ബുക്കറും ഷെഹാന് കരുണതിലക പറയുന്ന ശ്രീലങ്കൻ യാഥാർഥ്യങ്ങളും
2022ലെ ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ എഴുത്തുകാരില്‍ സ്ത്രീകള്‍ക്ക് അമ്പതു ശതമാനം പ്രാതിനിധ്യമുണ്ട്. അതില്‍ത്തന്നെ ദേശരാഷ്ട്രീയത്തില്‍ കടന്നുകൂടുന്ന സ്വേച്ഛാധിപത്യപ്രവണതകളെയും ആത്മരതിയില്‍ ഭരണംപോലും കെട്ടുകാഴ്ചകളാക്കുന്ന ഏകാധിപതികളെയും വര്‍ഗീയതയിലും സവിശേഷാധികാരങ്ങളിലും അഭിരമിക്കുന്ന സാധാരണ ജനങ്ങളെയും മതവും രാഷ്ട്രവും...
Your Subscription Supports Independent Journalism
View Plans2022ലെ ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ എഴുത്തുകാരില്‍ സ്ത്രീകള്‍ക്ക് അമ്പതു ശതമാനം പ്രാതിനിധ്യമുണ്ട്. അതില്‍ത്തന്നെ ദേശരാഷ്ട്രീയത്തില്‍ കടന്നുകൂടുന്ന സ്വേച്ഛാധിപത്യപ്രവണതകളെയും ആത്മരതിയില്‍ ഭരണംപോലും കെട്ടുകാഴ്ചകളാക്കുന്ന ഏകാധിപതികളെയും വര്‍ഗീയതയിലും സവിശേഷാധികാരങ്ങളിലും അഭിരമിക്കുന്ന സാധാരണ ജനങ്ങളെയും മതവും രാഷ്ട്രവും തമ്മിലുള്ള അവിശുദ്ധബന്ധങ്ങളെയുമെല്ലാം പ്രകടമായും പരോക്ഷമായും ചോദ്യംചെയ്യുന്ന പുസ്തകങ്ങള്‍ എടുത്തുപറയേണ്ടവയാണ്.
നോവയലറ്റ് ബുലവായോ എഴുതിയ 'ഗ്ലോറി' എന്ന നോവലിൽ സിംബാബ് വെയുടെ പതിറ്റാണ്ടുകള്‍ നീണ്ട ഏകാധിപത്യത്തിന്റെ അവസാനം അവിടെ ഉരുത്തിരിയുന്ന വലിയ ആശയക്കുഴപ്പങ്ങൾ തുറന്നുകാട്ടുന്നു. എലിസബത്ത് സ്ട്രൗട്ടിന്റെ 'ഓ വില്യം!' ന്യൂയോര്‍ക്കിലും െമയ്നിലും ഇലനോയിയിലും ഒക്കെ മനുഷ്യബന്ധങ്ങളില്‍ നിലനില്‍ക്കുന്ന വർഗവിഭാഗീയതകളെയാണ് ഉള്‍ക്കാഴ്ചയോടെ സമീപിക്കുന്നത്. ക്ലെയര്‍ കീഗനാകട്ടെ അയര്‍ലൻഡില്‍ കത്തോലിക്കാസഭയും രാജ്യവും ചേര്‍ന്ന് ഒളിപ്പിച്ചുവെച്ചിരുന്ന മനുഷ്യാവകാശധ്വംസനം – അതും കൗമാരക്കാരായ പെണ്‍കുട്ടികളോടും നവജാത ശിശുക്കളോടുമൊക്കെ കാട്ടിയ ഒരു വലിയ ചതി – കഥാവിഷയമാക്കുന്നു.
