കാട്ടൂർകടവിന്റെ ജീവിത ആഖ്യാനങ്ങളിലെ പരഭാഗശോഭയും രക്തപ്രസാദവും -ഡോ. എം. ലീലാവതി എഴുതുന്നു
അശോകൻ ചരുവിലിന്റെ ‘കാട്ടൂർകടവ്’ എന്ന നോവൽ സൂക്ഷ്മമായ വായനക്കും പഠനത്തിനും വിധേയമാക്കുന്നു. ‘‘ശ്രീനാരായണഗുരു സ്വാമികളുടെ ആത്മീയതയെ മാർക്സിസത്തിന്റെ ഭൗതികതയോടു സമന്വയിക്കുന്ന ഒരു ജീവിതദർശനത്തിന് തഴച്ചുവളരാൻ ഉതകുന്ന മണ്ണും വെള്ളവും കാട്ടൂർകടവിൽ വരളാതെ, വറ്റാതെ സഞ്ചയിച്ചിരിക്കുന്നു’’വെന്ന് എഴുത്തുകാരിയും വിമർശകയുമായ ഡോ. എം. ലീലാവതി എഴുതുന്നു.പിറന്ന മണ്ണിനോടും വളർന്ന പരിസരങ്ങളോടും ജനയിതാക്കളോടെന്നപോലെ മമതയുണ്ടാവുന്നത് മനുഷ്യപ്രകൃതിയാണ്. ബലം...
Your Subscription Supports Independent Journalism
View Plansഅശോകൻ ചരുവിലിന്റെ ‘കാട്ടൂർകടവ്’ എന്ന നോവൽ സൂക്ഷ്മമായ വായനക്കും പഠനത്തിനും വിധേയമാക്കുന്നു. ‘‘ശ്രീനാരായണഗുരു സ്വാമികളുടെ ആത്മീയതയെ മാർക്സിസത്തിന്റെ ഭൗതികതയോടു സമന്വയിക്കുന്ന ഒരു ജീവിതദർശനത്തിന് തഴച്ചുവളരാൻ ഉതകുന്ന മണ്ണും വെള്ളവും കാട്ടൂർകടവിൽ വരളാതെ, വറ്റാതെ സഞ്ചയിച്ചിരിക്കുന്നു’’വെന്ന് എഴുത്തുകാരിയും വിമർശകയുമായ ഡോ. എം. ലീലാവതി എഴുതുന്നു.
പിറന്ന മണ്ണിനോടും വളർന്ന പരിസരങ്ങളോടും ജനയിതാക്കളോടെന്നപോലെ മമതയുണ്ടാവുന്നത് മനുഷ്യപ്രകൃതിയാണ്. ബലം പ്രയോഗിച്ച് അറുത്തുകളഞ്ഞാലും വേരുകൾ ഉണങ്ങാത്തതിനാൽ പൊടിപ്പുകൾ തഴച്ചുവളരും. സ്മൃതികൾ രേഖപ്പെടുത്തിയേ തീരൂ എന്ന ഉൾത്തിങ്ങൽ തടുക്കാനാവാത്ത സർഗശക്തിധനന്മാർ അവയെ വർണങ്ങളിലോ വരകളിലോ അക്ഷരങ്ങളിലോ പ്രതിഷ്ഠിക്കും. തന്നാട്ടുകാർക്കു മാത്രം ഉൾക്കൊള്ളാവുന്ന ചില രൂപഭാവങ്ങളുണ്ടാവാമെങ്കിലും വികാരങ്ങളുടെ മാനുഷിക സാമാന്യതയെ പ്രകാശിപ്പിക്കാൻ കഴിവുറ്റവരുടെ രചനകൾ എങ്ങും എന്നും സമാനഹൃദയരെ ആകർഷിച്ചുകൊണ്ടിരിക്കും. അപ്രകാരം പ്രഖ്യാതമായിത്തീർന്ന ദേശകേന്ദ്രിത കൃതികൾ നമ്മുടെ ഭാഷയിൽ ഏറെയുണ്ട്. അശോകൻ ചരുവിൽ രചിച്ച ‘കാട്ടൂർകടവ്’ ഈ വകുപ്പിൽപെടുന്നുവെങ്കിലും മലയാളത്തിലെ മറ്റു ദേശകേന്ദ്രിത കൃതികൾക്കില്ലാത്ത ഒരു സവിശേഷത ഇതിനുണ്ട് –ദേശപരിമിതികൾക്കപ്പുറമുള്ള കാലബദ്ധമായ രാഷ്ട്രീയാവസ്ഥ അതിലുൾപ്പെട്ട സാമാന്യരെ എത്ര ആഴത്തിൽ ബാധിച്ചുവെന്നനുഭവപ്പെടുത്തുന്ന ആഖ്യാനം.
അടിമത്തം, സ്വദേശീയരിൽനിന്നായാലും വിദേശീയരിൽനിന്നായാലും, അത് അനുഭവിക്കുന്നവർക്ക് മൃതിയേക്കാൾ ഭയാവഹംതന്നെ. ഭാരതീയ ജനത വിദേശീയാധിപത്യത്തിനെതിരായുള്ള സമരം ഊർജിതമാക്കിയതിനുശേഷം ഒന്നൊന്നര ദശകം പിന്നിടും മുമ്പുതന്നെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കാറ്റ് ഇന്ത്യയിലേക്ക് വീശിപ്പടർന്നു. സോഷ്യലിസത്തിന്റെ സ്വർഗം റഷ്യയിൽ സാക്ഷാത്കൃതമായെന്നും ഇവിടെയും അത് സാധ്യമാണെന്നും വിശ്വസിക്കുന്ന ചിന്തകർ കാർഷിക വിപ്ലവത്തിന് പ്രചോദനം നൽകി. മാതൃക റഷ്യ മാത്രമായിരുന്ന ഘട്ടത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒറ്റക്കെട്ടായിരുന്നു. പിന്നീട് ഒരു വിഭാഗം നേതൃത്വത്തിന് ചൈനയെ ആധാരമാക്കിയതോടെ, പാർട്ടി പിളർന്നത് ഭൂരിപക്ഷമായ നീതസമൂഹത്തിന് ഗ്രഹിക്കാനും സഹിക്കാനും വിഷമമുണ്ടാക്കിയ പരിണാമമായിരുന്നു. അവരനുഭവിച്ച അന്തഃപീഡയുടെ ആഴം കാട്ടിത്തരുന്ന കൃതി എന്ന നിലക്കുള്ള അഭൂതപൂർവത കാട്ടൂർകടവിന്റെ അനന്യതയാണ്.
ഗ്രന്ഥകർത്താവിന്റെ വ്യക്തിത്വാംശങ്ങൾ പ്രതിഫലിപ്പിക്കുന്ന ‘കെ’ എന്ന കഥാപാത്രവും ‘കെ’യെ വിമർശിക്കൽ സ്വന്തം, ജന്മകൃത്യമെന്നപോലെ നിരന്തരം അനുഷ്ഠിക്കുന്ന ‘ദിമിത്രി’ എന്ന കഥാപാത്രവും നോവലിലെ സംഭവ പരമ്പരകളോട് മുഖ്യമായി ബന്ധപ്പെട്ടവരാണെങ്കിലും, ദിമിത്രിയുടെ വികാസപരിണാമങ്ങൾക്കാണ് പ്രാധാന്യം.
ഒരേ അർഥത്തോടുകൂടിയ രണ്ടു നാമങ്ങളാണ് ഇവരുടെ പിതാക്കൾക്ക് നൽകപ്പെട്ടിട്ടുള്ളത് – രാജശേഖരനും ചന്ദ്രശേഖരനും. പാർട്ടി പിളർന്നപ്പോൾ ഇവർ വിരുദ്ധപക്ഷത്തായി. ദിമിത്രിക്ക് ‘കെ’യോടുള്ള വിദ്വേഷത്തിന് ഇതു മാത്രമല്ല ഹേതു; രാഷ്ട്രീയത്തിലെ സമത്വസങ്കൽപങ്ങൾക്ക് വേരറുക്കാൻ കഴിഞ്ഞിട്ടില്ലാത്ത ‘ജാതി’പ്രശ്നങ്ങളാണ്. രണ്ടുപേരും അവർണ വിഭാഗത്തിൽ ആഭിജാത്യപ്പെരുമ അവകാശപ്പെടുന്ന ‘ശ്രീനാരായണീയ’രുടെ സന്തതികൾ. പക്ഷേ, ദിമിത്രിക്ക് ജന്മസിദ്ധമായ ആ പെരുമ, അമ്മക്കില്ലാതിരുന്നതുകൊണ്ട്, ശാപമായിത്തീർന്നു. ശ്രീനാരായണ ഗുരുവിന്റെ അനുയായിയെന്നഭിമാനിക്കുന്ന കരുണൻ മാഷിന്റെ പുത്രൻ ചന്ദ്രശേഖരൻ പിതാവായിരുന്നെങ്കിലും, ദലിത സമൂഹാംഗമായ കണ്ടൻകുട്ടിയാശാന്റെ മകൾ മീനാക്ഷിയായിരുന്നു അമ്മ. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങളിലൂടെ ഉണ്ടായ ബന്ധം ‘കുമാരസംഭവ’ത്തിലേക്ക് വഴുതിയപ്പോൾ ചന്ദ്രശേഖരൻ ‘തനിനിറം’ കാട്ടി.
