ഇന്ത്യൻ സാഹിത്യത്തിൽ സവിശേഷ ശ്രദ്ധ നേടുന്ന ജ്ഞാനപീഠ ജേതാവ് ദാമോദർ മൗജോയുടെ രചനകളിലൂടെ...
ജ്ഞാനപീഠ ജേതാവ് ദാമോദർ മൗജോ ഇന്ത്യൻ സാഹിത്യത്തിൽ സവിശേഷ ശ്രദ്ധ നേടുന്നുണ്ട്. അദ്ദേഹത്തിന്‍റെ രചനകളിലൂടെ സഞ്ചരിക്കുകയാണ് നിരൂപകനായ ലേഖകൻ.
01
പോർചുഗീസ് ആസ്ഥാനമായ ഗോവ അച്ചടിപ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു. 1556ൽ ജെസ്യൂട്ടുകൾ ഏഷ്യയിലെ ആദ്യത്തെ അച്ചടിശാല ഗോവയിൽ സ്ഥാപിച്ചു. അധികം വൈകാതെ, പോർചുഗീസുകാരുടെ നേതൃത്വത്തിൽ ഗോവയിൽ 1560ൽ നടന്ന കുപ്രസിദ്ധമായ മതദ്രോഹവിചാരണയുടെ പരിണതഫലമായി കൊങ്കണിയിലെയും സംസ്‌കൃതത്തിലെയും മറാത്തിയിലെയും പുസ്തകങ്ങൾക്ക് നിശിതമായ വിലക്ക് ഏർപ്പെടുത്തി. കലയും സാഹിത്യവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ ഒരു ആലോചനയും കൂടാതെ നശിപ്പിച്ചുകളയുക എന്ന സമീപനമാണ് പോർചുഗീസുകാർ കൈക്കൊണ്ടത്. പോർചുഗീസ് ഭരണാധികാരികൾ നടത്തിയ വലിയതോതിലുള്ള മതപരിവർത്തനം കൊങ്കണി സാഹിത്യത്തിെൻറ പാരമ്പര്യത്തെ തകർക്കുകയും എണ്ണമറ്റ കൈയെഴുത്തുപ്രതികൾ നശിപ്പിക്കുകയും ചെയ്തു. ചെറുത്തുനിൽപിെൻറയും അതിജീവിതത്തിെൻറയും പാതയിൽ രൂപംകൊണ്ട ഗോവയുടെ ഭാഷാപരവും സാംസ്കാരികവുമായ പ്രസരിപ്പ് സർഗാത്മകമാണ്. പത്തൊമ്പതാം നൂറ്റാണ്ടിെൻറ അവസാനത്തോടെ ഒരു ആധുനിക സാഹിത്യഭാഷയായി കൊങ്കണി രൂപപ്പെട്ടു. ശ്രീകൃഷ്ണ ചരിത്രകഥ (1526) എന്ന മറാത്തിഗ്രന്ഥം രചിച്ച കൃഷ്ണദാസ് ശാമയാണ് ഗോവയിലെ ആദ്യകാല എഴുത്തുകാരിൽ പ്രമുഖൻ. എഴുത്തുകാരായ ഷേണോയി ഗോംബാബ് (1877-1946), രവീന്ദ്ര കേലേക്കർ (1925-2010) എന്നിവരുടെ സൃഷ്ടികളിലൂടെ കൊങ്കണിസാഹിത്യം ശ്രദ്ധേയമായ അടയാളപ്പെടുത്തലുകളിൽ ഭാഗഭാക്കായി. രവീന്ദ്ര കേലേക്കറിനു ശേഷം ദാമോദർ മൗജോയിലൂടെ ഒരിക്കൽക്കൂടി ജ്ഞാനപീഠം കൊങ്കണിഭാഷയെ തേടിയെത്തി. കൊങ്കണിയിലെ കഥാകൃത്തും നോവലിസ്റ്റും ഗദ്യകാരനുമായ ദാമോദർ മൗജോക്കാണ് 2021ലെ ജ്ഞാനപീഠം. ചരിത്രത്തിെൻറയും അധിനിവേശത്തിെൻറയും നാൾവഴികളെ ആവാഹിച്ചുകൊണ്ടാവണം സാഹിത്യത്തെ രേഖപ്പെടുത്തേണ്ടത് എന്ന തത്ത്വം കൊങ്കണിഭാഷയും ശരിവെക്കുന്നു.
ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെ സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗോവയിലെ വിമോചനപ്രസ്ഥാനവും ആയിരത്തിത്തൊള്ളായിരത്തി നാൽപതോടുകൂടി സജീവമായി. നാലര ശതകത്തോളം പോർചുഗീസ് ഭരണത്തിനു കീഴിലായിരുന്ന ഗോവ 1961ലാണ് സ്വതന്ത്രമായത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള വഴി കടൽമാർഗം കണ്ടെത്തിയിട്ട് ആറു വർഷം കഴിഞ്ഞാണ് പോർചുഗീസ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത്. ആദ്യത്തെ വൈസ്രോയിയായ ഫ്രാൻസിസ്കോ ഡി അൽമേഡ കൊച്ചിയാണ് തെൻറ ആസ്ഥാനമാക്കിയത് (1505-1509). ഇന്ത്യൻ മഹാസമുദ്രത്തിൽ ചിതറിക്കിടക്കുന്ന പോർചുഗീസ് കോട്ടകളുടെയും വാസസ്ഥലങ്ങളുടെയും നിയന്ത്രണം പോർചുഗീസ് ഇന്ത്യയുടെ ഭരണകേന്ദ്രത്തിനായിരുന്നു. 1510ൽ പോർചുഗീസ് ആസ്ഥാനം ഗോവയിലേക്ക് മാറ്റി. ദക്ഷിണാഫ്രിക്ക മുതൽ തെക്കുകിഴക്കൻ ഏഷ്യവരെയുള്ള പോർചുഗീസ് ഈസ്റ്റ് ഇൻഡീസിെൻറ അധീനതയിലുള്ള എല്ലാ സ്വത്തുക്കളും ഇവിടെനിന്നാണ് നോക്കിനടത്തിയിരുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതോടെ പോർചുഗീസ് ഇന്ത്യയെ മൂന്ന് ജില്ലകളായി വിഭജിച്ചു. ഗോവ, ദാദ്ര-നാഗർഹവേലിയിലെ ഉൾനാടൻ പ്രദേശങ്ങൾ ഉൾപ്പെട്ട ദാമൻ, ദിയു എന്നിവയായിരുന്നു ഇവ. 1954ൽ പോർചുഗലിന് ദാദ്രയിലെയും നാഗർഹവേലിയിലെയും ഫലപ്രദമായ നിയന്ത്രണം നഷ്ടപ്പെട്ടു. 1954ൽ യുദ്ധസന്നദ്ധരായ ഒരുപറ്റം ഇന്ത്യക്കാർ ദാദ്ര-നാഗർഹവേലിയിലെ ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങൾ അധീനതയിലാക്കി. ഈ സംഭവത്തെ തുടർന്ന് ഇന്ത്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പരാതി നൽകാൻ പോർചുഗീസുകാർ ഒരുമ്പെട്ടു. 1960ലെ ഈ കേസിെൻറ അന്തിമവിധിയിൽ പോർചുഗീസുകാർക്ക് ഈ പ്രദേശങ്ങളിൽ അവകാശമുണ്ടെന്നും എന്നാൽ ഇവിടേക്കുള്ള പോർചുഗലിെൻറ പ്രവേശനം നിഷേധിക്കാൻ ഇന്ത്യക്ക് അധികാരമുണ്ടെന്നും വിധിവന്നു. ഇന്ത്യൻ കോളനികൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനായി പോർചുഗലിലെ 'സലാസർ' ഭരണകൂടത്തോട് ഇന്ത്യ നിരന്തരം അഭ്യർഥനകൾ നടത്തിയെങ്കിലും അവ ഫലം കണ്ടില്ല. ഒടുവിൽ, 1961 ഡിസംബർ 18ന് ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് ഗോവ കീഴടക്കി. അഞ്ച് മാസത്തോളം ഗോവ പട്ടാളഭരണത്തിലായിരുന്നു. ഇതിനുശേഷം അവിടെ ഒരു ജനഹിതപരിശോധന നടക്കുകയും സ്വയംഭരണാധികാരമുള്ള ഫെഡറൽ ഭരണപ്രദേശമായി മാറുകയുംചെയ്തു.
