പറക്കും വാക്ക്
അമേരിക്കൻ കവി ഗ്രിഗറി പാർഡ്ലോ, വടക്കുപടിഞ്ഞാറൻ വെയ്ൽസുകാരി ഷാൻ നോർത്തി, മാൾട്ട കവി നാദിയ മിഫ്സൂദ് എന്നിവരെ പരിചയപ്പെടുത്തുന്നു. ഒപ്പം അവരുടെ കവിതകൾ മലയാളത്തിലേക്ക് മൊഴിമാറ്റുന്നു. പലതായി പറക്കും വാക്ക്. മൊഴി പകർന്നുവരുന്ന വാക്ക്. ഭാഷയുടെ ഏതോ ഒരു വിളികൊണ്ടാണ്, മറുവിളിയുടെ രസവും രഹസ്യവും തേടുന്നതിന്റെ വെമ്പൽകൊണ്ടാണ് ആ പറന്നുവരവ്.“പറക്കും വാക്കി”ൽ എനിക്ക് വ്യക്തിപരമായി അറിയുന്ന ഇക്കാല വിദേശകവികളുടെ കവിതകളും കൂടെ...
Your Subscription Supports Independent Journalism
View Plansഅമേരിക്കൻ കവി ഗ്രിഗറി പാർഡ്ലോ, വടക്കുപടിഞ്ഞാറൻ വെയ്ൽസുകാരി ഷാൻ നോർത്തി, മാൾട്ട കവി നാദിയ മിഫ്സൂദ് എന്നിവരെ പരിചയപ്പെടുത്തുന്നു. ഒപ്പം അവരുടെ കവിതകൾ മലയാളത്തിലേക്ക് മൊഴിമാറ്റുന്നു.
പലതായി പറക്കും വാക്ക്. മൊഴി പകർന്നുവരുന്ന വാക്ക്. ഭാഷയുടെ ഏതോ ഒരു വിളികൊണ്ടാണ്, മറുവിളിയുടെ രസവും രഹസ്യവും തേടുന്നതിന്റെ വെമ്പൽകൊണ്ടാണ് ആ പറന്നുവരവ്.
“പറക്കും വാക്കി”ൽ എനിക്ക് വ്യക്തിപരമായി അറിയുന്ന ഇക്കാല വിദേശകവികളുടെ കവിതകളും കൂടെ എന്റെ ഓർമകളും വിചാരങ്ങളും ഒക്കെയാണ് ഉണ്ടാവുക. ഏറ്റവും ഇഷ്ടപ്പെട്ട കവിതകൾ മാത്രമല്ല ഞാൻ മൊഴിമാറ്റം ചെയ്യാൻ തുനിയാറുള്ളത്. കാവ്യമികവിനേക്കാൾ കവിതകളുടെ വ്യത്യാസങ്ങളും തേടലുകളും ആണ് മൊഴിമാറ്റത്തിനുള്ള പ്രധാനപ്രേരണ. മൊഴിമാറിയാൽ മലയാളത്തിൽ ‘നിൽക്കുമോ’എന്ന് സന്ദേഹം തോന്നുന്ന തരം കവിതകൾ മൊഴിമാറ്റാൻ കൗതുകം കൂടും. മലയാളമൊഴിയിലെ ആ വിദേശനിൽപ് അറിയലാണ് പ്രിയം. മലയാളഭാഷയുടെ ശീലങ്ങളിലേക്ക് അവയെ വഴക്കിമാറ്റുക എന്നതിനേക്കാൾ മറ്റൊരു ഭാഷയുടെ അപരിചിതരുചി മലയാളത്തിൽ അറിയുക, അൽപമെങ്കിലും അത് അറിഞ്ഞു പകരാനാകുമോ എന്ന് ശ്രമിക്കുക. അർഥപരമായ മനസ്സിലാക്കലിനേക്കാൾ കാവ്യഭാഷയുടെ വ്യത്യാസം പകർത്തിയെടുക്കാൻ കഴിയുമോ എന്ന് നോക്കുക. കവിതയെന്ന ഭാഷാവേലയിൽ അത് പ്രധാനമെന്ന് കരുതുന്നതുകൊണ്ടാണ് ഇത്തരം ശ്രമങ്ങൾ.
ഈ ലക്കത്തിൽ ഉൾപ്പെടുന്ന വെൽഷ്, ബാസ്ക് ഭാഷകൾ അധികാരിഭാഷകളുടെ കീഴിൽ ഞെരുങ്ങുന്നവയാണ്. ആ ഞെരുക്കത്തിന്റെ അസ്വസ്ഥതകളും കുതറലും അവയിലുണ്ട്. അമേരിക്കൻ കവിത വംശചരിത്രത്തോടും കാവ്യചരിത്രത്തോടും ഇടയുന്നു. ഈ കവിതകൾ കവികളുമായി ഒന്നിച്ചിരുന്ന് വായിച്ചും വിശദീകരിച്ചും കേട്ടും പരിഭാഷപ്പെടുത്തിയവയാണ്. അമേരിക്കൻ കവിത കവിയുമായി പലപ്പോഴായി സംസാരിച്ചും മെയിൽ വഴി വിനിമയം നടത്തിയും മൊഴിമാറ്റി.
ഏതു ഭാഷയിലെയും സമകാലിക കവിതയെപ്പറ്റി പറയാവുന്നതുപോലെ ഇപ്പോൾ എഴുതപ്പെടുന്ന ഈ കവിതകളുടെയും മാറ്റ് തെളിയിക്കേണ്ടത് കാലമാണ്.
