എഴുതുേമ്പാൾ കണ്ണീരില്ലെങ്കിൽ വായിക്കുേമ്പാഴെങ്ങനെ അത് വരും?
ഏറെനാളത്തെ അലച്ചിൽ കഴിഞ്ഞ്, ലഹളയും ലഹരിയും കോപവും കലമ്പലും പിന്നിട്ട്, നാട്ടിൽ തിരിച്ചെത്തിയ യാത്രികയെപ്പോലെ ലോകമെമ്പാടും പുതുകാല കവിത പഴയ എടുപ്പുകളിലേക്ക്, ആദ്യ രുചികളിലേക്ക്, മറന്നുപോയ സ്വപ്നങ്ങളിലേക്ക് നൂഴുന്നുവെന്ന് എനിക്ക് തോന്നാറുണ്ട്. മനുഷ്യരുടെ ഏകാന്തതക്ക്, ഓർമകൾക്ക്, കാൽപനിക നൊമ്പരങ്ങൾക്ക് ഒച്ചപ്പെട്ടേ മതിയാവൂ, മനുഷ്യർക്ക് പാട്ടുകൾ കൂടിയേ തീരൂ, ഏതു കാലത്തും ഏതിടത്തും. ഏത് ഭാഷയിലും പാട്ടിന്റെ വേരുകൾ തിരഞ്ഞ കവികൾ...
Your Subscription Supports Independent Journalism
View Plansഏറെനാളത്തെ അലച്ചിൽ കഴിഞ്ഞ്, ലഹളയും ലഹരിയും കോപവും കലമ്പലും പിന്നിട്ട്, നാട്ടിൽ തിരിച്ചെത്തിയ യാത്രികയെപ്പോലെ ലോകമെമ്പാടും പുതുകാല കവിത പഴയ എടുപ്പുകളിലേക്ക്, ആദ്യ രുചികളിലേക്ക്, മറന്നുപോയ സ്വപ്നങ്ങളിലേക്ക് നൂഴുന്നുവെന്ന് എനിക്ക് തോന്നാറുണ്ട്. മനുഷ്യരുടെ ഏകാന്തതക്ക്, ഓർമകൾക്ക്, കാൽപനിക നൊമ്പരങ്ങൾക്ക് ഒച്ചപ്പെട്ടേ മതിയാവൂ, മനുഷ്യർക്ക് പാട്ടുകൾ കൂടിയേ തീരൂ, ഏതു കാലത്തും ഏതിടത്തും. ഏത് ഭാഷയിലും പാട്ടിന്റെ വേരുകൾ തിരഞ്ഞ കവികൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇന്ന് കവികൾ പിന്നെയും കൂടുതൽ കൂടുതൽ ഈണങ്ങൾ മൂളിത്തുടങ്ങുകയായി എന്ന് തോന്നുന്നു.
പോൾ ഹെൻറിയെ കണ്ടുമുട്ടിയത് തിരുവനന്തപുരത്തുെവച്ചാണ്, 2010 നവംബർ പകുതിയിൽ കനകക്കുന്നിൽ െവച്ചു നടന്ന ഹേ ഫെസ്റ്റിവലിൽ പോളിന്റെ കവിതാവായന ഉണ്ടായിരുന്നു. കൂടാതെ, വെൽഷ് കവി മെന്നാ എൽഫിനും ഒ.എൻ.വി കുറുപ്പിനും സച്ചിദാനന്ദനും ഒപ്പം ഒരു കാവ്യസംഭാഷണവും. കനകക്കുന്നിലെ പുൽപരപ്പിൽ ആകാശം നോക്കി ഒറ്റക്കു നിൽക്കുമ്പോഴാണ് ഞാൻ അടുത്തുചെന്ന് സംസാരിച്ചത്. കാരണമുണ്ട്. ഫെസ്റ്റിവലിനു മുന്നോടിയായി ഒരു പരിഭാഷാ ശിൽപശാല നടന്നിരുന്നു. പോൾ അതിൽ പങ്കെടുത്തിരുന്നില്ല, പക്ഷേ, അതിൽ പങ്കെടുത്ത മറ്റു വെൽഷ് കവികൾ പോൾ ഹെൻറിയെപ്പറ്റി ധാരാളം പറഞ്ഞു, എല്ലാ കവികൾക്കും പോൾ ഹെൻറിയോട് ആരാധനയോളമെത്തുന്ന മതിപ്പ്. എന്റെ സുഹൃത്ത് ഷാൻമെലാഞ്ജൽ ദാവീദ് പോൾ ഹെൻറിയുടെ കവിതകൾ കൂടുതലായി പരിചയപ്പെടുത്തുകയും ചെയ്തു. പുൽമൈതാനിയിലെ അന്നത്തെ ആ ചെറുസംഭാഷണം നീണ്ടില്ല. വെളുത്ത ഷർട്ടിട്ട് വിയർപ്പിൽ കുളിച്ചുനിന്ന് നവംബറിലെ തെളിഞ്ഞ ആകാശനീലയെപ്പറ്റിയും കൊല്ലുന്ന പകൽച്ചൂടിനെപ്പറ്റിയും ചില വാക്കുകൾ, അപ്പോഴേക്കും സംഘാടകരാരോ കൂട്ടിക്കൊണ്ടുപോകാൻ വന്നു. പിന്നെക്കാണാം എന്നുപറഞ്ഞ് വിലാസമോ നമ്പറോ കൈമാറാതെ പിരിയുമ്പോൾ പിന്നെക്കാണുന്നതിനെപ്പറ്റി ഞാൻ ആലോചിച്ചതേയില്ല. കേരളത്തിൽ വന്ന് ഹേ ഫെസ്റ്റിവലിൽ പങ്കെടുത്തതിനെപ്പറ്റി കവി ഒരു കുറിപ്പെഴുതിയത് പിന്നീട് കണ്ടു. കനകക്കുന്നിന്റെ പച്ചപ്പും ഗരിമയും ആണ് കവിയെ ആകർഷിച്ചിരിക്കുന്നത്. ഒപ്പം വേദി പങ്കിട്ട വിക്രം സേത്തിനെയും സച്ചിദാനന്ദനെയും പറ്റി പരാമർശിച്ചിട്ടുണ്ട്, മനുഷ്യഭാഷയുടെ നിഗൂഢതയെപ്പറ്റിയുള്ള ജോർജ് സ്റ്റെയ്നറുടെ വാക്കുകൾ ഓർത്ത്, കവിതകൾ അവയുടെ പരിഭാഷകളിലൂടെ എത്തിച്ചേരുന്ന കൂടുതൽ ആഴവും സമഗ്രതയുമുള്ള മൂന്നാമതൊരു ഭാഷയെപ്പറ്റി പറഞ്ഞ്, സച്ചിദാനന്ദന്റെ ‘മുൾച്ചെടി’ എന്ന കവിതയിൽനിന്ന്
“ഞാൻ മറ്റൊരു സൗന്ദര്യം സൃഷ്ടിക്കുന്നു,
നിലാവിന്നപ്പുറം,
കിനാവിന്നിപ്പുറം,
കൂർത്തു മൂർത്ത
ഒരു സമാന്തര ഭാഷ”
എന്ന വരികൾ (ഇംഗ്ലീഷ് പരിഭാഷയിൽ) എടുത്തെഴുതിയിട്ടുമുണ്ട്. സച്ചിദാനന്ദനോട് കുറച്ചുകൂടി സംസാരിക്കേണ്ടിയിരുന്നു എന്നൊരു വിചാരവും കൂട്ടിച്ചേർത്തിരിക്കുന്നു. കേരളത്തെപ്പറ്റിയോ തിരുവനന്തപുരത്തെപ്പറ്റിയോ കൂടുതലൊന്നും അറിയാനുള്ള അവസരമില്ലാതെ കവി ഫെസ്റ്റിവലിൽ പങ്കെടുത്ത് തിരികെപ്പോെയന്ന് വ്യക്തം.