എന്റെ വായനയില്‍ ചുരുക്കപ്പട്ടികയിലെ ആറു പുസ്തകങ്ങളില്‍ ആശയപരമായും ആഖ്യാനസങ്കേതങ്ങളിലുമൊക്കെ വ്യക്തമായി മുന്നിട്ടുനിന്ന നോവല്‍, സമ്മാനം കരസ്ഥമാക്കിയ ഷെഹാന് കരുണതിലകയുടെ 'സെവന് മൂണ്‍സ് ഓഫ് മാലി അൽമെയ്ഡ' തന്നെയായിരുന്നു. ഈ നോവലിനോടൊപ്പം തന്നെ വായിക്കാവുന്ന ഒന്നാണ് പെര്‍സിവല്‍ എവെറെറ്റിന്റെ 'ദ ട്രീസ്'. മിസിസിപ്പിയുടെ പശ്ചാത്തലത്തില്‍ നടന്ന ക്രൂരമായ ഒരു ആള്‍ക്കൂട്ട കൊലപാതകത്തെ മുന്‍നിര്‍ത്തിയുള്ള ഈ കൃതി ഒരു ത്രില്ലര്‍, ഹൊറര്‍ നോവല്‍പോലെ തുടങ്ങി അമേരിക്കയുടെ ചരിത്രത്തില്‍ നടന്നിട്ടുള്ള വംശീയാക്രമണങ്ങളിലേക്കും പ്രതീകാത്മകമായ ചില പ്രത്യാക്രമണങ്ങളിലേക്കും വായനക്കാരുടെ ശ്രദ്ധയെ നയിക്കുന്നു. അലന് ഗാര്‍ണറുടെ 'ട്രീക്കിള്‍ വാക്കര്‍' തികച്ചും വ്യത്യസ്തമായ ഒരു കഥയിലൂടെ ചരിത്രവും പ്രകൃതിയും എങ്ങനെ നശ്വരമായ ജീവിതത്തില്‍ വര്‍ത്തുളമായി അപ്രതീക്ഷിത തിരിച്ചുവരവുകള്‍ നടത്തുന്നു എന്ന് കാട്ടിത്തരുന്നു.
കരുണതിലകക്ക് ആദ്യ പുസ്തകമായ 'ചൈനാമാന്‍' എന്ന നോവലിന് ശ്രീലങ്കയിലും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും ഇന്ത്യയിലുമൊക്കെ വലിയ പുരസ്കാരങ്ങളുടെ രൂപത്തില്‍ അംഗീകാരം ലഭിച്ചിരുന്നു. ശ്രീലങ്കയിലെ ക്രിക്കറ്റ് ടീമിന്റെ പശ്ചാത്തലത്തില്‍ അവിടെ നിലനില്‍ക്കുന്ന വർഗപരമായ വിവേചനങ്ങളുടെയും അടിച്ചമര്‍ത്തലിന്റെയുമൊക്കെ കഥ അന്ന് 2011ല്‍ സാഹിത്യലോകത്തും വലിയ ചലനം സൃഷ്ടിച്ചിരുന്നു. ശ്രീലങ്കയിലെ അത്യന്തം പുതുമയുള്ള ശബ്ദമായി ഷെഹാന് തിരിച്ചറിയപ്പെട്ടു. എന്നാല്‍, 'സെവന് മൂണ്‍സ്' അതില്‍നിന്നുമൊക്കെ ഒരു വലിയ മുന്നേറ്റമാണ് കഥാഘടനയിലും ഭാഷയിലുമൊക്കെ കാഴ്ചവെക്കുന്നത്. ആദ്യ പുസ്തകംതന്നെ എനിക്ക് ഈ എഴുത്തുകാരനില്‍ വലിയ താൽപര്യവും വിശ്വാസവും നല്‍കിയിരുന്നെങ്കിലും പലരീതിയിലും പരിപൂർണത അവകാശപ്പെടാനാവുന്ന ഒരെഴുത്തുകാരന് എന്ന ധാരണ വായനക്കാര്‍ക്ക് നല്കിയ ആ നോവല്‍ അദ്ദേഹത്തിന്റെ അടുത്ത കൃതികള്‍ക്ക് സമ്മർദമാകുമോ എന്നൊരു സംശയവും ഉണ്ടായി. പേക്ഷ, അത് അസ്ഥാനത്താണെന്ന് തെളിയിക്കാന്‍ 'സെവന് മൂണ്‍സി'ന്റെ ആദ്യത്തെ ചുരുക്കം താളുകള്‍ക്കായി എന്നതാണ് സത്യം.
