രാഷ്ട്രീയാവബോധത്തിന്റെ അക്ഷരസാക്ഷ്യം
ഇസ്ലാമിക വിജ്ഞാനകോശ പരമ്പരയിലെ പതിനാലാം വാള്യം വായനക്കാരിലെത്തിച്ചതിലൂടെ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് നടത്തിക്കൊണ്ടിരിക്കുന്ന വൈജ്ഞാനിക പ്രതിരോധം ചരിത്രപരമായൊരു രാഷ്ട്രീയമാനം കൈവരിച്ചിരിക്കുകയാണ്. കാരണം, ചരിത്രത്തിൽ വേരറ്റുപോയ സമൂഹങ്ങളിൽനിന്ന് വ്യത്യസ്തമായി ചരിത്രത്തിന്റെ പാരമ്പര്യത്തിൽ നിലകൊള്ളുന്ന വിഭാഗമാണ് മുസ്ലിം സമൂഹം.
ചരിത്രത്തിന്റെ പിൻബലമുള്ളവരെങ്കിലും സ്ഥാപനവൽകരിക്കപ്പെട്ട ചരിത്രാഖ്യാനങ്ങളിൽനിന്ന് അസന്നിഹിതമാക്കപ്പെട്ട സ്ഥാനമാണ് പക്ഷേ, മുസ്ലിം ചരിത്രത്തിനുള്ളത്. അധികാര രൂപങ്ങളും അതിന്റെ ഉപകരണ സാമഗ്രികളുമുപയോഗിച്ച് ചരിത്രകാരന്മാർ വികസിപ്പിച്ചുകൊണ്ടുവന്ന പ്രത്യയശാസ്ത്ര പാഠങ്ങളിൽനിന്ന് മുസ്ലിം സമൂഹം തമസ്കരിക്കപ്പടുകയും അന്യവൽകരിക്കപ്പെടുകയും ചെയ്തു. ദേശചരിത്രത്തിന്റെ വംശീയവും അധീശപരവുമായ ഈ ഔദ്യോഗിക ഭാഷ്യങ്ങൾക്കെതിരിലുള്ള വൈജ്ഞാനിക പ്രതിരോധമാണ് ഇസ്ലാമിക വിജ്ഞാനകോശ പരമ്പര നിർവഹിച്ചു കൊണ്ടിരിക്കുന്നത്.
1995ൽ പുറത്തിറങ്ങിയ ഇസ്ലാമിക വിജ്ഞാനകോശം ഒന്നാം വാല്യം മുതൽ ഇപ്പോൾ അവസാനമായി പുറത്തിറങ്ങിയ പതിനാലാം വാല്യംവരെയുള്ള പുസ്തകത്താളുകളിലെല്ലാം ആവിഷ്കരിക്കപ്പെടുന്നത് അർഹതയുണ്ടായിട്ടും നിഷ്കാസനം ചെയ്യപ്പെട്ട ഒരു സമുദായത്തിന്റെ കൂട്ടുകർതൃത്വമാണ്. വ്യവസ്ഥാപിത ചരിത്രാഖ്യാനങ്ങളാൽ വക്രീകരിക്കപ്പെട്ട സമകാലിക മുസ്ലിം സമൂഹത്തിന്റെ വർണോജ്വലമായ ഇന്നലകളെയും അതിന്റെ ആശയ പരിസരങ്ങളെയും അടയാളപ്പെടുത്തുന്നതിലൂടെ കലർപ്പില്ലാത്ത ചരിത്രബോധം ഉണർത്തുകയെന്ന സക്രിയമായ ധർമമാണ് ഇസ്ലാമിക വിജ്ഞാനകോശം നിർവഹിക്കുന്നത്.
962 പേജുകളിലായി 1570ൽപരം വിഷയങ്ങൾ പ്രതിപാദിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം അന്താരാഷ്ട്ര തലത്തിലുള്ള മുസ്ലിംസമൂഹം അതിന്റെ സർവ പൊലിവുകളോടെയും എങ്ങനെ രൂപപ്പെട്ടുവെന്നും അതിനായുള്ള ദീർഘവും സംഘർഷപൂർണവുമായ ജീവിതാവസ്ഥകളെ എങ്ങനെ താണ്ടിക്കടന്നുവെന്നും പറഞ്ഞുവെക്കുന്നു. ഇസ്ലാമിന്റെ പുഷ്കലമായ ചരിത്രം സൃഷ്ടിച്ചെടുത്ത ഒട്ടേറെ പ്രതിഭാധനരായ നവോത്ഥാന നായകർക്കും അവരുടെ പ്രവർത്തനങ്ങൾക്ക് കേദാരമായ ദേശങ്ങൾക്കും മറ്റെല്ലാ വാല്യങ്ങൾ പോലെ ഈ വാല്യവും അർഹമായ പ്രാതിനിധ്യം നൽകിയിരിക്കുന്നു.
