ഇതിഹാസത്തിലെ മഹാമൗനങ്ങൾ, ഭീമന്റെ പകർന്നാട്ടങ്ങൾ -പി.കെ രാജശേഖരൻ രണ്ടാമൂഴം വായിക്കുന്നു
എം.ടി. വാസുദേവൻ നായരുടെ നവതി ആഘോഷവേളയിൽ അദ്ദേഹം നാൽപതുവർഷം മുമ്പ് എഴുതിയ ‘രണ്ടാമൂഴം’ സൂക്ഷ്മമായ വായനക്കു വിധേയമാക്കുകയാണ് നിരൂപകനും ചിന്തകനുമായ ലേഖകൻ. പുനർവ്യാഖ്യാനത്തോടൊപ്പം പുനഃസൃഷ്ടിയുമുള്ള അനുരൂപവത്കരണമാണോ ‘രണ്ടാമൂഴ’ത്തിൽ എം.ടി നിർവഹിച്ചത്?സ്വന്തം കൃതികളുടെ പശ്ചാത്തലങ്ങളും കഥാപാത്രങ്ങളും ഉൾപ്പെടെയുള്ള ഘടകങ്ങൾ മുൻനിർത്തി തന്റെ രചനാപ്രവർത്തനത്തെ ന്യൂനീകരിക്കുന്ന ശീലം എം.ടി. വാസുദേവൻ നായർക്കുണ്ട്. വളരെയേറെ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതാണ് ആ സ്വയം...
Your Subscription Supports Independent Journalism
View Plansഎം.ടി. വാസുദേവൻ നായരുടെ നവതി ആഘോഷവേളയിൽ അദ്ദേഹം നാൽപതുവർഷം മുമ്പ് എഴുതിയ ‘രണ്ടാമൂഴം’ സൂക്ഷ്മമായ വായനക്കു വിധേയമാക്കുകയാണ് നിരൂപകനും ചിന്തകനുമായ ലേഖകൻ. പുനർവ്യാഖ്യാനത്തോടൊപ്പം പുനഃസൃഷ്ടിയുമുള്ള അനുരൂപവത്കരണമാണോ ‘രണ്ടാമൂഴ’ത്തിൽ എം.ടി നിർവഹിച്ചത്?
സ്വന്തം കൃതികളുടെ പശ്ചാത്തലങ്ങളും കഥാപാത്രങ്ങളും ഉൾപ്പെടെയുള്ള ഘടകങ്ങൾ മുൻനിർത്തി തന്റെ രചനാപ്രവർത്തനത്തെ ന്യൂനീകരിക്കുന്ന ശീലം എം.ടി. വാസുദേവൻ നായർക്കുണ്ട്. വളരെയേറെ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതാണ് ആ സ്വയം വിശദീകരണങ്ങൾ. ‘‘കൂടല്ലൂർ എന്ന എന്റെ ചെറിയ ലോകത്തിനോട് ഞാൻ മാറിനിൽക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ നാലതിരുകൾക്കപ്പുറത്ത് കടക്കില്ലെന്ന നിർബന്ധമുണ്ടോ എന്നു ചോദിക്കാം. ഇല്ല. വ്യത്യസ്തമായ ഭൂഭാഗങ്ങൾ തേടി ഞാൻ അലയാറുണ്ട്, പലപ്പോഴും. പക്ഷേ, വീണ്ടും വീണ്ടും ഞാനിവിടേക്ക് തിരിച്ചുവരുന്നു. ഇതൊരു പരിമിതിയാവാം. പക്ഷേ, അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടം’’ എന്ന പ്രസ്താവന ഉദാഹരണം. ആ സ്ഥലകാലങ്ങളിലും മൂല്യലോകത്തിലുംനിന്നകന്ന് മഹാഭാരതത്തെ ആസ്പദമാക്കി എഴുതിയ ‘രണ്ടാമൂഴ’ (1984)ത്തെയും തന്റെ മറ്റു നോവലുകളുടെ പ്രമേയപരമായ തുടർച്ചയായാണ് എം.ടി വിലയിരുത്തിയിട്ടുള്ളത്. ‘‘ശിഥിലമായ കുടുംബബന്ധങ്ങളും അവക്കിടയിൽപെട്ട മനുഷ്യരും എന്റെ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മുമ്പ് എനിക്ക് വിഷയമായിട്ടുണ്ട്. കുറെക്കൂടി പഴയ ഒരു കാലഘട്ടത്തിലെ കുടുംബകഥയാണ് ഞാൻ ഇവിടെ പറയുന്നത് എന്ന വ്യത്യാസമേയുള്ളൂ’’ എന്നാണ് നോവലിന്റെ അന്ത്യത്തിലുള്ള ‘ഫലശ്രുതി’യിൽ എം.ടിയുടെ വിശദീകരണം.
വിനയാന്വിതമായ ഈ ന്യൂനീകരണം ‘രണ്ടാമൂഴ’ത്തെ ശിഥിലമായ കുടുംബബന്ധങ്ങൾക്കിടയിൽ ആത്മസംഘർഷമനുഭവിക്കുന്ന വ്യക്തി എന്ന സാർവലൗകിക പ്രമേയത്തിന്റെ ആവിഷ്കാരമായുള്ള വായനകൾക്കും വ്യാഖ്യാനങ്ങൾക്കും പ്രേരിപ്പിച്ചിട്ടുണ്ട്. ഗ്രന്ഥകർത്താവിന്റെ ഉടമസ്ഥാവകാശം നിഷേധിക്കാനാവില്ലെങ്കിലും കൃതിയെപ്പറ്റി ഗ്രന്ഥകർത്താവ് നടത്തുന്ന പ്രസ്താവനയുടെ അടിസ്ഥാനത്തിൽ മാത്രം അതിനെ വായിക്കാനാവില്ല. അത് കൃതിയുടെ അർഥോൽപാദനശേഷിയെയും പാഠോൽപാദനശേഷിയെയും സാഹിത്യ ചരിത്രപരമായ സ്ഥാനത്തെയും നിഷേധിക്കുന്നതാവും. എം.ടിയുടെ രചനാജീവിതത്തിൽ മാത്രമല്ല, നോവലെന്ന നിലയിലും മലയാള നോവലിന്റെ ചരിത്രത്തിലും ‘രണ്ടാമൂഴ’ത്തിനുള്ള സവിശേഷമായ സ്ഥാനം തിരിച്ചറിയുന്നതിനും അത് തടസ്സമാവും.
മനുഷ്യസ്വഭാവത്തിന്റെ ശക്തി ദൗർബല്യങ്ങളെല്ലാമുള്ള ദ്വിതീയ പാണ്ഡവൻ ഭീമനെ കേന്ദ്രമാക്കി മഹാഭാരതത്തെ ഒരു ആധുനിക കുടുംബ കഥയായി അവതരിപ്പിക്കുന്ന പുരാണോപജീവിയായ നോവലായോ നോവൽ അനുകൽപനമായോ മാത്രം കാണാവുന്ന കൃതിയല്ല ‘രണ്ടാമൂഴം’. സാഹിത്യം, മിത്ത്, രാഷ്ട്രം, ദേശീയത തുടങ്ങിയവയെ കുറിച്ചുള്ള പുനരാലോചനകളിലേക്ക് നയിക്കാനുള്ള കെൽപാണ് അതിനെ ഇതിഹാസാസ്പദമായ മറ്റു മലയാള നോവലുകളിൽനിന്ന് വ്യത്യസ്തമാക്കുന്ന സവിശേഷത. വ്യത്യസ്ത സാഹിത്യ ജനുസ്സുകളായ ഇതിഹാസവും നോവലും തമ്മിലുള്ള ബന്ധം, മൂലകൃതിയും അതിന്റെ സൃഷ്ടിപരവും വ്യാഖ്യാനാത്മകവുമായ അനുകൽപനവും തമ്മിലുള്ള ബന്ധം, അതിൽ അന്തർഭവിച്ചിട്ടുള്ള വിശ്വസ്തത, വ്യതിയാനം, മാധ്യമഭേദം, കാലാന്തരമായ വീക്ഷണഭേദം തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ചുള്ള പുതിയ ആലോചനകളിലേക്ക് കൂടി നയിക്കുന്ന നോവലാണത്.
