മോസ്കോയുടെ ഡയറിക്കുറിപ്പുകൾ; വാൾട്ടർ ബെഞ്ചമിന്റെ ‘Moscow Diary’ എന്ന അസാധാരണ പുസ്തകത്തിന്റെ വായന.
ജർമൻ സാഹിത്യനിരൂപകനും ദാർശനികനും സൗന്ദര്യ ജ്ഞാനിയുമായ വാൾട്ടർ ബെഞ്ചമിന്റെ ‘Moscow Diary’ എന്ന അസാധാരണ പുസ്തകത്തിന്റെ വായന.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ ഏറ്റവും പ്രധാനിയായ സാഹിത്യനിരൂപകൻ, പണ്ഡിതൻ, സൗന്ദര്യശാസ്ത്രകാരൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ബഹുമുഖ പ്രതിഭയാണ് വാൾട്ടർ ബെഞ്ചമിൻ (Walter Benjamin). 1892 ജൂലൈ 15ന് ബർലിനിലാണ് അദ്ദേഹത്തിന്റെ ജനനം. 1940 സെപ്റ്റംബർ 26ന് ഫ്രാൻസിലെ പോർട്ട് ബൗവിലായിൽ മരിച്ചു. ധനിക ജൂതകുടുംബത്തിൽ ജനിച്ച അദ്ദേഹം...
Your Subscription Supports Independent Journalism
View Plansജർമൻ സാഹിത്യനിരൂപകനും ദാർശനികനും സൗന്ദര്യ ജ്ഞാനിയുമായ വാൾട്ടർ ബെഞ്ചമിന്റെ ‘Moscow Diary’ എന്ന അസാധാരണ പുസ്തകത്തിന്റെ വായന.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ ഏറ്റവും പ്രധാനിയായ സാഹിത്യനിരൂപകൻ, പണ്ഡിതൻ, സൗന്ദര്യശാസ്ത്രകാരൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ബഹുമുഖ പ്രതിഭയാണ് വാൾട്ടർ ബെഞ്ചമിൻ (Walter Benjamin). 1892 ജൂലൈ 15ന് ബർലിനിലാണ് അദ്ദേഹത്തിന്റെ ജനനം. 1940 സെപ്റ്റംബർ 26ന് ഫ്രാൻസിലെ പോർട്ട് ബൗവിലായിൽ മരിച്ചു. ധനിക ജൂതകുടുംബത്തിൽ ജനിച്ച അദ്ദേഹം ഫിലോസഫിയിലാണ് ബർലിനിൽ പ്രാവീണ്യം നേടിയത്. 1920ൽ ബർലിനിൽ സ്ഥിരതാമസമാക്കി സാഹിത്യനിരൂപണവും പരിഭാഷയും നടത്തി പ്രശസ്തനായി. 1933ൽ നാസികൾ ജർമനിയിൽ അധികാരത്തിൽ വന്നപ്പോൾ ബെഞ്ചമിൻ ജർമനിയിൽനിന്ന് പാരിസിലേക്ക് വന്നു. അവിടെ താമസിക്കുമ്പോൾ സാഹിത്യനിരൂപണത്തിലും ലേഖനങ്ങളുടെ രചനയിലും കേന്ദ്രീകരിച്ചു. 1940ൽ നാസികൾ പാരിസ് നഗരം കൈയേറിയപ്പോൾ ഗസ്റ്റപ്പൊകളുടെ കൈകളിലേക്ക് താൻ വലിച്ചെറിയപ്പെടുമെന്ന ഭയാധിക്യത്താൽ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. ഗെയ്ഥേയുടെ തിരഞ്ഞെടുക്കപ്പെട്ട ഘടനാസാദൃശ്യങ്ങൾ (Goethe's Elective Affinities), ജർമൻ ട്രാജിക് ഡ്രാമയുടെ ഉദ്ഭവം (The Origin of German Tragic Drama), ഉജ്ജ്വലനങ്ങൾ (The Illuminations 1961) തുടങ്ങിയവയാണ് പ്രധാന രചനകളായി വിലയിരുത്തപ്പെടുന്നത്.
