കുടിയൊഴിക്കലിലെ മനുഷ്യദർശനം -പഠനം
വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘കുടിയൊഴിക്കൽ’ എന്ത് മനുഷ്യദർശനമാണ് മുന്നോട്ടുെവക്കുന്നത്? എന്തായിരുന്നു കവിയുടെ സാമൂഹിക കാഴ്ചപ്പാട്? 71 വർഷത്തിനുശേഷം ആ കവിത എങ്ങനെയൊക്കെയാണ് പ്രസക്തമാകുന്നത്?ലോല കോമള ഭാവനയിലൂടെ’ ‘കാലകാഹളം’ രേഖപ്പെടുത്തിയ കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ. മലയാള കാവ്യരീതിയിലെ മുൻകാല ‘പേച്ചു’കളെ മാറ്റിയെഴുതാനുള്ള ശ്രമം വൈലോപ്പിള്ളിക്കവിതയിൽ...
Your Subscription Supports Independent Journalism
View Plansവൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘കുടിയൊഴിക്കൽ’ എന്ത് മനുഷ്യദർശനമാണ് മുന്നോട്ടുെവക്കുന്നത്? എന്തായിരുന്നു കവിയുടെ സാമൂഹിക കാഴ്ചപ്പാട്? 71 വർഷത്തിനുശേഷം ആ കവിത എങ്ങനെയൊക്കെയാണ് പ്രസക്തമാകുന്നത്?
ലോല കോമള ഭാവനയിലൂടെ’ ‘കാലകാഹളം’ രേഖപ്പെടുത്തിയ കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ. മലയാള കാവ്യരീതിയിലെ മുൻകാല ‘പേച്ചു’കളെ മാറ്റിയെഴുതാനുള്ള ശ്രമം വൈലോപ്പിള്ളിക്കവിതയിൽ കാണാം. ‘‘ഇക്കിളികളെയാട്ടിയോടിക്കും’’ എന്ന് മാറാനുള്ള വ്യഗ്രത സാന്ദർഭികമായി പ്രഖ്യാപിക്കുന്ന വൈലോപ്പിള്ളി, ‘മലയാള കവിതയിലെ സംക്രമപുരുഷനാ’ണ്. ‘‘മാലോടിഴയും മർത്ത്യാത്മാവിനു മേലോട്ടുയരാൻ ചിറകു’’ നൽകുന്ന ആർജവം വൈലോപ്പിള്ളിക്കവിതയുടെ നിതാന്ത സ്വരമാണ്.
സാമൂഹികവ്യവസ്ഥിതിയും ശാസ്ത്രവും പുരോഗമനത്തിന്റെ പാതയിൽ ശീഘ്രം സഞ്ചരിക്കാൻ തുടങ്ങിയ കാലഘട്ടത്തിലെ കവികളിൽ, മാറ്റം വിരചിച്ച സന്ദിഗ്ധതയുടെ നിഴൽപാടുകൾ കാണാം. ഇടശ്ശേരി, പി. ഭാസ്കരൻ, എൻ.വി. കൃഷ്ണവാര്യർ, ജി. ശങ്കരക്കുറുപ്പ് എന്നീ കവികളെല്ലാം ഏറിയും കുറഞ്ഞും പലമാതിരിയാണ് ഈ പരിവർത്തനദശയെ ആവിഷ്കരിച്ചത്. കാവ്യരീതിയിലും സാമൂഹിക വ്യവസ്ഥിതിയിലും ഉണ്ടായ മാറ്റം, കവി മനസ്സിൽ സൃഷ്ടിച്ച സന്ദിഗ്ധതയെ നേര് ചുവയ്ക്കുംവിധം ആവിഷ്കരിച്ചത് വൈലോപ്പിള്ളിയാണ്. അത് ഏറ്റവും ശക്തമായി അനുഭവപ്പെടുത്തുന്ന വൈലോപ്പിള്ളിക്കവിതയാണ് ‘കുടിയൊഴിക്കൽ’. ഒരു പടികൂടി കടന്നുപറഞ്ഞാൽ സാമൂഹിക വ്യവസ്ഥിതി മാറ്റത്തിലെ സന്ദിഗ്ധത കാവ്യവിഷയവും (ജന്മിത്തം -ജനായത്തം) കാവ്യരീതി മാറ്റത്തിലെ സന്ദിഗ്ധത (റൊമാന്റിസിസം - റിയലിസം) കാവ്യഘടനയുമായി പ്രത്യക്ഷപ്പെടുന്ന കാവ്യശിൽപമാണ് ‘കുടിയൊഴിക്കൽ’. ‘ജീവിതത്തിന്റെ കടലിനെ കവിതക്കു മഷിപ്പാത്രമാക്കിയ’ കവിയിലെ അന്തഃസംഘർഷം കടൽപോലെ സങ്കീർണമാണ്. ‘ഒറ്റയൊറ്റയായ്’ പല കവിതകളിലൂടെ ആ ആകുലത പാടിവന്ന വൈലോപ്പിള്ളി, അന്തഃസംഘർഷത്തെത്തന്നെ കാവ്യശിൽപമാക്കിയപ്പോൾ ‘കുടിയൊഴിക്കൽ’ എന്ന കാവ്യം ജനിക്കുകയായി.
01
ഇതിവൃത്തവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും
1848ൽ പ്രസിദ്ധീകരിച്ച ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘‘നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമുദായങ്ങളുടെയും ചരിത്രം വർഗസമരങ്ങളുടെ ചരിത്രമാണ്.’’ വർഗസമരത്തിന്റെ നിർണായകഘട്ടം ആസന്നമാകുമ്പോൾ പഴയ സമൂഹത്തിനകത്ത് ശിഥിലീകരണ പ്രക്രിയ അതിരൂക്ഷമാകും. ബൂർഷ്വാസിയിൽനിന്ന് ഒരു വിഭാഗം –വിശേഷിച്ചും ചരിത്രപരമായ ഈ പ്രസ്ഥാനത്തെയൊട്ടാകെ താത്ത്വികമായി ഗ്രഹിക്കാൻ കഴിവുണ്ടാകത്തക്ക നിലയിലേക്ക് സ്വയം ഉയർന്നിട്ടുള്ള ബൂർഷ്വാ പ്രത്യയശാസ്ത്രജ്ഞന്മാരിൽ ഒരു വിഭാഗം – തൊഴിലാളിവർഗത്തിന്റെ ഭാഗത്തേക്ക് പോകുന്നു.’’ (കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ)
‘ആപത്കാരിയായ വർഗം’, ‘സമുദായത്തിലെ ചെറ്റകൾ’ [ ‘കുടിയൊഴിക്കലി’ലെ ജന്മി ചെറ്റയാം വിടൻ എന്ന് ആത്മനിന്ദനം ചെയ്യുന്നു] എന്നൊക്കെ തൊഴിലാളിവർഗം നോക്കിക്കാണുന്ന ആ പെറ്റിബൂർഷ്വയുടെ പ്രതിനിധിയല്ലേ ‘കുടിയൊഴിക്കലി’ലെ കവി. ഇല്ലത്തുനിന്ന് കാലം ഇറക്കിവിട്ടും അമ്മാത്ത് കേറ്റാതെയും വിമ്മിട്ടപ്പെടുന്ന ഇടത്തരക്കാരന്റെ ആ സഞ്ചാരത്തിന്റെ കാവ്യാവിഷ്കാരം തന്നെയാണ് ‘കുടിയൊഴിക്കലി’ൽ അവതരിപ്പിക്കപ്പെടുന്നത് എന്നു പറയണം. ആത്മനിന്ദയും അപകർഷതാബോധവും വേട്ടയാടുന്ന ഇടത്തരക്കാരൻ തൊഴിലാളിവർഗത്തിന്റെ വിശ്വാസ്യത നേടിയെടുക്കാൻ നടത്തുന്ന ശ്രമങ്ങളും ‘കുടിയൊഴിക്കലി’ൽ കാണാം.