‘‘മഹാഭാരതത്തിലെ മാനുഷിക പ്രതിസന്ധികളാണ് എന്റെ പ്രമേയം. ആ വഴിക്ക് ചിന്തിക്കാൻ അർഥഗർഭമായ നിശ്ശബ്ദതകൾ കഥപറയുന്നതിനിടയിൽ കരുതിവെച്ച കൃഷ്ണദ്വൈപായനനു പ്രണാമങ്ങൾ’’ എന്നുപറഞ്ഞുകൊണ്ട് ഇതിഹാസ പ്രമേയത്തിൽ മാറ്റങ്ങൾ വരുത്തിയ ‘രണ്ടാമൂഴം’ പ്രസിദ്ധീകരിച്ച 1984നുശേഷം ഇതിഹാസപുരാണങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഉണ്ടായ സാംസ്കാരിക-രാഷ്ട്രാന്തരീക്ഷവും ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഈ നോവലിന്റെ സമകാലിക വായനകളെ സ്വാധീനിക്കുന്നുണ്ട്. വ്യാസന്റെ ‘അർഥഗർഭമായ നിശ്ശബ്ദതകൾ’ എന്ന് എം.ടി പറയുന്ന ഇതിഹാസ കഥയിലെ സൂക്ഷ്മ വിശദീകരണമില്ലായ്മയാണ് ‘രണ്ടാമൂഴ’ത്തിലെ വ്യാഖ്യാന പാഠങ്ങൾക്കും പുതിയ കഥാപാത്ര ബന്ധ സങ്കൽപങ്ങൾക്കും അടിസ്ഥാനം. കുന്തിക്കും മാദ്രിക്കും ദേവന്മാരിൽനിന്നുണ്ടായവരാണ് പാണ്ഡവർ എന്ന ഇതിഹാസ കഥയിൽനിന്ന് വ്യത്യസ്തമായി അവരുടെ പിതാക്കന്മാർ യഥാർഥത്തിൽ മനുഷ്യരാണെന്നും ഭീമൻ ഒരു കാട്ടാളന്റെ മകനാണെന്നും സ്ഥാപിക്കുന്ന രചനാ സ്വാതന്ത്ര്യം നോവലിസ്റ്റ് എടുത്തത് അങ്ങനെയാണ്. 1980കളിൽ എടുത്ത ആ ഭാവനാ ധീരത അതിനടുത്ത ദശകത്തിലോ അതിന് ശേഷമോ ആണ് ‘രണ്ടാമൂഴം’ എഴുതിയതെങ്കിൽ സാധ്യമാകുമായിരുന്നോ എന്ന് ആലോചിക്കാവുന്നതാണ്.
രാമായണ-മഹാഭാരതങ്ങളുടെ പുനരാഖ്യാനങ്ങൾ സാംസ്കാരിക വിപണിയിൽ വിജയം നേടിയതാണ് ‘രണ്ടാമൂഴ’ത്തിനു ശേഷമുള്ള കാലം. ദൂരദർശനിൽ പ്രദർശിപ്പിച്ച രാമാനന്ദ് സാഗറിന്റെ ‘രാമായണം’ (1987-88), ബി.ആർ. ചോപ്രയുടെ ‘മഹാഭാരതം’ (1988-90) എന്നീ ഹിന്ദി ടെലിവിഷൻ പരമ്പരകൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. രണ്ടു പരമ്പരകളിലെയും ചില നടീനടന്മാർ ബി.ജെ.പിയുടെ പാർലമെന്റ് അംഗങ്ങളാവുകയും ചെയ്തു.
‘‘നമ്മുടെ മഹത്തായ ഇതിഹാസങ്ങളുടെ ടെലിവിഷൻ വ്യാഖ്യാനങ്ങൾ അവ പ്രതിനിധാനം ചെയ്യുന്ന ഉന്നതമായ മാനുഷിക-സൗന്ദര്യ മൂല്യങ്ങളോട് നീതിപുലർത്തുന്നവയായിരുന്നില്ല. ഈ രാജ്യത്തെ ജനസംഖ്യയിൽ 70 ശതമാനം നിരക്ഷരരായതിനാൽ വാല്മീകിയെയും വ്യാസനെയുംകാൾ ഉന്നതന്മാരാണ് രാമാനന്ദ് സാഗറും ബി.ആർ. ചോപ്രയുമെന്ന് വിജയകരമായി പറഞ്ഞു പരത്താൻ നമുക്ക് സാധിച്ചു’’വെന്ന് എം.ടി പിന്നീട് എഴുതിയിട്ടുമുണ്ട്. 1990കളുടെ തുടക്കത്തിൽ ആരംഭിച്ച സാമ്പത്തിക ഉദാരീകരണം.
സാറ്റലൈറ്റ് ചാനലുകൾക്കും ബഹുരാഷ്ട്ര പുസ്തക പ്രസാധകർക്കും അവസരങ്ങൾ തുറന്നിട്ടതും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഇതിഹാസ പുനരാഖ്യാനക്കമ്പോളം വലുതാക്കി. സ്വാതന്ത്ര്യത്തിന് മുമ്പ് 20ാം നൂറ്റാണ്ടിൽ അധിനിവേശ വിരുദ്ധ പ്രചാരണത്തിന് മഹാഭാരതം ഉപയോഗിക്കപ്പെട്ടിരുന്നു. 21ാം നൂറ്റാണ്ടിലും രാഷ്ട്രത്തെ കുറിച്ചുള്ള വ്യത്യസ്തമായൊരു ഭാവനയുടെ വാഹനമായി അത് വീണ്ടും രൂപാന്തരപ്പെടുത്തപ്പെട്ടു. മിത്തിനെയും ചരിത്രത്തെയും ഒേരസമയം സൂചിപ്പിക്കുന്ന ഇതിഹാസം എന്ന സങ്കൽപവും കാവ്യത്തിന് പകരം യാഥാർഥ്യം തന്നെയായി സ്വയം അവതരിപ്പിക്കുന്ന ഇതിഹാസ രീതിയും ഈ പുത്തൻ ദേശീയതാവാദം അതിന് അനുകൂലമായാണ് സ്വീകരിച്ചത്. ‘രണ്ടാമൂഴം’ ഇന്ന് വായിക്കുമ്പോൾ ഈ ജനപ്രിയ പുനരാഖ്യാനങ്ങളെ കൂടി പരിഗണിക്കേണ്ടതുണ്ട്.
സഹജമായിത്തന്നെ അസ്ഥിരവും ചലനാത്മകവുമാണ് മഹാഭാരതം. അതിന് ഒരൊറ്റ മൂലകൃതി ചൂണ്ടിക്കാണിക്കാനുമാവില്ല. കൃതിയുടെ വാമൊഴിത്തം, പാഠബഹുത്വം എന്നിവ മൂലം ഒരു സുനിശ്ചിതപാഠം തയാറാക്കുകയും ബുദ്ധിമുട്ടാണ്, അതിനുള്ള പണ്ഡിതശ്രമങ്ങൾ ധാരാളം നടന്നിട്ടുണ്ടെങ്കിലും. ബഹുസ്വര പാഠമായ മഹാഭാരതത്തിൽ സഹസ്ഥിതവും സമാന്തരവുമായ വ്യത്യസ്ത പ്രമാണങ്ങളും ദർശനങ്ങളുമുണ്ട്. ഭിന്ന വീക്ഷണങ്ങൾ അവിടെ ഏറ്റുമുട്ടുന്നു. വ്യാഖ്യാന സാധ്യതകൾ നൽകുന്ന ഇതിഹാസത്തിന്റെ ഈ സാഹിത്യസവിശേഷത നോവൽ എന്ന ആധുനിക ജനുസ്സിൽ സർഗാത്മകമായി ഉപയോഗപ്പെടുത്തിയ കൃതിയാണ് ‘രണ്ടാമൂഴം’.