പാർട്ടി ഇടപെട്ട് കല്യാണം നടത്തിയെങ്കിലും ചന്ദ്രശേഖരനും അയാളുടെ അച്ഛനും മീനാക്ഷിയെ കുടുംബാംഗമായി കൈക്കൊണ്ടില്ല. ദേവാലയങ്ങളോടു ബന്ധപ്പെട്ട അനുഷ്ഠാന കലകളിലും മന്ത്രവാദത്തിലും വിദഗ്ധനായ കണ്ടൻകുട്ടിയാശാന്റെ ദൗഹിത്രനായി ‘വേലൻതുരുത്തിൽ’ അല്ലലറിയാതെ വളർന്ന ദിമിത്രിയോടു ‘നീതി’ ചെയ്യാൻ നിശ്ചയിച്ച് അച്ഛന്റെ അമ്മ അവനെ പിതൃഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ നിശ്ചയിച്ചതോടെ അവന്റെ ജീവിതത്തിലെ ദുരിതപർവത്തിന് തുടക്കമായി. മീനാക്ഷി കൃഷിപ്പണിയിൽ കൂലിവേലക്കാരിയായി ഭർതൃഗൃഹത്തിലെത്താറുണ്ടായിരുന്നെങ്കിലും ആ വീട്ടിൽ തനിക്കെന്തെങ്കിലും സ്ഥാനമുണ്ടെന്നോ അതിന്റെ ഏകാവകാശിയുടെ അമ്മയാണെന്നോ ഭാവിച്ചില്ല. അവൾ അഭിമാനിനിയായ തൊഴിലാളിയായും പാർട്ടിയുടെ വീറും കൂറും വിടാത്ത അംഗമായും പ്രവർത്തിച്ചു. അവളും അമ്മ കൗസല്യയും അച്ഛൻ കണ്ടൻകുട്ടിയാശാനും അന്ത്യനിമിഷം വരെ പാർട്ടിയോട് കൂറുപുലർത്തിയ ആയിരക്കണക്കിനുള്ള നിസ്വാർഥ തൊഴിലാളി ഗണത്തിൽപെടുന്നു. ഇത്തരക്കാരുൾപ്പെട്ട ബഹുഭൂരിപക്ഷത്തിന്റെ സാമൂഹികാബോധമനസ്സിനും സാമൂഹിക ബോധമനസ്സിനും ഇണങ്ങുംമട്ടിലുള്ള ഒരു ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തിയെടുക്കാൻ അന്നത്തെ നേതാക്കൾ കിണഞ്ഞു പണിഞ്ഞിരുന്നെങ്കിൽ ഇവിടെ പ്രസ്ഥാനം കൂടുതൽ ആഴത്തിൽ വേരോടുകയും വ്യാപകമായി പടർന്നു പന്തലിക്കുകയും ചെയ്യുമായിരുന്നില്ലേ? സാമാന്യജനതയുടെ അബോധത്തിൽ വേരോട്ടമുള്ള ദൈവവിശ്വാസംപോലുള്ളവയെ തീർത്തും അന്ധമായ വിശ്വാസങ്ങളെപോലെ നിരാകരിച്ചത് ശരിയായ നയമായിരുന്നില്ല.
അതുപോലെ, സായുധ വിപ്ലവത്തിൽ ആത്മാർഥമായി വിശ്വസിച്ചിരുന്നചുരുക്കം ചിലർ സാമാന്യ ജനഗണത്തിലുണ്ടായിരുന്നെങ്കിലും മർദകവർഗത്തെ ഉന്മൂലനംചെയ്യുന്ന ഹിംസയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന വിശ്വാസം സമൂഹബോധത്തിൽ വേരുറപ്പുള്ളതായിരുന്നില്ല. ദൈവവിശ്വാസത്തെ അകറ്റാത്തതും ഹിംസാമാർഗത്തെ അകറ്റുന്നതുമായ ഒരു ഇന്ത്യൻ കമ്യൂണിസം രൂപപ്പെടുത്തുന്നതിന് പകരം രണ്ട് പരദേശങ്ങളെ ആലംബമാക്കിക്കൊണ്ട് പാർട്ടിയെ പിളർത്തിയത് പാർട്ടിയിലെ നേതൃവിഭാഗമായിരുന്നു. അത് നീതവിഭാഗത്തെ എത്രമാത്രം വ്യഥിതരാക്കിയെന്ന വസ്തുതയുടെ വിശദാംശങ്ങളോടുകൂടിയ പ്രതിഫലനം ഈ ചരിത്രാഖ്യായികയിലുണ്ട്. ‘‘പാർട്ടി പിളർന്നതിന്റെ സങ്കടത്തിൽ നിഷ്ക്രിയരായി വീട്ടിൽതന്നെയിരിക്കുന്ന ആയിരക്കണക്കിന് പ്രവർത്തകരുണ്ടായിരുന്നു... നിരാശ ബാധിച്ച് രാത്രിയും പകലും ഉറക്കം... ലോകത്തോട് മുഴുവൻ വിരോധം.’’ ഈ മൂകജനസഹസ്രത്തിന്റെ ഉള്ളിലെ തീയിൽനിന്നു കൊളുത്തിയ ഒരു പന്തം ജ്വലിപ്പിക്കാൻ രണ്ടു വിഭാഗങ്ങളിലായി തുടർന്ന പ്രവർത്തകർക്കോ നേതാക്കൾക്കോ ആവില്ലല്ലോ. ഈ മൂകവിഭാഗം പ്രത്യയശാസ്ത്ര ഗ്രന്ഥങ്ങൾ അരച്ചുകലക്കി കുടിച്ചവരല്ല. തർക്കിച്ചു ജയിക്കാൻ കോപ്പുള്ളവരല്ല. അവരുടെ പ്രാതിനിധ്യം ഏറ്റെടുത്ത് പണ്ഡിതന്മാരുടെ മുഖത്തേക്ക് വാക്കുകളുടെ തീക്കട്ട ചൊരിയാൻ രണ്ടു വിഭാഗത്തിലെയും ‘ബുദ്ധിജീവികൾ’ മുതിരുകയുമില്ല. തന്മൂലം ഒരു വിഭാഗത്തിൽ സജീവമായി തുടരുമ്പോഴും എതിർവിഭാഗത്തിന്റെ ചോദ്യശരങ്ങൾ നെഞ്ചേറ്റുന്ന ഒരു കഥാപാത്രത്തെയാണ് ‘കെ’യെന്ന സ്വത്വത്തിൽ രൂപപ്പെടുത്തിയിരിക്കുന്നത്. ലൗകിക രീതിയിൽ വിജയിക്കുകയും സമ്മാന്യത നേടുകയും ചെയ്യുന്നു രാജശേഖര പുത്രനായ ‘കെ’. ആ വ്യക്തിത്വത്തിന് നേരെ നിരന്തരമായി അമ്പെയ്യുന്നു ചന്ദ്രശേഖര പുത്രനായ ദിമിത്രി. ‘‘രക്തസാക്ഷി കൗസല്യയുടെ കുടുംബത്തിന് നിങ്ങൾ എന്തുകൊടുത്തു?.. ആലപ്പുഴയിലും ശൂരനാടും കരിവള്ളൂരിലുമായി നിങ്ങൾ ആയിരങ്ങളെ ബലികൊടുത്തല്ലോ... നേടിയ നിങ്ങൾ എന്തു തിരിച്ചുകൊടുത്തു?’’ ഈ രണ്ടുപേരുടെയും മനോഭാവങ്ങൾ മാറിമാറി വഹിക്കുന്ന ഏകവ്യക്തിത്വത്തെ, ആ വ്യക്തിതന്നെ ‘ഓപറേഷൻ മേശ’മേൽ കിടത്തി സ്വയം ശസ്ത്രക്രിയ നിർവഹിക്കുന്ന ഒരു അസാമാന്യ പ്രതിഭാസമാണ് കാട്ടൂർകടവെന്ന നോവലിന്റെ അന്തരാത്മാവ്.