1952ലാണ് ‘കുടിയൊഴിക്കൽ’ പ്രസിദ്ധീകൃതമായത് (1948 ൽ എഴുതിയതാണെന്ന് വൈലോപ്പിള്ളി പറയുന്നുണ്ട്). കാർഷികവിപ്ലവങ്ങളും സമരാവേശവും ആളിക്കത്തിയ 1940കളെ ‘കമ്യൂണിസത്തിന്റെ വൈദ്യുതി നിറഞ്ഞ അന്തരീക്ഷം’ എന്ന് വൈലോപ്പിള്ളി ആ കാലഘട്ടത്തെ വിശേഷിപ്പിക്കുന്നു.
‘‘അനിവാര്യവും ആസന്നവുമായ സോഷ്യലിസ്റ്റ് വിപ്ലവത്തെ സംബന്ധിച്ച ബോധം തൊഴിലാളികളെയും വിപ്ലവപക്ഷക്കാരെയും ആവേശം കൊള്ളിക്കുകയും മുതലാളിമാരെയും പ്രഭുവർഗത്തെയും വിറളിപിടിപ്പിക്കുകയും ചെയ്തപ്പോൾ ഇടത്തരക്കാരെ ഒരു സന്ദിഗ്ധതയിലെത്തിക്കുകയാണുണ്ടായത്’’ (എസ്. രാജശേഖരൻ -വൈലോപ്പിള്ളി കവിതാ സമീക്ഷ).
മധ്യവർഗത്തിന്റെ പ്രതിനിധിയായ വൈലോപ്പിള്ളിയിൽ ഈ സന്ദിഗ്ധതയുടെ തീക്ഷ്ണത കാണാം. അതിന്റെ കാവ്യപരമായ ആവിഷ്കാരമായി ‘കുടിയൊഴിക്കൽ’ മാറുന്നു.
‘കുടിയൊഴിക്കൽ’ എന്ന തലക്കെട്ടിലെ കുടിക്ക് സ്വന്തമായ ശ്ലേഷാർഥംപോലെ, മാറ്റത്തിന്റെ യുഗസന്ധിയിൽ നിലനിൽപിനായി ഇടത്തരക്കാരൻ അനുഷ്ഠിക്കേണ്ടിവരുന്ന ഒരു ഇരട്ടത്താപ്പ് ‘കുടിയൊഴിക്കൽ’ എന്ന കവിതയുടെ പ്രധാന ക്രിയാതന്തുവാണ്. ജന്മിത്തം -ജനായത്തമാകുന്നതിനിടയിലെ അന്തരാളഘട്ടത്തിൽ ഇടത്തരക്കാരൻ അനുഭവിക്കുന്ന പ്രതിസന്ധിയെ കരടിനെ മുത്താക്കുന്ന ചിപ്പിയെ പോലെ മൂല്യമുള്ള കാവ്യമാക്കി വൈലോപ്പിള്ളി മാറ്റുന്നു. രൂപമാറ്റത്തിനായി ജന്മിയുടെ മനസ്സിൽ നടക്കുന്ന രാസപ്രക്രിയയുടെ തിളച്ചുമറിയൽ ‘കുടിയൊഴിക്കലി’നെ ശക്തമായ കാവ്യാനുഭവമാക്കുന്നു.
നായകൻ ഒരു വർഗത്തിന്റെ പ്രതിനിധിയായിരിക്കുക (പെറ്റിബൂർഷ്വ) –ആ വർഗം ഒരു കാലഘട്ടത്തിനു മുന്നിൽ കുറ്റാരോപിതരായി നിൽക്കുക– ആത്മവിശകലനത്തിലൂടെ നിജസ്ഥിതി ഉൾക്കൊണ്ട് നായകൻ തൊഴിലാളി വർഗത്തോട് ഒന്നിക്കാൻ തയാറാവുക –കാലങ്ങളായുള്ള പീഡനാനുഭവം മനസ്സിലുള്ളതുകൊണ്ട് മുറിവേൽപിച്ചവരുടെ മനംമാറ്റം വെള്ളം ചേർക്കാത്ത കള്ളമായിക്കാണുന്ന തൊഴിലാളി– അവർ ചെന്നെത്തുന്ന വിപ്ലവത്തിന്റെ ഭീകരമുഖം –മുൻകാല ചെയ്തികളുടെ ശിക്ഷ ഏറ്റുവാങ്ങിയിട്ടും പ്രതികാരമില്ലാതെ, മാറ്റങ്ങളുടെ വഴി മാറേണ്ടിയിരിക്കുന്നു എന്ന് മാർഗനിർദേശം ചെയ്യുന്ന നായകൻ അടങ്ങുന്ന വിശ്വസംസ്കാര വിജ്ഞരായ സമൂഹം– ഇത്രയുമാണ് കുടിയൊഴിക്കൽ. ഒരു വർഗത്തിനു വേണ്ടിയും സംസാരിക്കാതെ മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ മാനവരാശിയെ സ്വപ്നം കാണുന്ന കവിയെ ‘കുടിയൊഴിക്കലി’ൽ കണ്ടെത്താം.
02
മാറ്റങ്ങളുടെ മാറ്റ് വാഴ്ത്തുന്ന കവിതകൾ
‘‘പ്രാകൃതൻ നിന്നെ ഞാൻ പ്രഹരിക്കിൽ
ലോകമൊക്കെയുമാ ധ്വനി കേൾക്കും’’
കാലത്തോട് കാതുചേർത്തിരിക്കുന്നുണ്ട് വൈലോപ്പിള്ളിയിലെ കവിചേതന. ‘‘സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ’’ (Workers of All Lands Unite) എന്ന് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ മാർക്സ് നിത്യനിദ്ര കൊള്ളുന്ന കല്ലറയിൽ (1883) ആലേഖനംചെയ്തിരിക്കുന്നു. 1930നു ശേഷമുള്ള കാർഷിക സമരങ്ങളിൽ കേരളത്തിലും ഈയൊരാശയത്തിന്റെ തിരയിളക്കം കാണാം.