പൗരാണിക രൂപമായ ഇതിഹാസം ഒരർഥത്തിൽ നഷ്ടപ്പെട്ടുപോയ സാഹിത്യജനുസ്സാണ്. ഇതിഹാസത്തെ ‘എപ്പിക്’ എന്ന് പരിഭാഷപ്പെടുത്താറുണ്ടെങ്കിലും ആ പാശ്ചാത്യ സങ്കൽപത്തിൽനിന്ന് ഇതിഹാസത്തിന് വ്യത്യാസമുണ്ട്. നീണ്ട കാലയളവും വ്യത്യസ്ത സ്ഥലങ്ങളും ധാരാളം കഥാപാത്രങ്ങളും യുദ്ധവും നായികാ നായകരുടെ വിരഹ സംയോഗങ്ങളുമെല്ലാമടങ്ങിയ വലിയ വീരകാവ്യം മാത്രമല്ല ഇതിഹാസം. കുലത്തിനോ ദേശത്തിനോ വേണ്ടിയുള്ള യുദ്ധം, രാജ്യസ്ഥാപനം, ധീരോദാത്തത, വീരമൃത്യു, പൗരുഷം, ദേശചരിത്രം തുടങ്ങിയവ ആവിഷ്കരിക്കുന്ന വിജ്ഞാനകോശ സമഗ്രതയുള്ള ജനുസ്സാണ് ഇതിഹാസം. കഥയും തത്ത്വചിന്തയും ധർമോപദേശവും ചരിത്രവും ഐതിഹ്യവുമെല്ലാം അതിൽ ഉൾച്ചേർന്നിരിക്കുന്നു. ശിഥിലതക്ക് പകരം സമഗ്രതയും അനാവൃതത്വത്തിന് പകരം ആവൃതത്വവും ആഖ്യാനപരമായ പൂർണതയുമാണ് അതിന്റെ സ്വഭാവം. ഒരു പ്രത്യേക കാലഘട്ടത്തിലെ ലോകവും ചരിത്രവും മൂല്യങ്ങളുമെല്ലാം സുനിശ്ചിതവും സുസ്ഥിരവുമായി ഇതിഹാസം അവതരിപ്പിക്കുന്നു.
ഇതിഹാസത്തിന്റെ (എപ്പിക്) ആധുനിക പതിപ്പായി പാശ്ചാത്യ ചിന്തകർ നോവലിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ആധുനിക ബൂർഷ്വാ സമൂഹത്തിന്റെ ഇതിഹാസമെന്ന് ജർമൻ തത്ത്വചിന്തകനായ ഹെഗലും ദൈവം കൈവെടിഞ്ഞ ലോകത്തിന്റെ ഇതിഹാസമെന്ന് ഹംഗേറിയൻ നിരൂപകനായ ഗയോർഗ് ലൂക്കാച്ചും നോവലിനെ വിളിച്ചു. ഇതിഹാസത്തിന്റെ സമഗ്രതാ സ്വഭാവമോ ആഖ്യാനപൂർത്തിയോ പിന്തുടരാത്ത ശിഥിലവും തുറന്നതുമായ രൂപമാണ് നോവൽ. എന്നാൽ, സ്ഥലകാല വൈവിധ്യം, ക്രിയാവൈവിധ്യം, കഥാപാത്ര വൈവിധ്യം, ദേശചരിത്രാവിഷ്കാരം തുടങ്ങിയവയിൽ ഇതിഹാസവുമായി നോവൽ ബന്ധം പുലർത്തുന്നുണ്ട്. ആഖ്യാനപരമായ ആ സാധ്യതകളാണ് ഇതിഹാസകഥയിലേക്കും ആഖ്യാന ഘടനാ രീതികളിലേക്കും നോവലിസ്റ്റുകളെ ആകർഷിക്കുന്നത്. ഒരേസമയം, വിദൂരസ്ഥതയുടെയും സമീപസ്ഥതയുടെയും അനുഭവം നൽകുന്ന ഇതിഹാസത്തിന്റെ സവിശേഷത അനുകൽപനത്തിലെ സ്വാതന്ത്ര്യം കൂടി അനുവദിക്കുന്നു. രണ്ടാമൂഴത്തിൽ എം.ടി അതാണ് സർഗാത്മകമായി പ്രയോജനപ്പെടുത്തിയത്.
വിദൂരസ്ഥമായ കാലത്തിലെ ഒരു സവിശേഷ സമൂഹത്തെയും അതിന്റെ തൽസ്ഥിതിയെയും സാമൂഹിക ബന്ധങ്ങളെയും കുറിച്ചുള്ള ഇതിഹാസത്തിലെ ‘ഔദ്യോഗിക’ കഥയെ നോവലിൽ അനൗദ്യോഗിക സ്വരങ്ങളിലൂടെ രൂപാന്തരപ്പെടുത്തുകയും പുനർവ്യാഖ്യാനത്തിനൊപ്പം പുനഃസൃഷ്ടിയുമാക്കി മാറ്റുകയും ചെയ്യുന്നു ‘രണ്ടാമൂഴം’. ആഖ്യാനത്തിലും കഥാപാത്ര സങ്കൽപത്തിലും ഇതിഹാസത്തെ കൈവെടിയുകയും ഇതിഹാസം ഉയർത്തിയ പൂർണതയിലെ ധർമഭാവനയെ ചോദ്യംചെയ്യുന്ന ആധുനിക ധർമഭാവനയും ലിംഗസങ്കൽപവും പകരം വെക്കുകയും ചെയ്യുന്ന ‘നോവൽപര’മെന്ന് വിശേഷിപ്പിക്കാവുന്ന ഒട്ടേറെ സവിശേഷതകൾ ‘രണ്ടാമൂഴ’ത്തിലുണ്ട്. ഇതിഹാസത്തിലെ ബഹുനായകത്വം അവിടെ നോവലിന് സഹജമായ ഏകനായകത്വമായി മാറുന്നു. ഇതിഹാസത്തിലെ രണ്ടാംനിര കഥാപാത്രങ്ങളും ഔദ്യോഗിക വർണാശ്രമ ശ്രേണിക്ക് പുറത്തുനിൽക്കുന്ന കഥാപാത്രങ്ങളും പ്രാധാന്യം നേടുന്നു. ഇതിഹാസത്തിൽ ദമിതമായ അവരുടെ സ്വരങ്ങൾ നോവൽ പുറത്തു കേൾപ്പിക്കുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇതിഹാസത്തിന്റെ മനുഷ്യവത്കരണമാണ് നോവലിൽ സംഭവിക്കുന്നത്.
ഇതിഹാസത്തോട് ചേർന്നും പിരിഞ്ഞും നിൽക്കുന്ന ആഖ്യാന സഞ്ചാരമാണ് രണ്ടാമൂഴത്തിലേത്. മഹാഭാരതത്തിന്റെ കഥപറച്ചിൽ രൂപത്തിലുള്ള ആഖ്യാനഘടന നോവൽ പിന്തുടരുന്നു. പൗരാണികരായ കഥപറച്ചിലുകാരായ സൂതരിൽപെട്ട ഉഗ്രശ്രവസ്സ് വൈശമ്പായനനിൽനിന്ന് താൻ കേട്ട കഥ മറ്റൊരു കാലത്ത് പറയുന്നതിന്റെ രൂപത്തിലാണ് മഹാഭാരതത്തിന്റെ ആഖ്യാനഘടന. നോവലിൽ അത് നായകനായ ഭീമന്റെ ആത്മകഥനമായി മാറുന്നു.