പോർചുഗീസ് ആധിപത്യത്തിൽ മനംമടുത്ത ജനങ്ങൾ ഗോവ വിട്ടുപോകുന്ന പ്രവണത നിലവിലുണ്ടായിരുന്നു. പോർചുഗീസ്ഭരണത്തിെൻറ ആദ്യ നൂറ്റാണ്ടുകളിൽ ഹിന്ദുക്കൾ കൂട്ടമായി അവിടെനിന്നു പലായനം ചെയ്തിരുന്നു. മതദ്രോഹവിചാരണയിൽനിന്ന് രക്ഷപ്പെടാൻ വേണ്ടിയായിരുന്നു സ്വദേശം ഉപേക്ഷിച്ചുള്ള ഈ യാത്ര. മംഗലാപുരത്തും കാനറയിലും മറ്റുമായിരുന്നു അവർ പിന്നീട് ജീവിച്ചത്. കിഴക്കേ ആഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ കാലയളവിൽ ധാരാളം ക്രിസ്ത്യൻ മതവിഭാഗക്കാരും കുടിയേറി. പോർചുഗൽ പട്ടാളക്കാരുടെ വധുക്കളായി ഗോവയിലെ സ്ത്രീകൾ പെറു, കൊളംബൊ, ബ്രസീൽ മുതലായ രാജ്യങ്ങളിലേക്ക് ജീവിതം മാറ്റിസ്ഥാപിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിെൻറ ആദ്യവർഷങ്ങളിൽ തൊട്ട് ബ്രിട്ടീഷ്ഇന്ത്യയിലേക്ക് ഗോവൻസ്ത്രീകൾ തൊഴിലന്വേഷണത്തിെൻറ ഭാഗമായി പോയിക്കൊണ്ടിരുന്നു. ഗോവയിൽനിന്ന് ഗൾഫ്നാടുകളിലേക്കുള്ള ചരിത്രപരമായ വിനിമയവും ശ്രദ്ധേയമാണ്. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളോടെയാണ് ഗൾഫ് കുടിയേറ്റം ശക്തമായത്. കൊളോണിയൽഭരണത്തിൽനിന്ന് മുക്തി നേടിയ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം എളുപ്പമായിരുന്നില്ല എന്നതും ഇതിനൊരു കാരണമാണ്. ഗൾഫിലേക്ക് കുടിയേറിയ സ്ത്രീകൾ വീട്ടുജോലിയിലും തയ്യൽവേലയിലും ഒക്കെയായി ഉപജീവനമാർഗം കണ്ടെത്തി. 'കുവൈറ്റുകർ' (Kuwaitkars) എന്ന പേരിലറിയപ്പെടുന്ന ഈ പ്രവാസികളോടുള്ള ആദരവ് കുറഞ്ഞ മനോഭാവത്തിന് ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളോടെ വ്യത്യാസം വന്നുതുടങ്ങി എന്നതും എടുത്തുപറയണം.