വൈലോപ്പിള്ളിയാകട്ടെ ‘‘ജീവിതാനുഭവങ്ങൾ കവിതക്കു വിഷയമാക്കുകയില്ലെന്നു നിർബന്ധംപിടിച്ചാൽ ഉണ്ടാകുന്ന ദാരിദ്ര്യത്തിന്റെ ഓട്ടയടയ്ക്കാൻ എന്തെന്തു മനോധർമങ്ങളുടെ പൊന്നുരുക്കിയൊഴിച്ചാലും പ്രയോജനപ്പെടുകയില്ല’’ എന്ന ആശയക്കാരനുമാണ് ‘കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി). അതുകൊണ്ടുതന്നെ കാലഘട്ടവും ചുറ്റുപാടുകളും അതുമായി ചേർന്ന സ്വാനുഭവങ്ങളും കവിതയിൽ എത്തുക സ്വാഭാവികം. ‘‘ഇന്ദ്രിയങ്ങൾ തേനീച്ചകളെപ്പോലെ കരളിൽ സ്വരൂപിച്ച അമൂല്യ സമ്പത്താണ് തനിക്കു കവിത’’യെന്നും വൈലോപ്പിള്ളി പറയുന്നുണ്ട്. ആദ്യം മുതൽ ഓരോ കാലത്തെയും പടിപടിയായി അടയാളപ്പെടുത്തിയാണ് വൈലോപ്പിള്ളിക്കവിതയുടെ വരവ്. 1947ൽ രചിച്ച ആദ്യ കവിതാസമാഹാരത്തിൽ (കന്നിക്കൊയ്ത്ത് )ജീവിതവ്യഥകൾ പരിഭവമില്ലാതെ സഹിക്കുന്ന കുടിയാനും അവരിൽനിന്ന് ഓമലാളെ കണ്ടെത്തുന്ന ജന്മിയും ഒത്തിണങ്ങിയ ഒരുമയുടെ ജീവിതപാടമാണ് കവിതാഭൂമിക. അതുകൊണ്ട് ‘ഏക ജീവിതാനശ്വര ഗാനം’ കവി പാടുന്നു. ഒന്നിച്ചുനിന്ന് വിധിയോട് പോരാടുന്നു. വേറിട്ട് ചിന്തിക്കാനുള്ള വൈഭവത്തിലേക്ക് തൊഴിലാളി അപ്പോൾ എത്തിയിട്ടില്ല.
തൊഴിലാളി ചേരിതിരിഞ്ഞ് ചിന്തിക്കാൻ തുടങ്ങിയ കാലത്തിന്റെ ഇണ്ടൽ (മാറ്റത്തിന്റെ കാറ്റടിക്കുമ്പോൾ തൽക്കാലം ഉണ്ടാകുന്ന മാനസികാവസ്ഥ എന്നർഥത്തിൽ) തുടർന്നു വരുന്ന കവിതകളിൽ വൈലോപ്പിള്ളി പ്രകടിപ്പിക്കുന്നു. മാറ്റത്തിനു മധ്യേ നിന്ന് മുന്നോട്ടും പിന്നോട്ടും നോക്കുന്ന കവിയെ തുടർന്നു കാണാം. [കുറ്റിപ്പുറം പാലത്തിനു മുകളിൽ അഭിമാനത്തോടെ കയറിനിൽക്കുമ്പോഴും ശോഷിച്ച പേരാറു നോക്കി വിലപിക്കുന്ന ഇടശ്ശേരിയെപ്പോലെ]
‘‘മുമ്പു നാം സ്നേഹിച്ചവരകന്നോ, മൃതിപെട്ടോ
വൻപകയോടേ ചേരി മാറിയോ പോയ് പോകുന്നു’’
(യുഗപരിവർത്തനം)
മാറ്റങ്ങളുടെ മാറ്റ് വാഴ്ത്തുന്നുണ്ട് വൈലോപ്പിള്ളി. ഒപ്പം മാറ്റങ്ങൾ ഇഷ്ടങ്ങളുടെ ഇടനെഞ്ചിൽക്കുത്തി ഏൽപ്പിക്കുന്ന മുറിവ് എല്ലാ വിപ്ലവങ്ങളുടെയും വിഭജനങ്ങളുടെയും പിന്നാമ്പുറ കാഴ്ചകളാണെന്ന് കണ്ടെത്തുകയും ചെയ്യുന്നു. ചേരിമാറ്റത്തിന്റെ മുള്ളുവേലികൾകൊണ്ട് ചോരവാർന്ന് വിളറുന്ന സാമൂഹിക ബന്ധങ്ങൾ അനവധിയാണെന്ന് വൈലോപ്പിള്ളിക്കവിത ഓർമപ്പെടുത്തുന്നു. മാറ്റത്തിന്റെ ചലനങ്ങൾ സൂക്ഷ്മം നിരീക്ഷിച്ച് പകർത്തുന്നു. ആ നിരീക്ഷണത്തിന് ഭൗതികവും മാനസികവുമായ രണ്ടു തലങ്ങൾ ഉണ്ടെന്ന അപൂർവതയാണ് വൈലോപ്പിള്ളിക്കവിതകളുടെ കനം.
‘‘തിരുത്തപ്പെടാം തീക്ഷ്ണവാദങ്ങളിവരോടു
പൊരുത്തപ്പെടാം നമുക്കെന്നു ഞാനാശിക്കുന്നു’’
(യുഗപരിവർത്തനം)
ഇങ്ങനെ മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള ശ്രമങ്ങളും നടക്കുന്നു.
‘ചലനവും ശബ്ദവും’ എന്ന കവിതയിൽ കാലത്തിന്റെ കാതിലേക്ക് കാതു ചേർക്കുന്ന കവിയെ കാണാം.
‘‘ഓർത്തു ഞാൻ കാലപ്പകർച്ചയിൽ വാച്ചൊരീ
നാട്ടിലെ നവചൈതന്യ നീർധാരകൾ
കെട്ടിക്കിടന്ന തടങ്ങൾ കവിഞ്ഞു വാർ-
ന്നുദ്യൽച്ചലന നിർഘോഷ മനോജ്ഞമായ്’’
പുഞ്ചയിലെ വരമ്പിൽ മുറികളിലൂടെ കണ്ടം പകർന്നു കണ്ടത്തിലേക്കൊഴുകുന്ന കളസ്വനം. ആ സ്വനത്തിൽ സമകാലിക ഗ്രാമചലനത്തെ വൈലോപ്പിള്ളി കേൾക്കുന്നു. ഇവിടെ കർഷകർ ഒന്നിക്കുന്നതിന്റെ സൂചന കവി തരുന്നു.
‘പുതിയ വസന്തം’ എന്ന കവിതയിൽ വസന്തകാല ഭംഗി കാണാൻ ഇറങ്ങിയ കവി ഇളകിവരുന്ന ‘പഞ്ഞപ്പട’ കാണുന്നു.
‘‘എങ്കിലുമോർത്തു ഞാനെൻ പ്രിയ നാട്ടാരി-
ലിങ്ങനെയാകാം വസന്തം വിരിയുന്നു
………...............:
നിഷ്ഫലമാം നില മാറ്റും മനോഹര-
വിപ്ലവമല്ലോ വസന്തം പ്രകൃതിയിൽ...’’