ഇസ്ലാമിക ചരിത്രത്തിലും വർത്തമാനത്തിലും ഇടംനേടിയ ഉമവി ഖിലാഫത്തിന്റെ ആസ്ഥാനവും സിറിയൻ തലസ്ഥാനവുമായ ദിമിശ്ഖ്, ഈജിപ്തിലെ നഗരങ്ങളായ ദിമൻഹൂർ, ദിംയാത്വ്, ഫുസ്ത്വാത്വ്, ഗൾഫിലെ പ്രമുഖ നഗരങ്ങളായ ദുബൈ, ദോഹ, ഫുജൈറ, നജ്റാൻ, ദിർഇയ്യ, ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പഞ്ചാബ്, ദിനാജ്പൂർ, ദൗലതാബാദ്, നാഗൂർ, നാഗ്പൂർ, പട്ന, നജീബാബാദ്, പാനിപ്പത്, ഒമാനിലെ ദോഫാർ തുടങ്ങിയവയെല്ലാം ആ ഗണത്തിൽ പുസ്തകത്തിൽ ഉൾചേർക്കപ്പെട്ടിരിക്കുന്നു.
മുസ്ലിം ലോകത്ത് വികസിച്ചുവന്ന മതപരവും രാഷ്ട്രീയവുമായ പ്രസ്ഥാനങ്ങൾ, അവയുടെ പ്രത്യേകതകൾ, അവരുടെ മുൻകൈയിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ ഇതൊക്കെയും വിശദമായി പതിനാലാം വാല്യം പരിചയപ്പെടുത്തുന്നുണ്ട്. പ്രമുഖ സൂഫീ സരണികളായ നഖ്ശബന്ദിയ്യ, നിഅ്മത്തുല്ലാഹിയ്യ, ഖാരിജി വിഭാഗങ്ങളായ നജ്ജാരിയ്യ, നജ്ദാത്, ശീഈ അവാന്തര വിഭാഗങ്ങളായ നിസാരികൾ, നുസൈരികൾ, അഫ്ഗാനിസ്താനിലെ ഗോത്രവിഭാഗമായ പശ്തൂൺ രാജവംശങ്ങളായ ഫാത്വിമികൾ, സ്പെയിനിലെ നസ്വ്രികൾ, ഇറാനിലെ പഹ്ലവികൾ, ആഫ്രിക്കയിലെ ഫൂലാനികൾ തുടങ്ങി അനേകം ജനവിഭാഗങ്ങളെയും ചിന്താധാരകളെയും സംബന്ധിച്ച് വിപുലമായിത്തന്നെ പുസ്തകം പറഞ്ഞുതരുന്നു.
മുസ്ലിം സമൂഹത്തിൽ കാലാനുസൃതമായി രൂപപ്പെട്ടുവന്ന മുഴുവൻ പരിവർത്തനങ്ങളും വിജ്ഞാനകോശം കൃത്യമായി വിലയിരുത്തുന്നുണ്ട്. മുൻ വാല്യങ്ങൾക്ക് സമാനമായി ഇസ്ലാമിക ലോകത്തും സവിശേഷമായി ഇന്ത്യയിലും കേരളത്തിലുമുള്ള മുസ്ലിം സമൂഹരൂപവത്കരണം, അവരുടെ രാഷ്ട്രീയം, വിദ്യാഭ്യാസം, സംസ്കാരം, സാഹിത്യം, സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾ തുടങ്ങിയ പ്രമേയങ്ങളിൽ അനേകം ശീർഷകങ്ങളും ഉപശീർഷകങ്ങളുമായി പുസ്തകത്തിന്റെ ഉള്ളടക്കം പടർന്നു നിൽക്കുന്നു. മുസ്ലിം സമൂഹത്തിന്റെ പ്രൗഢമായ ഇന്നലകളെ പരമാവധി സമഗ്രതയിൽ തയാറാക്കുക എന്ന സാഹസിക പ്രവർത്തനമാണ് പ്രസാധകർ ഈ വിജ്ഞാന പരമ്പരയിലൂടെ നിർവഹിച്ചിരിക്കുന്നത്.