അടുത്തകാലത്ത് മെക്സിക്കൻ സാഹിത്യകാരൻ സെർജിയോ പിറ്റോളിന്റെ (Sergio Pitol) ഓർമക്കുറിപ്പുകളുടെ ത്രയം വായിച്ചപ്പോഴാണ് (‘മജീഷ്യൻ ഓഫ് വിയന’യാണ് അതിന്റെ മൂന്നാം ഭാഗം) ബെഞ്ചമിന്റെ അത്രക്കൊന്നും അറിയപ്പെടാതെപോയ ‘മോസ്കോ ഡയറി’ (Moscow Diary)യെ കുറിച്ചറിയാനിടയായത്. ഇപ്പോൾ ലഭിക്കാൻ അമിതവില കൊടുക്കേണ്ടിവരും എന്ന തിരിച്ചറിവിന് ശാന്തി കിട്ടിയത് അടുത്ത സുഹൃത്തായ എൻ.എം. ഹുസൈൻ പി.ഡി.എഫ് സാധ്യമാക്കിത്തന്നപ്പോഴാണ്.
മരിക്കുന്നതിന് വളരെനാൾ മുമ്പ് സോവിയറ്റ് യൂനിയൻ സന്ദർശിച്ചതിന്റെ അനുഭവസാക്ഷ്യപ്പെടുത്തലുകളായി ഈ ഡയറിയെ ലോകമെമ്പാടുമുള്ള ആസ്വാദകർ വിലയിരുത്തുന്നു. അന്നത്തെ റഷ്യയുടെ സാമൂഹികവും രാഷ്ട്രീയവും സാഹിത്യപരവുമായ അവസ്ഥകളെ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷണം നടത്തിയതായി പുസ്തകത്തിൽ കാണാം. റഷ്യൻ തിയറ്ററിനെ കുറിച്ചും സിനിമയെ കുറിച്ചും ചിത്രകലയെ കുറിച്ചും സംഗീതത്തെ കുറിച്ചുമുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങൾക്കും വിശകലനങ്ങൾക്കും അദ്ദേഹം തയാറാവുന്നുണ്ട്.
ഒരുപക്ഷേ, ഈ യാത്രകൾക്ക് പിന്നിൽ മറ്റൊരു പ്രധാന ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. 1924ൽ കാപ്രിയിൽ വെച്ചദ്ദേഹം ആദ്യമായി കണ്ടുമുട്ടിയ ലാത്വിയൻ നടിയും തിയറ്റർ ഡയറക്ടറും എഴുത്തുകാരിയുമായ അസ്യ ലാസിസിനോട് (Asia Lacis) തോന്നിയ തീവ്രമായ ആത്മബന്ധവുമാകാം. ബെഞ്ചമിനെ കുറിച്ചും റഷ്യൻ തിയറ്റർ പ്രതിഭയായ മെയർ ഹോൾഡിനെ കുറിച്ചും (Meyerhold) അവർ പ്രസിദ്ധപ്പെടുത്തിയ ഓർമക്കുറിപ്പുകൾ സാഹിത്യലോകത്ത് അത്ഭുതപ്പെടുത്തുന്ന പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. പിന്നീട് ജർമൻ തിയറ്ററിനെ കുറിച്ച് ഒരു പഠനഗ്രന്ഥവും അവരുടേതായി പുറത്തുവന്നിരുന്നു. പിൽക്കാലത്ത് റഷ്യയിൽ അവർക്ക് നേരിടേണ്ടതായിവന്ന ദുരന്തങ്ങൾമൂലം സ്റ്റാലിൻ 1953ൽ മരിക്കുന്നതുവരെയുള്ള നീണ്ട പതിനഞ്ചു വർഷക്കാലത്തെ ജയിൽവാസവും അവർക്കനുഭവിക്കേണ്ടതായി വന്നു. 1972ലാണ് അസ്യ മരണപ്പെടുന്നത്. പക്ഷേ, പ്രണയത്തിന്റെ ഭാവങ്ങൾ ശരിക്കും ഒരു ഫിക്ഷന്റെ തലത്തിലേക്ക് ഈ ഓർമക്കുറിപ്പുകളെ ധന്യമാക്കുന്നു. അവർക്കിടയിലെ ഇണക്കവും പിണക്കവും വൈകാരികമായ ഒത്തുചേരലുകളും ഉദാത്തമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.
