ചിലിയൻ കാവ്യതലമുറകളുടെ ചരിത്രനിർമിതികൾ
ചിലിയിലെ എഴുത്തുകാരൻ അലജാന്ദ്രൊ സാംബ്രയുടെ ‘ചിലിയൻ കവി’ (Chilean Poet) എന്ന ഏറ്റവും പുതിയ നോവൽ വായിക്കുന്നു.
സമകാലിക ലാറ്റിനമേരിക്കൻ എഴുത്തുകാർക്കിടയിൽ ഒരു പുതിയ ഉണർവ് (Boom) തന്റെ രചനകളിലൂടെ കൊണ്ടുവന്ന ചിലിയൻ എഴുത്തുകാരനാണ് അലജാന്ദ്രൊ സാംബ്ര (Alejandro Zambra). കവിയും നോവലിസ്റ്റുമായ സാംബ്രയുടെ ഏറ്റവും പുതിയ നോവൽ 'ചിലിയൻ കവി' (Chilean Poet) ശരിക്കും സമകാലിക ചിലിയൻ സാഹിത്യ പഠനമോ അരങ്ങിനെ കുറിച്ച വിശകലനമോ ഒക്കെയായിട്ടു വേണം വിലയിരുത്താൻ. ചിലിയൻ കവിതയുടെ സാന്ദ്രമായ തലങ്ങളിലേക്കാണീ നോവൽ ഇറങ്ങിച്ചെല്ലുന്നത്. ഇപ്പോൾ മെക്സികോ നഗരത്തിൽ ജീവിക്കുന്ന അദ്ദേഹം...
Your Subscription Supports Independent Journalism
View Plansസമകാലിക ലാറ്റിനമേരിക്കൻ എഴുത്തുകാർക്കിടയിൽ ഒരു പുതിയ ഉണർവ് (Boom) തന്റെ രചനകളിലൂടെ കൊണ്ടുവന്ന ചിലിയൻ എഴുത്തുകാരനാണ് അലജാന്ദ്രൊ സാംബ്ര (Alejandro Zambra). കവിയും നോവലിസ്റ്റുമായ സാംബ്രയുടെ ഏറ്റവും പുതിയ നോവൽ 'ചിലിയൻ കവി' (Chilean Poet) ശരിക്കും സമകാലിക ചിലിയൻ സാഹിത്യ പഠനമോ അരങ്ങിനെ കുറിച്ച വിശകലനമോ ഒക്കെയായിട്ടു വേണം വിലയിരുത്താൻ. ചിലിയൻ കവിതയുടെ സാന്ദ്രമായ തലങ്ങളിലേക്കാണീ നോവൽ ഇറങ്ങിച്ചെല്ലുന്നത്. ഇപ്പോൾ മെക്സികോ നഗരത്തിൽ ജീവിക്കുന്ന അദ്ദേഹം ഇതിനകംതന്നെ അഞ്ച് ഫിക്ഷനൽ രചനകളും കവിതകളും രചിച്ചിട്ടുണ്ട്. നോവലുകളിൽ പ്രധാനപ്പെട്ടവ 'ആവർത്തിത തിരഞ്ഞെടുക്കൽ' (Multiple Choice), 'എന്റെ പ്രമാണങ്ങൾ' (My Documents) തുടങ്ങിയവയാണ്. നിരവധി അന്തർദേശീയ സാഹിത്യ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. പുതുതലമുറയിലെ എഴുത്തുകാർക്കിടയിൽ ആവേശമുണർത്തുന്ന രചനാനുഭവങ്ങളുടെ മഹാ സ്രോതസ്സായി സാംബ്രയുടെ സാന്നിധ്യം വിലയിരുത്തപ്പെടുന്നു. 1975 സെപ്റ്റംബർ 24ന്ചിലിയിലെ സാന്റിയാഗോവിലാണ് ജനനം. വൃക്ഷങ്ങളുടെ സ്വകാര്യ ജീവിതങ്ങൾ (The Private Lives of Trees) എന്ന നോവലിലൂടെ ചിലിയിലെ എഴുത്തിൽ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചു.