കാലങ്ങളായ് തുടർന്നുവന്ന ശീലംകൊണ്ട് മാറ്റങ്ങളെ സംശയത്തോടെ നോക്കിക്കാണുകയും മനുഷ്യന്റെ പുരോഗതിയും നന്മയും അമ്മട്ടിലാണെങ്കിൽ ആകട്ടെയെന്ന് തിരുത്തുകയും പിന്നീട് പുരോഗതിയുടെ പാതയിൽ സാകൂതം സഞ്ചരിക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരന്റെ വൈകാരിക പ്രപഞ്ചം വൈലോപ്പിള്ളിക്കവിതകളിലുണ്ട്. മാറ്റത്തിനു മുന്നിൽ സംശയവും നിശ്ചയവുമായി മാറിമാറി നിൽക്കുന്ന ഒരു ശുദ്ധഗതിക്കാരനുണ്ട് വൈലോപ്പിള്ളിയിൽ. ‘‘പുള്ളിമാനിന്റെ പിറകേ പുലിയെയും വസന്തവായുവിൽ വസൂരി രോഗാണുക്കളെയും ദർശിക്കാതിരിക്കാൻ എനിക്കു സാധ്യമല്ല’’ (മുഖവുര -വിത്തും കൈക്കോട്ടും) -ഇങ്ങനെ ചിന്തിക്കുന്ന കവിക്ക് ഏത് കാര്യത്തിനും വീണ്ടുവിചാരത്തിന്റെ വീക്ഷണകോണുണ്ടായിരിക്കും. സംശയവും നിശ്ചയവുമായി നിൽക്കാൻ ചിലേടത്ത് രണ്ടു വ്യക്തികൾതന്നെ വരും (മലതുരക്കൽ –അച്ഛനും മകനും, ജലസേചനം –കാളിന്ദി, ബലഭദ്രൻ). എന്നാൽ ‘കുടിയൊഴിക്കലി’ൽ നായകനിലെ ദ്വന്ദ്വവ്യക്തിത്വമാണ് (ബൈ പൊളാരിറ്റി) സംശയവും നിശ്ചയവുമായി ‘കിളിമാസ്’ കളിക്കുന്നത്.
‘മലതുരക്കൽ’ എന്ന കവിതയിൽ മാറ്റത്തെ സംശയത്തോടെ നോക്കിക്കാണുന്ന കാരണവരുണ്ട്. ‘‘മാമലപ്പെരുംപള്ളയിൽ മുട്ടി/ മാനുഷായുസ്സുടയ്ക്കുവാൻ മാത്രം’’ എന്ന് മാറ്റത്തെ ഭയപ്പെടുന്നു.
മനുഷ്യന് വേണ്ടിയാണ് മാറ്റങ്ങൾ. അവന്റെ ആയുസ്സുടയ്ക്കുന്നതാണെങ്കിൽ അതിനോടുള്ള വിയോജിപ്പ് വൈലോപ്പിള്ളി പ്രകടിപ്പിക്കും. മനുഷ്യന്റെ വേദനയെ കാണുന്ന കണ്ണാണ് കവിക്ക് എല്ലാറ്റിനും മുമ്പേ വർത്തിക്കുക.
‘‘മർത്ത്യവീര്യമീയദ്രിയെ വെല്ലും’’ എന്ന പുതിയ തലമുറയുടെ ഉറപ്പിൽ മുന്നേറാനും മടിയില്ല.
‘‘എന്മകനേ, ഞാൻ വിശ്വസിക്കുന്നു’’/ മാറ്റത്തെ മനസ്സാ വരിക്കുന്നു.
വ്യവസ്ഥിതിമാറ്റങ്ങളുടെ ഒരു പരിവർത്തനദശ ഉൾക്കൊള്ളുന്നതാണ് വൈലോപ്പിള്ളിയുടെ കൃതികൾ. പല കവിതകളിലായി വൈലോപ്പിള്ളി രേഖപ്പെടുത്തിയ മാറ്റത്തിന്റെ ആശയങ്ങൾക്ക് വളരാൻ കവി മനസ്സിൽ നടക്കുന്ന കയറ്റിറക്കങ്ങളുടെ നാടകീയാവിഷ്കാരമാണ് ‘കുടിയൊഴിക്കലി’ലെ വൈകാരികതലം. കാലത്തിന്റെ വെല്ലുവിളിയുടെ സ്വഭാവം നിരീക്ഷിക്കാനും അതിൽ സ്വന്തം നിലപാടെന്തെന്ന് നിഷ്കപടം പരിശോധിച്ചറിയാനും കവി കാണിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിഷ്ഠയാണ് ‘കുടിയൊഴിക്കലി’ലെ പ്രമേയമായി വികസിക്കുന്നത്. ഇണക്കങ്ങളുടെ കണ്ണിപൊട്ടാതെ വേണം മാറ്റങ്ങൾ നടപ്പാക്കേണ്ടതെന്ന് ആഗഹിക്കുന്ന കവിയിലെ മനുഷ്യസ്നേഹി ‘പോയ് മറവാർന്നവർ’ ഏൽപിച്ച പന്തവുമായി പുതുതലമുറക് വെളിച്ചം കാട്ടുന്നു.
‘‘സ്വന്തം കാലഘട്ടത്തിന്റെ ഹൃദയത്തുടിപ്പുകൾ വൈലോപ്പിള്ളി കൃതികളിൽ പ്രതിധ്വനിക്കുന്നുണ്ട്. ജീവിതത്തോടുള്ള ഉൽക്കടമായ അഭിനിവേശം ആ കൃതികളിലുടനീളം കാണാം…: ബാഹ്യയാഥാർഥ്യങ്ങളോട് ആത്മാവ് ഏറ്റുമുട്ടുമ്പോൾ സംജാതമാകുന്ന വൈകാരിക സംഘർഷത്തിന്റെ വൈദ്യുതിയിൽ ജ്വലിച്ചുയരുന്ന ജീവിതം കവിയുടെ ചിന്താഫലകത്തിലൂടെ വാർന്നൊലിച്ചു വരുമ്പോൾ അത്യന്തം ഹൃദയഹാരിയായി രൂപാന്തരപ്പെടുന്നു…: …മാനുഷിക വികാരങ്ങളെ മാനിക്കുന്ന, മഹത്തായ ജീവിതത്തെ പ്രകീർത്തിക്കുന്ന ഈ മനുഷ്യകഥാനുഗായി ആദ്യന്തം അത്യാദരം കാണുന്നത് മനുഷ്യനെയാണ്’’ (പ്രഫ. ആർ. വിശ്വനാഥൻ നായർ -വൈലോപ്പിള്ളിക്കവിതാ സമീക്ഷ).
‘ലോക സാമൂഹ്യ ദുർനിയമങ്ങൾ’ ''സ്നേഹസുന്ദര പാതയിലൂടെ ‘നികത്താൻ വിശ്വസംസ്കാരപാലകരാകുന്ന വിജ്ഞരെ’ വെല്ലുവിളിക്കുന്ന കാവ്യമാണ് ‘കുടിയൊഴിക്കൽ’. അത്തരമൊരു ശ്രമം വിജയിക്കുമെന്ന ശുഭാപ്തിവിശ്വാസം വൈലോപ്പിള്ളി പ്രദർശിപ്പിക്കുന്നുണ്ട്. ‘‘കൂടുതൽ നല്ല മനുഷ്യനെപ്പറ്റിയുള്ള സങ്കല്പങ്ങളാണത്രെ കവിയെ ആവേശം കൊള്ളിച്ചത്’’ എന്ന് ‘കുടിയൊഴിക്കലി’ന്റെ അവതാരികയിൽ എൻ.വി. കൃഷ്ണവാരിയർ പറയുന്നു.
