സ്വപ്നം കാണുന്ന ഒരുകൂട്ടം മനുഷ്യർ
‘‘നമ്മളാരാണെന്നു നോക്കൂ... സ്വപ്നം കാണുന്ന ഒരുകൂട്ടം മനുഷ്യർ! നമ്മളത് നടത്തിയെടുക്കുന്നു. കാരണം, നമ്മളതിൽ വിശ്വസിക്കുന്നു.’’- ജങ് കൂക്, ഡ്രീമേഴ്സ് (Dreamers)
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഒഫീഷ്യൽ സൗണ്ട് ട്രാക്ക് (FIFA World Cup Qatar 2022 Official Soundtrack).
കാൽപ്പന്തില്ലാത്ത ഒരു ലോകം അസാധ്യമാണ്. കാരണം, സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഒരുമയുടെയും മനുഷ്യസ്നേഹത്തിന്റെയും ഏറ്റവും വലിയ ആഘോഷമാണത്. ഒരു വെറും തുകൽപ്പന്തും അതിനു പിന്നാലെയുള്ള ഓട്ടവും കൂടി ജീവിതത്തെ നിർവചിക്കുന്നതിന്റെ മനോഹാരിത...
അത് ഒരിക്കൽ അനുഭവിച്ചാൽപ്പിന്നെ പന്താണ് നാം ജീവിക്കുന്ന ഗോളം. ആ വികാരത്തിന്മേലാണ് എല്ലാക്കാലത്തും എല്ലാ നാടുകളിലും കുറേ മനുഷ്യർ ഈ കളിക്കുവേണ്ടി ചിരിക്കുകയും കരയുകയും ആടുകയും പാടുകയും ഭ്രാന്തരാവുകയും ചെയ്യുന്നത്. ഫുട്ബാൾ എല്ലാവരെയും ഒരുപോലെ ചേർത്തുപിടിക്കുന്നു. അവിടെ ഭാഷകൾക്കോ വംശങ്ങൾക്കോ ജീവിതാവസ്ഥകൾക്കോ പ്രസക്തിയില്ല. അവിടെ എല്ലാവരും ഒരൊറ്റ സ്വപ്നത്തിനായി ആരവം മുഴക്കുന്നു. അവിടെ അതിർത്തികൾ ഇല്ലാതാകുന്നു.
‘ദുനിയ ബീവീസ്’ കിട്ടിയപ്പോൾ അമ്മയാണ് ആദ്യം വായിച്ചത്. ഒമ്പത് വർഷങ്ങൾക്കു മുമ്പ്, ലയണൽ മെസ്സിയെയും അർജന്റീനയെയും അതുവഴി ഫുട്ബാളിന്റെ മാസ്മരികതയെയും എനിക്കു പരിചയപ്പെടുത്തിത്തന്ന നമ്പർ വൺ മെസ്സി ഫാൻ എന്ന ക്രെഡിറ്റ് അമ്മക്കായതുകൊണ്ട് ഞാനതങ്ങ് ക്ഷമിച്ചു. അമ്മയുടെ വാക്കുകളിലൂടെയാണ് ഞാൻ ആദ്യമായി മെസ്സിയെ തൊട്ടത്.
വായിച്ചുതുടങ്ങിയപ്പോൾ ആദ്യ അധ്യായത്തിൽ, റഷ്യയിലെ ഫിഫ ലോകകപ്പ് 2018ന്റെ ആഘോഷത്തിലേക്ക് റിമക്കും ഫിദക്കുമൊപ്പം മതിലു ചാടുമ്പോഴേക്കും, എന്റെ കൂടെയുണ്ടായിരുന്ന കസിൻ, വായനയിലേക്ക് ഇടിച്ചുകയറി. മെസ്സിമയമായ മുഖചിത്രം കണ്ടാണ്, ആരാധകനായ അവന് താൽപര്യം വന്നത്. മറിച്ചുനോക്കാനാണ് അവൻ ‘ദുനിയ ബീവീസ്’ കൈയിലെടുത്തത്. പക്ഷേ, പിന്നെ ദീർഘനേരത്തേക്ക് പുസ്തകം എന്റെ കൈയിൽ കിട്ടിയില്ല. ഒറ്റയിരുപ്പിന് അവനത് മുഴുവൻ വായിച്ചു.