പാട്ടുകാരനാണ് പോൾ ഹെൻറി. പാട്ടെഴുത്തുകാരനും കവിയും. വാക്കിന്റെ സംഗീതം, അളവറ്റ ഭാവന, പുതുസങ്കൽപങ്ങൾ, ഉള്ളിൽ തൊടുന്ന എഴുത്ത് എന്നെല്ലാമാണ് പോൾ ഹെൻറിയെപ്പറ്റി നിരൂപകർ ആവർത്തിച്ചു പറയാറുള്ളത്; കവികളുടെ കവി എന്നും. അത് ശരി തന്നെ. 2017ൽ ഞാൻ വെയിൽസ് സന്ദർശിക്കാൻ പുറപ്പെടുമ്പോൾ എന്റെ ഉറ്റസുഹൃത്ത് മലയാളത്തിലെ പാട്ടെഴുത്തുകാരനും കവിയുമായ അൻവർ അലി ആവശ്യപ്പെട്ടത്, നിനക്ക് പോൾ ഹെൻറിയെ കാണാൻ പറ്റിയാൽ എനിക്ക് പരിചയപ്പെടുത്തിത്തരണം എന്നായിരുന്നു. പോൾ ഹെൻറിയുടെ കവിതയോടുള്ള പൊതുവായ ഇഷ്ടം പലപ്പോഴും ഞങ്ങളെ ആ കവിതകളെപ്പറ്റിയുള്ള സംഭാഷണങ്ങളിലെത്തിച്ചിരുന്നു. തിരുവനന്തപുരത്തെ ഹേ ഫെസ്റ്റിവലിനെ തുടർന്ന് ഞങ്ങൾ വായിച്ച വെൽഷ് കവികളിൽ അൻവറിന് ത്വും മോറിസ്, എയ്റിഗ് സാലിസ്ബറി എന്നിവർക്കൊപ്പം, അല്ല അവരേക്കാളധികം പോൾ ഹെൻറി പ്രിയമായിത്തീർന്നിരുന്നു. പാട്ടെഴുതി പാട്ടെഴുതി കവിതയിലെത്തിയ ആളാണ് പോൾ ഹെൻറി. പാട്ടുകാരൻ കവി. അൻവർ അലി നേരേ മറിച്ചും. പിന്നീട് പിന്നീട് പാട്ടെഴുത്തുകാരനായിത്തീർന്ന കവി. അതുകൊണ്ടുതന്നെയാവാം അൻവറിന് പോൾ ഹെൻറിയോട് പ്രത്യേകമായ ഇഷ്ടം ഉണ്ടായത്. അതിനിടെ അൻവർ ഒന്നുരണ്ട് കവിതകൾ നന്നായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. 2017ലെ ആ സന്ദർശനത്തിൽ പുസ്തകനഗരമായ ഹേയിലെ ഫെസ്റ്റിവൽ കഴിഞ്ഞ് അരദിവസം ഞാൻ തെരുവു പുസ്തകക്കടകൾ നിരങ്ങി പോൾ ഹെൻറിയുടെ ലഭ്യമായ പുസ്തകങ്ങളെല്ലാം വാങ്ങി. ഔട്ട് ഒാഫ് പ്രിന്റ് ആയ പല രണ്ടാംകൈ പുസ്തകങ്ങൾക്കും മുടിഞ്ഞ വിലയാണ്, എങ്കിലും കിട്ടിയ പുസ്തകങ്ങൾ എല്ലാം വാങ്ങി. ഒന്നിച്ചൊരു പരിഭാഷ ഞാനും അൻവറും ആലോചിച്ചിരുന്നു.