‘ദിമിത്രി’ വൈദേശികനായ കമ്യൂണിസ്റ്റ് നേതാവിനോടുള്ള ആരാധനയിൽനിന്ന് പിറന്ന പേരാണ്. ആരാധനാഭാവം പേരിടലിന് മാത്രം ഒതുങ്ങിയ ഒന്നല്ല. ചകിരിത്തൊഴിലാളിയായിരുന്ന കൗസല്യയും അനുഷ്ഠാന കലാകാരനായ കണ്ടൻകുട്ടിയാശാനും അവരുടെ മകളായ മീനാക്ഷിയും ഉറച്ച വിശ്വാസവും പതറാത്ത കൂറും പാർട്ടിയോട് പുലർത്തിപ്പോന്നു. പാർട്ടി പിളർന്നതിന്റെ തത്ത്വശാസ്ത്രമോ അനിവാര്യതയോ അവർക്ക് സഹിക്കാനോ ഗ്രഹിക്കാനോ കഴിഞ്ഞില്ല. കൗസല്യയെ നാഭിക്ക് ചവിട്ടി പൊലീസ് മർദിച്ചതാണ് അവളുടെ ദാരുണാന്ത്യത്തിന് കാരണം. കഠിനമർദനത്തെ അതിജീവിച്ച കണ്ടൻകുട്ടിയാശാൻ, പത്നിയുടെ വേർപാടിൽ കഠിനമായ വ്യഥയോടെ വെറും മണ്ണിൽ തലയുയർത്താതെ കുന്തിച്ചിരിക്കുന്ന നേരത്ത്, അവളുടെ ഉടലിനെ മൂടേണ്ടത് ഏതു വിഭാഗത്തിന്റെ കൊടിത്തുണി കൊണ്ടാണെന്ന തർക്കത്തിലാണ് പ്രവർത്തകർ (കൗസല്യക്ക് മർദനമേറ്റതിനും മരണത്തിനും ഇടക്കുള്ള ദുരിതകാലത്താണ് പിളർപ്പ് സംഭവിച്ചത്). ആ സന്ദർഭത്തിൽപോലും എന്താണ് പാർട്ടിയാപ്പീസിലേക്ക് വരാത്തത് എന്നായിരുന്നു ആശാനോട് ഒരു പ്രവർത്തകന്റെ ചോദ്യം! ഉള്ളുരുകിയൊഴുകിയ ഒരു മറുചോദ്യമായിരുന്നു ആശാന്റെ മറുപടി. ‘‘ഏതു പാർട്ടിയാപ്പീസിലേക്കാണ് ഞാൻ വരേണ്ടത്?’’ അണികളുടെ അന്തരംഗത്തിൽ വീശിയ കൊടുങ്കാറ്റിന്റെ മുഴക്കമുള്ള ചോദ്യം.
ദിമിത്രിക്ക് പാർട്ടിയുടെ പേരിൽ പരിഗണനയൊന്നും കിട്ടിയില്ലെന്നു മാത്രമല്ല, ‘ജാതി’യുടെ പേരിൽ കടുത്ത അവഹേളനവും നേരിടേണ്ടിവന്നു. ‘കെ’ മുന്നേറുമ്പോൾ ദിമിത്രി പിന്തള്ളപ്പെടുകയായിരുന്നു. ഈർഷ്യയുടെയും അപകർഷബോധത്തിന്റെയും നിർമമതയുടെയും ഭാരം സഹിക്കാനാവാതെ ഇടിഞ്ഞ മനസ്സ് ആരെയും വകവെക്കാത്ത കൂസലില്ലായ്മയും നിർവികാരതയും പ്രകടിപ്പിച്ചുകൊണ്ടാണ് തലയുയർത്തിപ്പിടിക്കാൻ യത്നിച്ചത്. ഈ മുഖ്യകഥാപാത്രത്തിന്റെ സൃഷ്ടിയിലുള്ള മനഃശാസ്ത്രപരമായ ഉൾക്കാഴ്ച, കാട്ടൂർകടവിന്റെ രാഷ്ട്രീയ പ്രാധാന്യത്തോടൊപ്പത്തിനൊപ്പം മികവുറ്റതാണ്.
വേലൻതുരുത്തിൽ കണ്ടൻകുട്ടിയാശാന്റെ ദൗഹിത്രനായ ദലിതനായി വളർന്നിരുന്നെങ്കിൽ ദിമിത്രി ഒരു ദുരന്തകഥാപാത്രമായി മാറില്ലായിരുന്നു.
രാഷ്ട്രീയത്തോടൊപ്പം ‘ജാതിത്ത’മെന്ന സാമൂഹിക സത്യത്തെ, അതിന്റെ കുത്തിത്തറക്കുന്ന കൊമ്പുകൾ പിടിച്ച് ഒരു കാളപ്പോർ വീരന്റെ ധീരതയോടെ നേരിടുകയെന്ന ദൗത്യംകൂടി ഈ നോവൽ ഏറ്റെടുക്കുവെന്നത്, ഈ കാലഘട്ടത്തിലെ മറ്റു പുരോഗമന വാദികൾ പ്രകടിപ്പിച്ചു കാണാത്ത സാഹസികതയാണ്. ത്രൈവർണികർ എന്ന് വിശേഷിപ്പിക്കാവുന്ന കേരളത്തിലെ ബ്രാഹ്മണ-ക്ഷത്രിയ-അമ്പലവാസി-ശൂദ്ര വിഭാഗങ്ങളിൽപെട്ടവരെ രൂക്ഷമായി വിമർശിക്കാൻ കരുത്തുകാട്ടിയവരുണ്ടാകും. എന്നാൽ, ‘ശ്രീനാരായണീയർ’ എന്ന് സ്വയം വിശേഷിപ്പിച്ചു കൃതാർഥരാവുന്നവരുടെ ഉൾക്കാമ്പിലും ഇഴുകിപ്പിടിച്ചു കിടക്കുന്ന ആ ‘വൃത്തികേടി’നെ തൊട്ടുകളിക്കാൻ വേണ്ടുന്ന സാഹസികതയുള്ളവർ സഹോദരൻ അയ്യപ്പനെ പോലെ വിരളമായ പ്രതിഭാസമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിളർപ്പുപോലെത്തന്നെയുള്ള ഗൗരവം ആ തിക്തസത്യത്തിനുണ്ടെന്ന്, കാഴ്ചയെ മൂടുന്ന കനത്ത ആവരണത്തെ ഒരു തിമിര ശസ്ത്രക്രിയകൊണ്ടെന്നപോലെ പിഴുതുമാറ്റി ദർശനശക്തി വീണ്ടെടുത്തുകൊണ്ട് ഈ നോവൽ വെളിപ്പെടുത്തിത്തരുന്നു.
ആ തിമിരം ബാധിച്ചവരാണ് ദിമിത്രിയെ ജീവനോടുകൂടിയ രക്തസാക്ഷിയാക്കിയത്. മാതൃത്വത്തിന്റെ സ്നേഹകാരുണ്യങ്ങൾ വറ്റിയിട്ടില്ലാത്ത നെഞ്ചകമുള്ളവർ ആ തിമിരബാധിതരുടെ വിഭാഗത്തിലെ സ്ത്രീജനത്തിനിടയിൽ ഉണ്ടാവാം എന്ന നിനവിൽനിന്ന് പിറന്ന സവിത്രിയാണ് പുല്ലാനിക്കാട്ടെ ‘വെല്യമ്മ’ –ചന്ദ്രശേഖരന്റെ അമ്മ. ദലിതഗൃഹത്തിൽനിന്ന് ശ്രീനാരായണീയരുടെ ആഢ്യഗൃഹത്തിലേക്ക് ദിമിത്രിയെ പറിച്ചുനട്ട് വളർത്തി വലുതാക്കുകയെന്ന സ്വപ്നം കണ്ട മനസ്വിനി. ഭാര്യ തന്നെ വകവെക്കാത്തവളാണെന്ന ഉറപ്പുണ്ടായിരുന്നതുകൊണ്ടായിരിക്കണം കരുണൻ മാഷ് ദിമിത്രിയെ ഒരു പുഴുവിനെ പോലെ തോണ്ടിയെറിയാഞ്ഞത്. അദ്ദേഹവും ദിമിത്രിയുടെ അച്ഛന്റെ അമ്മാമൻ മുകുന്ദൻ വൈദ്യരും ‘ഗുരു’ഭക്തിയിൽ മുമ്പന്മാരായിട്ടും മേൽജാതിക്കാർ തങ്ങളോട് പുലർത്തിപ്പോന്ന നിന്ദ അതേ തോതിൽ കീഴ്ജാതിക്കാരോട് പുലർത്തുന്നതിൽ ഒരു വൈരുധ്യവും കണ്ടില്ല. മുകുന്ദൻ വൈദ്യർ പെങ്ങളോട് പറഞ്ഞു: ‘‘കുപ്പേൽ കെടക്കേണ്ടത് കുപ്പേൽ കെടക്കണം; അതെടുത്ത് ഉമ്മറത്തുവെക്കരുത്.’’ അച്ഛന്റെയും മുത്തച്ഛന്റെയും ലാളനകൾ ദിമിത്രിക്ക് കിട്ടിയില്ലെന്ന് മാത്രമല്ല, പാട്ടും പ്രസരിപ്പും മിണ്ടാട്ടംപോലും നഷ്ടപ്പെട്ട് ആ കുട്ടി കൂട്ടിലിട്ട ‘ഒരു വളർത്തുമൃഗം’പോലെ ഞെങ്ങിഞെരുങ്ങി നാൾപോക്കി. ഉയർന്ന വിദ്യാലയത്തിൽ പഠിച്ചെങ്കിലും അവിടെയും അവഹേളനങ്ങൾ നേരിട്ട അവൻ വികലമായ വിദ്വേഷക്കാഴ്ചപ്പാടോടെ തന്നിലേക്കുതന്നെ ചുരുങ്ങി.