02
ദാമോദർ മൗജോ ദക്ഷിണ ഗോവയിലെ മജോർദയിലാണ് ജീവിക്കുന്നത്. സാധാരണക്കാരെ അലട്ടുന്ന പ്രതിസന്ധികളെ സംബന്ധിച്ച് കൃത്യമായ ധാരണയുള്ള എഴുത്തുകാരനാണ് അദ്ദേഹം. നാട്ടിൽ ഒരു ഡിപ്പാർട്മെൻറ് സ്റ്റോർ നടത്തിയ പരിചയം അദ്ദേഹത്തെ ഇതിനു സഹായിച്ചു. അദ്ദേഹത്തിെൻറ എഴുത്തിനു പിന്നീട് ഈ അനുഭവം കരുത്തേകി. കഥകളും നോവലുകളും ലേഖനങ്ങളും എഴുതുന്ന മൗജോയുടെ തീവ്രഹിന്ദുത്വപക്ഷത്തിനെതിരെയുള്ള നിലപാടുകൾ ശ്രദ്ധേയമാണ്. കാർമെലിൻ എന്ന നോവലിൽ കേന്ദ്രകഥാപാത്രമായ കാർമെലിെൻറ ജീവിതവ്യഥകളാണ് പ്രതിപാദ്യവിഷയം. നോവലിെൻറ പശ്ചാത്തലമായി ഗോവയുടെ ചരിത്രവും പ്രവാസജീവിതത്തിെൻറ തിക്തതകളും സ്ത്രീ-പുരുഷ ബന്ധങ്ങളും ഒക്കെ സമർഥമായി സന്നിവേശിപ്പിച്ചിരിക്കുന്നു. കുട്ടിക്കാലം മുതലുള്ള കാർമെലിെൻറ ജീവിതത്തിെൻറയും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെയും ആഖ്യാനമാണ് ഈ നോവൽ. നിർഭാഗ്യങ്ങളുടെ ഒരു പരമ്പര കാർമെലിനെ ബാധിക്കുന്നതിെൻറ ചിത്രീകരണമായി ഇത് വായനക്കാർക്ക് മുന്നിലെത്തുന്നു. കുടുംബത്തിലെ രോഗങ്ങൾ, മരണങ്ങൾ, സാമ്പത്തികപ്രയാസങ്ങൾ, പരാജയപ്പെട്ട ദാമ്പത്യം, കുടിയേറ്റത്തിെൻറ സംഘർഷങ്ങൾ എന്നിങ്ങനെയുള്ള രംഗങ്ങളിലൂടെയാണ് നോവൽ കടന്നുപോകുന്നത്. കൊങ്കണിയിൽ 1981ൽ പ്രസിദ്ധീകരിച്ച നോവലിെൻറ ഇംഗ്ലീഷ് പരിഭാഷ പുറത്തുവന്നത് 2004ലാണ്. വിദ്യ പൈ ആണ് ഇംഗ്ലീഷിലേക്ക് 'കാർമെലിൻ' പരിഭാഷപ്പെടുത്തിയിരിക്കുന്നത്. 1983ലെ സാഹിത്യ അക്കാദമി അവാർഡ് ഈ നോവലിന് ലഭിച്ചു.
ടൈഫോയ്ഡ് മാരകമായ വിപത്തായി പരിണമിച്ച ഒരു കാലഘട്ടത്തിൽ കാർമെലിന് മാതാപിതാക്കളെയും സഹോദരനെയും നഷ്ടമായി. രോഗം കൊടുംഭീതി വിതക്കുകയും ഗ്രാമത്തെ മൂകമാക്കിക്കൊണ്ട് പടർന്നുപിടിക്കുകയുമായിരുന്നു. അച്ഛനും അനിയനും മരണത്തിനു കീഴ്പ്പെട്ടതോടെ മകളെയെങ്കിലും രക്ഷപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അമ്മ അടുത്ത ബന്ധുവായ ഫെർണാണ്ടയെയും ഭർത്താവായ ജോവോ ഫിലിപ്പിനെയും വിവരം അറിയിച്ചു. അങ്ങനെ കുഞ്ഞു കാർമെലിൻ അവർക്കൊപ്പം യാത്രയായി. ആഗ്നൽ എന്ന മകൻ മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. പുതിയ ജീവിതാവസ്ഥകളിലേക്ക് പിച്ചവെച്ചുകൊണ്ട് കാർമെലിൻ പതുക്കെ ഊർജം വീണ്ടെടുക്കുകയാണ്. കൗമാരപ്രായമെത്തുമ്പോഴേക്കും ആഗ്നലും