ഗ്രെഗറി പാർഡ്ലോ
2015ലെ പുലിറ്റ്സർ സമ്മാനം കിട്ടിയപ്പോഴാണ് ഗ്രെഗറി പാർഡ്ലോ എന്ന അമേരിക്കൻ കവിയെ ശ്രദ്ധിച്ചത്. ഏതാണ്ട് ഡെൻസേൽ വാഷിങ്ടനെപ്പോലെ സുന്ദരൻ. നെറ്റിൽ ലഭ്യമായ കവിതകൾ വായിച്ചപ്പോൾ കെട്ടിലും മട്ടിലും വളരെ വ്യത്യാസം തോന്നി. എന്നാൽ എല്ലാ കവികളെയും പോലെ, എല്ലാ കറുത്ത കവികളെയും പോലെ തന്റെ ജനതയെ, അതിന്റെ ഓർമയെ തന്നിൽ പേറുന്നവൻ എന്നും തോന്നി. പുതുപുരാതനൻ. ടോണി മോറിസൺ ദി ബിലവഡ് എന്ന നോവലിൽ വിശദീകരിച്ചിട്ടുള്ള റീമെമ്മറി എന്ന പുനരോർമ, ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഓർമയിൽനിന്ന് വ്യത്യസ്തമായി അനേകം മനസ്സുകൾ പങ്കിടുന്ന പൊതുവായ അനുഭവചിത്രം, അത് പാർഡ്ലോയും പങ്കിടുന്നു. എന്തിനെപ്പറ്റി എഴുതിയാലും, മലകളേയും പുഴകളേയും പൂക്കളേയും പറ്റി എഴുതിയാലും താൻ ഇച്ഛിക്കാതെ തന്നെ ചരിത്രപരമായ ഓർമപ്പകർച്ച അതിൽ വരും എന്ന് പാർഡ്ലോ പറയുന്നുണ്ട്.
ഗ്രെഗറി പാർഡ്ലോ 1968ൽ ഫിലഡെൽഫിയയിൽ ജനിച്ചു. രണ്ട് കവിതാ പുസ്തകങ്ങൾ, ഒരു ഓർമക്കുറിപ്പ്, ഒരു പരിഭാഷാ പുസ്തകം. ഇപ്പോൾ റട്ഗേഴ്സ് യൂനിവേഴ്സിറ്റിയിൽ അധ്യാപകൻ, ന്യൂയോർക് യൂനിവേഴ്സിറ്റിയിൽ ഗവേഷണവും ചെയ്യുന്നു. ഒറ്റയൊറ്റ കവിതകൾക്കും സമാഹാരങ്ങൾക്കുമായി പാർഡ്ലോക്ക് കിട്ടിയിട്ടുള്ള പുരസ്കാരങ്ങൾക്ക് കൈയും കണക്കുമില്ല. പുലിറ്റ്സർ കിട്ടിക്കഴിഞ്ഞ് നടത്തിയ ഇ-മെയിൽ സംഭാഷണങ്ങളിലൊന്നിൽ ഞാനെഴുതി: എന്റെ ഭാഷയിൽ പുലി എന്നാൽ ടൈഗർ. റ്റ്സർ എന്നത് ഞങ്ങൾ സർ എന്ന് ഉച്ചരിക്കും. ഗ്രെഗറി പാർഡ്ലോ വല്യ പുലിയായി എന്നാണ് അതിന്റെ മലയാളം. ഹ ഹ ഹ ഹ... എന്ന് അതിദീർഘമായി എഴുതിച്ചിരിച്ചുകൊണ്ട് മറുപടിവന്നു, “അതുകൊള്ളാം. പുലിയായിരിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്.”
കടുത്ത മദ്യപാനംകൊണ്ടു വലഞ്ഞിട്ടുള്ള ആളാണ് പാർഡ്ലോ, പലവട്ടം അതിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിട്ടുള്ളതുമാണ്. ഓരോ തവണ അതിൽനിന്ന് മോചിതനാവാൻ ശ്രമിക്കുമ്പോഴും വരാനിരിക്കുന്ന മദ്യരഹിതമായ ആ ജീവിതത്തിൽ ഇടക്കിടെയെങ്കിലും തന്നത്താൻ മറക്കുന്ന ചില നിമിഷങ്ങൾ ഇല്ലാതായിപ്പോകുമോ എന്ന് താൻ ഭയപ്പെട്ടിരുന്നു എന്ന് പാർഡ്ലോ പറയുന്നുണ്ട്; തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി അതായിരുന്നുവെന്ന്. തന്നത്താൻ മറക്കലിന്റെ, പൂർണമായും വിട്ടുകൊടുക്കലിന്റെ, അഴിവിന്റെ ആ നിമിഷങ്ങൾ ഇല്ലാതാകുമോ എന്ന പേടി. പാർഡ്ലോ ഇപ്പോൾ മദ്യപിക്കാറുണ്ടോ എന്നെനിക്കറിയില്ല. എനിക്കത് ചോദിക്കാനും കഴിയില്ല. പക്ഷേ, കവിയായ പാർഡ്ലോക്ക് ഒരിക്കലും പൂർണമായും അതിൽനിന്ന് അനുഭവപരമായ, അതിലുമുപരി അനുഭൂതിപരമായ വിടുതലുണ്ടാവുകയില്ല എന്നെനിക്കറിയാം. 2018ൽ പ്രസിദ്ധീകരിച്ച പാർഡ്ലോയുടെ ‘എയർ ട്രാഫിക്’ എന്ന ഓർമക്കുറിപ്പിൽ ഇതേപ്പറ്റിയെല്ലാം പറയുന്നുണ്ട്. വംശത്തിന്റെയും വർഗത്തിന്റെയും ആണായിരിക്കലിന്റെയും അമിതപ്രതീക്ഷകളിൽനിന്ന് സ്വയം വിടുതൽ നേടാനുള്ള ശ്രമങ്ങളെപ്പറ്റിയും.