ആർഥിക സമത്വത്തിൽ മാത്രം ഊന്നിയാൽ പോരാ; ‘ജാതി’പരമായ ഉച്ചനീചഭേദം കൂടി ഉന്മൂലനം ചെയ്യുന്ന ലക്ഷ്യമുണ്ടെങ്കിലേ ഇന്ത്യൻ കമ്യൂണിസം സാർഥമാവൂ. ഭക്തിസാഹിത്യം ഈ പോരാട്ടത്തിന് ദൈവത്തെതന്നെ ഉപകരണമാക്കി. ആസ്തിക്യത്തെത്തന്നെ നിഷേധിക്കുന്നവർക്ക് ആ ഉപകരണത്തെ സമർഥമായി ഉപയുക്തമാക്കാനാവില്ലല്ലോ. ആർഥിക സമത്വോന്മുഖമായ വിപ്ലവ സങ്കൽപമില്ലാതിരുന്നതുകൊണ്ട് ഭക്തിപ്രസ്ഥാനം സമത്വസംസ്ഥാപനത്തിന് അപര്യാപ്തമായതുപോലെ, വർണസമത്വ സംസ്ഥാപനത്തിനു വേണ്ടുംവണ്ണം പരിഗണന കൽപിക്കാതിരുന്നത് ആർഥിക വിപ്ലവ രാഷ്ട്രീയത്തെയും ഭാരതത്തിൽ വികലാംഗമാക്കിത്തീർത്തു. ജാതിപ്പിശാചിനെ നിർജീവമാക്കാൻ ഭക്തിസാഹിത്യം പര്യാപ്തമായില്ലെന്നിരിക്കെ, ആത്മോപദേശ ശതകാലാപനമോ ആത്മീയ വിജ്ഞാനമോ ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഉതകുവാനിടയില്ലെന്ന അനുഭവജ്ഞാനം ഗുരുവിനെ ശോകാകുലനാക്കിയിട്ടുണ്ടാവും. ‘‘ഇവിടെ മുഴു ശ്രീനാരായണീയർ വേണ്ടുവോളമുള്ളപ്പോൾ അരശ്രീനാരായണീയനെ (ദിമിത്രിയെ -പോലുള്ള ഈഴവ-ദലിത സങ്കരം) എന്തിന് ഭരണകൃത്യത്തിൽ അംഗമാക്കണം?’’ എന്നു ചോദിക്കുന്ന അംഗങ്ങളുൾപ്പെട്ട സാംസ്കാരിക സമിതിക്ക് ജാതിയെ കൊല്ലാനോ സംസ്കരിക്കാനോ (ദഹിപ്പിക്കാൻ) കഴിവുള്ള അഗ്നിചയനം സാധ്യമാവില്ലല്ലോ.
നിയതി അംഗീകരിച്ച ‘ജാതി’ രക്തഗ്രൂപ്പു മാത്രമാണ്. അതിനാൽ രക്തത്തിലൂടെത്തന്നെയാണ് മനുഷ്യവർഗം ജാതിപ്പിശാചിനെ നിഗ്രഹിക്കേണ്ടത്. വർണസങ്കരമല്ലാതെ അതിന് മറ്റു മാർഗങ്ങളില്ല. സാവിത്രി ചാത്തനെ പരിണയിച്ചത് വൻ വിപ്ലവമെന്നു നാം വാഴ്ത്തും. അതുപോലുള്ള പരിണയങ്ങൾ ജീവിതരംഗത്തേക്ക് പറിച്ചുനടുമോ? അത്തരം സങ്കരത്തിന് മാതൃക കാട്ടിക്കൊടുക്കാൻ നേതാക്കൾ വൻതോതിൽ മുന്നോട്ടുവന്നില്ല. ആര്യാ പള്ളത്തിനെ തുടർന്ന് ഒരു വലിയ സങ്കരസംസ്കാരം ബോധപൂർവം ആസൂത്രണം ചെയ്യപ്പെട്ടില്ല. നേരെമറിച്ച്, അനുലോമ സങ്കരത്തെകൂടി ഇല്ലാതാക്കി. ബ്രാഹ്മണൻ സ്വജാതി വിവാഹത്തെ സ്വവർഗ സ്ത്രീകളോടു നീതിചെയ്യുന്നതിൻ പേരിൽ പ്രചരിപ്പിച്ചു. അതിൻ പേരിൽ ഇതരവർഗത്തിലെ സ്ത്രീകളോട് അനീതിചെയ്യുന്നത് ക്ഷന്തവ്യമെന്ന് വിപ്ലവകാരിയായ വി.ടിപോലും (വേദനയോടെയാണെന്നാലും) നിശ്ചയിച്ചു (ഈ അനീതിയെ ചോദ്യംചെയ്യുന്ന ഒരു കഥ മാത്രമാണ്, എന്റെ ഓർമയിലുള്ളത് –വി.എസ്. അനിൽകുമാർ രചിച്ച ‘മാപ്പ്’).
ഈ സമസ്യ അതിന്റെ ഭീകരസത്യ സ്വരൂപത്തിൽ അവതീർണമാകുന്നു എന്നത് ‘കാട്ടൂർകടവി’ന്റെ പെരുമയാണ്. അവർണനായ ചന്ദ്രശേഖരനോ അയാളുടെ ബന്ധുക്കളോ അനുലോമ സങ്കരത്തെപോലും നിന്ദിക്കുകയല്ലാതെ അഭിനന്ദനീയമായിക്കാണുന്നില്ല. അതിലുള്ള പുരോഗമനത്തിന് ശ്രീനാരായണ ഭക്തിപോലും പ്രേരകമായതുമില്ല. ജാതിനിർമാർജനമെന്ന കടും കെട്ടഴിക്കൽ എത്രമേൽ സങ്കീർണമാണെന്ന സത്യത്തിന്റെ രൂക്ഷപ്രഭ ഉൾക്കണ്ണിലേക്ക് തറച്ചുകയറുന്നതിന്റെ വേദന അനുഭവപ്പെടുത്തിത്തരുന്നത് കാട്ടൂർകടവിന്റെ അപ്രതിമമായ നേട്ടമാണ്. സാവിത്രിയുടെ ‘വരണ’ത്തേക്കാൾ ഈ നിരാകരണം സത്യത്തിന്റെ കലാമൂല്യപ്രഭ ചൊരിയുന്നു. ദലിത് സ്ത്രീയെ തിരഞ്ഞു കണ്ടെത്തി വിവാഹംചെയ്ത ആദർശശാലിയാണ് പി.കെ എന്ന വലതുകക്ഷി പ്രവർത്തകൻ. അത്തരം ആദർശശാലികൾക്ക് പിന്തുടർച്ചക്കാരില്ല. അതുപോലെ ചന്ദ്രശേഖരന്റെയും മീനാക്ഷിയുടെയും വിവാഹം പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയതിൽ മുൻനിന്ന് പ്രവർത്തിച്ച ചക്രപാണി വാര്യർ ആ ബന്ധം തകർന്നെന്ന് വന്നപ്പോൾ പശ്ചാത്താപത്തോടെ മീനാക്ഷിയെ സമീപിച്ചു, അവൾക്ക് സമ്മതമെങ്കിൽ താൻ വിവാഹം ചെയ്യാനാഗ്രഹിക്കുന്നുവെന്നറിയിക്കാൻ. പക്ഷേ, മീനാക്ഷി പറഞ്ഞത് പാർട്ടി പഠിപ്പിച്ചതിലുൾപ്പെടാത്ത ചില ജീവിതസത്യങ്ങൾ സ്വന്തം അനുഭവത്തിൽനിന്ന് പഠിച്ചുവെന്നും തന്റെ ദാമ്പത്യത്തിലെ പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നില്ലെന്നുമാണ്.