വർഗസമര വിപ്ലവത്തെ കാവ്യാത്മകമായി ആവിഷ്കരിച്ചപ്പോഴും നായക പ്രതിനായക ചിന്തയില്ലാത്തവിധം കുടിയൊഴിക്കലിലെ എല്ലാ കഥാപാത്രങ്ങളോടും വായനക്കാർക്ക് സഹതാപവും അനുകമ്പയും ഉണ്ടാകുന്നത് അതുകൊണ്ടാണ്. തിര്യക്കുകളുടെ മനോവ്യാപാരത്തിലൂടെ തന്മയത്വത്തോടെ, അനുഭവതീക്ഷ്ണമായി കടന്നുപോകുന്ന വൈലോപ്പിള്ളി വാചികവും കായികവുമായി പ്രതികരിക്കാൻ കഴിവുള്ള മനുഷ്യന്റെ മനസ്സിലൂടെ കയറിയിറങ്ങുമ്പോൾ സംഭവിക്കുന്ന നാടകീയത ‘കുടിയൊഴിക്കൽ’ എന്ന കാവ്യത്തെ സങ്കീർണവും അത്രതന്നെ അനന്യവുമാക്കുന്നു. ‘കുടിയൊഴിക്കൽ’ എന്ന കാവ്യനാമം പ്രദർശിപ്പിക്കുന്ന ദ്വയാർഥംപോലെത്തന്നെ കാവ്യരീതിയിലും (റൊമാന്റിസിസം - റിയലിസം) സാമൂഹികക്രമത്തിലും (ജന്മി-കുടിയാൻ) കവിയിലും (കവി-കാവ്യ വിമർശകൻ) നായകനിലും (പാരമ്പര്യവാദി - ഉൽപതിഷ്ണു, കാമുകൻ - വിടൻ) പ്രതിനായകനിലും (വിധേയൻ - പോരാളി) ഒക്കെത്തന്നെ ദ്വന്ദ്വാത്മകത പ്രകടമാകുന്നു. കവി, രചനാരീതി, കഥാപാത്രങ്ങൾ, കാവ്യത്തിൽ വിന്യസിക്കപ്പെടുന്ന സമൂഹം എല്ലാം ‘ദ്വിമാന’ത്തോടെ പ്രത്യക്ഷപ്പെടുന്ന അപൂർവത കുടിയൊഴിക്കൽ എന്ന കാവ്യത്തെ വായനയിൽ ബഹു ‘മാന’ത്തിലേക്ക് ഉയർത്തുന്നു. ‘‘കാവ്യചേതനയുടെ ഡയനാമിസം’’ എന്ന് എം. ലീലാവതി വിശേഷിപ്പിക്കുന്നുണ്ടല്ലോ.
‘‘കർമശക്തിയെയും അതിന്റെ സൽഫലം നൂറുമേനി വിളയിക്കാനവസരമൊരുക്കുന്ന വിപ്ലവത്തെയും സ്വാഗതം ചെയ്യുന്നവയാണ് വൈലോപ്പിള്ളിക്കവിതകൾ. അതോടൊപ്പം ശ്രദ്ധേയമാണ് വിപ്ലവത്തിനു വരവേൽപൊരുക്കുമ്പോഴും ആ കവിതയിലലയിളക്കുന്ന ദുഃഖാവേഗം. സ്ഥിതവ്യവസ്ഥയെ നിശിതമായി വിമർശിച്ച് മാറ്റിമറിക്കാനാഹ്വാനം ചെയ്യുമ്പോഴും ആ വ്യവസ്ഥിതിയിലെ ചില സുകുമാരാംശങ്ങളോട് ഈ കവിത നാഭീനാളബന്ധം പുലർത്തുകയും അത് അറ്റുപോകാതിരിക്കാനഭിലഷിക്കുകയും ചെയ്യുന്നു’’
(കാവ്യദർശനം -രാജശേഖരൻ- വൈലോപ്പിള്ളിക്കവിതാ സമീക്ഷ). (ഫ്രഞ്ച് അധീന മയ്യഴിയുടെ സ്വാതന്ത്ര്യസമരത്തെ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാതെ നോക്കിക്കാണുന്ന പഴയ തലമുറയെ പ്രശസ്ത നോവലിസ്റ്റ് മുകുന്ദൻ ‘മയ്യഴിപ്പുഴയുടെ തീരങ്ങളി’ലും ‘ദൈവത്തിന്റെ വികൃതികളി’ലും വരച്ചു കാട്ടുന്നത് ഇവിടെ ഓർമിക്കാം.)
മാറ്റങ്ങളുടെ ചടുലതക്കൊപ്പം മാറാൻ അമാന്തിക്കുന്ന മനസ്സിന്റെ വിഭ്രമങ്ങളാണിവിടെയെല്ലാം കാണാനാവുക. എന്നാൽ, ‘കുടിയൊഴിക്കലിൽ’ വ്യവസ്ഥിതിമാറ്റത്തിന് അഭികാമ്യമായ മറ്റൊരു വഴി നിർദേശിക്കുന്നുണ്ട്.
അനിവാര്യമായ വിപ്ലവത്തെ അംഗീകരിക്കുകയും മഹത്തായ വിപ്ലവം സ്നേഹസുന്ദരപാതയിലൂടെ നിർവഹിക്കേണ്ടുന്ന മറ്റൊന്നാണെന്ന് കണ്ടെത്തുകയും ചെയ്യുന്നുണ്ട് ‘കുടിയൊഴിക്കലി’ൽ. ‘കുറ്റമാർക്കിതിൽ’ എന്ന് സംശയിക്കുംവിധം അഭിജാതനായതുകൊണ്ടു മാത്രം നേരിടേണ്ടി വരുന്ന ശത്രുതയോട് ‘പെറ്റിബൂർഷ്വ’കൾക്കുള്ള പരാതി ഈ കവിത രേഖപ്പെടുത്തുന്നു. ‘ഒറ്റവെട്ടാലെ, സമുദായക്കെട്ടറുത്തവരെ’ ‘മുട്ടിയ നിങ്ങൾ’ എന്ന് ഇടത്തരക്കാരനായ നായകൻ കുറ്റപ്പെടുത്തുന്നു. മാറ്റത്തിലേക്കുള്ള മാർഗം ‘‘മർത്ത്യലോക മഹിമ പുലർത്തും വിധമായിരുന്നെങ്കിൽ’’ എന്ന് നല്ല മനുഷ്യാവസ്ഥക്കായ് ജന്മിയായ നായകൻ മോഹിച്ചുപോകുന്നുണ്ട്. അടങ്ങാത്ത, ഒടുങ്ങാത്ത സത്യസന്ധതയാണ് ‘കുടിയൊഴിക്കലി’ന്റെ അടിയൊഴുക്ക്. അനിവാര്യമായ വിപ്ലവത്തെ അംഗീകരിക്കുമ്പോഴും, ‘മറ്റൊരു വിധമായിരുന്നെങ്കിൽ’ എന്ന് ആഗ്രഹിച്ചുപോകുന്നത് അതുകൊണ്ടാണ്. വിപ്ലവാനന്തര ഭൂമികയിൽനിന്നുകൊണ്ട് ഇനിയെങ്കിലും! എന്നു വിലപിക്കുകയും മറ്റൊരു മാർഗം സ്നേഹ സുന്ദരപാത നിർദേശിക്കുകയും ചെയ്യുമ്പോൾ ‘കുടിയൊഴിക്കൽ’ മാനവസ്നേഹത്തിന്റെ ഗാഥയാകുന്നു. ‘സാമൂഹികഘടനയിൽ അഭിലഷണീയമായ ഒരഴിച്ചുപണി അനിവാര്യമാണെന്ന’ ബോധമുള്ള കവിയായി ഡോ. എം. ലീലാവതി വൈലോപ്പിള്ളിയെ വിലയിരുത്തുന്നു.