ആദിമധ്യാന്തക്രമത്തിൽ രേഖീയ കാലത്തിലല്ല മഹാഭാരതത്തിലെ കഥാഖ്യാനം. കഥാമധ്യേ എന്നുപേരുള്ള രീതിയിലാണ് വ്യാസൻ കഥ പറയുന്നത്. കേൾക്കലിന്റെയും പറച്ചിലിന്റെയും മറ്റൊരു തരത്തിൽ പറഞ്ഞാൽ ആഖ്യാനത്തിന്റെയും പുനരാഖ്യാനത്തിന്റെയും ഒരു പരമ്പര അവിടെയുണ്ട്. താൻ കൂടി കഥാപാത്രമായ സ്വന്തം വംശകഥ വ്യാസൻ പറയുന്നത് വിഘ്നേശ്വരൻ പകർത്തിയെഴുതുന്നു. ആ ലിഖിതപാഠം ഗ്രന്ഥകാരനായ വ്യാസൻ തന്റെ മകനായ ശുകനാസൻ, ശിഷ്യരായ സുമന്തു, ജൈമിനി, പൈലൻ, വൈശമ്പായനൻ എന്നിവരെ ചൊല്ലിപ്പഠിപ്പിച്ചു. വൈശമ്പായനൻ കുറെ കാലത്തിനുശേഷം ആ കഥ മറ്റൊരു വേദിയിൽ പറയുന്നു. കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് വളരെക്കാലത്തിനുശേഷം അഭിമന്യുവിന്റെ പൗത്രനായ ജനമേജയൻ നടത്തിയ സർപ്പസത്രം എന്ന യാഗമായിരുന്നു ആ വേദി. കഥപറച്ചിലുകാരുടെ വംശമായ സൂതരിൽപെട്ട ഉഗ്രശ്രവസ്സ് അവിടെവെച്ച് അതുകേട്ട് ഹൃദിസ്ഥമാക്കി. പിന്നീടൊരിക്കൽ നൈമിശാരണ്യത്തിൽ ശൗനക മഹർഷി നടത്തിയ പന്ത്രണ്ടു കൊല്ലത്തെ യാഗത്തിൽ പങ്കെടുക്കാനെത്തിയ ഉഗ്രശ്രവസ്സ് അവിടെവെച്ച് ആ കഥ വീണ്ടും പറയുന്നു. പലതരം ആഖ്യാതാക്കളിലൂടെ തുടരുന്ന ഈ ഘടന രണ്ടാമൂഴത്തിൽ ഭീമൻ എന്ന ഏക ആഖ്യാതാവിലേക്ക് ചുരുങ്ങുന്നു.
ബഹുനായകപരമാണ് ഇതിഹാസമെങ്കിൽ നോവൽ ഭീമൻ എന്ന ഏക നായകനിലാണ് കേന്ദ്രീകരിക്കുന്നത്. ഭീമസേനൻ ആത്മകഥ പറയുന്നതിന്റെ രൂപത്തിലാണല്ലോ ‘രണ്ടാമൂഴ’ത്തിന്റെ ആഖ്യാനം. കുരുക്ഷേത്രയുദ്ധവും സർവനാശവും രാജസൂയവും കഴിഞ്ഞ് പാണ്ഡവർ മഹാപ്രസ്ഥാനത്തിന് പുറപ്പെടുന്നു. വനത്തിൽ മരണപര്യന്തം സന്ന്യാസ ജീവിതം കഴിക്കാനുള്ള യാത്രയാണ് മഹാപ്രസ്ഥാനം. ഹിമാലയ വനങ്ങളിലേക്കുള്ള ആ യാത്രയിൽ അവർ ശ്രീകൃഷ്ണന്റെ ദ്വാരകാ നഗരത്തിൽ എത്തുന്നിടത്ത് കഥ ആരംഭിക്കുന്നു. ശ്രീകൃഷ്ണന്റെ മരണം കഴിഞ്ഞ് പ്രളയം വിഴുങ്ങിയ ദ്വാരകയുടെ കാഴ്ചയിൽനിന്ന് വീണ്ടും യാത്ര ചെയ്ത പാണ്ഡവരും ദ്രൗപദിയും ഹിമാലയത്തിന്റെ താഴ്വരയിലെത്തുന്നു. ഏറ്റവും പിന്നിൽ നടന്ന ദ്രൗപദി വഴിയിൽ വീഴുമ്പോൾ മറ്റുള്ളവർ മുന്നോട്ടു നടന്നെങ്കിലും ഭീമൻ മാത്രം തിരിഞ്ഞുനിന്ന് ദ്രൗപദിയുടെ മരണം കാണുന്നു. ആ സന്ദർഭത്തിൽ ഭീമന്റെ ഉള്ളിലുണ്ടാകുന്ന ഓർമകളുടെ രൂപത്തിലാണ് നോവലിന്റെ ആഖ്യാനം.
പാണ്ഡുവിന്റെ മരണം വരെ കാട്ടിൽ കഴിഞ്ഞ കുന്തിയും മക്കളും ഹസ്തിനപുരിയിലേക്ക് മടങ്ങുന്നത് തൊട്ടാണ് ഭീമന്റെ ഓർമകൾ തുടങ്ങുന്നത്. കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് വനവാസം സ്വീകരിച്ച കുന്തിയും ഗാന്ധാരിയും ധൃതരാഷ്ട്രരും കാട്ടുതീയിൽപെട്ട് മരിച്ചതിനുശേഷം സർവതുമുപേക്ഷിച്ച് പാണ്ഡവർ മഹാപ്രസ്ഥാനത്തിന് പുറപ്പെടുന്നതുവരെ അതു നീളുന്നു. ഇതിനിടയിലെ നീണ്ട കാലയളവിലെ സംഭവ പരമ്പരകളിൽനിന്ന് ശ്രദ്ധാപൂർവം തെരഞ്ഞെടുത്ത സംഭവങ്ങൾ അത്യന്തം നാടകീയതയോടെ, വ്യാഖ്യാനത്തിന്റെ സാധ്യതയുപയോഗിച്ച് സംഭവങ്ങളുടെ വ്യത്യസ്ത പാഠത്തോടെ അവതരിപ്പിക്കുന്നതാണ് എം.ടി സ്വീകരിച്ച ആഖ്യാന രീതി. ഇതിഹാസത്തിലെ അതിമാനുഷത്വവും ദേവാംശവുമുള്ള കഥാപാത്രങ്ങൾ അവിടെ നോവലിന്റെ ലോകത്തെ മനുഷ്യരായിത്തീരുന്നു.
മനുഷ്യ മഹാകഥയായ നോവലിന്റെ മാധ്യമത്തിൽ ഇതിഹാസത്തെ വീണ്ടും കണ്ടെത്തുന്നതിൽ സ്വീകരണത്തിന്റെയും തിരസ്കരണത്തിന്റെയും ഒരു പ്രക്രിയയുണ്ട്. മൂലകൃതിയോട് ‘വിശ്വസ്തത’ പുലർത്തുന്ന പുനരാഖ്യാന പ്രക്രിയയല്ല നോവലെഴുത്ത്. അത്തരമൊരു വിശ്വസ്തത നോവലിൽ ഉൽപാദനക്ഷമമായ ഫലം നൽകുകയുമില്ല. മഹാഭാരതത്തിൽ അടിസ്ഥാനഘടനയായിത്തന്നെയുള്ള ആവർത്തന സ്വഭാവം ‘രണ്ടാമൂഴ’ത്തിൽ എം.ടി ഉപേക്ഷിക്കുന്നു. കഥാഖ്യാനത്തിൽതന്നെ ആവർത്തനത്തിന്റെ ഘടന മഹാഭാരതം പിന്തുടരുന്നുണ്ട്; ഒരാളിൽനിന്ന് കേട്ട കഥ മറ്റൊരാൾ ആവർത്തിക്കുന്ന കേഴ്വിയുടെയും വാമൊഴിയുടെയും ഘടന. പറച്ചിൽ-പകർത്തിയെഴുത്ത്- കേട്ടുപഠിക്കൽ-പറച്ചിൽ എന്നിങ്ങനെ നീളുന്ന ആ സഞ്ചാരത്തിനും അതിന്റെ നിരന്തരാ വർത്തനത്തിനുമിടയിലാവാം മഹാഭാരതത്തിൽ പണ്ഡിതർ പ്രക്ഷിപ്ത ഭാഗങ്ങളായി തള്ളിക്കളയുന്ന ഭാഗങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടത്.
സംഭവങ്ങൾ, രംഗങ്ങൾ, പശ്ചാത്തലങ്ങൾ, കഥാപാത്ര ബന്ധങ്ങൾ എന്നിവയിലെല്ലാം മഹാഭാരതത്തിലുള്ള ആവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ഇതിഹാസത്തിന്റെ കേന്ദ്ര ഘടനാതത്ത്വം തന്നെ സവിശേഷമായ ഒരുതരം ആവർത്തനമാണെന്ന് സ്ഥാപിക്കുന്ന ഒരു പ്രബന്ധം എ.കെ. രാമാനുജൻ എഴുതിയിട്ടുണ്ട് (Repetition in the Mahabharata, 1968). ഇതിഹാസത്തിലെ ചില പ്രമുഖ സ്ത്രീ കഥാപാത്രങ്ങൾക്ക് മനുഷ്യരും അമാനുഷരുമായ ഭർത്താക്കന്മാരുണ്ട്; സത്യവതി, കുന്തി, മാദ്രി എന്നിവർ ഉദാഹരണം. ശന്തനുവിന്റെ ഭാര്യയായ സത്യവതിക്ക് ആ ബന്ധത്തിന് മുമ്പേ ദിവ്യശക്തിയുള്ള മഹർഷി പരാശരനിൽനിന്നുണ്ടായ സന്താനമാണ് കുരുവംശ പിതാമഹനും ഭാരത കർത്താവുമായ വ്യാസൻ എന്ന കൃഷ്ണദ്വൈപായനൻ.