കാർമെലിനും തമ്മിലുള്ള അടുപ്പത്തിെൻറ നിറം മാറിത്തുടങ്ങി. മെട്രിക്കുലേഷൻ വിജയിച്ചതിനുശേഷം ആഗ്നൽ ബോംബെയിലേക്ക് തുടർപഠനത്തിനായി പോയി. അവധിക്ക് നാട്ടിലെത്തുന്ന സമയത്ത് ആഗ്നൽ കാർമെലിനുമായി ശാരീരികമായി അടുക്കുകയാണ്. എന്നാൽ, അധികം വൈകാതെ അമ്മയുടെ ഉപദേശപ്രകാരം സ്ത്രീധനവും മറ്റും മോഹിച്ചുകൊണ്ട് അയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ആഫ്രിക്കയിലേക്ക് മാറിപ്പാർക്കുകയുംചെയ്തു. മാനസികമായി തകർന്നുപോയ കാർമെലിനെ സമാധാനിപ്പിക്കാൻ ഫിലിപ്പ് മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ. അയാൾ അവളുടെ വിവാഹം നടത്താൻവേണ്ടി പരക്കംപായാൻ തുടങ്ങി. ഒടുവിൽ ജോസ് എന്ന ഫുട്ബാൾ കളിക്കാരൻ വരനായി എത്തുകയാണ്. ഖനിയിൽ ജോലി ചെയ്തിരുന്ന അയാളുടെ അനാവശ്യമായ മുൻകോപം കാരണം ഫുട്ബാൾ കളിക്കാൻ സാധിക്കാതെയായി. അതിരുകവിഞ്ഞ മദ്യപാനവും അയാളെ പലതരത്തിലുള്ള പ്രശ്നങ്ങളിൽ കൊണ്ടെത്തിച്ചു. ജോസിെൻറ അമ്മയും സഹോദരിയുമായും കാർമെലിന് നല്ല ബന്ധമുണ്ടാക്കാൻ കഴിഞ്ഞില്ല. ചെറിയ കാര്യങ്ങൾക്കുവരെ അവർ അവളെ ശകാരിച്ചു. കാർമെലിൻ ഒമ്പതുമാസം ഗർഭിണിയായിരുന്നപ്പോഴാണ് ജോസിന് ജോലിസംബന്ധമായി നാട് വിട്ടുപോകേണ്ടി വന്നത്. അങ്ങനെ അയാൾ വല്ലപ്പോഴും ഒരിക്കൽ കാർമെലിനെയും മകളെയും സന്ദർശിക്കുന്ന അച്ഛനായിത്തീർന്നു. ഒരിക്കൽ ജോസിനെ കാണാനായി പോയ കാർമെലിനുമായി അയാളുടെ സഹപ്രവർത്തകൻ ശാരീരികബന്ധത്തിൽ ഏർപ്പെടുന്നുണ്ട്. രണ്ടാമതും ഗർഭിണിയായ കാർമെലിന് ആ കുഞ്ഞിനെ മനസ്സു തുറന്നു സ്നേഹിക്കാൻ പ്രയാസമുണ്ടായി. പാപത്തിെൻറ ഫലമായി ജനിച്ച സൃഷ്ടിയായി അവനെ അവൾ കണ്ടു. അപ്പോഴേക്കും ജോസിന് കാര്യമായ വരുമാനമില്ലാതാവുകയും കുടുംബം സാമ്പത്തികമായി അരക്ഷിതാവസ്ഥയിലേക്ക് വീഴുകയും ചെയ്തിരുന്നു. അധികം താമസിയാതെ രണ്ടാമത്തെ കുട്ടി വീട്ടിൽ നടന്ന ഒരു അപകടത്തിൽ മരണപ്പെടുകയാണ്. ഈ സംഘർഷത്തിനിടയിലെല്ലാം കാർമെലിന് പിന്തുണയേകിയത് ഇസബെൽ ആണ്. ജോസിെൻറ സഹോദരഭാര്യയായ ഇസബെൽ ജാതിയിൽ താഴെയാണെന്നു കുറ്റപ്പെടുത്തി ജോസിെൻറ കുടുംബം അവരുമായി സഹകരിച്ചിരുന്നില്ല. ഇസബെലും ബോസ്‌റ്റിയാവോയും മിശ്രവിവാഹം ചെയ്തതിനാൽ, ജോസിെൻറ സഹോദരനായ ബോസ്‌റ്റിയാവോയെ സ്വന്തം വീട്ടിൽനിന്ന് പുറത്താക്കി. സന്ദിഗ്ധഘട്ടങ്ങളിലൊക്കെ ഇസബെൽ കാർമെലിനു കൈത്താങ്ങായി ഭവിച്ചു. സാമ്പത്തിക പ്രതിസന്ധികളിൽനിന്ന് കരകയറാൻ ഇസബെലിെൻറ സഹായത്തോടെ കാർമെലിൻ തയ്യൽവേലയും നിലം പാട്ടത്തിനെടുത്ത് കൃഷിപ്പണിയും ചെയ്യുന്നുണ്ട്. കാർമെലിന് കൃഷിപ്പണിക്കായുള്ള പണം നൽകിയും പിന്നീട് അവൾ കുവൈത്തിൽ തൊഴിൽ തേടി പോയപ്പോൾ മകളെ സംരക്ഷിച്ചും സഹായിച്ചത് ഇസബെലാണ്.
03
ഭാഷയുടെ ചരിത്രപരമായ പ്രാധാന്യം പിന്നീടുള്ള വളർച്ചക്ക് ആശ്രയമായോ എന്ന സന്ദേഹം ജനിപ്പിക്കുന്നതാണ് കൊങ്കണിഭാഷയെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ. മറാത്തി ഔദ്യോഗികഭാഷ ആക്കുന്നതിനെ പറ്റിയുള്ള ആലോചന, കൊങ്കണി മാതൃഭാഷയായവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഭാഷയെ ചൊല്ലിയുള്ള കലാപംമൂലം ഏഴ് കൊങ്കണി അനുകൂല പ്രക്ഷോഭകർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭാഷയെച്ചൊല്ലി ഒരു അഭിപ്രായ രൂപവത്കരണവും നടത്താത്ത ജോസിനെപോലെയുള്ളവർ നിക്ഷിപ്ത താൽപര്യക്കാരുടെ ഒത്താശയിൽപ്പെട്ടു. മദ്യത്തിന് വേണ്ടി ഏതു പക്ഷത്തേക്ക് ചായാനും അയാൾക്ക് മടിയില്ലായിരുന്നു. മറാത്തി ഗാനം ആലപിക്കുന്നതിൽവരെ ഇത് അയാളെ കൊണ്ടെത്തിച്ചു. ജനഹിതപരിശോധന കഴിഞ്ഞപ്പോഴേക്കും അയാൾ ഒരു രോഗിയായി മാറി. അഭിപ്രായ വോട്ടെടുപ്പിന് ശേഷം ഉരുത്തിരിഞ്ഞ പ്രധാനപ്പെട്ട ഒരു തീരുമാനം കാർമെലിനെ സമ്മർദത്തിലാക്കി. കൃഷി ചെയ്യുന്നവർക്ക് അവകാശപ്പെട്ടതാണ് നിലമെന്ന നിയമവ്യവസ്ഥ പ്രാബല്യത്തിൽ വരുന്നുവെന്ന വാർത്ത അറിഞ്ഞതോടെ കൃഷിഭൂമിയുടെ ഉടമസ്ഥർ കർഷകർക്ക് നിലം പാട്ടത്തിനു കൊടുക്കാതെയായത് കാർമെലിനും ഇസബെലിനും തിരിച്ചടിയായി. ഒന്നിന് പിറകെ മറ്റൊന്നായി പരീക്ഷണങ്ങൾ നേരിടേണ്ടിവരുന്ന അവസ്ഥയിലാണ് കുവൈത്തിൽ 'ആയ'യായി പോകാമെന്ന സാധ്യത കാർമെലിൻ ആരായുന്നത്. മകളായ ബെലിന്ദയുടെ രക്ഷാകർതൃത്വം ഇസബെലിന് ഏൽപിച്ചുകൊടുത്തുകൊണ്ട് മറ്റൊരു ഭാഗ്യപരീക്ഷണത്തിനായി കാർമെലിൻ തയാറാവുകയാണ്. കുവൈത്തിലെ ജീവിതത്തിനിടയിൽ അവൾ അഭിമുഖീകരിക്കേണ്ടിവന്ന വെല്ലുവിളികളാണ് നോവലിൽ തുടർന്ന് അവതരിപ്പിക്കുന്നത്. സ്ത്രീത്വത്തിനു നേരെയുള്ള ആക്രമണവും ലൈംഗികമായ വ്യവഹാരങ്ങളും അതിജീവിച്ചുകൊണ്ട് കുടുംബത്തിെൻറ ഉന്നതിക്കായി യത്നിക്കുന്ന കാർമെലിെൻറ പ്രവാസജീവിതത്തെ നോവലിസ്റ്റ് വിശദമായി പ്രതിപാദിക്കുന്നു.