ലണ്ടനിലെ വൈക്കിങ് (Viking) പ്രസാധകർ പുറത്തുകൊണ്ടുവന്ന ഹാർഡ് ബൗണ്ട് എഡിഷന്റെ പരിഭാഷ വിഖ്യാത പരിഭാഷകൻ മെഗാൻ മക്ഡവലിന്റേതാണ് (Megan Mcdowell). 2022ൽ പുറത്തുവന്ന ഈ നോവൽ അലജാന്ദ്രൊ സാംബ്രയുടെ മറ്റു രചനകൾ വായിച്ചിട്ടുള്ളവർക്ക് പുതിയ അനുഭവതലങ്ങളിലൂടെ ഉദാത്തമായ സഞ്ചാരങ്ങൾക്ക് വഴിയൊരുക്കും.
''ഒരു ചിലിയൻ കവിയായി ജീവിക്കുകയെന്നത് ഒരു പെറൂവിയൻ പാചകക്കാരനാക്കുന്നതുപോലെയോ അല്ലെങ്കിൽ ബ്രസീലിലെ ഫുട്ബാൾ കളിക്കാരനാകുന്നതുപോലെയോ ആണ്'', സാംബ്ര തിരിച്ചറിയുന്ന അവസ്ഥയുടെ യാഥാർഥ്യ മുഖം അങ്ങനെയാണ്. കവിതയെന്നത് ചിലിയിലെ 'ദേശീയ കായിക' ഇനമാണ്. ഈ ഭൂമിക നൊേബൽ സമ്മാന ജേതാക്കളായ രണ്ടു കവികളെ ഇതിനകംതന്നെ സൃഷ്ടിച്ചിട്ടുണ്ട് – ഗബ്രിേയല മിസ്ട്രാളും (Gabriela Mistral) പാബ്ലൊ നെരൂദയും (Pablo Neruda). ഇവരെ കൂടാതെ പാബ്ലൊ ഡിറോക്കയും (Pablo de Rokha) വിസെന്റെ ഹുയിദോബ്രൊയും (Vicente Huidobro) വായനക്കാരുടെ സ്മൃതികളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന എഴുത്തുകാരാണ്.
'ചിലിയൻ കവി'യെന്ന ഈ നോവൽ ചിലിയിലെ സാഹിത്യ അരങ്ങിൽനിന്നും അതിന്റെ നിഴൽപ്പാടിനുള്ളിൽനിന്നും പുറത്തേക്ക് വരാൻ ശ്രമിക്കുന്ന ഒരുകൂട്ടം കവികളുടെ ജീവിതത്തെയാണ് ഉൾക്കൊള്ളുന്നത്. അതേസമയം, പഴയ പ്രതിഭകളുടെ പാരമ്പര്യതലങ്ങളിൽനിന്നും സ്വാധീനമുൾക്കൊള്ളുന്നതിലൂടെ വെറുമൊരു മോചനം ആഗ്രഹിക്കുന്നുമില്ല. ഇവിടെ സാംബ്ര അന്തരിച്ച ചിലിയൻ എഴുത്തുകാരൻ റോബർത്തൊ ബൊല്ലാനൊയുടെ രചനകളിൽനിന്നും പുത്തൻ ഉണർവിന്റെ സ്പർശം ഏറ്റുവാങ്ങാൻ തുറന്ന മനസ്സോടെ ശ്രമിക്കുന്നു.