പാർഡ്ലോയുടെ ‘തന്നെഴുത്ത്’ എന്ന ഈ കവിത വളരെ പ്രശസ്തമാണ്. ഞാൻ എന്ന ആധുനികനായ കറുത്തവനെ ആവർത്തിച്ച് ഓർമയുടെ ഓരോ തടംതോറും പാകിക്കൊണ്ടും, വ്യക്തിപരവും വർഗപരവുമായ അനുഭവത്തെ ഒരേസമയം വ്യക്തവും അവ്യക്തവും ആയി ആവിഷ്കരിച്ചുകൊണ്ടും ഒഴുക്കുവെള്ളംപോലെയുള്ള ഭാഷകൊണ്ടും ഈ കവിത എന്നെ അതിന്റെ പരിഭാഷയിലേക്ക് ആകർഷിച്ചു. പരിഭാഷക്കിടയിൽ ഞാൻ കുറിപ്പുകൾ അയച്ചു. പാർഡ്ലോ സന്തോഷപൂർവം മറുകുറികൾ എഴുതി. ഒടുവിൽ മലയാള പരിഭാഷ പാർഡ്ലോക്ക് ‘കാണാൻ’ അയച്ചുകൊടുക്കുകയും ചെയ്തു. അമേരിക്കൻ കറുത്തജീവിതത്തിന്റെ ദീർഘമായ ഓർമകൾക്കു പുറത്തു ജീവിക്കുന്നതുകൊണ്ടും ഈ കവിത അടിമുടി ഓർമകളാൽ നിർണയിക്കപ്പെട്ടിട്ടുള്ളതുകൊണ്ടും പലഭാഗങ്ങളിലും എനിക്ക് പാർഡ്ലോയോട് വിശദീകരണം ചോദിക്കേണ്ടിവന്നു, പറഞ്ഞുതരുകയും ചെയ്തു. പക്ഷേ, ആൾ സ്വതവേ അത്ര വിശദീകരണതൽപരനല്ല. വേട്ടമൃഗത്തിന്റെ പാച്ചിലിന് എന്തു വിശദീകരണം!
എങ്കിലും ഈ കവിതയെപ്പറ്റി പാർഡ്ലോ ഇങ്ങനെ എഴുതിയിട്ടുണ്ട്: “കുട്ടിക്കാലത്ത് എന്റെ അമ്മാമ്മ ചില്ലുതവളകളെ, കളിമൺതവളകളെ ഒക്കെ ശേഖരിച്ച് തട്ടുകളിൽ സൂക്ഷിച്ചുവെക്കാറുണ്ടായിരുന്നു. എന്റെ കൈയെത്തുന്ന ഉയരത്തിലിരിക്കുന്ന അവയൊക്കെ തട്ടിമറിച്ച് ഞാനോടിനടന്ന് കളിക്കും. അമ്മാമ്മയെ അത് ദേഷ്യം പിടിപ്പിക്കും. എടുത്തു കളിക്കാൻ പറ്റാത്ത എളുപ്പം പൊട്ടുന്ന അത്തരം വസ്തുക്കൾ അമ്മാമ്മ എന്തിനാണ് ഇങ്ങനെ െവച്ചിരിക്കുന്നതെന്ന് എനിക്കന്ന് മനസ്സിലായിരുന്നില്ല. പക്ഷേ, ഇന്നെനിക്കതറിയാം. നമുക്ക് പ്രിയപ്പെട്ടവയുടെ കാര്യത്തിൽ നന്നായിത്തന്നെ അറിയാം. എങ്കിലും നമുക്ക് സ്വതവേയുള്ളതും നാം ഉണ്ടാക്കിയെടുക്കുന്നവയും എന്ന, ഓർമയുടെയും അനുഭവത്തിന്റെയും ആ ഇരട്ടലോകങ്ങളിൽ നാം അണുവിഘടനം നടത്തുമ്പോൾ പ്രസരിക്കുന്ന ഊർജമുണ്ടല്ലോ, അതിനടിമയാണ് ഞാൻ. ‘തന്നെഴുത്ത്’ എന്ന ഈ കവിതയിൽ, അടിമജീവിതത്തിന്റെ ആഖ്യാനങ്ങളിൽ പലപ്പോഴും കാണാറുള്ള മാറ്റാൻ പറ്റാത്ത പ്രയോഗങ്ങളും അലങ്കാരങ്ങളും കൊളാഷ് പോലെ കൊണ്ടുവരാനാണ് ഞാൻ തുനിഞ്ഞത്. അത്തരം എഴുത്തുകൾ നമ്മുടെ സാംസ്കാരികമായ ഓർമയെ നിലനിർത്തുന്നുണ്ട്, അമേരിക്കൻ ജനതയെന്ന നിലയിൽ നമുക്കവ പ്രിയപ്പെട്ടവയുമാണ്. അവ പ്രതിനിധാനംചെയ്യുന്ന ചരിത്രത്തെ അനാദരിക്കലാകുമോ എന്ന് പേടിച്ച് നാമവയെ സാധാരണഗതിയിൽ തൊട്ടുകളിക്കുകയേയില്ല. എന്നാൽ, ഈ ഘടകങ്ങളെ ഭാവനയുടെ വിസ്തൃതമായ ഭൂമികയിൽ മാറ്റിപ്പണിയാനാണ് ഞാൻ ആഗ്രഹിച്ചത്. അടങ്ങിയൊതുങ്ങിയിരിക്കാനല്ല, ചലനാത്മകമായ ഒരമേരിക്കൻ ചരിത്രത്തിൽ – എത്രതന്നെ ലജ്ജാകരമായ അംശങ്ങൾ അതിൽ ഉണ്ടെന്നാൽ പോലും – വ്യാപരിക്കാനാണ് എനിക്ക് താൽപര്യം. അല്ലെങ്കിൽ പണ്ഡിതരുടെയും ചരിത്രകാരന്മാരുടെയും വാശിയിലും ശീലങ്ങളിലുംപെട്ട് ഈ ബിംബങ്ങൾ എന്റെ അമ്മാമ്മയുടെ കൗതുകവസ്തുക്കൾ പോലെ പൊടിപിടിച്ചിരിക്കും.അടിമത്തത്തിന്റെ ആഖ്യാനങ്ങളിൽ സ്ഥിരമായി കാണാറുള്ള “ഞാൻ പിറന്നത്” എന്ന പ്രയോഗം സ്വാഭാവികമായും ഈ കവിതയിൽ ആവർത്തിക്കുന്നു.”