പാർലമെന്ററി വ്യാമോഹത്തിലേക്ക് പാർട്ടി നീങ്ങിയപ്പോൾ വാരിയർ ‘വസന്തത്തിന്റെ ഇടിമുഴക്കം കേട്ട’ തീവ്രവാദികളുടെ പക്ഷത്തേക്കാണ് വഴിമാറിയത്. ‘ആക്ഷനി’ലൊന്നും പങ്കെടുത്തിരുന്നില്ലെങ്കിലും ശിക്ഷിക്കപ്പെട്ടവരിലുൾപ്പെട്ടു. നീണ്ടകാലം ജയിലിൽ കിടന്നു. പുറത്തുവന്നതിന് ശേഷം ആരോടും ബന്ധപ്പെടാതെ ഏകാകിയായി പഴയ ഗൃഹത്തിന്റെ ഒരു ഭാഗത്തു കഴിഞ്ഞുകൂടി. ഒടുവിൽ അപ്രത്യക്ഷനായി. കാട്ടൂർകടവിലെ ‘ചാത്രാപ്പ്’ കായലാവാം ഗതിമുട്ടിയ ആ നിർലക്ഷ്യനെ ഏറ്റുവാങ്ങിയത്. രാഷ്ട്രീയത്തിലെ ഗതിവിഗതികളിൽ സ്വന്തം വഴിയേതെന്ന് തിരിച്ചറിയാതെ, എവിടേക്കെന്ന് ഒരു തീരുമാനവുമില്ലാതെ വണ്ടി കയറി കൽക്കത്തയിൽ ചെന്നുപെട്ട മാധവനെന്ന കഥാപാത്രം കൽക്കത്തയിലെ കമ്യൂണിസത്തിന്റെ പോക്കിനോടു കലഹിച്ചു കാലം പോക്കിയതിനുശേഷം നാട്ടിൽ തിരിച്ചെത്തി. കൽക്കത്ത മാധവൻ എന്ന നൈരാശ്യമൂർത്തി വാരിയരെ പോലെ അടച്ചുപൂട്ടി സ്വയം തടങ്കലിൽ കഴിയാതെ എല്ലാവരെയും വിമർശിച്ചുകൊണ്ടിരുന്നു. അയാളും ഒടുവിൽ അപ്രത്യക്ഷനായി. മറ്റൊരു മറക്കാനാവാത്ത ദുരന്തകഥാപാത്രമാണ് ‘ഇംഗ്ലീഷ് രാമൻകുട്ടി നായർ’. സിലോണിൽ ഉദാരനായ ഒരു സായ്പിന്റെ ബട്ലർ ആയി ചിരകാലം കഴിഞ്ഞയാൾ. 1983ൽ സിലോണിലെ ‘ബ്ലാക്ക് ജൂലൈ’ എന്നറിയപ്പെട്ട ആക്രമണത്തിന്റെ ഇരയായി ഒടുങ്ങാതിരിക്കാൻ വേണ്ടി സായ്പാണ് അയാളെ അവിടെനിന്ന് ‘ഓടിച്ച്’ രക്ഷപ്പെടുത്തിയത്. നാട്ടിൽ തിരിച്ചെത്തിയ രാമൻകുട്ടിയെ വയസ്സുകാലത്ത് നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചത് വരനെ കിട്ടാതെ വൃദ്ധകന്യയായി കഴിയാൻ വിധിക്കപ്പെടുമായിരുന്ന ഒരു യുവതിയുടെ ബന്ധുക്കളാണ്. ഭാര്യയെ ഗാഢമായി സ്നേഹിച്ച അദ്ദേഹത്തിന് ഉണ്ടായത് ഒരു മുടിയനായ പുത്രനാണ്. തൊണ്ണൂറുകഴിഞ്ഞ കാലത്ത് അവനെ വകവരുത്തിയതിനു ശേഷം അവളെ കഴുത്തുഞെക്കി മോചിപ്പിക്കേണ്ടിവന്ന ദുരന്തതീവ്രതക്ക് കേരള രാഷ്ട്രീയമല്ല കാരണം. സിലോണിലെ രാഷ്ട്രീയമാണ്. വിഷം കുടിച്ച് ചാത്രാപ്പ് കായലിൽ ചാടിച്ചാവാൻ തൊണ്ണൂറു പിന്നിട്ട ഒരു മനുഷ്യനെ പ്രേരിപ്പിച്ച ദാരുണ സാഹചര്യങ്ങൾ കാട്ടൂർകടവിന്റെ കണ്ണുകൾക്ക് രൗദ്രഭീകരതയുടെ കടുംചോര ചുവപ്പേറ്റുന്നു.
ജാതിഹുങ്ക് വിവാഹബന്ധങ്ങളെ മാത്രമല്ല, ആചാരാനുഷ്ഠാനങ്ങളെ കൂടി ബാധിച്ചിരുന്നു. ‘പ്ലാക്കലെ തണ്ടാര്’ കൊട്ടിലിലെ വെളക്കിന് കളംവരക്കാനോ വാദ്യത്തിനോ കണ്ടൻകുട്ടിയാശാനെ വിളിക്കുന്നതിന് പകരം മാരാൻമാരെ കൊണ്ടുവരാൻ നിശ്ചയിച്ചു. അഷ്ടമംഗല്യ പ്രശ്നം വെച്ചു നിശ്ചയിച്ചതാണുപോലും. പൂജക്ക് തൃപ്രയാറ് കീഴ്ശാന്തിയും! കീഴ്ജാതിക്കാർക്ക് നെഗളിപ്പ് കൂടിയിട്ടുണ്ടുപോലും. പണം കൊടുത്തു നെല്ലുമേടിക്കാൻ ചെന്നപ്പോൾ ‘‘വടക്കോർത്ത് പോയി ചോദിക്കാൻ’’ ആണ് പ്ലാക്കലെ കാരണവർ കീഴ്ജാതിക്കാരനോട് പറഞ്ഞത്.
‘‘എറേത്ത് തൊടാണ്ടെ അകന്നുമാറിനിക്കാൻ’’ കാരണവത്തിയുടെ ഉത്തരവ്! കീഴ്ജാതിക്കാർ വർഷാവർഷം ചെന്ന് ഭഗവതിക്ക് കളംവരക്കുക പതിവായിരുന്ന മുറ്റത്തേക്ക്, ‘‘ഒരു ജാതി ഒരു മതം എന്നുപറഞ്ഞ് നടക്കണോര്’’ പ്രവേശനം വിലക്കുന്നു! (പേ. 129). ‘‘നമ്മടെ പോലത്തെ ഈഴവ കുടുംബങ്ങളിൽ എത്രെത്ര മേൽജാതി പെൺകുട്ടികൾ വന്നുകേറീട്ടുണ്ട്. വാര്യത്തെ കുട്ടികളും നമ്പൂരിക്കുട്ടികളും വരെ വന്നിട്ടുണ്ട്. തേച്ചുതെളിച്ച നെലവിളക്ക് മാതിര്യൊള്ള ആ കുട്ടികൾ കുടുംബങ്ങൾക്ക് ഐശ്വര്യാണ്. അഭിമാനാണ്. അതിന്റെ നെലേം വെലേം തലമുറകൾ നെലനിൽക്കും. എന്താണ് ഒരു മടീം ഇല്ലാണ്ട് അവരു കേറിവരാൻ കാരണം. ഗുരു അനുഗ്രഹിച്ച സമുദായാണ് നമ്മടേത്. അതിന്റെ ബലത്തിലാണ് നമ്മ നിക്കണ്’’ (പേ. 224). ഗുരുവിന്റെ സമത്വദർശനത്തെ അനുയായികൾ ഭക്തിയിലൂടെത്തന്നെ തോൽപിച്ച പരിണാമം ശങ്കകൂടാതെ വരച്ചുകാട്ടാൻ ഗ്രന്ഥകർത്താവ് ധൈര്യപ്പെട്ടത് ‘കാട്ടൂർകടവി’ന്റെ മഹത്ത്വങ്ങളിലൊന്നാണ്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ലോക നേതാവിന്റെ പേരുപേറുന്ന ‘ദിമിത്രി’ ആ പ്രസ്ഥാനത്തിലെ ഏറ്റവും വീറുള്ള സമരനായികയുടെ മകനായി പിറന്നിട്ടും പാർട്ടിയിൽനിന്ന് അകന്നു പോകുകയും ഒരു ശരാശരി സർക്കാർ ജീവനക്കാരനായി രേഖകളിൽ തലപൂഴ്ത്തിക്കഴിഞ്ഞുകൂടുകയും അഴിമതിക്കാരനായി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത പരിണാമം ആണ് നോവലിലെ മുഖ്യകഥ. മകൻ ഹീനകൃത്യം ചെയ്തുവെന്നു കേട്ടപ്പോഴത്തെ ആഘാതത്തിൽനിന്ന് മീനാക്ഷി മുക്തയായില്ല. ആശുപത്രിയിൽ അമ്മയെ കാണാൻ ജാമ്യം കിട്ടിയ ദിമിത്രി എത്തിയെങ്കിലും അയാൾ അമ്മയുടെ പ്രാണൻ കൂടുവെടിയും മുമ്പ് സ്ഥലം വിട്ടു. വിയ്യൂർ ജയിലിലായിരുന്ന ചുരുക്കം നാളുകളിൽ പഴയ കോളജ് കൂട്ടുകാരി മുത്തുലക്ഷ്മിയുടെ (അവൾ ഇടതു തീവ്രവാദത്തിലെ വീരകൃത്യങ്ങളുടെ പേരിൽ ജയിലിലുണ്ടായിരുന്നു) ഒരു കത്ത് അധികൃതർ ദിമിത്രിക്ക് നൽകിയിരുന്നു. അതിൽനിന്ന് കോളജുകാലത്തെ ഒരു കൂട്ടുകാരൻ ജോസഫ് തിരുവണ്ണാമലക്കടുത്ത് പാട്ടാളിക്കുടിയിൽ ഉണ്ടെന്നറിയാൻ കഴിഞ്ഞു.