വെയിൽസിലെ മുന്നേ നിശ്ചയിച്ച എന്റെ പരിപാടികളിൽ പോൾ ഹെൻറിയെ കാണൽ ഉൾപ്പെട്ടിരുന്നില്ല. എപ്പോഴും ക്ലാസുകളും കവിത പാടലും ഒക്കെയായി തിരക്കിലായ പുള്ളിയെ കാണൽ അത്ര എളുപ്പവുമല്ല. അതുകൊണ്ട് വെയ്ൽസിൽ എത്തിയപ്പോൾ മുതൽ ഞാൻ പോൾ ഹെൻറിയെ ബന്ധപ്പെടാൻ ശ്രമിച്ചു. ഞങ്ങൾക്ക് പരസ്പരം സൗകര്യമായ ഒരു സമയം ഒത്തുവരാൻ പ്രയാസപ്പെട്ടു. ഒടുവിൽ വെയിൽസിലെ സാഹിത്യമന്ദിരം എന്ന് പറയാവുന്ന വെയിൽസ് ലിറ്ററേച്ചർ ഹൗസിൽ പോൾ ഒരു പ്രഭാഷണത്തിന് എത്തുന്ന ദിവസം തമ്മിൽ കാണാമെന്ന് ഞങ്ങൾ ഉറപ്പിച്ചു. എന്റെ നിർബന്ധത്തിനു വഴങ്ങി സുഹൃത്ത് ഷാൻ ദീർഘദൂരം കാറോടിച്ച് എന്നെ അവിടേക്ക് കൊണ്ടുപോയി.
ഞങ്ങളെത്തുമ്പോൾ കവി ലിറ്ററേച്ചർ ഹൗസിന്റെ പിന്നിലെ വരാന്തയിൽ ഇരിക്കുകയാണ്. വേലി വളച്ചുകെട്ടിയ പിന്മുറ്റത്ത്, ശൈത്യം കഴിഞ്ഞ് തണുപ്പ് കുറഞ്ഞുവരുന്നതിന്റെ സന്തോഷം കുറേശ്ശ പ്രകടിപ്പിച്ചു തുടങ്ങുന്ന മരങ്ങൾ. ചിന്ന ചിന്ന കിളികൾ. ആകാശം. അതൊക്കെ നോക്കി സിഗരറ്റ് പുകച്ചിരിക്കുന്ന കവി. ഭക്ഷണം കഴിക്കണം, എന്നോട് സംസാരിക്കണം, അവിടെ നടക്കുന്ന യുവ എഴുത്തുകാരുടെ ശിൽപശാലയിൽ ക്ലാസെടുക്കണം, രണ്ടര മണിക്കൂറിൽ തിരിച്ചുപോകുകയും വേണം. പക്ഷേ ആളിന് അതിന്റെ തിടുക്കമൊന്നും കാണുന്നില്ല. ഞാനും ഒപ്പമിരുന്നു. ഞങ്ങൾ പഴയ കനകക്കുന്നിലെ ഫെസ്റ്റിവലിനെപ്പറ്റി ഓർമിച്ചു, കേരളത്തെപ്പറ്റിയും വെയ്ൽസിനെപ്പറ്റിയും ചില ചില്ലറ വിവരങ്ങൾ കൈമാറി. ഇഷ്ടപ്പെട്ട കവികളെ, പ്രത്യേകിച്ച് അന്യഭാഷാ കവികളെ കണ്ടുമുട്ടുമ്പോൾ അഭിമുഖത്തിന്റെ ശൈലിയിൽ ചോദ്യങ്ങൾ ചോദിക്കാനോ പടം പിടിക്കാനോ ഞാൻ സാധാരണ മുതിരാറില്ല. അവർക്കൊപ്പം എന്തെങ്കിലും സംസാരിച്ചോ നിശ്ശബ്ദമായോ സമയം ചെലവിടാറാണ് പതിവ്. ചിലപ്പോഴെങ്കിലും അതിലെനിക്ക് ഖേദിക്കേണ്ടി വന്നിട്ടുമുണ്ട്. പ്രിയകവി മുരീദ് ബർഗൂതിയെ തുടർച്ചയായി മൂന്നു ദിവസം ഡൽഹിയിൽ െവച്ച് കണ്ട് വളരെ നേരം ഒന്നിച്ച് ചെലവഴിച്ചിട്ടും, ഒന്നിച്ചൊരു പടമെടുക്കാൻ ഞാനോർത്തില്ലല്ലോ എന്ന് അദ്ദേഹം ഓർക്കാപ്പുറത്ത് മരിച്ചുപോയപ്പോൾ എനിക്ക് സങ്കടം തോന്നിയിട്ടുണ്ട്. പോൾ ഹെൻറിയെ കാണാൻ അത്രയേറെ ബുദ്ധിമുട്ടിയെത്തിയതിന്റെ പ്രധാന ഉദ്ദേശ്യം അൻവർ അലിയെക്കൂടി പരിചയപ്പെടുത്തുക എന്നതാണ്. നാലാമത്തെ സിഗരറ്റിന്റെ അവസാനം ഞാൻ അൻവറിനെപ്പറ്റി (അൻവറിനോട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത അത്യുഗ്രവിശേഷണങ്ങളോടെ) ഒരവതരണം നടത്തി. ഞങ്ങൾക്ക് കവിതകൾ പരിഭാഷപ്പെടുത്തി പുസ്തകമാക്കാൻ താൽപര്യമുണ്ടെന്നും അറിയിച്ചു. ‘‘അൻവറിനെ ഫോണിൽ വിളിക്കട്ടെ? സംസാരിക്കുന്നതിൽ വിരോധമില്ലല്ലോ?” വിരോധമുണ്ടാവേണ്ട കാര്യമില്ല. ഉണ്ടെങ്കിലും അതിനൊരിടകൊടുക്കാതെ ഞാൻ അൻവറിനെ വിളിച്ചു. മേൽക്കൂരയിലെ മഴപോലെ നിർത്തില്ലാതെ ഉറക്കെയുറക്കെച്ചിതറുന്ന അൻവറിന്റെ വാക്കുകൾ പോൾ ഹെൻറിക്കോ ഇറവെള്ളംപോലെ പതുക്കപ്പതുക്കെ ഇറ്റുവീഴുന്ന പോൾ ഹെൻറിയുടെ വാക്കുകൾ അൻവറിനോ എത്രത്തോളം പരസ്പരം കിട്ടിയെന്ന് ദൈവത്തിനറിയാം. കണക്ടിവിറ്റി അനുവദിച്ചിടത്തോളം ചിലമ്പലും മുറിയലും ചീറ്റലും ഒക്കെയായി അതു തുടർന്നു. എന്തായാലും രണ്ടുപേരും തമ്മിൽ കണ്ടല്ലോ എന്ന് ഞാൻ സന്തോഷിച്ചു. സംഭാഷണം അവസാനിപ്പിക്കുമ്പോൾ അൻവർ പറഞ്ഞു: “നമ്മളെല്ലാം ഒരേ കവിതയിലെ വരികൾ തന്നെ.” കൈയിലുണ്ടായിരുന്ന പുസ്തകങ്ങളിൽ രണ്ടെണ്ണം എനിക്കും ബാക്കിയുള്ളവ അൻവറിനും വേണ്ടി ഞാൻ കൈയൊപ്പിട്ടു വാങ്ങി. ആ വിരലുകൾക്കിടയിൽ അന്ന് എരിഞ്ഞുകൊണ്ടേയിരുന്ന സിഗരറ്റുകളിലൊന്ന് പിന്നീട് ഞാൻ കണ്ടത് കവിയുടെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരമായ ‘കറുത്ത ഗിറ്റാറി’ന്റെ പുറംചട്ടയിലാണ്. കാലിന്മേൽ കാൽ െവച്ചിരിക്കുന്ന കവിയുടെ ചുമലിനു താഴെമാത്രം കാണുന്ന ചിത്രം. വലംകാൽമുട്ടിൽ വെച്ചിരിക്കുന്ന ഇടംകൈയിൽ ചൂണ്ടുവിരലിനും നടുവിരലിനും ഇടയിൽ എരിയുന്ന സിഗരറ്റ്. കവിയുടെ മുഖമില്ല, കൈയിലെ സിഗരറ്റ് ഉണ്ട്.