അസ്യയെ കൂടാതെ റഷ്യൻ സന്ദർശനകാലത്ത് ആദ്യമായി ബെഞ്ചമിൻ അടുത്ത് പരിചയപ്പെടുന്ന മറ്റൊരു വ്യക്തിത്വമാണ് ബെൺഹാർഡ് റീഷ് (Bernhard Reich (1894–1972). അദ്ദേഹം ഒരു നാടകകൃത്ത്, സംവിധായകൻ, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനുമായിരുന്നു. അസ്യ ലാസിസിന്റെ ജീവിതകാലം മുഴുവനുള്ള സഹചാരിയുമായി ഈ പ്രതിഭ കഴിഞ്ഞുകൂടി. ശരിക്കുമിദ്ദേഹമൊരു ഓസ്ട്രിയൻ പൗരനായിട്ടാണ് ജീവിച്ചതെങ്കിലും 1920 കാലത്തിന്റെ മധ്യത്തിൽ സോവിയറ്റ് പൗരനായി മാറുകയായിരുന്നു. ബ്രെഹത്തിനെ കുറിച്ചുള്ള ഒരു ഏക വിഷയക പ്രബന്ധഗ്രന്ഥം (Monograph) അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. ഈ ഓർമപ്പുസ്തകത്തിൽ ബെഞ്ചമിനൊപ്പം ഈ രണ്ട് പ്രതിഭകൾക്കുമുള്ള സ്ഥാനം തീവ്രമായ ഒന്നാണ്.
റഷ്യൻ തിയറ്ററുമായി ബെഞ്ചമിനുണ്ടായിരുന്ന അടുപ്പം അത്രമേൽ ശക്തമായ ഒന്നായിരുന്നുവെന്ന് പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ തിരിച്ചറിയാനാകും. മോസ്കോ ഡയറിയിലെ അസ്യയുമായുണ്ടായ റൊമാന്റിക് അനുബന്ധ കഥകളെ തിരിച്ചറിയേണ്ടത് നിരാശാബോധത്തിന്മേലുള്ള തീവ്രമായ വർണനകളായിട്ടാണ്. ഒരു ലാത്വിയൻ വിപ്ലവകാരി കൂടിയായിരുന്ന അസ്യയെ 1924ൽ ആദ്യമായി കണ്ടുമുട്ടിയതു മുതൽ ബെഞ്ചമിനിലുണ്ടായ പ്രണയത്തുടിപ്പുകൾ നിശ്ശബ്ദമായ ഒരു സുന്ദരപ്രകൃതിയുടെ രൂപവും ഭാവവും ഉൾക്കൊണ്ടിരുന്നു. ആദ്യ ദർശനത്തിൽതന്നെ അദ്ദേഹത്തിന് തോന്നിയ വൈകാരിക അടുപ്പം ഏതു രീതിയിലാണ് കാണേണ്ടതെന്ന് പുസ്തകം വായിക്കുമ്പോഴും അവസാനമവർക്ക് വേദനയോടെ വേർപിരിയേണ്ടിവരുമ്പോഴും ആസ്വാദകരെ പൂർണമായും അസ്വസ്ഥരാക്കുന്ന ഒന്നാണ്: ഈ ഓർമപ്പുസ്തകത്തിന്റെ വായനയുടെ ധന്യമായ ഓർമകൾ ശരിക്കും ഒരു റൊമാന്റിക് കവിതയെപോലെ തന്നെയാണ്.
ഒരു ഡിസംബർ ഒമ്പതിനാണ് ബെഞ്ചമിൻ റഷ്യയിലെത്തിച്ചേരുന്നത്. ‘‘ആരെങ്കിലും സ്റ്റേഷനിൽ ഉണ്ടാകുമോ എന്ന ആശങ്കയിൽ ഹോട്ടലിന്റെ പേരും മേൽവിലാസവും മനസ്സിൽ ബോധപൂർവം സൂക്ഷിച്ചിരുന്നു. പ്ലാറ്റ്ഫോമിൽ ആരെയും കാണാതെ വന്നപ്പോൾ ഒന്നു പകച്ചു. അവസാനം ബെലൊ റഷ്യൻ ബാർടിക് സ്റ്റേഷനിൽനിന്നും പുറത്തേക്കിറങ്ങുമ്പോൾ ബെൺഹാർഡ് റീഷ് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ട്രെയിൻ കൃത്യസമയത്ത് തന്നെയാണവിടെ എത്തിച്ചേർന്നത്. ഒരു കുതിവണ്ടിയിലേക്ക് ഞങ്ങൾ സാധനങ്ങൾ കയറ്റിവെച്ചു. ശരിക്കും ചൂടുള്ള ഒരു ദിവസമായിരുന്നു അത്. ശിശിരമാസത്തിന്റെ ആവരണം അപ്പോഴും നിലനിന്നിരുന്നു. തെരുവിന്റെ ഒരു അരിക് ചേർന്നുനിന്നുകൊണ്ട് അസ്യ ഞങ്ങളെ നോക്കി കൈവീശി കാണിച്ചു. ആദ്യമായി അസ്യയെ കാണുമ്പോൾ അവളത്രമാത്രം സുന്ദരിയാണെന്ന് തോന്നിയതുമില്ല. റഷ്യൻ തൊപ്പിക്ക് താഴെ മുഖത്തെ ഭാവത്തിൽനിന്നുതന്നെ രോഗാതുരമായ അവസ്ഥ പ്രകടമായിരുന്നു. അടുത്ത ഒരു േഹാട്ടലിൽ നിർത്തി ചായകുടിച്ച ശേഷം സാനറ്റോറിയത്തിനടുത്തുള്ള പെയ്സ്ട്രിഷോപ്പിനരികിൽ വണ്ടി നിർത്തി. 