എല്ലാം കഴിഞ്ഞ് ഞാനും ‘ദുനിയ ബീവീസ്’ വായിച്ചു. മൂന്നു മലയാളി സ്ത്രീകൾ അവരുടെ മിശിഹയായ മെസ്സിയെ കാണാൻ ഖത്തറിലേക്ക് പോകുകയാണ്. നല്ലൊരു കൊച്ചു പന്തുകളിയാവേശ പ്രമേയം. പക്ഷേ, അതിലൂടെ ‘ദുനിയ ബീവീസ്’ പറഞ്ഞുവെക്കുന്ന ഒരു രാഷ്ട്രീയമുണ്ട്. അത് കളിയുടെയും ജീവിതത്തിന്റെയും ശരിയായ രാഷ്ട്രീയമാണ്. അതാണ് ഈ പുസ്തകത്തെ മികച്ചതാക്കുന്നത്.
റിമ തോമസ്, ഫിദ ഖാദർ, ബ്രസീലിയ ബഷീർ. ഇവരാണ് ഫുട്ബാൾ തലക്കുപിടിച്ച മൂവർസംഘം. മൺമറഞ്ഞ കുടുംബവും, ഒരിക്കലും കെട്ടുപാടുകളാകാത്ത വേരുകളുമായി പരിപൂർണ സ്വതന്ത്രയായ ഒരൊന്നാന്തരം സോളോ ട്രാവലറാണ് റിമ. ജീവിതത്തെ പരമാവധി ആഘോഷിച്ചു ജീവിക്കുന്നവൾ. അവളുടെ കോളജിലെ സഹപാഠിയാണ് ഫിദ. ഉയർന്ന നീതിബോധവും കാഴ്ചപ്പാടുമുള്ള ഒരു ഉപ്പയുടെയും പിന്നെയൊരു പിന്തിരിപ്പൻ ഉമ്മയുടെയും മകളായ ഒരു പാവംപിടിച്ച മിണ്ടാപ്പെൺകുട്ടി. കോളജിലെ അവരുടെ മിസ്സായിരുന്നു ബ്രസീലിയ. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ ബ്രസീലിയക്ക് ധാരാളം കടങ്ങളും ബാധ്യതകളുമുണ്ട്. ബ്രസീൽ ഫാനായ അമ്മാവനാണ് ബ്രസീലിയക്ക് അങ്ങനെയൊരു പേരു നൽകിയത്. ബ്രസീലിയയാകട്ടെ കട്ട അർജന്റീന ഫാനും.
ഫിദയുടെ വിവാഹനിശ്ചയം കഴിഞ്ഞ അന്ന് രാത്രി, റിമയാണ് ‘മിഷൻ മിശിഹ’ എന്ന ലോകകപ്പ് പദ്ധതി അവതരിപ്പിക്കുന്നത്. ഖത്തറിൽ എത്തിപ്പെടാനും ഒരു മത്സരത്തിന്റെയെങ്കിലും ടിക്കറ്റൊപ്പിക്കാനും അങ്ങനെ സാക്ഷാൽ മെസ്സിയെ നേരിട്ടുകാണാനും അവർ മൂന്നുപേർക്കും ഒരുപാടു കടമ്പകൾ കടക്കേണ്ടതായുണ്ട്. പക്ഷേ, അതിനുംമുന്നേ, ഇത്തരമൊരു യാത്ര തീരുമാനിക്കുകയും അതിനായി പുറപ്പെടുകയും ചെയ്യുന്നതു തന്നെ ഫിദയെയും ബ്രസീലിയയെയും സംബന്ധിച്ചിടത്തോളം ഒരു വലിയ സമരമാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും വിവിധതരം കെട്ടുപാടുകൾക്കും അനീതിപൂർണമായ ചട്ടങ്ങൾക്കും വിധേയരായ രണ്ടു സ്ത്രീകളാണവർ. അതിനെയെല്ലാം മറികടന്നുകൊണ്ടുവേണം മിഷൻ മിശിഹയെപ്പറ്റി അവർക്ക് സ്വപ്നം കാണുകയെങ്കിലും ചെയ്യാൻ.
റിമയുടെ പ്രചോദനത്തിൽ, മെസ്സിയോടും ഫുട്ബാളിനോടുമുള്ള അതിരുകളില്ലാത്ത സ്നേഹത്തിന്റെ ബലത്തിൽ, ഫിദയും ബ്രസീലിയയും നടത്തുന്ന ആ സമരത്തിന്റെയും അവർ മൂവരും ചേർന്നു നടത്തുന്ന തുടർപോരാട്ടങ്ങളുടെയും കഥയാണ് ഈ പുസ്തകം. മെസ്സിയാരാധനയിൽനിന്ന് തുടങ്ങുന്ന ആ പോരാട്ടം, പോകെപ്പോകെ ജീവിതത്തോടുള്ള അഭിനിവേശത്തിലും സമത്വത്തിനും നീതിക്കുംവേണ്ടിയുള്ള വാഞ്ഛയിലും അധിഷ്ഠിതമായ വലിയ മുന്നേറ്റമായി മാറുകയാണ്.