നാട്ടിൽ തിരിച്ചെത്തിയപ്പോൾ പോൾ ഹെൻറിയുടെ ഇ-മെയിൽ കാത്തുകിടന്നിരുന്നു: തന്റെ പ്രസാധകർക്ക് താൽപര്യമുണ്ട്, മലയാള പരിഭാഷ മുന്നോട്ടുപോകുകയാണെങ്കിൽ താൻ പ്രസാധകരുമായി ബന്ധപ്പെടുത്താം എന്ന്. അൻവറിനോടുംകൂടി സംസാരിച്ച്, അവനെക്കൂടി ചേർത്ത് ഞങ്ങൾക്ക് ഒരേപോലെ പ്രിയപ്പെട്ട കവിക്ക് ഞാൻ മറുപടിയിട്ടു. തുടർന്നുള്ള അവരുടെ സംഭാഷണങ്ങളെപ്പറ്റി ദീർഘകാലം ഞാൻ പിന്നെയൊന്നും അറിഞ്ഞില്ല. അൻവർ പോൾ ഹെൻറിയുടെ കവിതകൾ പരിഭാഷപ്പെടുത്തി ഒരു സാഹിത്യ ഗ്രാന്റിന്റെ സഹായത്തോടെ പുസ്തകമാക്കുന്നു എന്ന് അടുത്തിടെ പരാമർശിച്ചു കേട്ടു. അത് വായിക്കാൻ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
പാട്ടുകാരുടെ കുടുംബത്തിലാണ് പോൾ ഹെൻറിയുടെ ജനനം. അമ്മ പ്രഫഷനൽ ഗായികയായിരുന്നു. വീട്ടിലെ പാട്ടിന്റെ ആധിക്യം കാരണം അൽപം നിശ്ശബ്ദതക്കുവേണ്ടി താൻ പലപ്പോഴും പുറത്തുപോയി കാൽപന്തു കളിക്കുകയോ മീൻ പിടിക്കുകയോ ചെയ്യുമായിരുന്നു എന്ന് പോൾ ഹെൻറി ഒരഭിമുഖത്തിൽ പറയുന്നുണ്ട്. ഇതോടൊപ്പം പരിഭാഷപ്പെടുത്തി ചേർത്തിട്ടുള്ള പന്ത്രണ്ട് എന്ന കവിതയിൽ പറയുന്നത്, താൻ പന്ത്രണ്ടാമത്തെ വയസ്സിൽ അൽപം നിശ്ശബ്ദതക്കുവേണ്ടി വേലിയ്ക്കലിരിക്കുന്ന പാട്ടുകിളിയെ പാടിക്കൊണ്ടിരിക്കെ കൊന്നുവെന്നാണ്! കവി പറയുന്നു: “പാട്ടിലൂടെയാണ് കവിതയിലെത്തിയതെങ്കിലും കവിതയുടെ കൂടുതലായ നിശ്ശബ്ദതയാണ്, കവിതയുടെ ഉള്ളിലൊളിച്ച സംഗീതമാണ് എന്നെ ഉത്തേജിപ്പിച്ചത്. കിളിയെ കൊല്ലുകയെന്ന രൂപകം സൂചിപ്പിക്കുന്നത് ഈ തേടലിനെയാണ്.”
ശബ്ദത്തിന്മേലാണ് പാട്ടുകൾ ഉണ്ടാവുക, നിശ്ശബ്ദതക്കുമേൽ കവിതകളും. പാട്ടിനും കവിതക്കും ഇടക്കുള്ള അതിരുകൾ മായ്ച്ച പാട്ടുകവികൾ പലരുണ്ട്. അവരിൽ ബോബ് ഡിലൻ ഒടുവിൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനിതനുമായി. ബോബ് ഡിലനെപ്പോലെ പാട്ടെഴുതാൻ ശ്രമിച്ച് പിന്നീട് ഡിലൻ തോമസിന്റെ കവിതയിൽ ആകൃഷ്ടനായി കവിതയെഴുത്തിലെത്തി എന്നാണ് ഒരഭിമുഖത്തിൽ തന്റെ സഞ്ചാരത്തെപ്പറ്റി പോൾ ഹെൻറി പറയുന്നത്. ഡിലൻ തോമസിന്റെ കവിത താൻ കേട്ടിട്ടുള്ള ഏതൊരു പാട്ടിനെക്കാളും ഉള്ളിലേക്കിറങ്ങിച്ചെന്നു എന്ന്: “കൊളുത്തിവലിക്കുന്ന ആദ്യ വരികൾ, ഈ ആദ്യ വരികളുടെ കൊളുത്തിലാണ് പാട്ടിന്റെ ബാക്കി വരികൾ മനോഹരമായി തൂങ്ങിക്കിടക്കുന്നത്. ജനപ്രിയമായ മിക്കവാറും എല്ലാ പാട്ടുകളും ഒരൊറ്റ വരിയോ പ്രയോഗമോ കൊണ്ടായിരിക്കും കാതുകളിൽ പുലരുക. ഗംഭീരമായ ഒരൊറ്റ വരി, അതു മതി നല്ലൊരു പാട്ടിന്.” ശരിയാണ്. പ്രശസ്തമായ മിക്കവാറും പാട്ടുകൾ അങ്ങനെതന്നെ. ആദ്യവരികളിലാണവയുടെ തൂങ്ങിയാട്ടം.