തന്നെഴുത്ത്
ഞാൻ പിറന്നത് മിനിറ്റുകൾകൊണ്ട് റോഡ് വക്കത്തെ ഒരടുക്കളക്കൂരയിൽ, ഒരു പിഞ്ഞാണം
എന്റെ പേര് പിറുപിറുക്കുമ്പോൾ. മഴവെള്ളത്തിനും ചാരക്കൂനയ്ക്കും പിറന്നവൻ ഞാൻ:
ഞാൻ പിറന്നത് പുഴയ്ക്കക്കരെ, അവിടുന്നാരോ പഴന്തുണിയും തവിടും പകരം
കൊടുത്ത് വാങ്ങിയതാണെന്നെ. എന്റെ ചെരിപ്പുകൾ നീളെ പൊളിഞ്ഞ് തുന്നിക്കൂട്ടിയിരുന്നു.
ഞാൻ തിരികെവന്നു, നിങ്ങൾക്കതിഷ്ടപ്പെടുമോ എന്തോ, എന്റെ കുറ്റംകൊണ്ടല്ലെങ്കിലും
എന്റെ കീശകൾ കാപ്പിത്തരികളും മുട്ടത്തോടുംകൊണ്ട് നിറഞ്ഞിരിക്കുന്നു.
ഞാൻ പിറന്നത് ചാപിള്ളയായി, അന്ധവിശ്വാസങ്ങളിൽ മുങ്ങി;
വിചാരിക്കാത്തൊരു ചുമട് ഞാൻ പേറി.
ഞാൻ ജന്മംകൊടുത്തു, ഞാൻ അനുഗ്രഹങ്ങൾ കനിഞ്ഞു, ഞാൻ സംശയങ്ങൾ ജനിപ്പിച്ചു.
ഞാൻ പിറന്നത് ചൂടുടലാർന്ന വായുവിൽ വെളിയിൽ ഉപേക്ഷിക്കപ്പെട്ടാണ്,
അപ്പോൾ കാറ്റ് പ്രേതങ്ങളെപ്പോലെ, പഴഞ്ചൻ ജനാലകൾപോലെ ഇളകിയാടിയിരുന്നു.
ഞാൻ പിറന്നത് ഒരംശം മാത്രമായി, ഒന്നുമില്ലായ്മയായി, വെറും പേരേട്പേരായി;
പിറന്നപ്പോൾ ഞാൻ ആദ്യവരികളുടെ ഒരു പട്ടിക മാത്രമായിരുന്നു.
ഞാൻ പിറന്നത് വാശിയിൽ, അരക്കെട്ടോളം ഞാൻ
പെണ്ണൊരുത്തിയെപ്പോലല്ലേ എന്ന് കരയുന്ന വെള്ളത്തിൽ
ഞാൻ പിറന്നത് ഈ കണ്ണാടിത്തളത്തിന് ഉടപ്പിറന്നോനെന്നോണം,
ഞാൻ പിറന്നത് ഈ പേടിസിനിമയിൽ അനേകം സൂചകങ്ങൾ പേറി,
കള്ളന്മാരാലും കൊതുകുകളാലും പിന്തുടരപ്പെട്ട്,
ഞാൻ പിറന്നത് ഇരുപതാം നൂറ്റാണ്ടിന്റെ പ്രശ്നങ്ങൾ വിട്ടുകളഞ്ഞ്: ഞാൻ പിറന്നു.
അപ്പവും മീനും അറിയും മുന്നേ ഞാൻ മനസ്സുകളറിഞ്ഞു;
ഈ വഴിയോരോന്നും ഒറ്റയ്ക്ക് ഞാൻ നടന്നിരുന്നു, പിറക്കുന്നതിനും മുന്നേ.
ഷാൻ നോർത്തി
കവിതയും നോവലും ചെറുകഥകളും കുട്ടികൾക്കുള്ള കഥകളും എഴുതുന്ന വടക്കുപടിഞ്ഞാറൻ വെയ്ൽസുകാരിയാണ് ഷാൻ നോർത്തി. എഡിറ്റർ, പരിഭാഷക. അതുമാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ മറ്റൊരുപാടു കാര്യങ്ങളിൽ വ്യാപൃതയാണവർ. ഈ കൂട്ടത്തിലുള്ള മറ്റ് കവികളെപ്പോലെ ഷാനെയും ഞാൻ കാണുന്നത് 2018ൽ കൊച്ചിയിൽ െവച്ചാണ്. മുഖം മുഴുവൻ നിറയുന്ന ചിരി, മുഖത്തേക്ക് വീണുകിടക്കുന്ന ഒരുപിടി മുടി. സൗമ്യയെങ്കിലും ഉറച്ച കാഴ്ചപ്പാടുകൾ. മധ്യവയസ്സിലേക്കുള്ള എത്തൽ ഒരു പർവതാരോഹകയെപ്പോലെ വിജയമാക്കുന്നവൾ. ഷാൻ ചെയ്യാത്തതൊന്നുമില്ല. മയക്കുമരുന്ന് അടിമകൾക്ക്, ജയിൽവാസികൾക്ക്, ഓർമ പോയവർക്ക്, വൈകല്യങ്ങൾ ബാധിച്ച കുട്ടികൾക്ക് ഒക്കെ വേണ്ടി ശിൽപശാലകൾ നടത്താറുണ്ട്. എല്ലാം എഴുത്തു തന്നെ എന്നാണ് ഷാൻ ചിരിച്ചു ചിരിച്ച് പറയുക. ഇപ്പോൾ വെയ്ൽസിലെ ഒരു തീർഥാടന പ്രോജക്ടുമായി ബന്ധപ്പെട്ട് പള്ളികളെയും വിശുദ്ധരെയും പറ്റി കവിതകൾ എഴുതുകയും എഴുത്തു ശിൽപശാലകൾ നടത്തുകയും ചെയ്യുന്ന പണിയിലാണ്. ഒപ്പം വൃദ്ധരായ സ്ത്രീകൾ കഥാപാത്രങ്ങളാവുന്ന ഒരു നോവലും എഴുതിക്കൊണ്ടിരിക്കുന്നു.
