‘ചങ്ങല'യുടെ രാഷ്ട്രീയം’ -പി.കെ. പാറക്കടവ് എഴുതുന്നു
വടക്കേ മലബാറിലെ മുസ്ലിം സാമൂഹിക ജീവിതം വിശദമായി, വിപുലമായി അടയാളപ്പെടുത്തിയ ആദ്യ കൃതി യു.എ. ഖാദറിന്റെ ‘ചങ്ങല’യാണെന്ന് കഥാകൃത്തുകൂടിയായ ലേഖകൻ വാദിക്കുന്നു. വടക്കേ മലബാറിെന്റ മുസ്ലിം സാമൂഹിക ജീവിതത്തിന്റെ ആദ്യത്തെ ചരിത്രരേഖ എന്ന് വിശേഷിപ്പിക്കാവുന്ന, യു.എ. ഖാദറിന്റെ ‘ചങ്ങല’ എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ട് അര നൂറ്റാണ്ടിലേറെയായി. വടക്കേ മലബാറിലെ മുസ്ലിം സാമൂഹികജീവിതം ഇത്ര വിശദമായി, ഇത്ര വിപുലമായി അടയാളപ്പെടുത്തിയ മറ്റൊരു...
Your Subscription Supports Independent Journalism
View Plansവടക്കേ മലബാറിലെ മുസ്ലിം സാമൂഹിക ജീവിതം വിശദമായി, വിപുലമായി അടയാളപ്പെടുത്തിയ ആദ്യ കൃതി യു.എ. ഖാദറിന്റെ ‘ചങ്ങല’യാണെന്ന് കഥാകൃത്തുകൂടിയായ ലേഖകൻ വാദിക്കുന്നു.
വടക്കേ മലബാറിെന്റ മുസ്ലിം സാമൂഹിക ജീവിതത്തിന്റെ ആദ്യത്തെ ചരിത്രരേഖ എന്ന് വിശേഷിപ്പിക്കാവുന്ന, യു.എ. ഖാദറിന്റെ ‘ചങ്ങല’ എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ട് അര നൂറ്റാണ്ടിലേറെയായി. വടക്കേ മലബാറിലെ മുസ്ലിം സാമൂഹികജീവിതം ഇത്ര വിശദമായി, ഇത്ര വിപുലമായി അടയാളപ്പെടുത്തിയ മറ്റൊരു കൃതി ചങ്ങലയെപ്പോലെ മലയാള സാഹിത്യം അക്കാലംവരെ കണ്ടിരുന്നില്ല.
‘ചങ്ങലക്കു’ ശേഷം വന്ന ചങ്ങലയോളം ആഴമില്ലാത്ത മുസ്ലിം സാമൂഹികജീവിതം പശ്ചാത്തലമായി എഴുതിയ കൃതികൾ ആഘോഷിക്കപ്പെട്ടപ്പോഴും യു.എ. ഖാദറിന്റെ ഏറെ പഠനാർഹമായ ഈ കൃതിയെക്കുറിച്ച് മൗനംപാലിക്കുകയാണ് വലിയ എഴുത്തുകാരും നിരൂപകരുമൊക്കെ ചെയ്തത്. ഖാദർതന്നെ മുമ്പ് ‘മാധ്യമം വാർഷികപ്പതിപ്പി’ന്റെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ‘‘ ‘ചങ്ങല’ അച്ചടിച്ചുവന്ന പ്രസിദ്ധീകരണത്തിൽതന്നെ ഈ നോവൽ വരുന്നകാലത്ത് ഇത് വരാതിരിക്കാൻവേണ്ടി പല ശ്രമവും നടന്നു... എൻ.കെ. ദാമോദരന്റെ ആമുഖത്തോടെ അത് പുസ്തകമായത് എൻ.ബി.എസ് വഴിയായിരുന്നു. അക്കാലത്ത് ഇത് പുസ്തകമായപ്പോൾ എം.ആർ. ചന്ദ്രശേഖരൻ പറഞ്ഞത് ഇത് മുസ്ലിംകളുടെ ‘ഇന്ദുലേഖ’യാണെന്നാണ്. എങ്കിലും, അത് മുഖ്യധാരയിലെത്തിയില്ല. പിന്നീട് മറ്റു ചിലർ അതേ ജീവിതപശ്ചാത്തലംവെച്ച് നോവൽ എഴുതിയപ്പോൾ ആഘോഷിക്കപ്പെടുകയും ചെയ്തു.’’
‘ചങ്ങല’യിൽ ഉപ്പു കുറുക്കലും ബ്രിട്ടീഷുകാർക്കെതിരായ സമരവുമുണ്ട്. ജന്മി-കുടിയാൻ വ്യവസ്ഥയുടെ തകർച്ചയും മഹായുദ്ധത്തിന്റെ അലയൊലികളുമുണ്ട്. സുന്നി-മുജാഹിദ് തർക്കങ്ങളും അതിനുമുമ്പ് നോവലുകളിൽ വന്നിട്ടില്ല. ഇതിനെക്കാളുപരി ‘ചങ്ങല’യിലുള്ള ആഴത്തിലുള്ള രാഷ്ട്രീയവും യു.എ. ഖാദർ എന്ന എഴുത്തുകാരന്റെ നിലപാടുകളും കാണാതെ പോവരുത്.
തിത്തായി ബഡുവനെ ചാട്ടവാർകൊണ്ട് അടിക്കുന്നത് കണ്ട് കുതിരപ്പന്തിയിൽനിന്ന് ഹൈദറിെന്റ ശബ്ദം ഉയരുന്നത് കേൾക്കുക. ‘‘ഹംക്കേ, നിനക്ക് തല്ലാൻ വേറെ ആരും ല്ലടാ?’’ സർവപ്രതാപങ്ങളോടുംകൂടി ജീവിക്കുന്ന കുഞ്ഞാമു അധികാരിക്കെതിരെ ഉയരുന്ന ആദ്യത്തെ പ്രതിഷേധ ശബ്ദം. കോലോത്തു തറവാടും മേലെപ്പാടത്തു തറവാടും അവിടെ വാഴുന്ന കുഞ്ഞാമു അധികാരിയും അന്ത്രു ഹാജിയും മാത്രമല്ല, ‘ചങ്ങല’യിൽ മിഴിവോടെ വരുന്നത്. അടിമകളായി കഴിയുന്ന ഒരു ജനതയുടെ ചിത്രവും മുസ്ലിം സ്ത്രീകളുടെ അകത്തളങ്ങളിലെ സഹനത്തിന്റെ ചിത്രവും നോവലിസ്റ്റ് വരച്ചിടുന്നുണ്ട്.
ഇയ്യ്ണ്ണി, ഉപ്പുകുറുക്കൽ സമരത്തിനിടയിൽ കുഞ്ഞാമു അധികാരിയുടെ മുഖത്ത് നോക്കി ‘‘വെള്ളക്കാരന്റെ ചങ്ങലക്കിട്ട നായെ’’ എന്ന് വിളിക്കുന്ന ഒരു രംഗമുണ്ട്. പണ്ട് അധികാരിയുടെ കാലു തിരുമ്മി കൊടുക്കുന്ന അതേ ഇയ്യ്ണ്ണി, മുഹമ്മദ് അബ്ദുറഹ്മാന്റെയും കെ. കേളപ്പന്റെയും നേതൃത്വത്തിൽ നടക്കുന്ന ഉപ്പുകുറുക്കൽ സത്യഗ്രഹത്തിൽ പങ്കെടുക്കുമ്പോൾ ഉണ്ടാകുന്ന ധൈര്യം (മൂടാടിയിലെ നായരും കോഴിക്കോട്ടെ സാഹിബും എന്ന് നോവലിൽ).
ഒരുകാലത്ത് കുതിരച്ചാണകത്തിൽ മുങ്ങിക്കുളിച്ച ഹൈദർ, കോലത്തു തറവാട് വിലയ്ക്ക് വാങ്ങുന്നത് കാണാം. മാറ്റത്തിന്റെ ഒരു ചരിത്രംകൂടിയാണ് ‘ചങ്ങല’. എന്നും ഒന്നും ഒരുപോലെയായിരിക്കില്ല എന്ന കവിവചനം നമ്മെ ബോധ്യപ്പെടുത്തുന്ന എഴുത്തുകാരൻ. മുട്ടയിൽ വിരിഞ്ഞ പയ്യന്മാർക്കെല്ലാം ധിക്കാരത്തിന്റെ കാലംവരുമെന്നും വരണമെന്നും സ്വപ്നം കണ്ട എഴുത്തുകാരൻകൂടിയായിരുന്നു യു.എ. ഖാദറെന്ന് ‘ചങ്ങല’ ബോധ്യപ്പെടുത്തുന്നു.
ബ്രിട്ടീഷുകാരന്റെ മൂട് താങ്ങിയായ, കണ്ട ചാത്തനും പോത്തനും സ്വാതന്ത്ര്യം ലഭിച്ചാൽ അധികാരത്തിൽ വരുമെന്ന് പരസ്യമായി പറഞ്ഞ കുഞ്ഞാമു അധികാരിതന്നെയായിരുന്നു സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള കമ്മിറ്റിയുടെ അധ്യക്ഷനും. ഇന്നും സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത സവർക്കർമാർ ആഘോഷിക്കപ്പെടുന്ന കാലത്ത് ‘ചങ്ങല’യിൽ അരനൂറ്റാണ്ടു മുമ്പ് എഴുതിയ കാര്യങ്ങൾ പ്രസക്തമാണെന്ന് നാമറിയുന്നു.
ഏറ്റവും ഒടുവിൽ ഭീകരബന്ധം ആരോപിച്ച് ജയിലിൽ അകപ്പെട്ട് കസ്റ്റഡിയിൽ മരിച്ച സ്റ്റാൻ സ്വാമിയുടെ കഥ നമ്മുടെ മുന്നിലുണ്ട്. സ്റ്റാൻ സ്വാമിയുടെ കമ്പ്യൂട്ടറിൽ ഹാക്കർ രേഖകൾ സ്ഥാപിച്ചായിരുന്നു അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി ജാമ്യംപോലും ലഭിക്കാതെ തടവറയിലാക്കിയത് എന്ന സത്യം പുറത്തുവന്നിരിക്കുന്നു.
‘ചങ്ങല’യിലെ കോലോത്തു കുഞ്ഞാമു അധികാരിയുടെ വലിയ ഹിമാലയൻ രൂപങ്ങളാണോ ഇപ്പോഴും സിംഹാസനത്തിൽ?
കുഞ്ഞാമു അധികാരിക്ക് എതിരു നിൽക്കുന്നവരെല്ലാം അന്ന് രാജ്യദ്രോഹികൾ ആയിരുന്നു. ഇന്നത്തെ ഇന്ത്യനവസ്ഥയിൽ അരനൂറ്റാണ്ടിന് മുമ്പേ വന്ന ‘ചങ്ങല’ ഒരു രാഷ്ട്രീയ വായന ആവശ്യപ്പെടുന്നുണ്ട്.