03
അടുത്തുനിൽപ്പോരനുജനെ, കാണാൻ തുടങ്ങുന്ന കാലം...
‘‘അധമവികാരങ്ങളെ സംസ്കരിച്ചെടുത്ത് ഇച്ഛാനുരൂപമായ പരിണാമത്തിലൂടെ ഉത്തമ മനുഷ്യത്വത്തിലേക്ക്, അതായത് ദേവത്വത്തിലേക്ക്, യുഗയുഗാന്തരത്തിലെങ്കിലും ഉയരുവാൻ സാധാരണ മനുഷ്യനു സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ.’’... ‘‘മനുഷ്യത്വം എന്നതിന് ഞാൻ കൊടുക്കുന്ന അർഥം, പൂർണതയിലേക്കു വളരാൻ വെമ്പുന്ന ദേവത്വം എന്നാണ്.’’
(വിത്തും കൈക്കോട്ടും -ആമുഖം)
ഇത്തരമൊരു സംസ്കരണപ്രക്രിയ ‘കുടിയൊഴിക്കലി’ന്റെ അടിയൊഴുക്കായ് വർത്തിക്കുന്നു.
‘‘മറ്റൊരു വിധമായിരുന്നെങ്കിൽ, എന്ന ധർമസങ്കടത്തിന്റെ കവിതയാണ് കുടിയൊഴിക്കൽ. ആ ധർമസങ്കടമാകട്ടെ, മഹത്തായ മനുഷ്യജീവിതം സ്വപ്നം കണ്ടിരുന്നവന്റെ നിരാശയിൽനിന്ന് ജനിക്കുന്നതാണ്. വർഗസമരം ആസന്നമായിരിക്കെ ഇടത്തരക്കാരന്റെ ധർമസങ്കടത്തിൽ ഉൾച്ചേർന്നിരിക്കുന്ന ആത്മാർഥത തീവ്രമായ് അനുഭവപ്പെടുംവിധം സത്യസന്ധത നിറഞ്ഞതാണ് കുടിയൊഴിക്കലിന്റെ വിഷയവും ആഖ്യാനരീതിയും. യുദ്ധങ്ങളും പുരോഗമനപ്രവർത്തനങ്ങളും വർഗസമരവുമെല്ലാം ആത്യന്തികമായി മനുഷ്യനന്മയിലൂന്നിയാവണം എന്ന ദർശനം ജനങ്ങളിലെത്തിക്കാൻ ‘വിശ്വസംസ്കാരപാലകരായ വിജ്ഞർ’ക്കാണ് കഴിയുക എന്നതുകൊണ്ട് ആ ദൗത്യം ഏറ്റെടുത്ത് പ്രവർത്തിക്കുകയാണ് വൈലോപ്പിള്ളി.
‘‘ആകുമോ ഭവാന്മാർക്കു നികത്താൻ
ലോക സാമൂഹ്യ ദുർന്നിയമങ്ങൾ
സ്നേഹ സുന്ദര പാതയിലൂടെ’’
എന്ന ആഹ്വാനം ചെവിക്കൊള്ളുന്നു കവി.
ആത്മപീഡനത്തിന്റെ (മസോക്കിസം) സംഭ്രമജനകമായ ആവിഷ്കാരത്താൽ സഹതാപാർദ്രത പിടിച്ചുപറ്റുന്നുണ്ട് കുടിയൊഴിക്കലിലെ നായകൻ. മനുഷ്യത്വത്തെക്കുറിച്ച് സുന്ദരസ്വപ്നങ്ങളുണ്ടെങ്കിലും പാരമ്പര്യം ആഴത്തിലേൽപിച്ച അഹംബോധത്തിനുടമയാണയാൾ. അതിന്റെ തിരിച്ചടികൾ അയാളെ കൂടുതൽ സഹതാപത്തിനർഹനാക്കുന്നു. സ്വാഭാവികമായും വായനക്കാരുടെ മനസ്സ് നിൽക്കേണ്ടത് ഉന്നതശ്രേണിയിൽ നിൽക്കുന്ന നായകനോടൊപ്പമായിരുന്നില്ല. പഞ്ഞമുറ്റിയ പണിക്കാരനോടൊപ്പമാണ്. എന്നാൽ, എത്ര വെളിപ്പെടുത്തിയിട്ടും തൊഴിലാളിയെ തന്റെ സ്നേഹം ബോധ്യപ്പെടുത്താൻ കഴിയാത്ത ജന്മിയുടെ നിസ്സഹായത അയാളെ സഹതാപത്തിനർഹനാക്കുന്നു.
സ്വന്തം പതനം ഉറപ്പായിരിക്കുന്ന വേളയിൽ ഇടത്തരക്കാരനായ ജന്മി (കവിയും കൂടിയാണ്) തൊഴിലാളിവർഗത്തിലേക്ക് കൂടുമാറാൻ ആഗ്രഹിക്കുന്നു. അതുമായി ബന്ധപ്പെട്ട് ജന്മിയുടെ മനസ്സിൽ അരങ്ങേറുന്ന സംഘർഷം, അഭിജാതനായി പോയതുകൊണ്ട് അയാൾ ഏറ്റെടുക്കേണ്ടിവന്ന എല്ലാ കുറ്റങ്ങളെയും മറികടന്ന് അയാളെ വായനക്കാരുടെ അനുകമ്പക്ക് അവകാശിയാക്കുന്നു.
‘‘പുഞ്ചിരി ഹാ! കുലീനമാം കള്ളം
നെഞ്ചുകീറി ഞാൻ നേരിനെക്കാട്ടാം.’’
വ്യവസ്ഥിതി (ജന്മിത്തം) പാരമ്പര്യമായി അടയാളപ്പെടുത്തിയ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന നായകൻ തന്റെ ഉള്ളിനെ തുറന്നുകാട്ടി സാമൂഹികമാറ്റത്തെ നിശ്ശബ്ദം അംഗീകരിക്കാൻ തയാറാവുന്നു. കുലദോഷങ്ങൾക്കു മുന്നിൽ മാപ്പുസാക്ഷിയായി രക്ഷപ്പെടാനുള്ള അടങ്ങാത്ത വ്യഗ്രതയാണ് ഈ ആത്മപീഡന പ്രവണതക്ക് പിന്നിലുള്ളത്.
‘‘പട്ടടയ്ക്കായി മൂഢഹാസത്തിൽ/ പട്ടിൽ ഞാൻ പൊതിഞ്ഞെന്തിനു വെയ്പു/ നേരു മിന്നിത്തിളങ്ങുമെൻ ചിത്തം/ ചോര ചിന്നിത്തുറന്നു ഞാൻ കാട്ടാം!’’ നേരിനെ മറച്ചുവെക്കാൻ നിർബന്ധിക്കുന്ന കുലമഹിമയുടെ പിടിവാശികളെ തിരിച്ചറിയുന്നു. അകർമണ്യത വെടിയാൻ മനസ്സിനെ സജ്ജമാക്കുന്നു.