എല്ലാ വെൽഷ് എഴുത്തുകാരും വെൽഷ് ഭാഷയോടും സ്വത്വത്തോടും കൂറുള്ളവരാണ്. അവരുടെ എഴുത്തിന്റെ രാഷ്ട്രീയമായ ഊന്നൽ പലപ്പോഴും അതിലാണു താനും. ഷാന് അക്കാര്യത്തിൽ മറ്റുള്ളവരേക്കാൾ ഒരുപിടി അധികം വീറുണ്ടെന്നെനിക്കു തോന്നി. വെൽഷ് എഴുത്തുകാർ വെൽഷ് ഭാഷയിൽ മാത്രമല്ല, വെൽഷ് പശ്ചാത്തലത്തിലും എഴുതണം എന്ന പക്ഷക്കാരി. ഇംഗ്ലീഷിലായിരുന്നു വിദ്യാഭ്യാസമെങ്കിലും വെൽഷ് ഭാഷയിലാണ് തന്റെ വൈകാരികജീവിതം എന്ന് ആവർത്തിച്ചു പറയുന്നവൾ. മമിഐത് മമിഐത് (Mamiaith) എന്നവൾ സംഭാഷണങ്ങൾക്കിടയിൽ നൂറുവട്ടം പറയും. മമിഐത് എന്നാൽ മാതൃഭാഷ. എഴുത്തിനെപ്പറ്റി ചോദിച്ചപ്പോൾ ഷാൻ പറഞ്ഞു: “കുട്ടിക്കാലത്ത് ഞാൻ ഒരുപാട് എഴുതിയിരുന്നു, മുതിരുമ്പോൾ, ആരും എന്നോട് എഴുത്തു തുടരാൻ പറഞ്ഞില്ല, ഒരുപാടൊരുപാട് വർഷങ്ങൾ ഞാൻ എഴുതുകയേ ചെയ്യാതെ കടന്നുപോയി, പിന്നെ പതുക്കെപ്പതുക്കെ എഴുത്തിലേക്ക് മടങ്ങിവന്നു, എനിക്കുതന്നെ അതൊരത്ഭുതമായിരുന്നു, ഇപ്പോൾ എന്റെ ഈ 50കളിൽ എഴുത്തിൽനിന്ന് ജീവിക്കാനുള്ള വരുമാനം എനിക്ക് കിട്ടിത്തുടങ്ങി.” അല്ലെങ്കിലും എഴുതണം എന്ന് ആരാണ് ഒരാളോട് പറയുക, അതും കവിത, പോരാഞ്ഞ് ഒരു പെൺകുട്ടിയോട്? ലോകം അത് പറയുകയില്ല. എഴുതുന്ന ആളിന്റെ മാത്രം ആവശ്യവും പ്രേരണയുമാണത്. എഴുതുന്ന ആളിന്റെ മാത്രം.
തന്റെ സ്വപ്നങ്ങളെയും പേടികളെയും പറ്റി ഷാൻ ഒരിക്കൽ പറഞ്ഞു: കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തിടത്തോളം വെൽഷ് ഭാഷയുടെ കീഴ്നിലയെപ്പറ്റിയോ ആരോഗ്യസംവിധാനത്തിന്റെ കുഴപ്പങ്ങളെപ്പറ്റിയോ അത്തരം നൂറായിരം പ്രശ്നങ്ങളെപ്പറ്റിയോ ഉള്ള ആകുലതകൾക്ക് ഒരു പ്രസക്തിയുമില്ല എന്ന് വിചാരിക്കും. അപ്പോൾ പിന്നെയും തോന്നും, നമ്മെ മനുഷ്യരാക്കുന്ന കാര്യങ്ങൾ– സമൂഹം, കല, ആത്മീയത– ഇതെല്ലാം നഷ്ടപ്പെട്ടാൽ പിന്നെ ഭൂമിക്ക് എന്തു സംഭവിച്ചാലെന്ത്! അപ്പോൾ നാം ഇപ്പോഴത്തെപ്പോലെ ചെറിയ ചെറിയ കാര്യങ്ങളിൽ ജീവിതം തുടരുക തന്നെ – അയൽപക്കത്തെ പൂച്ചക്ക് തീറ്റ കൊടുക്കലോ, കവിതയെഴുതലോ, പേരക്കുട്ടിക്കൊപ്പം അസ്തമയം കാണലോ ഒക്കെ. ഈ രണ്ട് വിചാരങ്ങളും എന്നെ മാറിമാറി ചുറ്റിപ്പിടിച്ചുകൊണ്ടിരിക്കും – ഒന്നും പ്രധാനമല്ല / എല്ലാം പ്രധാനമാണ്.