രണ്ട് വൃദ്ധന്മാർ ഹെർബർട്ട് സ്പെൻസറിന്റെ പേരിൽ ഒരു കൃഷിയിടം നടത്തിയിരുന്നു. ക്ലെമന്റ് പീറ്ററും തേനാദിയരും: അവിടെയാണ് ജോസഫ് എത്തിപ്പെട്ടിരുന്നത്. ദിമിത്രിയുടെ പലായനം ഹെർബർട്ട് സ്പെൻസർ ഫാമിലേക്കായിരുന്നു. ദിമിത്രിക്ക് ഒളിച്ചോടാൻ ഒരു ലക്ഷ്യം എന്ന നിലയിൽ മാത്രമല്ല, നോവലിൽ ഈ സ്ഥാപനത്തിന് സ്ഥാനം. സബർമതിയിലേതുപോലുള്ള ആശ്രമാന്തരീക്ഷമുള്ള ആ സ്ഥാപനം പരോക്ഷമായി മാർക്സിസവും ഗാന്ധിസവും സമന്വയിച്ചുണ്ടാക്കാവുന്ന ഒരു പ്രത്യയശാസ്ത്രത്തെ ദ്യോതിപ്പിക്കുന്നുണ്ട്; അത് പ്രത്യക്ഷ ലക്ഷ്യമല്ലെങ്കിലും. നിസ്വാർഥതയും നിഷ്കിഞ്ചനതയും ആർഥിക സമത്വബോധവും ആത്മീയതയും മാർക്സിസത്തെ ‘ദൂതഃപരിവർജിക്കു’ന്നവരിൽപോലും നിറഞ്ഞു വഴിയുകയെന്ന മാനുഷാവസ്ഥക്കുള്ള പരോക്ഷമായ അംഗീകാരമാണ് ആ സ്ഥാപനത്തോട് ബന്ധപ്പെട്ട ചില കഥാപാത്രങ്ങളുടെ സൃഷ്ടി. അതുപോലെത്തന്നെയാണ് നക്സലിസമെന്ന തീവ്രവാദത്തെ സാധൂകരിക്കാതിരിക്കെത്തന്നെ, പരാജയപ്പെടാൻ വിധിക്കപ്പെട്ട ആ പ്രസ്ഥാനത്തിലേക്കെടുത്ത് ചാടിയവരുടെ വിശ്വാസദൃഢതയെയും ധീരതയെയും വാഴ്ത്തുന്നതിലെ ഉദാര സമീപനം. വാർധക്യത്തിലും ധീരതയുടെ ജ്വാലകളായിരുന്ന കൗസല്യയെയും മകൾ മീനാക്ഷിയെയും പോലെ നക്സലിസത്തിലെ ദീപ്തിമത്തായ ജ്വാലയായി മുത്തുലക്ഷ്മിയെയും രൂപപ്പെടുത്തിയിരിക്കുന്നു. ആ ധീരതയെ വാഴ്ത്താൻ മടിക്കാത്ത വിപ്ലവചരിത്രവിജ്ഞനായ ഒരു ബ്യൂറോക്രാറ്റും നോവലിലെ കഥാപാത്രങ്ങളിലുൾപ്പെടുന്നു -വിനയ്ലാൽ ഐ.പി.എസ്.
ഹെർബർട്ട് ഫാമിന്റെ നടത്തിപ്പുകാർ കാട്ടൂർകടവുമായി ബന്ധമില്ലാത്തവരാണെങ്കിലും നോവലിനെ ചൈതന്യവത്താക്കുന്നതിൽ വലിയ പങ്കുള്ളവരാണ്. ‘തേനാദിയർ’ (ഹ്യൂഗോവിന്റെ പാവങ്ങളിലെ ഒരു കഥാപാത്രത്തിന്റെ പേര്) എന്ന ഫാദർ ഒരു ഋഷിതന്നെ. മണ്ണിൽ പണിയുന്നതിൽ ജീവിതസാഫല്യം കണ്ടെത്തുന്ന ക്ലമന്റ് പീറ്റർ (എൻജിനീയർ, ലോകം ചുറ്റിയ ആൾ; ഇറ്റലിക്കാരിയാണ് പത്നി. രണ്ടു മക്കൾക്കച്ഛൻ), നിത്യസഞ്ചാരിയായ മെഹ്മൂദ് മുതലായവർ ഔപനിഷദമായ ഒരു നിസ്വാർഥ കർമനിരതമായ ജീവിതവ്യവസ്ഥയുടെ പ്രയോക്താക്കളാണ്.
ഇസ്ലാം കുടുംബത്തിൽ പതിനൊന്നാമത്തെ സന്തതിയായി പിറന്ന മെഹ്മൂദ് ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ആശ്രമത്തിൽ കുറെക്കാലം ഉണ്ടായിരുന്നു. അദ്വൈതത്തെപ്പറ്റി ആംഗലത്തിൽ ആധികാരികമായി പ്രഭാഷണംചെയ്യാൻ കഴിവുള്ള ആൾ. ആശ്രമത്തിൽനിന്ന് പോന്നതിനു ശേഷമാണ് ലോകം ചുറ്റിയത്. നവയുഗത്തിന്റെ ‘പ്രബുദ്ധത’യാർന്ന പ്രതിനിധികളിൽനിന്ന് പേരുമാറ്റണമെന്നും ‘സന്യാസി’ക്ക് കാവിവസ്ത്രം വേണമെന്നും ‘ഉപദേശം’ ലഭിച്ച ദിനത്തിൽ, ഏറെക്കാലത്തിനു ശേഷം, അദ്ദേഹം നിസ്കരിച്ച ചിത്രം വരയുന്ന ഈ നോവൽ, മതമൗലികവാദത്തിന്റെ നീരാളിക്കൈകൾ പ്രത്യക്ഷമെന്നപോലെ പരോക്ഷമായും എവിടെയൊക്കെ പിടിമുറുക്കിയിരിക്കുന്നു എന്ന സത്യത്തിന്റെ കിരണങ്ങൾകൊണ്ട് ‘അതിമാത്രമിരുൾ തിങ്ങുന്ന അന്ധകൂപത്തിലേക്ക്’ ഒളിവീശുന്നു.
തേനാദിയർ ഹെർബർട്ട് സ്പെൻസർ ഫാമിന്റെ വികസനത്തിൽനിന്ന് ശ്രദ്ധതിരിച്ച് ഉന്മാദികളെ സംരക്ഷിക്കുന്നതിൽ ജീവിതസാഫല്യം കണ്ടെത്തിയ കാലത്ത് സംരക്ഷണത്തിലുൾപ്പെട്ട മലയാളിയായ മാനുവൽ, നിഷ്കളങ്കതക്ക് അനുഭവിക്കേണ്ടിവന്ന ദുരന്തതീവ്രതയാൽ കാട്ടൂർകടവിലെ മനമുരുക്കുന്ന ഒരു കഥാപാത്രമാണ്. മംഗലപ്പുഴ സെമിനാരിയിലെ നായ്ക്കൂട്ടിന്നടിയിൽനിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തുന്ന ജോസഫച്ചനാണ് അവനെ കണ്ടെടുത്തത്. സെമിനാരിയിൽ അടിച്ചുതളിക്കാരിയുടെ കനിവിൽ അവൻ വളർന്നു. ജോസഫച്ചൻ ഇറ്റലിയിൽ പോയ കാലത്ത് സമ്പാദിച്ച തുക മാനുവലിന് അച്ചുകൂടം തുടങ്ങാൻ ദാനംചെയ്തു. രണ്ടാം തവണ റോമിൽ പോയി, പിന്നെ മടങ്ങിവന്നില്ല. അന്ത്യം മുൻകൂട്ടിക്കണ്ട് മാനുവലിന് അയച്ച കത്തിൽ ‘‘നീയെന്റെ മകനാണ്’’ എന്ന് രണ്ടു തരത്തിൽ അർഥം കണ്ടെത്താവുന്ന (മകനെന്നും മകനെ പോലെയെന്നും) ഒരു വാക്യം കുറിച്ചിരുന്നു. മാനുവലിന് കുടുംബമുണ്ടായപ്പോൾ അച്ചുകൂടത്തിലെത്തുന്ന എന്തും അച്ചടിച്ചുകൊടുക്കുക പതിവായി. അതിൽ നക്സലുകൾ ഏൽപിച്ച ചിലതും ഉൾപ്പെട്ടു; ആപത്ത് തിരിച്ചറിഞ്ഞില്ല. അതിൻപേരിലാണ് പൊലീസിന്റെ കഠിനമർദനത്തിനിരയായത്. ഇത്തരം ഉപകഥകൾ നല്ല മനുഷ്യർ ഈ ലോകത്ത് നേരിടേണ്ടിവരുന്ന പീഡനങ്ങളുടെ വൈരുധ്യാത്മകതകൊണ്ട് നോവലിന് ദുരന്തകാന്തിയേകുന്നു:
കണ്ടൻകുട്ടിയാശാന്റെ സഹോദരപുത്രനും വാദ്യകലയിൽ വൈദഗ്ധ്യം നേടിയവനുമായ ശിവരാമനാണ് മീനാക്ഷിയുടെ അന്ത്യകർമങ്ങൾ നിർവഹിച്ചത്.
വിനയ്ലാൽ എന്ന ഐ.പി.എസുകാരൻ ദിമിത്രിയെ ശരിക്ക് മനസ്സിലാക്കുകയും നർമബോധത്തോടെ സ്വതന്ത്രനാക്കുകയും ചെയ്തു.