നോവലിലെ പ്രധാന കഥാപാത്രങ്ങളായ ഗൊൺസാലോയും ക്ലാരയും അവരോടൊപ്പം കഴിയുന്ന വിൻസെെന്റയും ഏതു രീതിയിൽ ഒത്തുചേരുമെന്ന യാഥാർഥ്യത്തിലേക്കാണ് വായനക്കാർക്ക് കടന്നുചെല്ലേണ്ടത്. ക്ലാരയുടെ മുമ്പുണ്ടായിരുന്ന ദാമ്പത്യ ബന്ധത്തിൽ ജനിച്ച പുത്രനാണ് വിസെന്റെ. ഗൊൺസാലോ ഒരു കവിയും യൂനിവേഴ്സിറ്റിയിലെ അധ്യാപകനുമാണ്. അദ്ദേഹത്തിന്റെ ഭാര്യ ക്ലാര വളർന്നുവരുന്ന ഒരു ഫോട്ടോഗ്രാഫറാണ്. ക്ലാരയുടെ ആദ്യ വിവാഹത്തിന്റെ തകർച്ചക്കുശേഷമാണ് ഗൊൺസാലോ പരിചയപ്പെടുന്നതും ക്രമേണ പ്രണയത്തിലാവുന്നതും. അവർ ഒത്തുചേരുമ്പോഴുണ്ടാകുന്ന ലൈംഗിക സമാഗമങ്ങളെക്കുറിച്ച് നോവലിൽ കാവ്യാത്മകമായ വിവരണങ്ങളുണ്ട്.
ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനിടയിൽ ഹൃദയങ്ങൾ തമ്മിൽ ആകർഷിക്കപ്പെട്ടിരുന്നെങ്കിലും പെട്ടെന്നുണ്ടായ ഒരു തകർച്ചക്കുശേഷമാണ് ഗൊൺസാലോ വീണ്ടും ക്ലാരയുമായി അടുക്കുന്നത്. ഗൊൺസാലോ കവിയായിത്തീരാൻ കൊതിച്ചിരുന്ന കാലമായിരുന്നു അത്. ഒരു അറിയപ്പെടുന്ന ചിലിയൻ കവിയായിത്തീരണമെന്ന മോഹം കൊണ്ടുനടക്കുമ്പോഴും അതിനു മുമ്പുള്ള ചിലിയിലെ ചില മഹാവ്യക്തിത്വങ്ങളിൽനിന്നൊക്കെ വേറിട്ട് നിൽക്കുന്ന രൂപമായിരുന്നു ആ മനസ്സിലുണ്ടായിരുന്നത്. ക്ലാരയുമായി വീണ്ടും അടുപ്പത്തിലായപ്പോൾ വിസെന്റെയുടെ വളർച്ചയിൽ നിർണായകമായ പങ്കുവഹിക്കാനാണ് ഗൊൺസാലോ തയാറാകുന്നത്. വളരെ സൗന്ദര്യാത്മകമായ വെല്ലുവിളിയായി ഇതിനെ ഏറ്റെടുക്കാനും അയാൾ മുന്നോട്ടുവന്നു. രണ്ടാനച്ഛന്റെ പദവിയുടെ പുറത്ത് സ്നേഹബന്ധം വിസെന്റെയുമായി നിലനിർത്താനും അയാൾ തയാറായി.
വിസെന്റെ അവന്റെ സുഹൃത്തുക്കളോട് കവിയായ രണ്ടാം പിതാവിനെക്കുറിച്ച് വിശേഷിപ്പിക്കുന്നതിനെ കുറിച്ചും അയാൾ ഭാവനയിൽ ദർശിച്ചിരുന്നു. പക്ഷേ, അവന്റെ പ്രസ്താവന ഗൊൺസാലോക്ക് പിതൃത്വത്തിനോടും കവിതയോടും ഉണ്ടായേക്കാവുന്ന ഒരുതരം അരക്ഷിതാവസ്ഥയായാണ് തോന്നിയത്. ഈ രണ്ട് അവസ്ഥകളിലും മികച്ച രീതിയിൽ നിലനിൽക്കണം എന്ന ആഗ്രഹത്തിന് ചേരാത്ത ഒന്നിനോടും അയാൾക്ക് പൊരുത്തപ്പെടാൻ കഴിയാതെ വരുന്നു. വിസെന്റെയും അവന്റെ സമ്പന്നമായ ഒരു ഭാവിയെയും കവിതയുടെ മായിക പ്രപഞ്ചത്തെയും വിട്ടുകൊണ്ടുള്ള ഒന്നുംതന്നെ അയാൾ ആഗ്രഹിച്ചില്ല.