ഷാന്റെ ഈ കവിത വായിച്ചപ്പോൾ ആദ്യം എനിക്കത് ഒരു സാധാരണ കവിതയെന്നേ തോന്നിയുള്ളൂ. അവരുടെ മറ്റു കവിതകളിലും അസാമാന്യതയൊന്നും ഞാൻ കണ്ടിരുന്നില്ല. എങ്കിലും ഈ കവിതയുടെ വ്യക്തിപരതയും പ്രപഞ്ചപരതയും അവ ലാഘവത്തോടെ ഇടകലരുന്ന ഒഴുക്കുള്ള ശൈലിയും എനിക്കിഷ്ടമായി. ഈ കവിതയെപ്പറ്റി ഞാൻ ഷാനോട് വിശദമായി സംസാരിച്ചു. ഗ്ലാസ് (glass) എന്ന വാക്കിന് ഇംഗ്ലീഷിൽ ‘ചില്ല്’ എന്നർഥം, പക്ഷേ വെൽഷ് ഭാഷയിൽ ഗ്ലാസ് (glas) എന്നത് നീലയാണ്. വെൽഷിൽ ഉച്ചാരണത്തിൽ ‘അ’കാരത്തിന് ലേശം തുറവും നീട്ടും കൂടുതലായുണ്ട്. കവി തന്റെ നാട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ ഇംഗ്ലീഷുകാരനായ അപരിചിത യുവാവിനോട് കൂട്ടുകൂടി. അവരൊന്നിച്ച് ചില ദിവസങ്ങൾ ചെലവഴിച്ചു.
അവന്റെ ഉടുപ്പുകളിലും അലങ്കാരങ്ങളിലും ചപല പ്രേമചേഷ്ടകളിലും മയങ്ങി താൻ അവൻ നടത്തുന്ന തന്റെ ഭാഷയുടെ ഏറ്റങ്ങളും നേർപ്പിക്കലുകളും അറിയാതെ പോകുമോ? തന്റെ പുരാതനമായ ‘നീല’, നിറമില്ലാത്ത ‘ചില്ലാ’യി അകാരത്തിൽ ചുരുങ്ങിപ്പോകുന്നത് അറിയാതിരിക്കുമോ? ഭാഷയുടെ രാഷ്ട്രീയം ഏറ്റവും വ്യക്തിപരമായി, നാട്യമില്ലാതെ, സ്വാഭാവികമായി വരുന്ന കവിത എന്നതുകൊണ്ട് ഈ പരിഭാഷ. കവിതാപരിഭാഷക്ക് അടിക്കുറിപ്പുകൾ അല്ലെങ്കിൽ അവതരണക്കുറിപ്പുകൾ അത്യാവശ്യമാണെന്ന് എന്നെ ബോധ്യപ്പെടുത്തിയ ഒരു കവിത കൂടിയാണിത്.
നീല
നീലിക്കുകയാണ്
എങ്കിലും നാമതു കാണുന്നില്ല,
ശരിക്ക്,
കാരണം നമ്മുടെ തരുണഭാഷയിൽ തടവിലാക്കപ്പെട്ട ആശയങ്ങളിൽ
ഭൂമി നീലയായിരുന്നു
പൂക്കാലമേച്ചിലുകൾ നീലയായിരുന്നു
നീലാകാശത്തിനും മുന്നേ നമുക്കൊരു നീലയുണ്ടായിരുന്നൂ
സ്വർണമുടിക്കാരൻ പയ്യന്റെ കണ്ണുകൾക്കും മുന്നേ
അവൻ അവധിക്കാലം പോക്കാൻ വന്ന അപരിചിതൻ,
അവനും ഞാനും ത്സാൻദാനൂഗിലെ മണൽക്കുന്നുകളിൽ
ഞങ്ങളുടെ ഡെനിം ഷർട്ടുകൾക്ക് കടലിന്റെ അതേ നിറം
ഇന്ത്യൻ വെള്ളിപ്പണ്ടങ്ങളിലെ ഇന്ദ്രനീലപ്പൊയ്ക്കല്ലുകൾക്കും അതേ നിറം
അത്തറും ധൂമചുംബനങ്ങളും കൊണ്ടെന്നെ മയക്കുകയായി
മയക്കുകയായി, ഇറങ്ങലും, നേർപ്പിക്കലും ഞാൻ അറിയാതിരിക്കാൻ
വെളിച്ചം ചിതറിക്കുന്ന നിറമറ്റ ചില്ലായി ‘അ’ ഉച്ചരിച്ചു ചുരുക്കുന്നത് കേൾക്കാതിരിക്കാൻ.
നാദിയ മിഫ്സൂദ്
മെലിഞ്ഞുനീണ്ട് സൗമ്യയായ കവി. കറുത്ത കണ്ണടക്കാരി. കണ്ടാൽ കാറ്റത്തെ പുൽത്തണ്ടുപോലുണ്ട് എന്നെനിക്കു തോന്നി. പക്ഷേ, അവൾ പറഞ്ഞു: കാറ്റത്തെ പുൽത്തണ്ടോ, കൊള്ളാം, എന്റെ കുട്ടികളും വിദ്യാർഥികളും എന്നെ ടൊർണാഡോ എന്നാണ് വിളിക്കുക. കഴിഞ്ഞ ജന്മം ഞാനൊരു പൂച്ചയായിരുന്നു എന്നെനിക്കുറപ്പാണ്.
നാദിയയെ പരിചയപ്പെട്ടത് കൊച്ചിയിലെ കൂടിച്ചേരലിൽ വെച്ചാണ്, 2018ൽ. മാൾട്ടയിൽ ബോംല എന്ന സ്ഥലത്ത് ജനനം. ഇരുപത്തിരണ്ടാം വയസ്സിൽ ഫ്രാൻസിലേക്ക് മാറിത്താമസം. അധ്യാപികയായി ജോലി. മാൾട്ടീസ് ഭാഷയിൽ കവിതയും നോവലും എഴുതുന്നു. ഫ്രഞ്ചിലേക്കും തിരിച്ചും പരിഭാഷ ചെയ്യാറുമുണ്ട്. മാൾട്ടീസ് സാഹിത്യത്തിലെ മികച്ച സമകാലിക ശബ്ദങ്ങളെ ഫ്രഞ്ചിലേക്ക്, അതുവഴി ലോകശ്രദ്ധയിലേക്ക് എത്തിക്കുകയെന്നത് തന്റെ ദൗത്യമായി നാദിയ സ്വീകരിച്ചിരിക്കുന്നു. നാല് കവിതാ പുസ്തകങ്ങൾ, ഒരു നോവൽ, ഒരു ചെറുകഥാ പുസ്തകം. രണ്ടുതവണ മാൾട്ടയുടെ നാഷനൽ ബുക് പ്രൈസ്, പിന്നെ പ്രമുഖമായ അനവധി പുരസ്കാരങ്ങൾ. നിലവിൽ മാൾട്ടയുടെ ‘പോയറ്റ് ലോറിയറ്റ്’ ആണ് നാദിയ.