1926ൽ സംഭവിച്ച (സെപ്റ്റംബറിൽ) മാനസിക തകരാറുമൂലമുണ്ടായ രോഗാവസ്ഥയിൽ അവൾ ചികിത്സക്കായി ഗോർക്കി തെരുവിനടുത്തുള്ള സാനറ്റോറിയത്തിൽ കഴിയുകയായിരുന്നു. ഹോട്ടലിലെത്തിച്ചേരുമ്പോൾ അസ്യയുടെ സഹമുറിയനായ ഭാരിച്ച ശരീരമുള്ള ടെക്സ്റ്റൈൽ തൊഴിലാളി അവിടെയുണ്ടായിരുന്നില്ല.’’ അവിടെനിന്നും തനിക്കായുള്ള ഹോട്ടൽ മുറിയിലേക്ക് റീഷിനൊപ്പം യാത്രയായി. ഭക്ഷണം കഴിച്ചതിന് ശേഷം ഞങ്ങൾ മെയർഹോൾഡിന്റെ തിയറ്ററിലേക്ക് വന്നു. അവിടെ ഗൊഗോളിന്റെ വിഖ്യാതമായ ‘ദി ഇൻെസ്പക്ടർ ജനറലിന്റെ’ നാടകാവിഷ്കാരത്തിന്റെ റിഹേഴ്സൽ നടക്കുന്നുണ്ടായിരുന്നു. അസ്യയുടെ പരിശ്രമങ്ങളൊന്നുംതന്നെ ഫലിച്ചില്ല. അവിടത്തെ ഒരു ടിക്കറ്റിനായുള്ള അവസരം ലഭിക്കാതെ പോയി. തിരിച്ച് നിരാശാബോധത്തോടെ ഹോട്ടലിലേക്ക് മടങ്ങേണ്ടിവന്നു: പിന്നീട് റീഷിനൊപ്പം അദ്ദേഹം അസ്യയെ കാണാൻ പോയി. രോഗാതുരമായ അവസ്ഥയിൽ സാന്ത്വനം പകരാനുള്ള യാത്രയിലൂടെ പ്രത്യേകമായൊരുണർവ് അവൾക്ക് ലഭിക്കുമെന്ന് പ്രത്യാശിച്ചു. അവൾക്കൊപ്പമിരിക്കുമ്പോൾ ബെഞ്ചമിന് താൻ ശരിക്കും ജെൻസ് പീറ്റർ ജേക്കബ് സണിന്റെ (ഡാനിഷ് നോവലിസ്റ്റ്) ഒരു നോവലിലെ കഥാപാത്രമാണെന്ന് തോന്നുകയും ചെയ്തു.
1926 ഡിസംബർ ആറു മുതൽ 1927 ജനുവരി അവസാനം വരെയുള്ള ഒരു കാലഘട്ടമാണ് ഈ ഡയറിക്കുറിപ്പുകളിൽ സജീവമായി നിലനിൽക്കുന്നത്. അസ്യ ലാസിസിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ലഹരിയിൽ ബെഞ്ചമിന് അവളോടുണ്ടായ ഗാഢമായ പ്രണയത്തിന്റെ ആവേശവും കെട്ടടങ്ങാതെ നിലനിന്നിരുന്നു. എൺപത്തിയെട്ടാമത്തെ വയസ്സിൽ 1979ൽ റഷ്യയിൽ അന്തരിക്കുമ്പോൾ റഷ്യൻ ഭൂമിക വലിയ ആദരവോടെയാണവളെ ഓർമിച്ചെടുത്തത്. സ്റ്റാലിന്റെ അധികാരം അദ്ദേഹത്തിന്റെ മരണത്തോടെ തകർന്നപ്പോൾ റഷ്യയിൽ എഴുത്തുകാർക്കും കലാകാരന്മാർക്കും വലിയ ഒരു വരവേൽപാണ് സ്വാഭാവികമായും ലഭിച്ചിരുന്നത്. ഒരു സമർപ്പിതയായ കമ്യൂണിസ്റ്റായാണ് അവളീ ഡയറിക്കുറിപ്പുകളിൽ ജീവിക്കുന്നത്. ഓസ്ട്രിയൻ നാടകകൃത്തും നിരൂപകനുമായ ബെൺഹാർട് റീഷിനോടുള്ള ഇഷ്ടം നിലനിൽക്കുമ്പോഴും ബെഞ്ചമിന്റെ റഷ്യയിലേക്കുള്ള ആഗമനം അവളിൽ കാര്യങ്ങൾക്ക് മാറ്റം സംഭവിച്ചു. വാൾട്ടർ ബെഞ്ചമിന്റെ ജീവിതത്തിന്റെയും അദ്ദേഹത്തിന്റെ രചനകളുടെയും സ്വാധീനം അവളെയാകെ മാറ്റിമറിക്കുകയും ചെയ്തു.