വിചിത്രമാണ് ദിമിത്രിയുടെ ജീവിതത്തിലെ ഗതിവിഗതികൾ. അച്ഛൻ ചന്ദ്രശേഖരൻ രാഷ്ട്രീയത്തിൽനിന്ന് അകന്ന് സർക്കാർ ജീവനക്കാരനായി കുഴൽമന്ദത്ത് കഴിയുന്ന അന്ത്യഘട്ടത്തിലാണ് മീനാക്ഷിയും ദിമിത്രിയും അയാളുടെ ജീവിതത്തിലേക്ക് വീണ്ടും കടന്നുവരുന്നത്. ചന്ദ്രശേഖരൻ പ്രവർത്തിച്ചിരുന്നത് ശമ്പളത്തിന് പുറമെ ദിനംതോറും ‘നല്ലവരുമാനം’ ഉണ്ടാക്കാവുന്ന ആപ്പീസിലാണെങ്കിലും അദ്ദേഹം ആ വരുമാനം ആദർശത്തിൻ പേരിൽ വേണ്ടെന്നുവെച്ച ആളാണ്. മുഴുക്കുടിയനായി മാറുകയും അതിനുവേണ്ടിടത്തോളം പണമില്ലാതെ കഷ്ടപ്പെടുകയും ചെയ്തിരുന്ന കാലത്തുപോലും ഭർത്താവിന്റെ കടമകളൊന്നും നിർവഹിക്കാത്ത ചന്ദ്രശേഖരനെ അയാളുടെ അന്ത്യകാലത്ത് പരിചരിച്ച് ഭാര്യയുടെ കടമ നിർവഹിക്കണമെന്ന് പാർട്ടി മീനാക്ഷിയോടാവശ്യപ്പെട്ടു. പാർട്ടിയെ അനുസരിക്കുകയെന്ന അച്ചടക്കത്തിൻ പേരിൽ മീനാക്ഷി ചുമതലയേറ്റു. തേങ്കുറിശ്ശിയിൽ ഒരു അച്ചാറു കമ്പനിയിൽ പണിയെടുത്തു കിട്ടിയ വരുമാനംകൊണ്ടാണ് ശുശ്രൂഷക്കാലത്ത് അവളും മകനും ജീവിച്ചത്. ചന്ദ്രശേഖരൻ മകനോട് പശ്ചാത്താപത്തോടെ കുമ്പസാരിക്കയുണ്ടായി. മദ്യം കിട്ടാതെ പൊരിയുന്ന നേരത്ത് ഒരൽപം മദ്യം കൊണ്ടുവന്നുതരണമെന്ന് യാചിച്ചു. ദാഹിച്ചവന് വെള്ളം കൊടുക്കുംപോലെ ദിമിത്രി അത് ചെയ്യുകയുണ്ടായി. ഒരു കുട്ടിക്ക് മദ്യം വിൽക്കാൻ ഷാപ്പുകാർ തയാറായില്ല.
അലഞ്ഞുതിരിഞ്ഞു പട്ടണാതിർത്തിയിലെ ഒരു ഓലക്കുടിലിലെ ചാരായഷാപ്പിൽനിന്ന് ഒടുവിൽ അത് വാങ്ങിയെത്തി. അതു കുടിച്ച് സന്തുഷ്ടനായ അച്ഛൻ പറഞ്ഞു: ‘‘നീ എന്നെ അച്ഛാ എന്നുവിളിക്കൂ. അടുത്തേക്ക് നിൽക്കൂ. ഞാൻ നിന്നെ ഒന്നനുഗ്രഹിക്കട്ടെ.’’ അവൻ അയാളുടെ ചെവിയോട് മുഖമടുപ്പിച്ച് അലറി: ‘‘വേഗം ചാവടാ പട്ടീ.’’ ഉള്ളിൽ പുകഞ്ഞ പക ദിമിത്രിയുടെ പ്രകൃതത്തെ എപ്രകാരം വികൃതമാക്കി എന്ന് വ്യഞ്ജിപ്പിക്കുന്നു സന്ദർഭം. സഹനശീലത്തിന്റെ തപസ്സ് അമ്മയെ മാലാഖയാക്കിയെങ്കിൽ മകനെ സഹനത്തിന്റെ ചൂള പിശാചാക്കി വാർത്തു. ജീവിച്ചിരിക്കെ മകന് ഒന്നും നൽകിയില്ലെങ്കിലും ജോലിയിൽനിന്ന് വിരമിക്കും മുമ്പ് ജീവിതത്തിൽനിന്ന് വിരമിച്ചതിനാൽ, മകന് ജോലിയിൽ പിന്തുടർച്ചാവകാശം കിട്ടി. ‘പാരിതോഷിക’ വരുമാനത്തിന്റെ പങ്കുപറ്റാതിരുന്ന അച്ഛന്റെ മകൻ പങ്കുപറ്റുക മാത്രമല്ല, വിശേഷ പ്രയത്നം ആവശ്യമുള്ള രേഖകൾ ചികഞ്ഞെടുക്കേണ്ടുന്ന ഘട്ടങ്ങളിൽ അതിന് വിശേഷ പാരിതോഷികം അവകാശപ്പെടാനും മടിച്ചില്ല. നികുഞ്ജം മാധവൻ നായർ ഒറ്റിക്കൊടുത്തിട്ടാണ് ദിമിത്രി കുടുക്കിൽപെട്ടത്. ഒരു രേഖയുടെ കാര്യത്തിൽ തൽപരനായ അദ്ദേഹം ദലിതജാതിയെന്ന് രേഖപ്പെടുത്തിയിരുന്നെങ്കിൽ ദിമിത്രിക്ക് കിട്ടുമായിരുന്ന നേട്ടത്തെപ്പറ്റിയും മേലുദ്യോഗസ്ഥയെ വിവാഹം ചെയ്തിരുന്ന ദിമിത്രിക്ക് അവരുടെ ഔദ്യോഗിക സന്ദർശന വേളയിൽ എഴുന്നേറ്റുനിന്ന് ആദരിക്കേണ്ടതിനെ പറ്റിയും വാഗസ്ത്രം പ്രയോഗിച്ചത് ദിമിത്രിയുടെ നിലതെറ്റിച്ചു. അയാൾ അലറി, ‘‘എറങ്ങിപ്പോടാ നായേ!’’ ഈ ആക്രോശമാണ് ഒറ്റിക്കൊടുപ്പിലേക്ക് മാധവൻ നായരെ എത്തിച്ചത്.
പുല്ലാനിക്കാട്ടു തറവാട്ടിലെ പൂർവികനും സിലോണിൽ പോയി സ്വപ്രയത്നത്താൽ ധനികനായി ഉയർന്നിട്ടും ജാതിഹുങ്കിന്നടിപ്പെടാതെ യഥാർഥ ശ്രീനാരായണ ശിഷ്യന് യോജിച്ച മട്ടിൽ ജീവിച്ചവനുമായ കറുപ്പയ്യാ സ്വാമിയുടെയും ശ്രീനാരായണ ഗുരുവിന്റെയും സാന്നിധ്യമുള്ള ജ്വലത്തായ രംഗങ്ങൾ കാട്ടൂർകടവിന്റെ ദാർശനിക മൂല്യത്തിന് അനശ്വരതയേകുന്നു.
തുടക്കത്തിൽ നിരീക്ഷിച്ചതുപോലെ, മറ്റു ദേശചരിത്രാഖ്യായികകൾക്കില്ലാത്ത രാഷ്ട്രീയ പ്രാധാന്യം കാട്ടൂർകടവിന് നൽകുന്നത് ‘‘ഒന്നായ പാർട്ടിയെ രണ്ടെന്ന് കണ്ടവരിലുണ്ടായ ഇണ്ടൽ’’ ചിത്രീകരിച്ചതിലെ സത്യദീപ്തിയാണ്. ഇടതുശാഖയോടു കൂറുപുലർത്തിയ ബുദ്ധിജീവിയായി പ്രവർത്തിക്കെത്തന്നെ അപരാർധത്തിന്റെ വീക്ഷണത്തെയും സഹാനുഭൂതിയോടെ ഗ്രഹിക്കാൻ ശ്രമിക്കുന്ന ‘കെ’ എന്ന കഥാപാത്രത്തെ പോലെ സ്വചേതനയെ സ്വയം ശസ്ത്രക്രിയക്ക് വിധേയമാക്കുന്ന രാഷ്ട്രീയ ദൗത്യം ആഖ്യാതാവ് ഏറ്റെടുത്തിരിക്കുന്നു. പ്രത്യയശാസ്ത്രമൊന്നും പഠിച്ചില്ലെങ്കിലും അടിച്ചമർത്തപ്പെട്ട നിസ്വവർഗത്തിന് തങ്ങൾ ഒറ്റക്കെട്ടായി നിന്ന് മർദക വർഗത്തിനെതിരായി ഉയിർത്തെഴുന്നേൽക്കണമെന്ന ബോധമുറയ്ക്കാൻ, തങ്ങൾക്ക് സഹിക്കേണ്ടിവന്ന ദുരിതങ്ങൾ വിധിവിഹിതമോ ജന്മാന്തര കർമഫലമോ അല്ലെന്നും ഉയർന്ന വർഗത്തിന്റെ നിർഘൃണതയും സ്വാർഥകേന്ദ്രിതത്വവുമാണെന്നും ഉള്ള അറിവ് അവരിൽ ഉണർത്തുകയും അത് കെടാത്ത ജ്വാലയായി നിലനിർത്തുകയും ചെയ്താൽ മതി. കാട്ടൂർകടവിലെ തൊണ്ടുതല്ലൽ തൊഴിലാളികൾക്ക് ആ അറിവ് ദീപ്തമായിരുന്നതിനാലാണ്, പി.കെ. മീനാക്ഷി പ്രശ്നങ്ങളെല്ലാം പാർട്ടി കോൺഗ്രസ് ചർച്ചചെയ്തു തീരുമാനിക്കേണ്ടതാണെന്ന് കൈകഴുകുന്നവരോട്, ധീരവും സുചിന്തിതവുമായ ഈ ചോദ്യം ചോദിക്കാൻ ശക്തയായത്: ‘‘ആകാശത്തുനിന്ന് സ്വർണപ്പല്ലക്കിൽ ആരെങ്കിലും എറങ്ങിവരാന്ന് പറഞ്ഞിട്ടുണ്ടോ പാർട്ടി കോൺഗ്രസിലേക്ക്?’’ പുസ്തകങ്ങളിൽനിന്നാവില്ല, സ്റ്റഡിക്ലാസുകളിൽനിന്നും സ്വാനുഭവങ്ങളിൽനിന്നുമായിരിക്കും ആ ബുദ്ധിമതി കമ്യൂണിസത്തിന്റെ മൗലിക തത്ത്വങ്ങൾ പഠിച്ചിരിക്കുക.