ശന്തനുവിൽനിന്ന് സത്യവതിക്കുണ്ടായ പുത്രന്മാരായ ചിത്രാംഗദനും വിചിത്രവീര്യനും വിവാഹം കഴിച്ച അംബികയിലും അംബാലികയിലും സന്താനോൽപാദനം നടത്തിയതാകട്ടെ ദിവ്യപുരുഷനായ വ്യാസനും. അംബാലികയിലുണ്ടായ മകൻ പാണ്ഡുവിന്റെ ഭാര്യമാരായ കുന്തിക്കും മാദ്രിക്കുമുണ്ട് അമാനുഷരായ ഭർത്താക്കന്മാർ. അവരിൽനിന്നുണ്ടായവരാണ് അഞ്ചു പാണ്ഡവരും പിന്നെ കർണനും. ഒരേ ഘടനാവിതാനത്തിന്റെ ആവർത്തനമാണിത്. പ്രധാന പുരുഷ കഥാപാത്രങ്ങൾക്കെല്ലാം മാനുഷരും അമാനുഷരുമായ പിതാക്കളുള്ള ഇതിഹാസ സങ്കൽപം, ആവർത്തന ഘടന ‘രണ്ടാമൂഴം’ തിരസ്കരിക്കുന്നു.
വനവാസകാലത്ത് മഹേന്ദ്ര പർവതത്തിന്റെ താഴ്വാരത്തെ വൈതരണി എന്ന ജലപാതത്തിനടുത്തുവെച്ച് പാണ്ഡവർ പിതൃക്കൾക്ക് ബലിയർപ്പിക്കുന്ന സന്ദർഭത്തിൽ സന്ദേഹിച്ച് നിൽക്കുന്ന ഭീമനിൽ അതു കാണാം: ‘‘പ്രായക്രമമനുസരിച്ച് ഞങ്ങൾ പിതൃക്കൾക്ക് ക്രിയകൾ നടത്തി. നാമെല്ലാമുള്ള ഈ ഭാരതഭൂമി ഉൾക്കൊള്ളുന്ന ജംബുദ്വീപത്തിലെ എല്ലാ പിതൃക്കളെയും ഓർമിക്കുന്ന മന്ത്രങ്ങൾ പുരോഹിതൻ ചൊല്ലി. ഞങ്ങൾ ഏറ്റുപറഞ്ഞു. പിന്നെ കുശാഗ്രത്തിലേക്ക് ഓരോ പൂർവപിതാക്കളുടെയും ആത്മാവിനെ ആവാഹിക്കുന്നു. എന്റെ ഊഴം വന്നപ്പോൾ എനിക്ക് സംശയം തുടങ്ങി. ആരെയാണ് ഞാൻ ധ്യാനിക്കേണ്ടത്? ബീജബന്ധമില്ലാതെ മരിച്ച പാണ്ഡുവിനെയോ അനശ്വരനായ വായു ഭഗവാനെയോ? ജ്യേഷ്ഠനെ അനുകരിച്ച് ഞാനും പാണ്ഡു മഹാരാജാവിനെ സങ്കൽപിച്ചു.
അതിൽപിന്നെ വിചിത്രവീര്യനും. അവിടെയും സംശയമുണ്ട്. ജീവിച്ചിരിക്കുന്ന കൃഷ്ണദ്വൈപായനന് തിലോദംവെച്ചു നമസ്കരിക്കേണ്ടതില്ലല്ലോ. പിന്നെ ശന്തനുവിന്, പ്രതീപന്, കുരുവിന്, യയാതിക്ക്... ക്രിയാദികൾ കഴിഞ്ഞു വൈതരണിയിൽനിന്ന് കയറിയപ്പോൾ ഞാൻ പുരോഹിതനോട് ചോദിച്ചു: ‘‘ദായക്രമമനുസരിച്ച് നോക്കുമ്പോൾ ഞങ്ങൾ പൂർവികരെ സ്മരിക്കാൻ പിന്തിരിഞ്ഞുനോക്കി പോകേണ്ടത് ശന്തനു രാജാവിലേക്കോ അതോ പരാശര ബ്രാഹ്മണനിലേക്കോ?’’ മാനുഷതയിൽ അമാനുഷതയുടെ അംശം കൂടി ചേർത്തുണ്ടാക്കിയ ഇതിഹാസത്തിലെ നായക സങ്കൽപം നീക്കിക്കളഞ്ഞ ഭീമനാണിത്; മന്ദനിലും വൃകോദരനിലുംനിന്ന് മനുഷ്യനിലേക്ക് വീണ്ടെടുക്കപ്പെട്ട നായകൻ.
ഇതിഹാസ നായകരുമായി വായനക്കാർക്ക് സാത്മീകരണം എളുപ്പമല്ല. എന്നാൽ, സമൂഹത്തിലും ഗാർഹികാന്തരീക്ഷത്തിലും തന്റെ സ്വത്വത്തെ കുറിച്ചുള്ള സന്ദിഗ്ധതകളുമായി നിൽക്കുന്ന നോവലിലെ ഭീമനെ വായനക്കാർക്ക് തൊട്ടറിയാം. ഇതിഹാസത്തിലെ ആഖ്യാനസ്വരംതന്നെ ‘രണ്ടാമൂഴം’ തിരസ്കരിക്കുന്നു. വസ്തുനിഷ്ഠതയിൽനിന്ന് വ്യക്തിനിഷ്ഠതയിലേക്കുള്ള നോവലിന്റെ ആഖ്യാനസ്ഥാനാന്തരണമാണത്. ഏക നായകനിലേക്കും ആ കഥാപാത്രത്തിന്റെ ആഖ്യാനത്തിലേക്കുമുള്ള മാറ്റത്തിലൂടെ ഇതിഹാസത്തിലെ ക്രിയാവൈവിധ്യവും വ്യക്തിനിഷ്ഠമായ കാഴ്ചപ്പാടിലൂടെയുള്ള പാഠമായി മാറുന്നു. മഹാഭാരതത്തിലെ സങ്കേതബദ്ധമായ ഇതിഹാസ ഘടകങ്ങളായ അഥവാ, ഇതിഹാസ സ്ഥിരാങ്കങ്ങളായ ഒരു സമൂഹത്തിന്റെ ധീരകഥ, ഐതിഹ്യപരമോ ചരിത്രപരമോ ആയ ലക്ഷ്യങ്ങൾ, ഗംഭീര ശൈലി, വിജ്ഞാന കോശ സ്വഭാവം, ഉപദേശ സ്വഭാവം, അധോതല സഞ്ചാരങ്ങൾ, യുദ്ധം, ദ്വന്ദ്വയുദ്ധങ്ങൾ തുടങ്ങിയവയെല്ലാം നോവലിൽ അത്ഭുതത്തിൽനിന്ന് ഐഹിക യാഥാർഥ്യത്തിന്റെയും അതിഭൗതികതയിൽനിന്ന് അനുഭവവേദ്യമായ ലോകത്തിന്റെയും ഭാഗമായി പരിവർത്തിക്കപ്പെടുന്നു. അമൂർത്തത്തെയും അനശ്വരത്തിന്റെയും അമാനുഷത്വത്തിന്റെയും ലോകത്തെ മനുഷ്യവത്കരിക്കുന്ന ഈ പ്രക്രിയയാണ് ‘രണ്ടാമൂഴ’ത്തെ ഇതിഹാസോപജീവികളായ മറ്റു നോവലുകളിൽനിന്ന് വ്യത്യസ്തമാക്കുന്നു. മാത്രമല്ല, മികച്ച നോവലാക്കി മാറ്റുകയും ചെയ്യുന്നു.