ബോംെബയിലെ പതിനേഴു ദിവസത്തെ കാത്തിരിപ്പിന് ശേഷം 'ദ്വാരക' എന്ന കപ്പലിലേറിയായിരുന്നു കാർമെലിൻ വിദേശതീരത്തേക്ക് യാത്ര തിരിച്ചത്. ദേശത്തെയും ഉറ്റവരെയും താൽക്കാലികമായെങ്കിലും ഉപേക്ഷിച്ചുകൊണ്ട് കാറും കോളുമാണോ ശാന്തതയാണോ വരാനിരിക്കുന്ന അന്തരീക്ഷത്തിെൻറ സ്വഭാവം എന്നറിയാതെയുമാണ് കാർമെലിൻ ഗോവയിൽനിന്നും കേരളത്തിൽനിന്നുമുള്ള ആളുകളെകൊണ്ട് നിറഞ്ഞ കപ്പലിലേക്ക് കാലെടുത്തു വെച്ചത്. ബെലിന്ദയെ കുറിച്ചുള്ള ഓർമ അവളുടെ ഉറക്കം കെടുത്തി. മകളുടെ ഭാവി ഭദ്രമാക്കാൻ വേണ്ടി തെൻറ ഈ പറിച്ചുനടൽ ഉപകരിക്കുമെന്ന് ആശ്വസിച്ചുകൊണ്ട് അവൾ ഒരുവിധം സമാധാനപ്പെട്ടു. കപ്പലിലെ ആറാം ദിനം അവിചാരിതമായി വീശിയടിച്ച കൊടുങ്കാറ്റിലും അവൾ പതറാതെ പിടിച്ചുനിന്നു. ഒമ്പതാംപക്കം അവൾ കുവൈത്ത് എന്ന സ്വപ്നഭൂമിയിൽ കാലുകുത്തി.