അതോടൊപ്പം നേതാക്കൾക്കില്ലാത്ത ‘സാമാന്യബുദ്ധി’ കൂടി ആ കഥാപാത്രത്തിന് നൽകപ്പെട്ടിരിക്കുന്നു. ‘‘അനുഭവിക്കുന്ന മനുഷ്യരുണ്ട്; അവരുടെ മുന്നണിയാണ് വേണ്ടത്. തൊഴിലാളികളും കൃഷിക്കാരും മാത്രമല്ല, ദലിതർ, സ്ത്രീകൾ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ പാർട്ടികൾക്കൊക്കെ അപ്പുറത്തുനിൽക്കുന്ന ആ ജനകോടികളുടെ മുന്നണി ആരുണ്ടാക്കും? എന്ന ചോദ്യമുന്നയിക്കുന്നവൾ. റഷ്യയിലേക്കോ ചൈനയിലേക്കോ നോക്കാതെ സ്വന്തം കാൽക്കീഴിലുള്ള മണ്ണിലേക്കും സ്വന്തം ചുറ്റുപാടുകളിലുള്ള മർദിത ചൂഷിത ജനവിഭാഗത്തിന്റെ അന്തരംഗത്തിലേക്കും നോക്കി ഒരു ഇന്ത്യൻ വിപ്ലവ പദ്ധതി രൂപപ്പെടുത്തിയെടുക്കാൻ ശ്രമിക്കാതിരുന്നതാണ് പ്രസ്ഥാനത്തിന് പറ്റിയ പിഴവെന്ന് നോവൽ ‘സിദ്ധാന്തിക്കുന്നി’ല്ലെങ്കിലും അത് പ്രബന്ധ ധ്വനികളിലൊന്നായി ഉറഞ്ഞുകൂടുന്നുണ്ട്. ‘ചകിരിയുടെ ഗന്ധം’, ‘സംവാദങ്ങൾ’ എന്ന ശീർഷകങ്ങളോടുകൂടിയ അധ്യായങ്ങൾ പിളർപ്പ് എന്ന യാഥാർഥ്യം അണികളെ എത്രയേറെ ശോകാ
കുലരും നിഷ് ക്രിയരുമാക്കി എന്ന വസ്തുതയുടെ ഭീമമായ വ്യാപ്തം കാട്ടിത്തരുന്നു. രണ്ടു വിഭാഗങ്ങളും ഉന്നയിച്ചിരുന്ന ചോദ്യങ്ങളുടെ യഥാർഥ ചിത്രണവും ആ അധ്യായങ്ങളിലുണ്ട്.
കമ്യൂണിസത്തിന്റെ പിളർപ്പും ജാതിവിവേചനവും കാട്ടൂർകടവിനെ ദുരന്തങ്ങളുടെ രംഗഭൂമിയാക്കി. അതോടൊപ്പം പ്രകൃതികോപവും താണ്ഡവമാടി. പ്രകൃതി മനുഷ്യനെതിരെ തിരിഞ്ഞാൽ ഉണ്ടാവുന്ന നിസ്സഹായതയുടെ ആഴവും കാട്ടൂർകടവ് കാട്ടിത്തരുന്നു. മാധവമേനോനെ പോലുള്ളവർക്ക് മനഃപരിവർത്തനവും പക്വതയുമുണ്ടാക്കുന്ന പരിണാമ രമണീയതയിലൂടെ ‘മനുഷ്യൻ മനുഷ്യത്വം വീണ്ടെടുക്കു’മെന്ന പ്രത്യാശക്കും കൂമ്പുകിളിർപ്പിച്ചിട്ടുണ്ട്. തേനാദിയർ, വേദനായകം, കറുപ്പയ്യസ്വാമി, ക്ലെമന്റ് പീറ്റർ, മെഹ്മൂദ് മുതലായ കഥാപാത്രങ്ങൾ ‘സ്ഫുടതാരകൾ കൂരിരുട്ടിലുണ്ടിടയിൽ ദ്വീപുകളുണ്ട് സിന്ധുവിൽ’ എന്ന് ആശ്വാസത്തിന് നിദാനങ്ങളാണ്. പ്രളയംകൊണ്ടു വലയുന്ന കേരളീയർക്ക് തമിഴ്നാട്ടിലെ വേദനായകത്തെ കൊണ്ട് സഹായമെത്തിക്കാൻ തേനാദിയർ ഇറങ്ങിപ്പുറപ്പെടുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കതീതരായും ജാതിമതാദി സങ്കുചിത മനോവൃത്തികളുടെ വിഷം തീണ്ടാത്തവരായും വർത്തിക്കുന്നവരെ കൊണ്ട് മാനവസേവ നിർവഹിപ്പിക്കുന്നു എന്ന വസ്തുത ചൂണ്ടുന്നത് മാനവീയതയെന്ന മൂല്യത്തിന് രക്ഷകസത്തയാവാൻ കഴിയുമെന്ന വിശ്വാസത്തിലേക്കാണ്.
ആദ്യന്തം നോവലിനെ ആസ്വാദ്യമാക്കിത്തീർക്കുന്ന ഘടകം ആഖ്യാന ശൈലിയാണ്. കാട്ടൂർകടവിലെ പ്രാദേശിക ഭാഷയും (Local dialect) പ്രസക്തിയനുസരിച്ചുള്ള സാമുദായിക ഭാഷയും (Communal dialect) വ്യക്തിഭാഷയും (Idiolect) തമിഴ്നാട്ടിലെ കഥാപാത്രങ്ങളുടെ പ്രകൃതത്തിൽ പ്രയുക്തമാകുന്ന പ്രാദേശിക തമിഴും രാഷ്ട്രീയ പ്രവർത്തകരുടെ രാഷ്ട്രീയപദാവലിയും ആഖ്യാനത്തെ ചൈതന്യവത്താക്കിയിരിക്കുന്നു. ബഹുജനത്തിനിടയിൽ പ്രചാരമുള്ള ഉപമകളും പഴഞ്ചൊല്ലുകളും സന്ദർഭോചിതമായി സമൃദ്ധമായി വിന്യസിച്ചിട്ടുള്ളതിലെ വാഗ്വിഭുത്വം ‘കാട്ടൂർകടവി’ന് നൽകുന്ന പരഭാഗശോഭ കഥാപാത്ര ചിത്രണത്തിലുള്ള സർഗചൈതന്യത്തേക്കാൾ ഒട്ടും താഴെയല്ല. മനുഷ്യപ്രകൃതിപോലെ ബാഹ്യപ്രകൃതിയും നോവലിന്റെ രക്തപ്രസാദം വളർത്തുന്ന അന്തഃപ്രവാഹങ്ങളാണ്: സ്ഥലരാശികളുടെ മണ്ണിനും ജലരാശികളുടെ നീരിനും (ചാത്രാപ്പു കായലും കടവുകളുംപോലെ) തനതായ ജീവസ്പന്ദം നൽകുന്ന മാന്ത്രികവിദ്യയിൽ പ്രകടമായ തഴക്കവും വഴക്കവും ’ഒരു ദേശത്തിന്റെ കഥ’ക്കോ ‘കയറി’നോ അവകാശപ്പെടാവുന്നതിനേക്കാൾ ഒരുപടി മേലെയാണ്; പ്രാദേശിക ഭാഷാപ്രയോഗം ‘ഖസാക്കിന്റെ ഇതിഹാസ’ത്തോളമോ ‘ആലാഹയുടെ പെൺമക്കളോ’ളമോ വളർത്തിയിട്ടില്ലെന്നത് ഒരുനിലക്ക് വിവർത്തനത്തെ അസാധ്യമാക്കുന്ന പരിമിതിയിൽനിന്ന് രക്ഷപ്പെടലുമാണ്.
ശ്രീനാരായണഗുരു സ്വാമികളുടെ ആത്മീയതയെ മാർക്സിസത്തിന്റെ ഭൗതികതയോടു സമന്വയിക്കുന്ന ഒരു ജീവിതദർശനത്തിന് തഴച്ചുവളരാൻ ഉതകുന്ന മണ്ണും വെള്ളവും കാട്ടൂർകടവിൽ വരളാതെ, വറ്റാതെ സഞ്ചയിച്ചിരിക്കുന്നു.