ബ്രിട്ടീഷ് കവിയും നോവലിസ്റ്റും പരിഭാഷകയുമായ ഷീനാ പ്യൂ അസൂയയോടെയാണ് പോൾ ഹെൻറിയെപ്പറ്റി പറയുന്നത്: “ഞാൻ ആയിത്തീരാൻ ആഗ്രഹിക്കുന്ന കവി ആരോ അതാണ് പോൾ ഹെൻറി. എന്നെങ്കിലും ഞാനൊരു ജിന്നിനെ കണ്ടുമുട്ടിയാൽ, എനിക്ക് മൂന്നു വരങ്ങൾ കിട്ടിയാൽ ഞാൻ ചോദിക്കുക ഇതായിരിക്കും: “പോൾ ഹെൻറിയുടെ സംഗീതാത്മകത, പശ്ചാത്തല കഥകളുടെ ഉപയോഗം, വായനക്കാരെ വിടാതെ പിന്തുടരുംവിധം അനുരണനങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ്.”
എന്തുകൊണ്ട് പോൾ ഹെൻറി എന്നചോദ്യത്തിന് എന്റെയും ഉത്തരങ്ങൾ ഏതാണ്ടിങ്ങനെയൊക്കെത്തന്നെ; ഷീനാ പ്യൂവിനെപ്പോലെ ഞാൻ പോൾ ഹെൻറി ആയിത്തീരാൻ ആഗ്രഹിക്കുന്നില്ല എന്നു മാത്രം. ഇഷ്ടക്കുറവുകൊണ്ടല്ല അത്, അങ്ങനെയാഗ്രഹിക്കുക അസംഗതമെന്ന് കരുതുകയാലും ഇനി അഥവാ ആഗ്രഹിക്കുന്നെങ്കിൽതന്നെ മലയാള മഹാകവികൾ അഞ്ചാറുപേർ ഉള്ളിൽ കുടിപാർക്കയാലും ആണ്. വളരെ കൃത്യമായ, സവിശേഷമായ ജീവിതസന്ദർഭങ്ങളിൽ –കാലത്തിൽ, ഇടത്തിൽ, മനുഷ്യരിൽ, ഒക്കെയാണ് പോൾ ഹെൻറിയുടെ കവിതകൾ ഉയിരെടുക്കുന്നതും ഉരുവംകൊള്ളുന്നതും. കുട്ടിക്കാലത്തെ ഇടങ്ങൾ, ആളുകൾ, അനുഭവങ്ങൾ എല്ലാം അപ്പടി, പേരും ഊരും അടയാളങ്ങളും സഹിതം കവിതയിലേക്ക് കടക്കുന്നു. ഉദാഹരണത്തിന് ‘സന്ദർശകർ’ എന്ന കവിതാ സീരീസ് കുട്ടിക്കാലത്ത് തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന സ്ത്രീകളെപ്പറ്റിയുള്ളതാണ്. ഇമ്മാതിരി വ്യക്തിപരമായിരിക്കുന്നതുകൊണ്ടു തന്നെ, വായിക്കുന്നവർക്ക് ഒരുതരത്തിലും കുടഞ്ഞെറിയാൻ കഴിയാത്ത ഒരു സ്പർശം ആ കവിതകൾ നീട്ടുന്നു. അനുഭൂതിപരമായ സാർവലൗകികത ആ സ്പർശത്തിലുണ്ട്. ‘സന്ദർശകർ’ എന്ന സീരീസിൽനിന്ന് ഒറ്റനീട്ടിൽ പരിഭാഷപ്പെട്ടുവന്ന കവിത ‘ബ്രോൺ എ സ്ലാൻ’ അതേ പേരുള്ള സ്ഥലത്തു െവച്ച് കണ്ടുമുട്ടിയ ഒരു സഹ എഴുത്തുകാരിയെപ്പറ്റിയാണ്. ഏതെങ്കിലും സാഹിത്യസഹവാസ ക്യാമ്പിലാകാം. ആകപ്പാടെ ഈർഷ്യയും കൊള്ളിവാക്കും കയ്പും ഒക്കെയായി ഒരുവൾ. കവിതയുടെ അവസാന വരിയിൽ ഒരു നിമിഷത്തിൽ പൊടുന്നനെ അവളുടെ ഹൃദയം പൊട്ടിയൊഴുകുകയാണ്. കവിക്ക് അവളോട് അവ്യക്തമായ ഒരാകർഷണമുണ്ട്, സഫലമാകാത്ത ഒന്ന്. ആരായിരിക്കാം അവൾ? ആരുമാകാം.