ധനികരായ അറബ് ദമ്പതികളായ നിസാറിെൻറയും ഭാര്യ നൂരിയയുടെയും വീട്ടിലെ വേലക്കാരിയായ കാർമെലിനെ നിസാർ കാമാഭിലാഷത്തോടെയാണ് നോക്കിയിരുന്നത്. എന്നാൽ, ഈ ബന്ധം അവൾക്ക് ലൈംഗികപൂർത്തീകരണം നൽകുന്നതായി പരിണമിക്കുന്നു. മാത്രമല്ല കൂടുതൽ പണം സമ്പാദിക്കാനുള്ള ഒരു വഴിയായും ഇതിനെ കാർമെലിൻ കാണുകയാണ്. നിസാറും കാർമെലിനും തമ്മിലുള്ള ബന്ധത്തിെൻറ കൃത്യമായ സ്വഭാവം നിർവചിക്കാനാവില്ല. എങ്കിലും പ്രാഥമികമായ തലത്തിൽ അതിനെ ലൈംഗികവ്യവഹാരമായി രേഖപ്പെടുത്താം. അധികാരത്തിെൻറ വിവിധ രൂപങ്ങൾ നടത്തിയ ഇടപെടലുകളെ ഭാവിയെയും കുടുംബത്തെയും കരുതി സഹിക്കുകയും അതിജീവിക്കുകയും ചെയ്യുന്ന സ്ത്രീത്വത്തിെൻറ പ്രതീകമായി കാർമെലിെൻറ വ്യക്തിത്വം പ്രകാശിക്കുന്നു. വേറൊരുതരത്തിൽ വ്യക്തിയുടെ ജീവിതം എന്നതിലുപരിയായി പ്രവാസത്തിെൻറ തീവ്രതകളെ ആവിഷ്കരിക്കുന്ന നോവലാണ് 'കാർമെലിൻ'. തീർത്തും അയഞ്ഞ കെട്ടുകളെ മുറുക്കാനായി പ്രവാസജീവിതം തിരഞ്ഞെടുക്കുന്ന കാർമെലിൻ സ്വപ്രയത്നത്തിലൂടെ സാമ്പത്തികഭദ്രത നേടി. എന്നാൽ മകളും പ്രവാസജീവിതമാണ് കാംക്ഷിക്കുന്നത് എന്നറിഞ്ഞ കാർമെലിൻ പൊട്ടിത്തെറിക്കുന്നുണ്ട്.
ആയമാരായി ബോംബെയിൽ തൊഴിൽ ചെയ്യാൻ ഗോവയിൽനിന്ന് സ്ത്രീകൾ വലിയതോതിൽ പുറപ്പെട്ടിരുന്നു. സൽമാൻ റുഷ്ദിയുടെ 'മിഡ്‌നൈറ്റ്സ് ചിൽഡ്രൻ', റോഹിങ്ടൺ മിസ്ട്രിയുടെ 'ഫാമിലി മാറ്റേഴ്സ്' എന്നീ കൃതികളിലെല്ലാം ഇത്തരം കഥാപാത്രങ്ങളുണ്ട്. സാമൂഹികമായ ബഹുമാനം ആയമാർക്ക് കൽപിച്ചുകൊടുക്കാൻ വിശേഷാവകാശമുള്ള വിഭാഗം ശ്രമിച്ചിരുന്നില്ല എന്നത് ഇവിടെ ചേർത്തുവായിക്കണം. അതുകൂടാതെ വിവേചനത്തിെൻറയും അവഹേളനത്തിെൻറയും കണ്ണോടുകൂടി ആയമാരെ കാണാനും തുടങ്ങി. ആയമാരെ മുൻവിധിയോടെ കണ്ട വരേണ്യസമൂഹം 'സദാചാര'ക്രമത്തിന് വിഘാതമായി വർത്തിക്കുന്നു എന്ന് ചാപ്പകുത്തിക്കൊണ്ട് അവരെ അവഹേളനത്തിനു വിധേയമാക്കി. ലിംഗഭേദം, തൊഴിൽ, ലൈംഗികത, ജാതി, വർഗം എന്നിങ്ങനെയുള്ള വ്യത്യസ്ത ഘടകങ്ങളുടെ മൂശയിലാണ് 'ഗോവൻ ആയ'മാരുടെ സ്വത്വം രൂപപ്പെട്ടിരിക്കുന്നത്. പൊതുസമൂഹം അവരെ സംശയത്തോടെയും ഉത്കണ്ഠയോടെയും നോക്കിക്കണ്ടിരുന്ന പ്രവണത നോവലിൽ വ്യക്തമാണ്. ആണധികാരത്തിെൻറ ദുഷിച്ച നോട്ടങ്ങൾ സ്ത്രീകളുടെ തൊഴിലവകാശങ്ങൾക്കുമേൽ പതിഞ്ഞിരുന്നതിെൻറ സൂചനകൂടെ നോവലിൽനിന്നു വായിച്ചെടുക്കാം. മൗജോയുടെ നോവൽ സമകാലികമാവുന്നത് ഈ അടിസ്ഥാനത്തിലാണ്.