നാല് ഭാഗങ്ങളിലായി അവസാനിക്കുന്ന സാംബ്രയുടെ നോവൽ ദശാബ്ദങ്ങളിലൂടെ വികസിക്കുന്നു. നോവൽ ആരംഭിക്കുന്നത് 1991 കാലത്താണ്. അന്ന് ഗൊൺസാലോയും ക്ലാരയും വിദ്യാർഥികളാണ്. ചെറുപ്പത്തിന്റെ എല്ലാവിധ താൽപര്യങ്ങളും അവർ ഒപ്പം കൂട്ടിയിരുന്നു. പക്ഷേ, തീവ്രമായ ഒരു പ്രണയബന്ധത്തിലേക്ക് പോകാതെ അത് അവസാനിക്കുന്നു.അന്ന് ഗൊൺസാലോക്ക് കുറച്ച് കാവ്യാത്മകമായ അഭിനിവേശങ്ങളുണ്ടായിരുന്നു. കുറച്ചുകാലത്തേക്കുകൂടി അയാൾ ക്ലാരക്ക് കത്തുകളെഴുതിക്കൊണ്ടിരുന്നെങ്കിലും ക്രമേണ ബന്ധം പൂർണമായും നിലച്ചു.
ഒമ്പതു വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരിക്കൽ കൂടി അവർ കണ്ടുമുട്ടുന്നു. അവർക്കിടയിലെ ബന്ധം ഒരിക്കൽകൂടി വളരുന്നു. ഗൊൺസാലോ ക്ലാരയോടൊപ്പം ജീവിക്കാൻ തുടങ്ങുകയും വിസെന്റെയുടെ രണ്ടാനച്ഛന്റെ വേഷംപോലെ ഒന്ന് ബോധപൂർവം ഏറ്റെടുക്കുകയും ചെയ്യുന്നു. അധികം വൈകാതെ അവരുടെ ബന്ധം വീണ്ടുമൊരു തകർച്ചയിലേക്ക് നീങ്ങുന്നു. അത് ഗൊൺസാലോ സാഹിത്യപരമായ അഭിലാഷങ്ങളുടെ സഫലീകരണത്തിനായി ഗവൺമെന്റിന്റെ ഗ്രാന്റോടെ ന്യൂയോർക്കിലേക്ക് ഡോക്ടറൽ പഠനത്തിന് പോകുമ്പോഴാണ്. ഈയൊരു കാര്യം അയാൾ ക്ലാരയിൽനിന്നും മറച്ചുവെച്ചിരുന്നു. ഒറ്റക്കയാൾ അവസാനം ന്യൂയോർക്കിലേക്ക് പോവുന്നു. പക്ഷേ, വിസെന്റെയുമായുണ്ടായിരുന്ന ബന്ധം നിലനിർത്താൻ അയാൾ ചില ശ്രമങ്ങൾ നടത്തുകയും ചെയ്തു.
പിന്നീട് നാം നോവലിൽ കാണുന്നത് പതിനെട്ട് വയസ്സുള്ള വിസെന്റെയാണ്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി കോളജിലേക്ക് പോകാൻ അവന് താൽപര്യമില്ലായിരുന്നു. ഒരു കവിയായിത്തീരുവാനാണ് അവൻ തീവ്രമായി ആഗ്രഹിച്ചത്. ഗൊൺസാലോ പിന്നിട്ട കവിതയുടെ വഴി അവനിൽ തെളിഞ്ഞുവന്നു.