പോൾ ഹെൻറിയുടെ വാക്കുകളിൽ ഇണങ്ങിച്ചേരുന്ന സംഗീതത്തെപ്പറ്റി വിസ്തരിക്കേണ്ടതില്ല. ഗിറ്റാർ വായിച്ച് പാടുന്ന കവിയുടെ വിഡിയോകൾ നെറ്റിൽ ലഭ്യമാണ്. പല നല്ല കവികളേയും പോലെത്തന്നെ, കടലാസിലല്ല അദ്ദേഹത്തിന്റെ കവിത പിറക്കുന്നത്. നാവിൽ കിടന്നുരുണ്ടു കളിച്ച് എഴുന്നേറ്റ് നടന്ന് കടലാസിലേക്ക് കാലെടുത്തു വെക്കുകയാണ് കവിതകൾ. കിളിയുടെ പാട്ടിന്റെ സംഗീതത്തെക്കാൾ ചിറകിന്റെ ഒച്ചയും താളവും ഒഴുക്കും ആണ് ആ കവിതകൾക്കുള്ളതെന്നാണ് എന്റെ തോന്നൽ. എനിക്ക് ആളിനെ ഇഷ്ടമാകാനുള്ള മറ്റൊരു കാരണം കാൽപനികതയുടെ കാലഹരണപ്പെടാത്ത ഒരു കാവ്യലോകം ആൾ സൃഷ്ടിച്ചിരിക്കുന്നു എന്നതാണ്. അത് ലോലമാണോ? ഗൃഹാതുരമാണോ? പ്രേമ, നഷ്ട, വിഷാദഭരിതമാണോ? അതേ, പക്ഷേ, ലോലമായതിനെയെല്ലാം വീഴാതെ നിർത്തുന്ന, ജലസസ്യങ്ങളുടെ അടിവേർപടർച്ച പോലെയെന്തോ ഒന്ന് സകലകവിതകളുടെയും മേൽപരപ്പിനു കീഴേ പിണഞ്ഞുകിടപ്പുണ്ട്. യാഥാർഥ്യത്തിൽ കാലൂന്നിനിന്നുള്ള സ്വപ്നം കാണൽ, പിന്നോട്ട് പിന്നോട്ട് നോക്കി കഴിഞ്ഞതെല്ലാം ഓർമയിൽനിന്ന് പെറുക്കിയെടുത്ത് അടുക്കിവെക്കാനുള്ള ത്വര. കോൺക്രീറ്റിൽ അടിത്തറ, മേഘങ്ങളിൽ മേൽക്കൂര.
ഈ കുറിപ്പെഴുതുന്നതിനിടയിൽ പോളുമായി നടന്ന സംഭാഷണങ്ങളിൽ ഞാൻ വെയ്ൽസിലെ ഞങ്ങളുടെ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പങ്കുവെച്ചിരുന്നു. പക്ഷേ, താൻ സിഗരറ്റുവലിച്ചുവെന്ന് സമ്മതിക്കാൻ പോൾ തയാറല്ല. കടുത്ത ചായകുടിക്കാരനാണെങ്കിലും താൻ സിഗരറ്റുവലിക്കാരനല്ല എന്നാണ് പോൾ പറയുന്നത്.
“അപ്പോൾ കവീ, നിങ്ങൾ അന്നു വലിച്ച ആ നാലു സിഗരറ്റുകളോ?’’
“അത് എന്റെ കൂടെ ക്ലാസെടുക്കൻ വന്ന മറ്റേയാളാണെന്നാണ് തോന്നുന്നത്.”
“എരിയുന്ന സിഗരറ്റുകൾ മാത്രമല്ല, പുകയും ചാരവും ബാക്കിയായ കുറ്റികളും കൂടി ഞാൻ കണ്ടു…”
“അതെയോ? എങ്കിൽപിന്നെ ഞാൻ വലിക്കാരനാണോ അല്ലയോ എന്നൊന്നും നോക്കാനില്ല, വലിച്ചെങ്കിൽ വലിച്ചു. അത്രതന്നെ.”
“ഇംഗ്ലീഷിലെഴുതുന്ന, ഇംഗ്ലീഷിൽ പാടുന്ന കവീ, മാതൃഭാഷയായ വെൽഷിനോടുള്ള ബന്ധമെന്താണ്?’’
‘‘വീട്ടിലെ സംസാരഭാഷ വെൽഷ്, പക്ഷേ ഞാനും എന്റെ പെങ്ങളും ഇംഗ്ലീഷിൽ സംസാരിക്കണം, അതായിരുന്നു ചിട്ട. എന്റെ അച്ഛനമ്മമാർ ഇംഗ്ലീഷിനെ പുതിയ അവസരങ്ങളുടെ ഭാഷയായി കണ്ട തലമുറക്കാരാണ്. ഭാഗ്യത്തിന് പ്രൈമറി ക്ലാസിൽ വെൽഷ് കൂടി പഠിപ്പിക്കുന്ന പള്ളിക്കൂടത്തിൽ പോയതുകൊണ്ടാണ് എനിക്ക് നന്നായി വെൽഷ് സംസാരിക്കാൻ കഴിയുന്നത്. എങ്കിലും നിർഭാഗ്യവശാൽ, ഞാൻ ചിന്തിക്കുന്നത് ഇംഗ്ലീഷിലാണ്. വെൽഷിൽ ചിന്തിച്ചിരുന്നെങ്കിൽ എന്ന്, എന്റെ കവിതകളെല്ലാം വെൽഷിൽ എഴുതപ്പെട്ടിരുന്നെങ്കിൽ എന്ന്, എനിക്കാഗ്രഹമുണ്ട്. വെൽഷിൽ ഞാൻ പാട്ടുകളൊക്കെ എഴുതിയിട്ടുണ്ട്, പക്ഷേ എന്റെ കവിതകളെല്ലാം ഇംഗ്ലീഷിലാണ് വരിക.”
“എന്താണ് ഏറ്റവും വലിയ ഭയം?’’
“എന്റെ ഏറ്റവും അഗാധമായ ഭയം, കവിതകൾ അവരുടെ സന്ദർശനം അവസാനിപ്പിച്ചുകളയുമോ എന്നതാണ്. എനിക്കുറപ്പാണ്, ഒരുദിവസം അവർ തീർച്ചയായും വരാതെയാകും. ഒരു വ്യക്തിയെന്ന നിലയിലാവട്ടെ, പ്രപഞ്ചഘടികാരസൂചിയിൽ തുടിക്കുന്ന മഹാഭയം, മരണഭയം; അതാണെന്റെ ഭയം. അതും പിന്നെ ഇന്നത്തെ എന്റെ ചായക്കുള്ള പാല് തീർന്നുപോകുമോ എന്ന ഭയവും.”
“ഇരുട്ടെന്നാൽ നിങ്ങൾക്ക് എന്താണ്?”
‘‘എനിക്ക് ഇരുട്ടെന്നാൽ, നിരാശാബോധമാണ്. പക്ഷേ, നാട്ടിടവഴികളിലൂടെ രാത്രിയിൽ വെറുതേയങ്ങനെ നടക്കാൻ എനിക്കിഷ്ടവുമാണ്.”