ഇതിഹാസത്തിൽനിന്ന് വ്യത്യസ്തമായി ദേവാംശസംഭവനല്ല, വർണാശ്രമ വ്യവസ്ഥക്ക് പുറത്തുള്ള കാട്ടാളന്റെ മകനാണ് ‘രണ്ടാമൂഴ’ത്തിലെ ഭീമൻ. രാജാവിന് വേണ്ടത് കൈയൂക്കുള്ള മകനെയായതിനാൽ താൻ ‘കൊടുങ്കാട്ടിൽനിന്ന് ചങ്ങലയഴിഞ്ഞ ചണ്ഡമാരുതനെപ്പോലെ കയറിവന്ന പേരറിയാത്ത ഒരു കാട്ടാളനെ’ സ്വീകരിച്ചതിന്റെ ഫലമാണ് ഭീമനെന്ന് കുന്തി പറയുന്നതാണല്ലോ ‘രണ്ടാമൂഴ’ത്തിലെ ഏറ്റവും ഞെട്ടിക്കുന്ന ഇതിഹാസ വ്യതിചലനം. ‘രണ്ടാമൂഴ’ത്തിലെ ഭീമനെ വായിക്കുമ്പോൾ ഭട്ടനാരായണൻ രചിച്ച സംസ്കൃത നാടകമായ ‘വേണീ സംഹാരം’ (ഏഴാം നൂറ്റാണ്ടോ എട്ടാം നൂറ്റാണ്ടോ ആകാം രചനാകാലം) ഓർക്കാവുന്നതാണ്. ‘രണ്ടാമൂഴ’ത്തിന് ആ പ്രാചീന നാടകത്തോട് ആധമർണ്യമുണ്ടെന്നല്ല ഇതിനർഥം. ഭാസൻ രചിച്ച ‘ഊരുഭംഗം’ നാടകത്തിനുശേഷം ഭീമനെ നായകനാക്കിയുള്ള അപൂർവം സംസ്കൃത രചനകളിലൊന്നാണ് ‘വേണീ സംഹാരം’.
കാട്ടാള പുത്രനാണെന്ന് വ്യംഗ്യമായിപ്പോലും സൂചിപ്പിക്കുന്നില്ലെങ്കിലും ഭീമന്റെ രാക്ഷസീയ പ്രകൃതിയും ദ്രൗപദിയോടുള്ള വികാരതീക്ഷ്ണമായ പ്രേമകാമങ്ങളും ‘വേണീസംഹാരം’ ആവിഷ്കരിക്കുന്നു. ഇതിഹാസ കഥയിൽനിന്ന് വ്യതിചലിച്ച് ദുര്യോധനനെ തുട തകർത്ത് കൊന്ന ശേഷം ഭീമൻ ചോരപുരണ്ട കൈകൾകൊണ്ട് ദ്രൗപദിയുടെ അഴിഞ്ഞ തലമുടി കെട്ടിക്കൊടുക്കുന്നത് ഭട്ടനാരായണൻ ചിത്രീകരിച്ചിട്ടുണ്ട്. രാക്ഷസജന്മംതന്നെയായ ഭീമനെയാണ് നാടകത്തിലുടനീളം കാണാനാവുക. ‘രണ്ടാമൂഴ’ത്തിലെ ‘യഥാർഥത്തിൽ’ രാക്ഷസ സന്തതിതന്നെയായ ഭീമൻ ആ വ്യക്തിത്വത്തിന്റെ വർഗപരമായ സന്ദിഗ്ധതകൾ അനുഭവിക്കുന്ന കഥാപാത്രമാണ്. നോവലിന്റെ അന്ത്യത്തിലാണ് പിതൃത്വരഹസ്യം വെളിപ്പെടുന്നതെങ്കിലും തുടക്കം തൊട്ടുതന്നെ വർഗപരമായ സ്ഥാനത്തെ കുറിച്ചുള്ള ഭീമന്റെ സന്ദിഗ്ധത എം.ടി ആവിഷ്കരിക്കുന്നുണ്ട്. സാംസ്കാരികമായി ശുദ്ധീകരിക്കപ്പെട്ട ക്ഷത്രിയ വ്യക്തിത്വത്തിന് പുറത്തുള്ള ആ നിഷാദ വ്യക്തിത്വത്തെ കുറിച്ചുള്ള സൂചന നോവലിന്റെ തുടക്കത്തിൽതന്നെ കാണാം.
‘കൊടുങ്കാറ്റിന്റെ മർമരം’ എന്ന രണ്ടാം ഭാഗത്തിലെ ഒന്നാമധ്യായത്തിൽ ഭീമൻ ഒരു സ്വപ്നം കാണുന്നു: ‘‘മദം പൊട്ടിയ ഒരു മഹാഗജം കൊമ്പിളക്കി എന്നെ ആക്രമിക്കാൻ കുതിച്ചടുക്കുന്നു. മരത്തിൽ കയറി രക്ഷപ്പെടാൻ തുടങ്ങുമ്പോൾ വെൺമഴുവേന്തിയ ഒരു കാവൽക്കാരൻ വഴിമുടക്കി മുന്നിൽ നിൽക്കുന്നു.’’ ഒരു വേട്ടക്കാരന്റെ ദൃശ്യമാണിത്. വന്യതക്കും രാജാധികാരത്തിന്റെ കാവൽക്കാർക്കുമിടയിൽ നിൽക്കുന്ന പാർശ്വസ്ഥ മനുഷ്യനായ നായാടിയുടെ ഈ സ്വപ്നദൃശ്യം നോവലിലെ ഭീമന്റെ സ്വത്വത്തെ മുൻകൂട്ടി സൂചിപ്പിക്കുന്നതിനുവേണ്ടിയുള്ളതാണ്. വനവാസ ജീവിതത്തിലെ ഭീമന്റെ പ്രവൃത്തികൾ വിവരിക്കുന്നിടത്തും അതുകാണാം. അരക്കില്ലത്തിൽനിന്ന് രക്ഷപ്പെട്ട് കാട്ടിലെത്തിയത് എം.ടി വിവരിക്കുന്നതിങ്ങനെയാണ്: ‘‘ഉണങ്ങിയ പുല്ലിൽ ചവിട്ടടികൾ പതിഞ്ഞത് കണ്ടു. ഒരിടത്ത് ഉണങ്ങാത്ത കുറുനരിക്കാഷ്ഠം. ഞാൻ മണംപിടിച്ചു നോക്കി. കാട്ടാളന്മാർക്കും മൃഗങ്ങൾക്കും മാത്രമേ വെള്ളത്തിന്റെ ഗന്ധം പിടിച്ചെടുക്കാൻ കഴിയൂ.’’
കുരുവംശത്തിന്റെ പുരുഷ കേന്ദ്രിതമായ രാജനീതിയും ചാതുർവർണ്യാധിഷ്ഠിതമായ സാമൂഹിക ഭാവനയും ചേർന്ന് പാർശ്വസ്ഥരാക്കിയ സ്ത്രീകളുടെയും നിഷാദരുടെയും ശബ്ദങ്ങൾ കേൾപ്പിക്കാനും ‘രണ്ടാമൂഴം’ ശ്രമിക്കുന്നു. ഭൂതകാലത്തോടെന്നതിനെക്കാൾ വർത്തമാന കാലത്തോടുള്ള വ്യവഹാരമായി മാറി നോവൽ ഇതിഹാസത്തിൽനിന്ന് വ്യത്യസ്തമാകുന്നതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. ‘‘കുരുവംശത്തിലെ പുരുഷന്മാർ മുഴുവൻ സ്ത്രീകളുടെ കണ്ണീരുകണ്ട് രസിച്ചവരാണ്, എനിക്കറിയാം’’ എന്ന് ഗാന്ധാരിയും ‘‘കുരുവംശത്തിന്റെ നീതിബോധങ്ങൾ എനിക്ക് മനസ്സിലാവുന്നതിലും അപ്പുറത്തെവിടെയോ ആണ്’’ എന്ന് ഭീമനും പറയാനാവുന്നതും അതുകൊണ്ടാണ്. ഭൂതകാലത്തെ വർത്തമാനത്തിന്റെ പ്രാക്ചരിത്രമായി കൈകാര്യം ചെയ്യുന്ന നോവലിന്റെ സ്വഭാവമാണ് ഈ വ്യതിചലനം സാധ്യമാക്കുന്നത്.