‘‘മാറുമാദർശ ശുദ്ധി തൻ മുന്നിൽ/ മാനവക്കെടുനീതികളെല്ലാം’’ എന്ന വിശ്വാസത്തിലേക്ക് പടിപടിയായി ഉയരുന്നുണ്ട് നായകൻ. മനസ്സു തുറന്നു കാട്ടാൻ നടത്തുന്ന ശ്രമങ്ങളിലും കുടിയാനെ നല്ല പാഠം പഠിപ്പിക്കാൻ നടത്തുന്ന മുറകളിലും സ്നേഹ സുന്ദര ചുവടുകളാണ് പരമാവധി പിന്തുടരുന്നത്.
ഒന്നാം ഖണ്ഡത്തിൽ
‘‘ദ്വേഷമെന്നിയേ നൽഗുണദോഷ-ഭാഷണം ചെയ്തു, ശാസനം ചെയ്തു.’’ തൊഴിലാളിയെ വിമലീകരിക്കാൻ ശ്രമിക്കുന്നതോടൊപ്പം ആത്മവിശകലനത്തിലൂടെ ജന്മിയും ശാസന ഉൾക്കൊള്ളുന്നു.
‘‘നന്നു നന്നു നീ വൻതറവാടി...’’
നിവൃത്തികേടിന്റെ അവലംബത്താൽ നായകൻ സ്വീകാര്യനാകുന്നു. ആത്മവിമർശനം അതിന് ആക്കംകൂട്ടുന്നു. എന്നാൽ രണ്ടാം ഖണ്ഡത്തിൽ ‘‘ബോധമറ്റ കടന്നലിനെപോലെ, കുടിയാൻ തന്റെ പ്രതിഷേധസ്വരത്താൽ ജന്മിയുടെ വീടുകയറി മാതൃസഹോദരിമാരെ കുത്തുന്നു. അതോടെ വാക്പയറ്റ് കയ്യാങ്കളിയായി- ‘‘നിൻ ചെകിട്ടത്തടിച്ചു ഞാൻ...’’
‘ദുഷ്പ്രഭു പുലയാടികൾ’ എന്നുള്ള കുടിയാന്റെ ദോഷപ്രകരണത്തിന് കുടിയാനുമായി സമരസത്തിലാകാൻ ശ്രമിക്കുന്ന കാലത്തായിട്ടുപോലും അടി കൊടുത്തുതന്നെ ജന്മി പ്രതികരിക്കുന്നു. കടന്നലിന്റെ കൊമ്പിറങ്ങിയത് നേരിന്റെ നെഞ്ചിലായതുകൊണ്ടാണ് സമയവും കാലവും നോക്കാതെയുള്ള ജന്മിയുടെ ഈ പ്രതികരണം. മുൻ തലമുറ ചെയ്തതിനൊക്കെയും മറുപടി പറയേണ്ടി വന്ന പിൻതലമുറക്കാരനായി നായകൻ വീണ്ടും അനുകമ്പാർഹനാകുന്നു. ജന്മിയെ പുലയാട്ട് പറഞ്ഞ കുടിയാന്റെ ചെകിട്ടത്തടിക്കുമ്പോഴും ജന്മിയുടെ മനസ്സ് മാഴ്കുന്നുണ്ട്.
‘‘മാഴ്കുമെൻ കരൾ മന്ത്രണം ചെയ്തു
ഹാ! കുലീനതേ നീയടി കൊണ്ടു...’’
തെറ്റു ചെയ്തതിന് ശിക്ഷിക്കുമ്പോഴും മാഴ്കുന്ന ജന്മിയുടെ മനസ്സ് ഉന്നതമായ മനുഷ്വസ്നേഹത്തിന്റെ നിദർശനമാണ്. കുറ്റം ചെയ്തവനോട്, അതിന് പ്രേരിപ്പിക്കുന്ന കാരണങ്ങളെ ചിന്തിച്ചു ക്ഷമിക്കുന്ന വലിയ നന്മയുണ്ടിവിടെ. മനുഷ്യത്വപരമായ വീക്ഷണത്താൽ വെടുപ്പാക്കപ്പെട്ട ഒരു മനസ്സാക്ഷി ആത്മവിശകലനത്തിലൂടെ ജന്മിയെ നിർധാവനം ചെയ്തുകൊണ്ടേയിരിക്കുന്നു.
മൂന്നാം ഖണ്ഡത്തിൽ നായകന്റെ പ്രണയത്തിന്റെ വിവരണത്തിൽ ‘‘അശ്രു നീരോ, ചെറുതുമിനീരോ’’
എന്ന് ജന്മി പരിമളപൂരത്തിനിടയിലും കണ്ണീരു കാണുന്ന കനിവുള്ള കാമുകനാണ്. വസന്തവായുവിലും വസൂരി രോഗാണുക്കളെ കാണുന്ന യാഥാർഥ്യബോധമോ ഭീരുത്വമോ നായകന്റെ പ്രണയത്തിനു നേരെ അപായക്കൊടി വീശുന്നുണ്ട്. മുൻതലമുറയുടെ ചെയ്തികളാൽ നായകന്റെ പ്രണയം പാരവെക്കപ്പെടുന്നു. അനുരാഗത്തിന്റെ വെറ്റിലയിൽ പൂർവികരുടെ നടപ്പുദോഷത്തിന്റെ ചുണ്ണാമ്പാണ് തൊഴിലാളി തേച്ചുവിടുന്നത്. എന്നാൽ, ഉള്ളുരുക്കുന്ന സങ്കടം ഉണ്ടായെങ്കിലും തജ്ജന്യമായ ദേഷ്യം തൊഴിലാളിയോട് തോന്നിയെങ്കിലും പ്രതികരണം അൽപം മാറ്റുന്നു. പ്രാകൃതനായ തൊഴിലാളിയെ പ്രഹരിച്ചാൽ കേൾക്കാൻ ഒരു ലോകം ഒരുങ്ങിയിട്ടുണ്ടെന്ന അറിവിൽ ശീതസമരത്തിലേക്ക് യുദ്ധമുറ മാറ്റുന്നു.
‘‘മൂർഖനാണവൻ പക്ഷേയക്കൊള്ളി /വാക്കിലില്ലയോ വാസ്തവനാളം’’ എന്ന് അടുത്ത നിമിഷം തൊഴിലാളിയുടെ പ്രതികരണത്തെ സാധൂകരിക്കുന്നു. ഇവിടെ നായകൻ തികച്ചും ഭൂതകാലമർദനത്തിന്റെ ബലിയാടാകുന്നു. പ്രണയം പൊളിഞ്ഞ ജന്മി നിരത്തുന്ന തത്ത്വനിരകൾ ‘‘എന്നെയിഷ്ടപ്പെടുന്നതാത്തയ്യി/ ന്നന്തരംഗമല്ലർധ ദാരിദ്ര്യം’’ എന്നും ‘‘മറ്റു പൂച്ചെടി ചെന്നു തിന്നാനെൻ/ കൊറ്റനാടിനുണ്ടിപ്പൊഴേ മോഹം’’ എന്നിങ്ങനെ ആഭിജാത്യത്തിനു ചേരും വിധം നഷ്ടബോധം പൊതിഞ്ഞുവെക്കുന്നു. കിട്ടാത്ത മുന്തിരിക്കു പുളിയാരോപിക്കുന്ന കുറുക്കന്റെ തന്ത്രംപോലൊന്നു തന്നെയാണിവിടെ നടക്കുന്നത്. ഒരു കോടതി മുറിയിലെന്നോണം വിസ്താരം നടക്കുന്ന മനസ്സാണ് ജന്മിയുടേത്. ന്യായാധിപൻ മനസ്സാക്ഷിയായതുകൊണ്ട് കള്ളംകൊണ്ട് ഓട്ടയടയ്ക്കാനാവാത്തവിധം വിധിവാചകങ്ങൾ പൊന്തിവരുന്നു.
