു: ''നാം തർക്കിച്ചത് ആരും അറിയണ്ട.'' കഥയിലെ ഒരു യാഥാർഥ്യം ഞാൻ തിരിച്ചറിയുന്നു. എല്ലാ ശബ്ദങ്ങളേയും രഹസ്യമാക്കി വെക്കുന്ന കഥാപാത്രസൃഷ്ടിയിലൂടെ വായനയുടെ വേരുകൾ ചികഞ്ഞിരുന്ന കഥാകാരനായിരുന്നു അക്ബർ കക്കട്ടിൽ.
ശമീല ഫഹ്മിയിലെ ഒടുവിലത്തെ വാക്യം ഓർമയിലേക്ക് വരുന്നു. ''എന്റെ ഷാഹിദയേയുംകൊണ്ട് ഏതോ ഒരു ശമീല ഫഹ്മി കടന്നു കളഞ്ഞിരിക്കുന്നു. വിസ്മയത്തോടെ അക്ബറിനേയും ശമീല ഫഹ്മിയേയും ഞാൻ സ്മരിക്കട്ടെ. വയലാർ അവാർഡ് സമ്മേളനം കേൾക്കാൻ നിൽക്കാതെ ഞാൻ നഗരം വിട്ടതാണ് മറ്റൊരു പ്രത്യേകത. പോവുന്നു എന്ന് അക്ബറിനോട് പറഞ്ഞ് ആ മുറിയിൽനിന്നിറങ്ങി നഗരത്തിലെ ബസ് മൂലയിലേക്ക് ഞാൻ നടന്നു. കക്കാടിെൻറ മകൻ വയലാർ പുരസ്കാരം സ്വീകരിച്ചതും പൊട്ടിക്കരഞ്ഞതും ഇന്നും ഓർത്തെടുക്കാവുന്ന ഒരു മിത്തായി ആരോ എനിക്ക് പറഞ്ഞുതന്നു.