സമൂഹം കാലങ്ങളായി ഉയർത്തിക്കെട്ടിവെച്ചിട്ടുള്ള ജീർണതകളുടെയും ആണധികാരത്തിന്റെ പഴഞ്ചൻ ബോധങ്ങളുടെയും മുഖത്ത്, ഒരു ജേഴ്സിയുമിട്ട് തലയുയർത്തിപ്പിടിച്ച് ലോകത്തിന്റെ മുന്നിലേക്കിറങ്ങുന്ന മൂന്ന് ചങ്കുറപ്പുള്ള പെണ്ണുങ്ങൾ ഒരു ഗോളടിക്കുന്നതുപോലെ കൊടുക്കുന്ന അടിയാണ് ഈ പുസ്തകം. അവരുടെ ചെറിയ പ്രവൃത്തികളും വാക്കുകളുംവരെ അനീതിയുടെയും അസമത്വത്തിന്റെയും കൂറ്റൻ കോട്ടകളെ തകർത്തുകളയുന്ന സമരങ്ങളാണ്.
‘ദുനിയ ബീവീസ്’ ഒരുപാടു ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ഖത്തറിലേക്കു പറക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും തികഞ്ഞ തന്മയത്വത്തോടെ, ഹൃദ്യമായി പറഞ്ഞുവെക്കുന്നുണ്ട് ഈ നോവൽ. കളിയാവേശത്തിൽ ടീഷർട്ട് വീശി നൃത്തം ചെയ്യുന്ന റിമയെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അവളുടെ നൃത്തം, കാൽപ്പന്തിന്റെ സൗന്ദര്യത്തെയും ഒപ്പം, സ്വാതന്ത്ര്യത്തിന്റെ കുതറിപ്പറക്കലിനെയും അടയാളപ്പെടുത്തുന്നു.
ഫുട്ബാളിന്റെ മാസ്മരികത, പുസ്തകത്തിലുടനീളം നിറഞ്ഞുനിൽക്കുന്നു. ഫുട്ബാൾ അതിന്റെ മാന്ത്രികതകൊണ്ട് എങ്ങനെ അതിർത്തികളെ അപ്രസക്തമാക്കുന്നു എന്നതിന് ഇതിൽപരം നല്ല ഒരുദാഹരണം തിരയേണ്ടതില്ല. ഏറെ പ്രാധാന്യമുള്ള രണ്ട് ഫലസ്തീനി കഥാപാത്രങ്ങൾ ‘ദുനിയ ബീവീസി’ലുണ്ട്. വൃദ്ധയായ ആമിനയും കളിക്കുന്നതിനിടെ ഷെല്ലാക്രമണത്തിൽ കാൽ നഷ്ടപ്പെട്ട ഫുട്ബാൾ പ്രേമിയായ മകൻ ബിലാലും.
എല്ലാത്തരത്തിലും ശക്തമായ ഒരു രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന വ്യത്യസ്ത പുസ്തകമാണ് ‘ദുനിയ ബീവീസ്’. അതിൽ സമത്വത്തിനും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുണ്ട്. അതിജീവനത്തിനായുള്ള ജീവിതസമരങ്ങളുണ്ട്. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ത്യാഗത്തിന്റെയും മരുപ്പച്ചകളുണ്ട്. പന്തുരുളുന്ന വഴിയേ ഇതിനെയെല്ലാം അടയാളപ്പെടുത്തുന്ന ഈ പുസ്തകം വലിയ പ്രത്യാശയാണ്; വിവേചനങ്ങളും അനീതികളുമില്ലാത്ത, മുൾവേലികളും യുദ്ധങ്ങളുമില്ലാത്ത, അധികാരത്തിന്റെ ഭീതിജനകമായ ഉരുക്കുമുഷ്ടികളില്ലാത്ത ഒരു പുതിയ ലോകത്തിനായുള്ള പ്രത്യാശ. പന്തുകളിയെ സ്നേഹിക്കുകയും നീതിയിലും മനുഷ്യത്വത്തിലും വിശ്വസിക്കുകയും ചെയ്യുന്ന, ഉള്ളിൽ കനലുള്ള ഒരുകൂട്ടം മനുഷ്യരുടെ പ്രത്യാശ. സ്വപ്നം കാണുന്നവരുടെ പ്രത്യാശ. അതിൽ ആകാശം വിശാലമാകുന്നു. മൈതാനവും ഗാലറികളും എല്ലാവരുടേതുമാകുന്നു. അവിടെ അതിജീവനത്തിന്റെ ഇടിമുഴക്കങ്ങൾ, നീതിക്കും സ്വാതന്ത്ര്യത്തിനും മനുഷ്യസ്നേഹത്തിനും വാമോസ് വിളിക്കുന്നു.