ഇതിഹാസത്തിൽനിന്ന് വ്യത്യസ്തമായി ഭൂതകാലത്താൽ ചുറ്റിവരിയപ്പെടാൻ വിസമ്മതിച്ച് നിരന്തരം പരിവർത്തന പ്രക്രിയയിലായിരിക്കുന്ന വർത്തമാന കാലത്തോട് പ്രതിജ്ഞാബദ്ധത പുലർത്തുന്ന നോവൽ ആധുനികമായ ഇത്തരം വ്യാഖ്യാനങ്ങൾക്ക് അവസരം നൽകുന്നു. ഇതിഹാസത്തിൽനിന്ന് വ്യത്യസ്തമായി നോവലിന് വ്യക്തിയായ ഒരു കർത്താവുള്ളതുകൊണ്ടുകൂടിയാണത്. സ്വന്തം അസ്തിത്വത്തിന്റെ കർത്താക്കളായ ആധുനിക സ്ത്രീ-പുരുഷന്മാരെയാണ് നോവൽ കഥാപാത്രങ്ങളായി സ്വീകരിച്ചത്. സ്വന്തം വഴി തേടുകയും കണ്ടെത്തുകയും സ്വയം നിർണയിക്കുകയും ചെയ്ത് സ്വന്തം സ്വാതന്ത്ര്യത്തിന്റെ അർഥം വെളിപ്പെടുത്തുന്ന ആ മനുഷ്യവ്യക്തികളെ ഇതിഹാസത്തിൽ കാണാനാവില്ല. പൗരാണികമായ ആധികാരികതയോട് സംശയം പുലർത്തുന്നതും നോവലിന്റെ സ്വഭാവമാണ്.
ആധുനിക രൂപമായ നോവലിന്റെ ഈ സവിശേഷതയാണ് കുരുവംശത്തിന്റെ നീതിബോധങ്ങൾ തന്റെ ധാരണക്കപ്പുറത്തുള്ളതാണെന്ന് പറയുന്ന ‘രണ്ടാമൂഴ’ത്തിലെ ഭീമനെ സാധ്യമാക്കുന്നത്. പൗരാണികവും ആധുനികവുമായ രണ്ട് മൂല്യവ്യവസ്ഥകളുടെ പ്രതീകങ്ങളാണ് നോവലിലെ യുധിഷ്ഠിരനും ഭീമനും. ‘രണ്ടാമൂഴ’ത്തിൽ ഭീമൻ കഴിഞ്ഞാൽ എം.ടി ഏറ്റവും മിഴിവോടെ ചിത്രീകരിച്ചിട്ടുള്ള പുരുഷ കഥാപാത്രവും യുധിഷ്ഠിരനാണ്. മഹാഭാരതത്തിലും ഇതിഹാസ ധർമവ്യവസ്ഥയുടെ വിരുദ്ധ ധ്രുവങ്ങളാണവർ. നോവലിൽ സ്വീകരിച്ചിട്ടില്ലെങ്കിലും യുധിഷ്ഠിരൻ ഭീമന് ധർമാധർമങ്ങളെപ്പറ്റി ഉപദേശം നൽകുന്ന സന്ദർഭങ്ങൾ മഹാഭാരതത്തിലുണ്ട്. ധർമലോകത്തിന്റെ പ്രതിനിധിയാണ് അവിടെ യുധിഷ്ഠിരൻ, ഭീമൻ കാമലോകത്തിന്റെയും. അതേസമയം, ആ ധർമവ്യവസ്ഥയിൽനിന്ന് ഭീമൻ പുറത്തുകടക്കുന്നുമില്ല.
ഭൂതകാലത്തോടുള്ള മനോഭാവത്തിൽ മാത്രമല്ല, മനുഷ്യസങ്കൽപത്തിലും കഥാപാത്ര സൃഷ്ടിയിലും ഇതിഹാസത്തിൽനിന്ന് വിഭിന്നമാണ് നോവൽ. കുലീനരുടെയും സേനാനായകരുടെയും ലോകമാണ് ഇതിഹാസത്തിലേത്, നോവലിലേത് സാമാന്യരുടെ ലോകവും. ധർമവ്യവസ്ഥകളും മൂല്യഭാവനകളും വ്യത്യസ്തമാണ് രണ്ടു ലോകങ്ങളിലും, ഭാഷയും ഭാഷണവും പെരുമാറ്റരീതികളും അതുപോലെതന്നെ.
വർണാശ്രമത്തിന്റെ ധർമവ്യവസ്ഥയെ മനഃസാക്ഷിയുടെ ഭാഗമായി സ്വീകരിച്ച് പ്രവർത്തിക്കുന്ന കുലീന നായകനാണ് ഇതിഹാസത്തിലെ ഭീമൻ. ആ ധർമവ്യവസ്ഥ ലംഘിക്കുന്നവരെ മരണത്തിലേക്ക് ശിക്ഷിക്കുന്നതാണ് ഇതിഹാസങ്ങളിൽ കാണാനാവുക. വർണാശ്രമ സങ്കൽപത്തിലെ സാമൂഹികാധികാരം അക്രമത്തിൽനിന്ന് പ്രത്യയശാസ്ത്രംതന്നെയായിത്തീരുന്നത് മഹാഭാരതത്തിൽ കാണാം. കുരുക്ഷേത്ര യുദ്ധത്തിൽ കർണന്റെ വേലേറ്റ് ഭീമപുത്രനായ ഘടോൽക്കചൻ മരിച്ചപ്പോൾ അതു പ്രതീക്ഷിച്ചുതന്നെ കർണനെ നേരിടാൻ അവനെ നിയോഗിച്ച കൃഷ്ണൻ ‘കാറ്റേറ്റ വൃക്ഷംപോലെ നൃത്തമാടി’യെന്ന് ‘മഹാഭാരതം’ (ദ്രോണപർവത്തിലെ ഘടോൽക്കച വധപർവം) വിവരിക്കുന്നു. അർജുനനെ കൊല്ലാനായി കർണൻ കരുതിവെച്ചതായിരുന്നു അപ്രതിരോധ്യവും ലക്ഷ്യവേധിയുമായ വൈജയന്തി എന്ന വേൽ. രാത്രിയുദ്ധത്തിൽ മഹാനാശം വിതച്ച ഘടോൽക്കചനെ കൊല്ലാനായി കർണൻ അത് പ്രയോഗിച്ചതോടെ അർജുനന്റെ മരണം ഒഴിവാക്കിയ കൃഷ്ണൻ മറ്റു രാക്ഷസരെപ്പോലെ ഘോരകർമാവായിരുന്നു അവനുമെന്ന് മാത്രമേ പറയുന്നുള്ളൂ മഹാഭാരതത്തിൽ.
നോവലിലെ കൃഷ്ണൻ സാമാന്യ മനുഷ്യരുടെ ഭാഷയിൽ പറയുന്നു: ‘‘ഭീമപുത്രനാണെങ്കിലും കാട്ടാളനാണ്. രാക്ഷസപ്രകൃതി, യജ്ഞവിരോധി, ബ്രാഹ്മണ ശത്രു. അവനെ എന്നെങ്കിലും കൊല്ലേണ്ടിവരും. ചത്തതു രണ്ടുനിലക്കും സൗകര്യമായി.’’ ഇങ്ങനെ പറഞ്ഞുകൊണ്ട് പടപ്പാളയത്തിൽ വാദ്യവൃന്ദത്തോടുകൂടിയ ആഘോഷത്തിനാണ് ‘രണ്ടാമൂഴ’ത്തിലെ ദൈവികത്വമൊന്നുമില്ലാത്ത യാദവ പ്രഭുവായ കൃഷ്ണൻ നിർദേശിക്കുന്നത് (ഘടോൽക്കചൻ മരിച്ചുവീണപ്പോൾ ഭേരി, ശംഖ്, ആനകം, മുരജം തുടങ്ങിയ വാദ്യങ്ങൾ മുഴക്കി കൗരവപ്പട ആഘോഷിച്ചതായുള്ള ഇതിഹാസ വിവരണം തിരിച്ചിടുകയാണിവിടെ എം.ടി).