എന്നാല്‍, ഇത് ഒരു എഴുത്തുകാരന് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. വായനക്കാരുടെ പ്രതീക്ഷക്കപ്പുറം എന്തെങ്കിലും നല്‍കുക എന്നത് ബോധപൂർവമായ ശ്രമത്തിലൂടെ മാത്രം നടക്കുന്ന ഒരു കാര്യവുമല്ല. ഒരു കലാകാരന്റെ ആത്മസമര്‍പ്പണവും സ്വയം കണ്ടെത്തലിന്റെ ആഴത്തിലുള്ള ഒരു യാത്രയുമാവും അത് പലപ്പോഴും ആവശ്യപ്പെടുന്നത്. കരുണതിലകക്ക് അതിനു സാധ്യമായെന്ന് എനിക്ക് മനസ്സിലായത് ഓരോ സീനിലും ഓരോ പേജിലും ഓരോ വാക്യത്തിലും ഈ പുതിയ നോവൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നപ്പോഴാണ്. ആഗോളതലത്തിൽ വലിയ മതിപ്പുണ്ടാക്കാൻ ഇനിയും കൂടുതൽ പ്രവർത്തിക്കേണ്ട ആവശ്യമൊന്നുമില്ലാത്ത, നൈസർഗികമായ രചനാപാടവവും ഭാവനയുമുള്ള അപൂർവരായ പൂർണ പ്രഗല്ഭരായ എഴുത്തുകാരിൽ ഒരാളാണ് ഇദ്ദേഹം എന്നുതന്നെയാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. ഈ പുതിയ നോവൽ ആ വിശ്വാസത്തെ ഒട്ടും തകര്‍ക്കുന്നില്ലെന്ന് മാത്രമല്ല, എഴുത്തിലെ നവസങ്കേതങ്ങള്‍ തേടിയുള്ള യാത്ര തികച്ചും അപ്രതീക്ഷിതമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന തിരിച്ചറിവാണ് അതെനിക്ക് നല്‍കിയത്. വളര്‍ന്നുവരുന്ന എഴുത്തുകാർക്ക് എല്ലായ്പോഴും പരിപൂർണതയുടെ വിവിധതലങ്ങളെ കണ്ടറിയാന്‍ സാധ്യമാവുന്ന ഒരു നോവലാണ് ഇതെന്ന് നിസ്സംശയം പറയാം.
'സെവന് മൂണ്‍സി'ലെ കഥാലോകംതന്നെയാണ് അതിനെ അത്യന്തം വ്യത്യസ്തമാക്കുന്നത്. ജീവന്റെ ചൂട് നഷ്ടപ്പെടാതെ വളരെയടുത്ത് മരിച്ച് ഒരു പുതിയ ലോകത്തിലേക്ക് ഉണരുന്ന ഒരു ഫോട്ടോഗ്രാഫറുടെ സങ്കീർണമായ ജീവിതത്തിന്റെ ചില ചിതറിയ കാഴ്ചകളെ ചുറ്റിപ്പറ്റിയാണ് ഈ പുസ്തകം. അദ്ദേഹത്തിന്റെ മരണം ആ ജീവിതത്തെപ്പോലെതന്നെ ദുരൂഹതകളും അപകടസാധ്യതകളും നിറഞ്ഞതാണ്. ചില ഹൊറർ, ത്രില്ലർ അംശങ്ങളുള്ള ഒരു പ്രേതകഥയായോ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളായോ മാത്രം ഇതിനെ കണ്ടാല്‍ കഥ അത്ര ആസ്വാദ്യകരമാവില്ല. കാരണം, ഇതൊക്കെ നോവലിന്റെ ഒരു വശം മാത്രമാണ്. ജീവിതപരിസരങ്ങളില്‍ എന്നും അദൃശ്യവും അപ്രാപ്യവുമായ, എന്നാല്‍ നിരന്തരമായ ഓർമപ്പെടുത്തലായി ലോകത്തെ എല്ലാ സംസ്കാരങ്ങളിലും നിറഞ്ഞുനില്ക്കുന്ന പ്രേതകഥകളൊക്കെ ഇതില്‍ അല്പം രസകരമായി കടന്നു വരുന്നു. മരണാനന്തര ജീവിതത്തിന്റെ അപ്രതീക്ഷിതമായ രൂപമാറ്റങ്ങളാലും വർണങ്ങളാലും ചലനങ്ങളാലുമൊക്കെ സമ്പന്നമാണ് മാലിയുടെ സ്വത്വാന്വേഷണം. അവന്റെ ആത്മാവിന്/പ്രേതത്തിന് വിവിധതലങ്ങളില്‍ പ്രവേശനവും പ്രവര്‍ത്തനസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട ഒന്നാണ് ജീവിച്ചിരിക്കുന്നവരുടെ ലോകം. എന്നാല്‍, പല വാതിലുകളിലൂടെയും ജാലകങ്ങളിലൂടെയുമൊക്കെ ആ ലോകത്തേക്ക് ഒന്നിലധികം വീക്ഷണങ്ങൾ അവന് ലഭിക്കുകയും ചെയ്യുന്നുണ്ട്.