നോവലിൽ ഇതിനൊപ്പം തിളങ്ങിനിൽക്കുന്നത് ചിലിയിലെ കാവ്യാത്മക സ്പർശമുള്ള ജീവിതവും കവികളുടെയും അവരുടെ രചനകളുടെയും ആവേശം കൊള്ളിക്കുന്ന കാലത്തിന്റെ ദൃശ്യങ്ങളുമായിരുന്നു. ചില പ്രധാന നോവലുകളെപ്പറ്റിയുള്ള പരാമർശങ്ങളും ഈ ഭാഗത്ത് കടന്നുവരുന്നുണ്ട്. വിസെന്റെക്ക് ഗൊൺസാലോ 'മാജിക് മൗണ്ടന്റെ' ഒരു കോപ്പി സമ്മാനിക്കുന്നുമുണ്ട്. സാംബ്ര തന്റെ പ്രിയപ്പെട്ട കവികളുടെ രചനകളുടെ ഒരു വലിയ നിരതന്നെ നോവലിൽ സമന്വയിച്ചിട്ടുള്ളത് ചിലിയൻ കവിതയെക്കുറിച്ച് കൂടുതലറിയാൻ സഹായകമാണ്. നിക്കാനോർ പാർറുടെ കവിതകളുടെ വിശകലനങ്ങൾ ഇടക്ക് കടന്നുവരുന്നു.
ഗൊൺസാലോയെയും വിസെന്റെയെയും അവരുടെ കാവ്യാത്മകതയോടുള്ള പ്രലോഭനങ്ങൾ വിടാതെ പിന്തുടരുന്നുണ്ടെങ്കിലും നോവലിന്റെ അവസാന ഭാഗംവരെ കൂടുതലൊന്നും അവകാശപ്പെടാനില്ലാതെ അത് നിലനിൽക്കുന്നു. ന്യൂയോർക്കിലേക്ക് പോകുന്നതിന് മുമ്പ് ഒരു കവിതാ സമാഹാരം പുറത്തുവരാൻ ഗൊൺസാലോ ആഗ്രഹിച്ചു. ഒരു 200 കോപ്പിയെങ്കിലും അച്ചടിക്കാനുള്ള ഒരു പദ്ധതിയാണ് ചിന്തയിലുണ്ടായിരുന്നത്. അതിന്റെ ചെലവിന്റെ 40 ശതമാനം ഏറ്റെടുക്കേണ്ടതായിട്ടുണ്ടായിരുന്നു.
18ാമത്തെ വയസ്സിലാണ് വിസെന്റെ അമേരിക്കൻ ജേണലിസ്റ്റായ പ്രൂവിനെ പരിചയപ്പെടുന്നത്. സാന്റിയാഗോ നഗരത്തിന്റെ ഭ്രമാത്മകതയിൽ ഏതാണ്ട് പൂർണമായും ആലങ്കാരികമായ അവസ്ഥയിൽപെട്ട് അവർ അലഞ്ഞുതിരിയുകയായിരുന്നു. ചിലിയിലെ കവികളെക്കുറിച്ച് അഭിമുഖം നടത്തി കുറിപ്പുകളെഴുതാൻ അവളെ ഗൊൺസാലോ പ്രേരിപ്പിക്കുന്നു. അത് നെരൂദയെപ്പോലെയും മിസ്ട്രാളിനെപ്പോലെയും ബൊലാനൊയെ പ്പോലെയും ഉള്ളവരായിരിക്കരുതെന്ന് അവളെ ഓർമിപ്പിച്ചു. മറിച്ച് ജീവിച്ചിരിക്കുന്ന പ്രതിഭാശാലികളായ കവികൾക്കിടയിലേക്കാണ് കടന്നുചെല്ലേണ്ടത്. അതോടെ പ്രൂവിന്റെ ഗവേഷണതലങ്ങൾ മാറുന്നു.