എഴുത്തുകാരനായിരിക്കുന്നതിൽ ഏറ്റവും പ്രയാസമുള്ള കാര്യം എന്താണെന്ന ചോദ്യത്തിന് ഒരഭിമുഖത്തിൽ പോൾ ഹെൻറി പറയുന്ന മറുപടി എക്കാലത്തും ലോകമെങ്ങുമുള്ള കവികളുടെ അപരിഹാര്യമായ സങ്കടമാണ്. കവി പറയുന്നു: “അതിജീവനമാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. അനേക വർഷങ്ങൾ ഓരോ ദിവസവും പുറത്തുപോയി പണിയെടുക്കുമ്പോഴും സ്വന്തം കലക്കു ചുറ്റും എങ്ങനെ ഒരു സംരക്ഷണവലയം സൂക്ഷിക്കും എന്നത്. ജീവിക്കാൻ വേണ്ടിയുള്ള തത്രപ്പാടിൽ ചെയ്യേണ്ടിവരുന്ന ഒത്തുതീർപ്പുകൾ കലയെ കേടാക്കാതെ നോക്കുന്നതെങ്ങനെ എന്നത്. എഴുത്തിൽ എളുപ്പമായി ഒന്നുമില്ല. എഴുതാനിരിക്കുമ്പോൾ, ആദ്യം എളുപ്പമായിരുന്നതെല്ലാം പ്രയാസമുള്ളതായി മാറുന്നു. അതങ്ങനെയേ വരൂ, ഭാവകവിതയുടെ വഴി അങ്ങനെയാണ്. എഴുത്തിന്റെ കഠിനമായ ഭാഗം തിരുത്തിയെഴുതലാണ്. അത് കൂടിയേ തീരൂ. റോബർട് ഫ്രോസ്റ്റ് പറഞ്ഞതുപോലെ “എഴുതുന്നയാളിന് കണ്ണീരില്ലെങ്കിൽ വായിക്കുന്നയാളിനും കണ്ണീർ വരില്ല.”
1- ഇൻഗ്രിഡിന്റെ ഭർത്താവ്
വഴിയോരത്തെ ഇലകൾ
എന്നെ തടഞ്ഞുനിർത്താനെന്നോണം കുതിച്ചുചാടി
റേസർ േബ്ലഡുകൾ വാങ്ങാൻ ഞാനൊന്നു നിർത്തി,
കടക്കാരൻ ചോദിച്ചു
നിങ്ങൾ ഇൻഗ്രിഡിന്റെ ഭർത്താവല്ലേ?
അല്ല. പക്ഷേ പിന്നീട് പിന്നിട്ട ദൂരമത്രയും
ഞാൻ കൗതുകപ്പെട്ടുകൊണ്ടിരുന്നു, അവളെങ്ങനെയിരിക്കും,
ഇൻഗ്രിഡ്, അവൾ ഏത് സോപ്പായിരിക്കും തേയ്ക്കുന്നത്,
അവളുടെ മുടിക്ക് ഈ നൊസ്സുപിടിച്ച ഇലകളുടെ നിറമായിരിക്കുമോ?
അവൾ പ്രാന്തിയോ സ്വസ്ഥയോ,
അതോ അതിനിടയിലെവിടെയോ?
എങ്ങാനും ഞങ്ങൾ കണ്ടുമുട്ടിയിരുന്നെങ്കിൽ
എനിക്കവളുടെ പേരിനോട് പ്രേമമാവാൻ തുടങ്ങിയേനേ.
ഇലകൾ സമാന്തര ജീവിതങ്ങളിലേക്ക്
കുടിയേറുന്നതു ഞാൻ കണ്ടിട്ടുണ്ട്-
ഒരു ഹൈവേയുടെ കിഴക്കു നിന്ന്
പടിഞ്ഞാറേക്ക് അടിപ്പാതയിലൂടെ
വീശിവിട്ട ഇലകൾ.
അതേ എന്നെനിക്ക് മറുപടി പറയാമായിരുന്നു.
2-കറുത്ത ഗിറ്റാർ
തുണിയലമാരയിൽനിന്ന് പത്തു വർഷങ്ങൾ ഒഴിച്ചെടുക്കുമ്പോൾ
ഞാനതിന്റെ മൂടി തുറന്നു, ജോ എന്ന് അതിന്മേൽ പൊടിയിൽ
ഒരു കുഞ്ഞിന്റെ കൈപ്പടയിൽ രണ്ടുവട്ടം എഴുതിയതു കണ്ടു,
പിന്നെ ഒന്നോ രണ്ടോ വളഞ്ഞുപുളഞ്ഞ കടൽക്കാക്കകളും.
ജോ, ജോ
ഒരാണിന്റെ കണ്ണീരിന് ഒരു വിലയുമില്ല,
പക്ഷേ പൊടിയിൽ, അല്ലെങ്കിൽ ഇരുളുന്ന കടൽത്തീരത്തെ
മണലിൽ എഴുതിയ ഒരു കുഞ്ഞിന്റെ പേര്, അതൊരു
മുഴുവൻ ജീവിതകൃതിയാണ്.
രണ്ട് തന്ത്രികളിൽ ഞാനൊന്നു തൊട്ടു, രണ്ട് ജീവിതങ്ങൾക്ക്
എത്രത്തോളം സ്വരച്ചേർച്ച പാളിപ്പോകാമെന്ന് കേൾക്കാനായി
പിന്നെ ഞാനതു തിരിച്ചുവെച്ചു,
അതിന്മേൽ രാത്രി വലിച്ചിട്ടു, ഞാനതു മീട്ടിപ്പോയാൽ, ജോ,
നിന്റെ പതറാത്ത ശബ്ദം കേട്ടാലോ, കടലിനെ കേട്ടാലോ,
എന്നു പേടിച്ച്.
3- ഹെതർ
പൊറുക്കണം, ഞാൻ കട്ടതാണീ ആപ്പിൾപ്പഴം
മുപ്പതുകൊല്ലം മുന്നേ
അന്നു നിങ്ങൾക്ക് തവിട്ടുനിറമുടി, എനിക്കോ
നാലു വയസ്സുകാരന്റെ നനുത്ത മുടി
ഒഴിയാത്തോർമയിൽ
അവനതിപ്പോൾ തിരികെത്തരികയാണ്, ഹെതർ.