ശ്രീലങ്കയുടെ ദേശീയ രാഷ്ട്രീയവും ഭിന്നതകളും കൂടാതെ അവിടത്തെ വ്യക്തിജീവിതങ്ങളിലെ ബന്ധങ്ങളും ശത്രുതകളും സൗഹൃദവും വെറുപ്പും ഒക്കെ ആഴത്തിൽ ചില മിന്നല്പ്പിണരുകളിലൂടെയെന്നപോലെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില്‍ കണ്ടുപോകാന്‍ വായനക്കാര്‍ക്ക് ഒരവസരം നല്കുന്നു ഈ പ്രേതാഖ്യാനം. അത്യപൂർവമായ നർമവും ആകാംക്ഷയും മുതലാക്കി അല്പം വിചിത്രമായ ഈ കഥാന്തരീക്ഷത്തെ ഒന്ന് മയപ്പെടുത്താന്‍ കരുണതിലകക്ക് സാധിക്കുന്നുണ്ട്. വാക്യഘടനയുടെ തലത്തിൽ ഒരേസമയം വിശദാംശങ്ങളിലും കൃത്യതയിലും വളരെയധികം ശ്രദ്ധയൂന്നിയാണ് ഈ നോവല്‍ വികസിക്കുന്നത്. പരസ്യലോകത്തിലെ കോപ്പിറൈറ്റിങ് ജോലിചെയ്തിട്ടുള്ള കരുണതിലകക്ക് ഈ പദസമ്പത്തും വാക്യഘടനകളും ഒക്കെ പുതുതായി നേടിയെടുക്കേണ്ട ഒന്നല്ലായിരുന്നു എന്ന് വ്യക്തമാണ്. ഭാഷയിലെ വൈദഗ്ധ്യത്തോടൊപ്പംതന്നെ ചില രസകരമായ പ്രയോഗങ്ങളും ഉള്‍പ്പെടുത്തി മുന്നേറുന്ന ഈ ആഖ്യാനം കരുണതിലക വളരെയധികം ആസ്വദിക്കുന്നതായും നമുക്ക് മനസ്സിലാകും.
1980കള്‍ മുതലുള്ള ശ്രീലങ്കന്‍ രാഷ്ട്രീയസാഹചര്യങ്ങള്‍ കഥയില്‍ ഒഴിവാക്കാനാകാത്ത സന്ദര്‍ഭങ്ങളായി കടന്നുവരുന്നുണ്ട്. മാലിയുടെ കാമറയില്‍ പതിയുന്ന കൂട്ടക്കൊലകളുടെയും ദുരന്തങ്ങളുടെയും ചിത്രങ്ങള്‍തന്നെയാണ് ഈ നോവലിലെ ഏറ്റവും പ്രധാനമായ ഘടകങ്ങള്‍. അതിസങ്കീർണവും അപകടകരവുമായ ഒരു ജീവിതമാണ് മാലി നയിക്കുന്നത്. ആ ഇതിവൃത്തത്തിനനുയോജ്യമായാണ് നോവല്‍ രൂപപ്പെടുത്തിയിരിക്കുന്നത്. മാലി താൻ ഉണരുന്നത് മരിച്ചവരുടെ ലോകത്താണെന്നും തന്റെ മരണത്തിലേക്കോ കൊലപാതകത്തിലേക്കോ നയിച്ച സംഭവങ്ങളുടെ ക്രമത്തെക്കുറിച്ച് കൂടുതലറിയാൻ സ്വയം കഴിയുന്നില്ലെന്നും കണ്ടെത്തുമ്പോൾ തുടക്കം മുതൽതന്നെ ഉദ്വേഗം കഥാഗതിയെ നിയന്ത്രിക്കുന്നു. തനിക്കു സ്നേഹവും കരുതലുമുള്ള വളരെക്കുറച്ച് ആളുകൾ മാത്രമേ ഉള്ളൂ എന്നതും, അവരെ പിന്തുടരുന്നതിലൂടെ മാത്രമാകും തന്റെ ജീവിതത്തിന്റെ സൂചനകള്‍ ലഭ്യമാകുന്നതെന്നും അവന് തിരിച്ചറിയുന്നു. ശ്രീലങ്കൻ ആഭ്യന്തരയുദ്ധവും അതോടൊപ്പം പല സമയങ്ങളിലായി ഭരണവർഗവും വിവിധ വര്‍ഗ/രാഷ്ട്രീയ/വംശീയ വിഭാഗങ്ങളും നടത്തിയ ഭീകരമായ അതിക്രമങ്ങളും രേഖപ്പെടുത്തുന്ന ഒരു ഫോട്ടോഗ്രാഫറെന്ന നിലയിൽ താൻ ജീവിച്ച അപകടകരമായ ജീവിതത്തെക്കുറിച്ചുള്ള നിർണായക വിശദാംശങ്ങൾ വീണ്ടെടുക്കാൻ അവന് കഴിയുന്നുണ്ട്.