പ്രമാണവത്കരിക്കപ്പെട്ട അറിവധികാരങ്ങളെ പ്രശ്നവത്കരിച്ചുകൊണ്ട് മുസ്ലിം സമൂഹത്തിന് പൊതുവായൊരു പൈതൃകമുണ്ടെന്ന് ഇസ്ലാമിക വിജ്ഞാനകോശം കാര്യഗൗരവത്തോടെ നമ്മെ ഓർമപ്പെടുത്തുന്നു. അധിനിവേശവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രാധ്യായങ്ങൾക്ക് ആമുഖം രേഖപ്പെടുത്തിയവർ എന്നനിലക്ക് ദേശത്തിലും ദേശീയതയിലുമുള്ള മുസ്ലിം ഇടത്തെ അത് അരക്കിട്ടുറപ്പിക്കുന്നു. മുസ്ലിം സമൂഹത്തിന്റെ വൈവിധ്യവും ചലനാത്മകവുമായ കഴിഞ്ഞകാലങ്ങളെ ചരിത്രപരമായി കണ്ണിചേർക്കുന്നതിലൂടെ മുസ്ലിം അപരജീവിതങ്ങളുടെ ദേശീയ അവകാശം അടിവരയിടപ്പെടുകയും സാധൂകരിക്കപ്പെടുകയും ചെയ്യുന്നു.
ചരിത്ര പഠനങ്ങളെയും ഗവേഷണ പ്രബന്ധങ്ങളെയും ഭാഷാലീലകളുടെയും ആഖ്യാന കൗശലങ്ങളുടെയും പണിപ്പുരയായി മാത്രം കാണുന്ന സമീപനങ്ങളിൽനിന്ന് മാറി മൗലികമായ പഠനങ്ങൾകൊണ്ടും വിശകലനങ്ങൾകൊണ്ടും സമ്പന്നമാണ് ഇസ്ലാമിക വിജ്ഞാന കോശം. ഇസ്ലാമിക ചരിത്രത്തെയും സംസ്കാരത്തെയും മുസ്ലിം സമൂഹത്തിന്റെ ആദർശവും രാഷ്ട്രീയവും സാംസ്കാരികവുമായ ആധാരങ്ങളോട് കണ്ണിചേർക്കുന്ന ആഖ്യാന രീതിയാണ് വിജ്ഞാനകോശത്തെ വേറിട്ടുനിർത്തുന്നത്.
കൊളോണിയലാനന്തര കാലത്തെ തിരിച്ചറിവിന്റെ ലോകത്താണ് ഇസ്ലാമിക വിജ്ഞാനകോശം തങ്ങളുടെ പണിപ്പുര തയാറാക്കിയിരിക്കുന്നത്. കൊളോണിയൽ അധിനിവേശത്തിന്റെയും ഇസ്ലാമിക സംസ്കാരങ്ങൾക്കുമേലുള്ള കൈയേറ്റങ്ങളുടെയും ഫലമായി രൂപപ്പെട്ട മുസ്ലിം ന്യൂനപക്ഷങ്ങളുടെ പാർശ്വവത്കരണത്തിന്റെ വെളിച്ചത്തിൽ പ്രതിരോധത്തിന്റെ പ്രമേയം മുന്നോട്ടുവെക്കാനും മുസ്ലിം ഇടങ്ങളെ തിരിച്ചുപിടിക്കാനും ഇസ്ലാമിക വിജ്ഞാനകോശ പരമ്പര`ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ട് കേവലമായ വൈജ്ഞാനിക താൽപര്യങ്ങൾക്കപ്പുറത്ത് രാഷ്ട്രീയമായ പ്രതിരോധ ശ്രമങ്ങളുടെ ഭാഗമെന്നനിലയിൽ കൂടിയാണ് ഈ ഉദ്യമം വ്യതിരിക്തമാകുന്നത്.
ഇസ്ലാമിക വിജ്ഞാനകോശം മുന്നോട്ടുവെക്കുന്ന ഈ രാഷ്ട്രീയ അവബോധത്തിന്റെ ശാക്തീകരണ ശേഷിയാണ് വൈജ്ഞാനിക പ്രതിരോധ രചനയുടെ ഭാഗമാകാൻ അതിനെ യോഗ്യമാക്കുന്നത്.