എനിക്കൊരു കവിയാകണം. ''എനിക്ക് ചിലിയൻ കവിയായേ തീരൂ'' എന്ന് വിസെന്റെ പറയുന്ന നിമിഷങ്ങളിൽ അവന്റെ മിഴികളിൽ കണ്ട വെളിച്ചം ആവേശമെന്നതിനപ്പുറം ചിലിയൻ കവിതയോടുള്ള അവന്റെ സമർപ്പണമായാണ് ഗൊൺസാലോ തിരിച്ചറിയുന്നത്. പിതാവായ ലിയോണിനോട് അവൻ തന്റെ മനസ്സ് തുറക്കുന്ന ഒരു രംഗം ഈ നോവലിലുണ്ട്. ലിയോണിന് അവനെ നോക്കി ചിരിക്കുവാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. ''എന്തിനും പാകമായി നീ വളർന്നിരിക്കുന്നു കുട്ടീ... നീ നിന്റേതായ വഴിയിൽ കൂടി പോവുക. എന്റെ ചെറിയ കവി, എന്റെ ചിലിയിലെ കവി, നീ അതിനുവേണ്ടി പാരിസിലേക്കോ ന്യൂയോർക്കിലേക്കോ പോകേണ്ടതില്ല''എന്ന് ലിയോണ പറയുന്നു.
ജന്മനാ കവിയായ ഗൊൺസാലോയും ചിലിയൻ കാവ്യാന്തരീക്ഷത്തിൽ നിർണായകമായ ഒരിടം കണ്ടെത്താൻ ശ്രമിക്കുന്ന വിസെന്റെയും സമകാലിക ചിലിയിലെ കാവ്യാത്മകതയുടെ പുതിയ മുഖങ്ങളാണ്. ഗബ്രിേയല മിസ്ട്രാളും നെരൂദയും വിസെന്റെ ഹുയിദൊബ്രൊയും എറിക്ലിനും 'സ്നേഹത്തിനുള്ളിലെ വെണ്ണീര്' (Ashes in Love) എന്ന സമാഹാരത്താൽ ശ്രദ്ധേയനായ ഒസ്കാർ ഹാനുമൊക്കെ ജീവിതം ഉഴിഞ്ഞുവെച്ചത് ചിലിയൻ കവിതക്കുവേണ്ടിയാണ്. ഇവയെല്ലാം ഓർമയുടെ തലങ്ങളിലേക്ക് കൊണ്ടുവന്നുകൊണ്ട് ചിലിയൻ കവിതാമണ്ഡലത്തിന്റെ സാന്ദ്രവും ശക്തവുമായ ഒരു ചിത്രം ഈ നോവലിലുണ്ട്. നോവൽ അവസാനിക്കുന്നത് കാര്യാത്മകമായ ചിന്തകൾ സമ്മാനിച്ചുകൊണ്ടാണ്: ''ഈ ലോകം നിരവധി നുറുങ്ങുകളായി പതിക്കാൻ പോകയാണ്. എല്ലാം മിക്കവാറും അസംബന്ധത്തിന്റെ പ്രതീകങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. നാം സ്നേഹിക്കുന്നവരെയൊക്കെ മിക്കവാറും നാം മുറിവേൽപിക്കുകയും ചെയ്തിരിക്കുന്നു. അല്ലെങ്കിൽ മുറിവേൽപിക്കുന്നതിൽ നമുക്കെതിരെ അവരുടെ ഊഴമായിരിക്കും. പ്രത്യാശയുടെ ജാലകങ്ങൾ ഒന്നൊന്നായി അടങ്ങിക്കൊണ്ടിരിക്കുന്നു. കഥക്ക് ഇപ്പോൾ നമ്മോട് പറയുവാനുണ്ടാകും. അതെ എല്ലാം ഇവിടെ അവസാനിപ്പിക്കട്ടെ.'' നർമവും അവബോധതലങ്ങളിലെ കാര്യാത്മകതയുടെ സ്പർശവും പകരുന്ന ഈ നോവൽ ഒരു മികച്ച രചനയാണ്.