ഒരു സ്വവർഗാനുരാഗിയായ മാലിക്ക് ശ്രീലങ്കപോലൊരു രാജ്യത്ത് സങ്കൽപത്തിനതീതമായ അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ മാത്രമേ ലൈംഗിക കൂട്ടാളികളെ ലഭിക്കുന്നുള്ളൂ എന്നതും കഥാസന്ദര്‍ഭങ്ങളിലെ അപായസാധ്യതകളും അതോടൊപ്പം ഉദ്വേഗവും കൂട്ടുന്നുണ്ട്. മാലി ഒരു ആഖ്യാതാവ് എന്ന നിലയിൽ താന്‍പോരിമയും ഉയർന്ന അവകാശവാദങ്ങളും നിറഞ്ഞ ഒരുവനാണ് എന്നത് വായനക്കാരെ സംബന്ധിച്ചിടത്തോളം അവനെ അത്ര സ്വീകാര്യനല്ലാത്ത വ്യക്തിയാക്കിയേക്കാം. എങ്കിലും അവന്റെ എല്ലാ പ്രവർത്തനങ്ങളും വാക്കുകളും ഇടമുറിയാതെ പിന്തുടരാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഒരു ജീവിതാസക്തിയും ഊർജവും അവനിലുണ്ട് എന്നതിനാല്‍ അവരും അവനോടൊപ്പം നിഗൂഢമായ യാത്രയില്‍ പങ്കുചേരും.
ജോർജ് സോണ്ടേഴ്സിന്റെ ബുക്കർ പുരസ്കാരം നേടിയ 'ലിങ്കൺ ഇൻ ദ ബാർഡോ' എന്ന നോവല്‍ തന്നില്‍ സ്വാധീനം ചെലുത്തിയ കൃതികളുടെ കൂട്ടത്തില്‍ കരുണതിലക പരാമർശിച്ചിരുന്നു. ആ പുസ്തകത്തിലേതുപോലെയുള്ള ആഖ്യാനസങ്കേതത്തിലെ കുതിച്ചുചാട്ടങ്ങള്‍ ആവേശപൂർവം സ്വീകരിക്കുന്നവര്‍ക്ക് ഈ നോവലും ഇഷ്ടപ്പെടും. മരിച്ചവരുടെ ലോകത്തിലെ കഥകള്‍ എന്ന ഈ സമാനതക്ക് പുറമെ, അവയുടെ കഥയിലും വ്യാപ്തിയിലും ആശയങ്ങളിലും അത്ര താരതമ്യപ്പെടുത്താനാവുന്ന നോവലുകളല്ല ഇവ രണ്ടും. ആഖ്യാനസങ്കേതത്തില്‍ എനിക്ക് സെവന് മൂണ്സിനോട് കൂടുതല്‍ സാമ്യം തോന്നിയത് ഗാസ്പർ നോയെ സംവിധാനം ചെയ്ത 'എന്റർ ദ വോയിഡ്' എന്ന സിനിമയാണ്. നോവലിന്റെ ഭൂരിഭാഗവും ആഖ്യാതാവിന്റെ വീക്ഷണകോണിൽനിന്ന് ഞാന്‍ ദൃശ്യവത്കരിച്ചപ്പോള്‍ അത് മുകളില്‍നിന്നുള്ള അല്പം അസ്വസ്ഥതയേകുന്ന ഒരു കാമറ ആംഗിളിലൂടെ കാണുന്നപോലെയാണ് അനുഭവവേദ്യമായത്. സിനിമയിൽ നോയെ അത് വളരെ ഫലപ്രദമായി ചെയ്തിരുന്നു – അതിലും യഥാർഥത്തിൽ ഒരു ഭയാനകമായ സംഭവത്തിലേക്ക് നയിക്കുന്നതെന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു ആത്മാവിന്റെ വീക്ഷണമുണ്ട്.
'മാലി അൽമെയ്ഡയുടെ സെവൻ മൂൺസ്' ശ്രീലങ്കയെക്കുറിച്ചുള്ള ഒരു സുപ്രധാന ഗ്രന്ഥമായി നിലനിൽക്കും. എല്ലാ അർഥത്തിലും പുതിയതും പൊതുവേ യന്ത്രവത്കൃതമായ ആഖ്യാനങ്ങളാല്‍ സമൃദ്ധമായ നമ്മുടെ ഈ കാലഘട്ടത്തിൽ നോവലെഴുത്തിന്റെ ഭാവിയിലേക്ക് നിരവധി ചുവടുകൾവെക്കുന്ന ഒരു കൃതിയാണിത്.