എഴുതുകയോ വായിക്കുകയോ മൊഴിമാറ്റം നടത്തുകയോ പഠിപ്പിക്കുകയോ അല്ലാത്തപ്പോൾ നീ എന്താണ് ചെയ്യുക?, ഞാൻ നാദിയയോട് ചോദിച്ചു. “ഞാൻ തുന്നും, ചിലപ്പോൾ ഫോട്ടോ പിടിക്കും.” അവൾ പറഞ്ഞു, “എന്തുകൊണ്ടെന്നോ എങ്ങനെയെന്നോ കൃത്യമായി വിശദീകരിക്കാൻ എനിക്കറിയില്ല, പക്ഷേ, നീണ്ട നടപ്പുകളും തുന്നലും ഏതോവിധത്തിൽ പലപ്പോഴും എന്നെ എഴുത്തിലേക്ക് എത്തിക്കും. എന്റെ അമ്മ നന്നായി തുന്നുമായിരുന്നു. എന്റെ ഉടുപ്പുകളെല്ലാം അമ്മതന്നെയാണ് തുന്നിയിരുന്നത്. എന്നെ തുന്നൽ പഠിപ്പിക്കാൻ അമ്മ ഒരുപാടു പാടുപെട്ടു, പക്ഷേ, അപ്പോഴെല്ലാം ഞാൻ ഒഴിഞ്ഞുമാറി, എങ്കിലും അമ്മ തുന്നുന്നത് ഞാൻ രഹസ്യമായി ശ്രദ്ധിച്ചിരുന്നു, വേണ്ടെന്നു വെച്ചിട്ടും അറിയാതെ ഞാൻ തുന്നാൻ പഠിച്ചു. ജീവിതം എന്നെ വരിഞ്ഞുമുറുക്കുമ്പോൾ സ്വയമഴിയാൻ സഹായിക്കുന്ന ഒരു വഴി.”
സ്വന്തം എഴുത്തിനെപ്പറ്റി കൂടുതൽ പറയാൻ നാദിയ വിമുഖയാണ്. വരയ്ക്കാനറിയാത്തതുകൊണ്ടാണ് താൻ എഴുതുന്നതെന്നാണ് അവൾ പറയുക. കാൻവാസിൽ പകർത്താനറിയാത്ത ചിത്രങ്ങൾ വാക്കിലേക്ക് താൻ പകർത്താൻ ശ്രമിക്കുന്നു എന്ന്. നിറങ്ങളോട് വല്ലാത്ത ഭ്രമം. നിറങ്ങളിൽനിന്ന് അവിശ്വസനീയമാംവിധം പ്രസരിക്കുന്ന ഊർജം വിവർണമായ യൂറോപ്പിൽ അത്യാവശ്യംതന്നെ, ശൈത്യകാലത്ത് പ്രത്യേകിച്ചും. ചിത്രകാരന്മാരോടും രേഖാചിത്രകാരന്മാരോടും തെരുവുവരക്കാരോടും കടുത്ത അസൂയക്കാരി. അക്കാര്യത്തിൽ നാദിയയുടെ അസൂയ എനിക്ക് അസ്സലായി മനസ്സിലാവും.
മുതിർന്നതിനു ശേഷം നാടുമാറുന്ന ആരെയുംപോലെ അടുപ്പങ്ങളെയും അകലങ്ങളെയും പറ്റിയും അറിയുന്നവയെയും അറിയാത്തവയെയും പറ്റിയും ഉള്ള ആലോചനകൾ നാദിയയുടെ എഴുത്തിലുണ്ട്. സ്ത്രീ എന്ന നിലയിൽ ലോകവുമായുള്ള അഭിമുഖവും കവിതകളിലെ പ്രധാന വിഷയമാണ്. എങ്കിലും എന്നെ ഈ കവിതയിലേക്ക് ആകർഷിച്ചത് അതിന്റെ വിഷയമല്ല, സവിശേഷമായ ആ ഭാഷാനടയാണ്. മധ്യതിരുവിതാംകൂർ/കുട്ടനാടൻ ഭാഷയുടെ ദ്രുതനട, കടമ്മനിട്ടയും കാവാലവും നല്ലൊരളവ് അയ്യപ്പപ്പണിക്കരും നടന്ന നട. അനേകായിരം വർഷം പഴക്കമുള്ള വെള്ളത്തിന്റെ നട. വെള്ളത്താൽ ചുറ്റപ്പെട്ട് വെള്ളത്തിൽ വളർന്ന അവൾ ഒരിക്കൽ പറഞ്ഞു: “വെള്ളത്തിന്റെ മകളാണ് ഞാൻ. വേനലിൽ ദിവസവും രണ്ടു മണിക്കൂർ ഞാൻ നീന്തിയിരിക്കും. മഞ്ഞ് എനിക്കിഷ്ടമേയല്ല.”