മകന്റെ മരണവൃത്താന്തമറിയുന്ന ഭീമനെപ്പറ്റി മഹാഭാരതം പരാമർശിക്കുന്നില്ല. ഘടോൽക്കചനെപ്പറ്റി വിലപിക്കുന്ന യുധിഷ്ഠിരനെ അർജുനൻ രക്ഷപ്പെട്ടതോർമിപ്പിച്ച് (യുദ്ധവിജയത്തെപ്പറ്റിയും) ആശ്വസിപ്പിക്കുന്ന വ്യാസനെയാണ് ആ സന്ദർഭത്തിൽ മഹാഭാരതം അവതരിപ്പിക്കുന്നത്. ഇതിഹാസത്തിലെ ധർമയുക്തിയുടെ ആ സന്ദർഭത്തെ നോവൽ സാമാന്യ മനുഷ്യയുക്തിയുടെ അടിസ്ഥാനത്തിൽ, ഭീമന്റെ കാഴ്ചപ്പാടിൽ അത് മാറ്റിയെഴുതുന്നു. പടപ്പാളയത്തിൽ ആഘോഷം നടത്താൻ കൃഷ്ണൻ നിർദേശിക്കുന്നത് കേട്ടുനിന്ന ‘രണ്ടാമൂഴ’ത്തിലെ ഭീമൻ ഇതിഹാസത്തിലെ കുലീന പുരുഷലോകത്തുനിന്ന് പുറത്തുകടന്ന് യുദ്ധഭൂമിയായ കുരുക്ഷേത്രത്തിലേക്ക് ചെന്ന് മകന്റെ മൃതദേഹം കാണുന്ന ദൃശ്യം ഇപ്രകാരമാണ്: ‘‘ഓടിയകലാൻ ഇടകിട്ടാതെ കൂട്ടംകൂടി നിന്ന ഇരുട്ടുപോലെ അവന്റെ മൃതദേഹം ഞാൻ കണ്ടു. നെഞ്ചിൽ തറച്ചുകഴിഞ്ഞ വേലിന്റെ ആയസപ്പിടി ആളുയരത്തിൽ ആകാശത്തിലേക്ക് തെറിച്ചുനിൽക്കുന്നു. അതിനുമുകളിൽ ഒരു കഴുകൻ പറന്നുവന്നിരുന്ന്, താഴത്തെ ശരീരത്തെ കൊതിയോടെ നോക്കി. വീരസ്വർഗമില്ലാത്ത കാട്ടാളന് ചിതയൊരുക്കണമെന്നില്ല. കഴുതവണ്ടികളും ചണ്ഡാലരും വിശ്രമിക്കുകയാണ്. ആകാശത്തിൽ കൂടുതൽ ചിറകടികൾ കേട്ടു.’’
ഇവിടെ നാം കാണുന്നത് മഹാശക്തനായ ഇതിഹാസ നായകനെയല്ല, ആധുനിക ലോകത്തിലെ ഒരു സാമാന്യ പിതാവിനെയാണ്; സാമൂഹിക നിയമങ്ങളെ മനഃസാക്ഷിയുടെ ഭാഗമായി സ്വാംശീകരിച്ച ആധുനികവ്യക്തിയെ.
നോവലിലെ ഇതിവൃത്തം പുരോഗമിക്കുന്തോറും ഇതിഹാസ വ്യക്തിത്വത്തിൽനിന്നുള്ള ഭീമന്റെ പുറത്തുകടക്കലിനും ആധുനിക വ്യക്തിയിലേക്കുള്ള പരിവർത്തനത്തിനും വേഗം കൂടുന്നു. പരാജിതനായി വീണുകിടന്ന ദുര്യോധനനെ യുദ്ധമര്യാദ തെറ്റിച്ച് ഗദകൊണ്ട് തുട തകർത്തുകൊന്നത് അധർമമാണെന്ന് സൂചിപ്പിച്ച യുധിഷ്ഠിരനോട് ഭീമൻ പറയുന്നു: ‘‘കൊല്ലാനാണ് എന്റെ പ്രതിജ്ഞ. പ്രതിജ്ഞ നിറവേറ്റാത്ത ക്ഷത്രിയൻ അധാർമികൻ. അവന് നരകം. എന്നെ പഠിപ്പിച്ചത് ജ്യേഷ്ഠനാണ്. തലതല്ലിയുടച്ചു തീർക്കാൻ പോകുന്നു. തടയാനാരെങ്കിലുമുണ്ടെങ്കിൽ തടയാം.’’ തങ്ങളുടെ ഏകത്വത്തിൽ ഊന്നിനിന്ന് സംസാരിക്കുന്ന ആധുനിക വ്യക്തികളെ സൃഷ്ടിച്ച നോവലിന്റെ മണ്ഡലത്തിൽ മാത്രമേ ഭീമന് ഇങ്ങനെ പറയാനാവൂ.
രാജാധികാരം കൈവന്നുവെന്ന് തോന്നിച്ച നിമിഷത്തിൽ തന്നെ ദ്രൗപദിയുടെ അപേക്ഷക്ക് മുന്നിൽ അതുപേക്ഷിച്ച് കുടുംബത്തിന് വഴങ്ങുന്ന ഭീമനിലും നാം കാണുന്നത് ആ വ്യക്തിയെയാണ്. ‘‘ഒരു വിനാഴിക ഒരു വിനാഴിക മാത്രം മനസ്സിൽ ഹസ്തിനപുരം ഭരിച്ചു സ്ഥാനത്യാഗം ചെയ്ത രാജാവ് പിന്നീട് ഇരുട്ടിലും ചിരിച്ചു. മഹാബലർ കരയാൻ പാടില്ലല്ലോ’’ എന്നാണ് ആ സന്ദർഭം എം.ടി അവതരിപ്പിക്കുന്നത്. ഇതിഹാസത്തിൽനിന്നുള്ള ഭീമന്റെ പുറത്തുകടക്കൽ പൂർണമാകുന്നത് നോവലിന്റെ അന്ത്യത്തിലാണ്. കുരുവംശത്തിന്റെ സർവനാശത്തിലാണ് മഹാഭാരതം അവസാനിക്കുന്നത്. പാണ്ഡവരുടെ മഹാപ്രസ്ഥാനമാണ് അതിന്റെ അന്ത്യരംഗം. എന്നാൽ, നോവലിന്റെ അന്ത്യത്തിൽ ഭീമൻ ആ മഹായാത്രയിൽനിന്ന് പുറത്തുകടന്ന് കാട്ടിലേക്ക് മടങ്ങുന്നു. ജിതേന്ദ്രിയനാവാൻ കഴിയാത്ത ഭീമന്റെ പിന്മടക്കത്തിന്റെ പ്രേരണ കാമത്തിന്റെ തീപ്പൊരികൾ കെടാതെ കാത്ത് കാട്ടിലലയുന്ന കറുത്ത സുന്ദരിയായ ഹിഡിംബിയും വ്രണം വന്ന ശിരസ്സുമായി അലയുന്ന ശത്രുവായ അശ്വത്ഥാമാവുമാണ്. ഇതിഹാസ നായകന്റെ സാധാരണീകരണം അതോടെ പൂർത്തിയാവുന്നു. ഇതിഹാസ നായകത്വത്തിലെ ഉദാത്ത ഗാംഭീര്യത്തെ നോവൽ ആത്മതയെ അന്വേഷിക്കുകയും താനും ലോകവും തമ്മിലുള്ള ബന്ധം തിരയുകയും വീരത്തിനൊപ്പം വിഷാദം അനുഭവിക്കുകയും ചെയ്യുന്ന ആധുനിക നായകത്വത്തിലേക്ക് പരിവർത്തിപ്പിക്കുന്നു. ഇതിഹാസത്തിൽനിന്ന് നോവലിലേക്കുള്ള മാധ്യമപരമായ മാറ്റം മാത്രമല്ല, ‘രണ്ടാമൂഴ’ത്തിലുള്ളത്. ഇതിഹാസ കഥയെ വ്യത്യസ്തമായ മറ്റൊരു കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്ന ഈ അനുകൽപനത്തിൽ ഒരു സ്ഥാനാന്തരണമുണ്ട്. പുനർവ്യാഖ്യാനത്തോടൊപ്പം പുനഃസൃഷ്ടിയുമുള്ള അനുരൂപവത്കരണമാണ് ‘രണ്ടാമൂഴ’ത്തിൽ എം.ടി നിർവഹിച്ചത്.