സ്റ്റാലിൻ മെക്സിക്കൻ ഭൂമികയിൽവെച്ച് തകർത്തുകളഞ്ഞ ടോട്സ്റ്റിയുടെ ഓർമകൾ, അദ്ദേഹത്തിന്റെ വിഖ്യാതമായ പ്രഭാഷണങ്ങൾ എല്ലാം ഒന്നൊന്നായി ചരിത്രത്തിൽനിന്നും പുസ്തകത്തിൽ നിറയുന്നു.
വെറുതെ വായിച്ചുതള്ളാനുള്ള ഒരു പുസ്തകമല്ല വാൾട്ടർ ബെഞ്ചമിന്റെ മോസ്കോ ഡയറി. ഓരോ പേജിന്റെയും കീഴെ ഇടം കണ്ടെത്തിയിരിക്കുന്ന മികച്ച പ്രതിഭകളെ കുറിച്ചുള്ള അടിക്കുറിപ്പുകൾ റഷ്യൻ സാംസ്കാരികതലങ്ങളുടെ ഹൃദയത്തിലൂടെയുള്ള ഒരു മഹദ് സഞ്ചാരമായി അനുഭവപ്പെടാം. എല്ലാറ്റിനും അതിന്റേതായ മികവുള്ള ജാലകങ്ങൾ തുറന്നുതരുന്നുണ്ട്. വായനക്കിടയിൽ ബോധപൂർവം അവയിലൂടെ കടന്നുപോവുകതന്നെ വേണം. ഡിസംബർ 19ന് അസ് യക്കൊപ്പം ട്രീറ്റിയക്കോപ് ഗാലറി കാണാൻ പോയതിന്റെ ഓർമകൾ അവളുടെ ആതുരാലയ ജീവിതസങ്കീർണതകൾക്കും ഒരു മോചനം കൊടുത്തതായി തോന്നി. മോസ്കോ തെരുവുകളിലെ സാധാരണ മനുഷ്യരുടെ അത്രക്കൊന്നും അറിയപ്പെടാത്ത സാന്നിധ്യവും വാൾട്ടറിന്റെ മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. മ്യൂസിയം ഓഫ് റെവലൂഷനെക്കാൾ തെരുവിലെ പാവപ്പെട്ട യാചകന്റെ ദൃശ്യത്തിലെ രൂപഭാവങ്ങൾ കൂടുതൽ മികവുള്ള ഒന്നായി അനുഭവപ്പെട്ടു. ഇടക്ക് അസ്യയുമായുണ്ടായ വഴക്കിടലിന്റെ ഇടയിൽ കയറി സാന്ത്വനത്തിനായി ശ്രമിക്കുന്ന റീഷിന്റെ ശ്രമങ്ങളും പിന്നീട് ഓർമിക്കുമ്പോൾ അശാന്തിയിലും സൗന്ദര്യം കണ്ടെത്തുന്നതിൽ സഹായകമായി തോന്നി.
ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്ന കറുപ്പും വെളുപ്പും ചിത്രങ്ങൾ അന്നത്തെ കാലഘട്ടത്തിന്റെ ഒരു പുനരാവിഷ്കരണമായി നമ്മോടൊപ്പം ചേർന്നുപോകുന്നു. അതുപോലെ തന്നെയാണ് ഇതിലൂടെ സജീവമാക്കുന്ന വ്യക്തികളെ കുറിച്ചുള്ള അടിക്കുറിപ്പുകളും ഒന്നും വിട്ടുപോകാതെ മനസ്സിരുത്തി വായിച്ചുകൊണ്ടു വേണം മുന്നോട്ടുപോകാൻ.