സിസിലിക്കും വടക്കേ ആഫ്രിക്കൻ തീരത്തിനും ഇടയിലുള്ള മെഡിറ്ററേനിയൻ ദ്വീപസമുച്ചയമാണ് മാൾട്ട. 1964 ൽ മാത്രം ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയ, അഞ്ചേകാൽ ലക്ഷം മനുഷ്യർ മാത്രം പാർക്കുന്ന യൂറോപ്യൻ രാജ്യം. മധ്യകാല അറബി ഭാഷയിൽ ഇറ്റാലിയൻ, സിസിലിയൻ, ഇംഗ്ലീഷ് ഭാഷകളും ലേശം ഫ്രഞ്ചും ചേർന്നുണ്ടായ, യൂറോപ്യൻ യൂനിയനിലെ ഒരേയൊരു ഔദ്യോഗിക സെമിറ്റിക്, ആഫ്രോ ഏഷ്യാറ്റിക് ഭാഷയാണ് മാൾട്ടീസ്, ലാറ്റിൻ ലിപിയുള്ള ഒരേയൊരു സെമിറ്റിക് ഭാഷ. ഭാഷയും സാഹിത്യവും നന്നേ ചെറുപ്പമാണ്, അഞ്ഞൂറുകൊല്ലത്തെ പഴക്കമേയുള്ളൂ അറിയപ്പെടുന്ന ആദ്യ സാഹിത്യകൃതിക്ക്. മലയാളത്തിലെന്നപോലെ തന്നെ കടമെടുത്ത പദങ്ങൾ മാൾട്ടീസിലും അനവധി.
മാൾട്ടീസ് ഭാഷയിൽനിന്ന് ഫ്രഞ്ചിലേക്ക് പരിഭാഷപ്പെട്ട ഈ കവിത, പിന്നെ ഫ്രഞ്ചിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെട്ടു. ആ ഇംഗ്ലീഷ് പരിഭാഷയിൽനിന്നാണ് ഞാൻ മലയാളത്തിലേക്ക് പകർത്തിയത്. കവിത ഒറ്റയടിക്ക് ഒരു റാപ് താളത്തിൽ താനേ മലയാളത്തിൽ പകർന്നുവന്നു. പരിഭാഷ ചൊല്ലിക്കേട്ട നാദിയ അത്ഭുതപ്പെട്ടു, ഹാ ഇതേ താളത്തിൽതന്നെയാണല്ലോ ഞാൻ മാൾട്ടീസിൽ എഴുതിയത്! നാലാമത്തെ ഭാഷയിലേക്ക് പകർന്നെത്തുമ്പോഴും ചോരാതെ നിൽക്കുന്ന ആ ഭാഷാനടതാളം കവിതയുടെ അത്ഭുതം തന്നെ.
കൊടിഞ്ഞി
രാവിലെ എട്ടുമണി
മഞ്ഞക്കാമിലവാനിൽ
ഉറക്കംനൂർന്നു
നിവർന്നൂ തുടുചെമ്മേഘങ്ങൾ
തലകീഴായ് മുങ്ങാംകുഴിയിട്ടൂ ഞാൻ
നഗരത്തിൻ കുടൽനാളിയിലേക്ക്
എന്നെ വിഴുങ്ങട്ടേയത്-
രാവിലെ എട്ടുമണി.
മൂക്കു തുളയ്ക്കും
പുതുമൂത്രത്തിൻ ഗന്ധം
ഇരുപയ്യന്മാർ, നീണ്ടുമെലിഞ്ഞവർ
ചുവരുതിരിഞ്ഞ്, തോളോടുതോൾചേർന്നൊളിവില്ലാതവർ
പ്രഖ്യാപിക്കുകയാണുടമസ്ഥത
നഗരത്തിന്നടിവയറിൽ അപ്പോൾ മൂത്രംകൊണ്ടു തളിച്ചു വിശുദ്ധിവരുത്തിയ
കൽപ്പാളികളിൽ-
പത്തൊൻപത്, ഇരുപത് വയസ്സ്
എവിടെയുമെപ്പോഴും ഉപയോഗിക്കാമെന്നയുറപ്പിൽ
അവരുടെ ലിംഗം
കുത്തിക്കൊല്ലാൻ കഴിയുമെനിക്കിരുവരെയും,
ബാല്യം മുതലേ –അമ്മയുമ്മൂമ്മയുമായ് പോലും–
ഓരോ കൊച്ചുകരണ്ടികളായി തള്ളിത്തീറ്റിയ
ലിംഗസമർഥതയെന്ന പഴംകഥയിൽ കുരിശേറ്റാൻ കഴിയും.
രാവിലെ എട്ടുമണി.
മുഴുവൻനഗരം വന്നെന്നെ വളഞ്ഞുകഴിഞ്ഞൂ
ഉയരും പലതരമൊച്ച- അപസ്വരമേളം
രാവിലെ എട്ടുമണി.
കടകടയെന്ന് മടമ്പുകൾ നടവഴി, കോണിപ്പടികളിൽ, മെട്രോയിൽ പായുന്നൂ
എന്നെ വിറളിപിടിപ്പിക്കുന്നൂ
രാവിലെ എട്ടുമണി
പെൺകുട്ടികൾ പതുപതെ അഞ്ചാറരികിൽ, അവരുടെ ചുണ്ടിൽനിന്നും
നുരപൊന്തുന്നൂ ഛർദികണക്കെ പൊട്ടിച്ചിരികൾ, ഓക്കാനിക്കുന്നൂ ഞാൻ,
ഉള്ള നിറങ്ങൾ മുഴുവൻ വാരിപ്പൂശിയ അവരുടെ മുടികൾ, അവരുടെ കവിളുകൾ, അവരുടെ ചുണ്ടും നഖവും.
രാവിലെ എട്ടുമണി.
ചെന്നികൾ ചുറ്റിമുറുക്കുന്നൂ കൊടിൽ
തലമന്ദിച്ചൊരു മെട്രോ, സ്റ്റേഷൻ നൂഴ്ന്നു തുളച്ചെന്നേയും