‘‘എങ്കിലെന്തേ കെടുത്തി നീ ചെന്നാ/ പ്പെൺകിടാവിനെയാദർശവാനേ...’’ മനസ്സാക്ഷിയുടെ ഈ ചോദ്യങ്ങൾ മനുഷ്യസ്നേഹത്തിന്റെ ശാദ്വലസ്പർശമുള്ളവയാണ്. ന്യായബോധത്തിന്റെ കെട്ടുറപ്പുള്ളവയാണ്.
നാലാം ഖണ്ഡത്തിൽ ‘‘വൻ പകയെരിതീയിനാൽ ദുഷ്ട/ജന്മിയെന്റെ പുരയ്ക്കു തീവെച്ചു’’ എന്ന് കുറ്റപ്പെടുത്തി കത്തിയോങ്ങിയെത്തുന്ന തൊഴിലാളിക്കു നേരെ സത്യം നൽകിയ സാഹസവുമായി നേരിടുന്നു. കത്തിയുമായി എത്തിയവൻ സത്യത്തിനു മുന്നിൽ പത്തി താഴ്ത്തി തിരിച്ചു പോകുന്നു. വിജയിച്ചിട്ടും വിജയിക്കാനാവാതെ ജന്മിയെ പൂർവഗാമികളുടെ ചെയ്തിദോഷത്തിന്റെ ബോധം മർദനം തുടരുന്നു.
‘‘നീയെരിച്ചതിൻ പിന്നെയാണല്ലോ/ തീയെരിച്ചതസ്സാധുവിൻ മാടം’’ എന്ന് ‘രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും’ എന്ന പോലെ ജന്മിയുടെ ഉള്ളിലിരിപ്പിനെ മനസ്സാക്ഷി എന്ന ന്യായാധിപൻ വെളിവാക്കുന്നു.
‘‘ചാരമിത്തിരിതത്ര നിന്നുള്ളിൽ/ ഭീരുവിൻ സമാധാനവുമല്പം’’: കരുവാന്റെ ആലയിലെ മുയലുപോലെ, ഭയന്നുകൊണ്ടുള്ള ജന്മിയുടെ ജീവിതം ഭീരുവിന്റെ അൽപസമാധാനം സൂചിപ്പിക്കുന്നു.
ഖണ്ഡത്തിൽ കൊല്ലുവാൻ തരിക്കുന്ന കൈകൾകൊണ്ട് അനുഗ്രഹ നാട്യങ്ങൾ കാട്ടി പത്തു വെള്ളി കൊടുത്ത് തൊഴിലാളിയെ ഒഴിപ്പിക്കുന്നതായി പറയുന്നു. കവി തന്റെ കാവ്യലോകത്തേക്ക് രക്ഷപ്പെടുന്നു.
‘‘യാന്ത്രിക പരിഷ്കാരഹുങ്കാര-/ ഭ്രാന്തിലെൻ സ്വരം ചേർന്നരയാതെ/ പാടലേ ദേവപാതയിൽ പാടി/ പാടിയങ്ങനെ പാറലേ കാമ്യം...’’
‘കനിവിന്റെ കണ്ണുനീർ കലരാത്ത കപട കവിതയെ’ നിന്ദിച്ചു പാടുന്ന തൊഴിലാളി ജന്മിയെ വീണ്ടും ചിന്തിപ്പിക്കുന്നു.
‘‘പ്രാകൃതനാണ് സാഹിത്യകാരൻ’’ എന്ന് ആത്മവിമർശനം നടത്തുന്നുണ്ട് ജന്മി. ‘‘കനിവിന്റെ കണ്ണുനീർ കലരാത്ത കരളിന്റെ
കവിതയിതൊക്കെയും കപടമല്ലേ’’ എന്ന തൊഴിലാളിയുടെ മൊഴി മാനുഷികതയിൽ ഊന്നിയ വൈലോപ്പിള്ളിയുടെ കാവ്യദർശനമാണ്.
‘‘സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ/ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും’’ എന്ന് വയലാർ പാടിയത് മനുഷ്യത്വത്തിൽ ഊന്നിയ സാർവദേശീയമായ കരുതലിനെ കുറിച്ചുതന്നെ. അത് അടയാളപ്പെടുത്തേണ്ട സാംസ്കാരികവിജ്ഞരുടെ ഉത്തരവാദിത്തം ഓർമപ്പെടുത്തുകയാണ് ‘കുടിയൊഴിക്കൽ’.
ആറാം ഖണ്ഡത്തിൽ, രക്തം കൊടുത്തും സത്യം പുലർത്താൻ ഇറങ്ങിപ്പുറപ്പെടുന്ന ജന്മി കവിതയാകുന്ന ഒളിയിടംവിട്ട് തൊഴിലാളിയുടെ യാഥാർഥ്യം ഉൾക്കൊള്ളാൻ എത്തുന്നു.
‘‘ഹാ ഹൃദയമേ, ഞാനെത്തി നില്പൂ/ ഗേഹ ശൂന്യനെപ്പോലെയാ രാവിൽ’’... സമത്വചിന്തയോടെ സമവായ മനഃസ്ഥിതിയോടെ വന്നെത്തിയ ജന്മിയെ തൊഴിലാളിയും നിണയക്ഷിയായ ഓമലാളും ചേർന്ന ‘പ്രചണ്ഡ ഭസ്മാസുര സംഘം’ പരിഹസിക്കുന്നു.
‘‘ഈ ഞാൻ ഞങ്ങൾ, നിങ്ങളെ സ്നേഹിപ്പതെന്നും...’’ എന്ന് ജന്മിയുടെ ശബ്ദം ദയനീയതയുടെ പാരമ്യത്തിൽ എത്തുന്നു. ജന്മിയുടെ കരളിൽ ഓമലാൾ തുപ്പുന്നു. തൊഴിലാളി ജന്മിയുടെ കരൾ പിഴിഞ്ഞ് കള്ളിൽ ചേർത്തു കുടിക്കുന്നു. അട്ടഹാസം മാറ്റൊലികൊള്ളുന്നു. അഭിജാതനായതുകൊണ്ടു മാത്രം ജന്മിക്ക് ഏറ്റെടുക്കേണ്ടി വന്ന ദുരന്തമാണിത്.
‘‘വീണു ഞാൻ... പോയിതെന്നെച്ചവിട്ടി/ മാനുഷവ്യൂഹം, കാലപ്രവാഹം’’ – സമത്വം പുലരാൻ രക്തസാക്ഷിത്വം വഹിക്കുന്നത് ഇവിടെ ജന്മിയാണ്.
(തുടരും)