ഇതു വേനലോ, ശരത്കാലമോ?
പുൽത്തകിടിമേൽ ആണ്ടുകൾ വന്നുകൂടുന്നു.
കാലം കാണാതെപോയ വീടിന്റെ പുതുക്കപ്പണികൾ
നിങ്ങൾ കാട്ടിത്തരുന്നു.
പിന്നെ, കുറ്റബോധത്താൽ ഞാനെന്റെ
നിഴൽ നിങ്ങളുടെ മരത്തോളം ഉയർത്തുമ്പോൾ,
കരയാൻ തുടങ്ങുന്നു.
4-വാനമ്പാടി ആൻ
അവളൊരു പുരികം ‘റ’ പോലെ
മെല്ലെയുയർത്തും ചേലോടെ
അഥവാ ആറ്റിൽ ചായുമ്പോൾ
ചില്ലയ്ക്കുള്ളൊരു വളവോടെ
കള്ളച്ചൂണ്ടക്കാരൻ ഞാൻ
ചരടുകൾ വെച്ചൂ കാൽക്കീഴിൽ,
അവളുടെ കവിളിൽ ചുണ്ടോളം
ഒഴുകിച്ചെല്ലും കണ്ണീരിൻ
പിറകേ പോയി നുണഞ്ഞൂ ഞാൻ
പറയുകയാണവൾ താനണിയും
വളയങ്ങൾ തൻ ചരിതങ്ങൾ
കിളിമൊഴിയുടെ വാക്ചമയങ്ങൾ.
‘‘നോക്കൂ ദൂരേ’’ക്കെന്നവൾ, ഞാൻ
അവളുടെ നീലക്കണ്ണുകൾ പോ-
യൊഴുകിച്ചേരും പാതിമര-
ച്ചൂടലിൽ നോക്കീ, മണ്ടൻ ഞാൻ
ഝടുതിയിലെൻ കാൽക്കീഴിലിതാ
ഒരു മീൻപറ്റംപോലിലകൾ
അവളിതുവരെയൊരു കല്ലിന്മേൽ
പറ്റിയിരുന്നാ ശൂന്യതയിൽ
ഉപ്പ്,
ചെറിയൊരു വട്ടത്തിൽ.
5-പന്ത്രണ്ട്
നിശ്ശബ്ദതക്കു വേണ്ടി കൊല നടത്തുമ്പോൾ എനിക്ക് പ്രായം പന്ത്രണ്ട്.
ഒമ്പതാം നമ്പറിലെ ഓർമ ക്ഷയിച്ച ആ യുദ്ധവീരൻ
നേർക്കുനേരേ വെടിയുതിർക്കാൻ എന്നെ പരിശീലിപ്പിച്ചു.
അച്ഛന്റെ വയലിനെക്കാൾ ആഴമുള്ളൊരീണം
നിശ്ശബ്ദത വായിച്ചു,
അതിന്റെ വെടിയുണ്ടകൾക്ക്
അച്ഛന്റെ പൊടിയണിഞ്ഞ വയലിൻവില്ലിന് കൊളുത്തി വിടാനാവുന്ന
ഏതു സ്വരത്തെക്കാളും കുതിപ്പും വെടിപ്പും.
അങ്ങനെ വേലിക്കലെ ആ പാട്ടുപറവയെ ഞാൻ വെടിവെച്ചിട്ടു,
അതിനെ, മറ്റെന്തിനേയോ കൂടി
എന്നേക്കുമായി നിശ്ശബ്ദമാക്കും മുമ്പ്
ഒറ്റയൊരു പാട്ടു മാത്രം അവസാനമായി പാടാൻ വിട്ടു-
എന്റെ അമ്മ പാടിയ താരാട്ട്,
പെങ്ങളുടെ കൊച്ചോടക്കുഴൽപ്പറക്കൽ…
കൂട്ടിൽനിന്നതു താഴേക്കു വീഴുന്നതു ഞാൻ നോക്കിനിന്നു,
പാടാനുള്ള വാസന അപ്പോഴും ചിറകുകളിൽ തുടിച്ചുനിന്നിരുന്നു,
പിന്നെയും ഞാൻ കാതോർത്തു.
ഒരു കടൽക്കാറ്റ്
ദൂരെ പുൽത്തണ്ടുകളുടെ വയലിൽ മീട്ടുന്നു.
6- ബ്രോൺ എ സ്ലാൻ
എന്തൊരടങ്ങാത്തൊരീർഷ്യയവൾക്ക്,
അതിൽ, ഈ മഷിപ്പേനയിൽ, ചൂടു പകരുന്ന,
കൈയിലെ കാരമുള്ളൂരുന്ന പച്ചമരുന്നിന്റെ കെട്ടിൽനിന്നും
നാട്ടുപാലക്കറയുടെ കയ്പിൽനിന്നും
കൊള്ളിവാക്കിൽനിന്നും
പെട്ടെന്ന് ചോരയൊലിപ്പിച്ച്, അവളുടെ പൊട്ടും ഹൃദയം.
7- ഒരായിരം കാറ്റാടിമില്ലുകളാറ്റുമവളുടെ നോവിനെ
ഒരായിരം കാറ്റാടിമില്ലുകളാറ്റുമവളുടെ നോവിനെ
ഒരായിരം പായും പുഴകൾ തിരിക്കുമവളുടെ കൈത്തലത്തിൽ
അതിന്നിലകൾ
ഒന്നിച്ചു നീന്തിനടന്ന നദീതടമൊന്നും വരണ്ടില്ലിതേവരെ
അവളുടെ കൈപ്പടത്തിൽക്കാണും ആയുർവരക്കെതിരേ
മേലോട്ട് നോക്കുന്നവൾ. കാറ്റിനെ കട്ടവനുണ്ടതാ
ആകാശമേറുന്നു.
കാറ്റുമരം തിരിക്കുന്നു, ഇലയിലയായി
ഒരായിരം കാറ്റാടിമില്ലുകളാറ്റും അവളുടെ നോവിനെ.
l