മനുഷ്യപ്പറ്റും നിലപാടുമുള്ള കഥകള്‍; പി.എസ് റഫീഖിന്റെ കഥകൾ വായിക്കുന്നു
മലയാള സാഹിത്യത്തിൽ പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും മികവിൽ വേറിട്ടുനിൽക്കുന്ന എഴുത്തുകാരനാണ് പി.എസ്. റഫീഖ്. അദ്ദേഹത്തിന്റെ കഥകളെക്കുറിച്ചും രചനാരീതികളെക്കുറിച്ചും എഴുതുകയാണ് കവിയും എഴുത്തുകാരനുമായ ലേഖകൻ.മാനകവും പ്രബലവുമായ ഭാവുകത്വത്തിന് രുചിക്കാത്ത വിഭിന്നമായ സാമൂഹിക/രാഷ്ട്രീയ/സാംസ്കാരിക/ലൈംഗിക ജീവിതങ്ങളെ വേറിട്ടരീതിയില്‍ എഴുത്തില്‍ അവതരിപ്പിച്ചു എന്നതാണ് രണ്ടായിരത്തിനുശേഷമുള്ള മലയാള കഥയുടെ ഒരു...
Your Subscription Supports Independent Journalism
View Plansമലയാള സാഹിത്യത്തിൽ പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും മികവിൽ വേറിട്ടുനിൽക്കുന്ന എഴുത്തുകാരനാണ് പി.എസ്. റഫീഖ്. അദ്ദേഹത്തിന്റെ കഥകളെക്കുറിച്ചും രചനാരീതികളെക്കുറിച്ചും എഴുതുകയാണ് കവിയും എഴുത്തുകാരനുമായ ലേഖകൻ.
മാനകവും പ്രബലവുമായ ഭാവുകത്വത്തിന് രുചിക്കാത്ത വിഭിന്നമായ സാമൂഹിക/രാഷ്ട്രീയ/സാംസ്കാരിക/ലൈംഗിക ജീവിതങ്ങളെ വേറിട്ടരീതിയില്‍ എഴുത്തില്‍ അവതരിപ്പിച്ചു എന്നതാണ് രണ്ടായിരത്തിനുശേഷമുള്ള മലയാള കഥയുടെ ഒരു പ്രധാന പ്രത്യേകതയെന്ന് തോന്നുന്നു. മുന്‍ തലമുറകളിൽപെട്ട കഥാകൃത്തുക്കളെ പലനിലകളില്‍ പിന്‍പറ്റുമ്പോഴും വേറിട്ട രാഷ്ട്രീയ പരിസരങ്ങളോടും സാംസ്കാരിക അനുഭവങ്ങളോടും നീതിപുലര്‍ത്തിക്കൊണ്ട് പുതിയ കഥാകൃത്തുക്കള്‍ ആവിഷ്കരിച്ച വേറിട്ട എഴുത്തുരീതി സാഹിത്യത്തില്‍ നാളിതുവരെ അര്‍ഹമായവിധത്തില്‍ പരിഗണിക്കപ്പെടാതിരുന്ന ഒട്ടേറെ പ്രതിനിധാനങ്ങളെയാണ് സന്നിഹിതമാക്കിയത്. കഥയെഴുത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവുകത്വപരിണാമങ്ങളും ഗൗരവമായി കരുതി എഴുത്തില്‍ ഇടപെടുന്ന സമകാലികരായ മിക്കവാറും എല്ലാ കഥാകൃത്തുക്കളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഈ നിരീക്ഷണത്തിന്റെ പരിധിയില്‍ വരുമെന്ന് തോന്നുന്നു. എന്നിരുന്നാലും എസ്. ഹരീഷ്, വിനോയ് തോമസ്, പ്രമോദ് രാമന്, പി.എസ്. റഫീഖ്, ഫ്രാന്‍സിസ് നൊറോണ, വി.എം. ദേവദാസ്, യമ, ലാസര്‍ ഷൈന്‍, പി.വി. ഷാജികുമാര്‍, അബിന്‍ ജോസഫ്, വി. ഷിനിലാല്‍, മനോജ് വെങ്ങോല, അമല്‍, കെ.എന്‍. പ്രശാന്ത്, ഷനോജ് ആര്. ചന്ദ്രന് തുടങ്ങിയ കഥാകൃത്തുക്കള്‍ പലനിലകളില്‍ ഇവര്‍ക്കിടയില്‍ സവിശേഷതകളോടെ വേറിട്ടുനില്ക്കുന്നു. എന്റെ വായനയും ഭാവുകത്വവും ബോധ്യങ്ങളും പരിമിതപ്പെടുത്തിയ ലോകത്തുനിന്നാണ് വിഷയാധിഷ്ഠിതമായി ഞാനിങ്ങനെ കുറച്ച് കഥാകൃത്തുക്കളുടെ പേരുകള്‍ എടുത്തെഴുതുന്നത്. ഇവര്ക്കിടയില്തന്നെ, അടരുകള്‍ നിരവധിയുള്ള സവിശേഷമായ സാമൂഹിക-രാഷ്ട്രീയ ജീവിതങ്ങളുടെ സങ്കീർണതകളും ആകാംക്ഷകളും സൂക്ഷ്മതയോടെ എഴുത്തില്‍ അടയാളപ്പെടുത്തുന്ന കഥാകൃത്താണ് പി.എസ്. റഫീഖ്.
ഹൃദയത്തോട് ചേര്‍ത്തുപിടിച്ചല്ലാതെ റഫീഖിന്റെ ഒരു കഥയും വായിച്ചുതീര്ക്കാനാവുമെന്ന് തോന്നുന്നില്ല. അത്രമേല്‍ സാധാരണജീവിതം നേരിടുന്ന ആഗോള/ദേശീയ/പ്രാദേശീയ സന്ദര്‍ഭങ്ങളെയും, ജാതി/മത/വംശീയ പ്രശ്നങ്ങളെയും റഫീഖിന്റെ കഥകള്‍ സൂക്ഷ്മമായി അഭിമുഖീകരിക്കുകയും സര്‍ഗാത്മകമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ വിഹ്വലതകളോടും കഷ്ടതകളോടും എന്നപോലെ അവരുടെ അഭിലാഷങ്ങളോടും കാമനകളോടും നിലപാടുകളോടും അവ തോളുചേരുന്നുണ്ട്. ബാഹ്യലോകത്തെയെന്നപോലെ മനുഷ്യരുടെ ആന്തരികലോകത്തെയും അവ സൂക്ഷ്മമായി പരിഗണിക്കുകയും അഭിമുഖീകരിക്കുകയും വേര്‍തിരിച്ചെടുക്കാനാവാത്തവിധം ഇടകലര്‍ത്തി കഥകളില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.
അപരവത്കരണത്തിന്റെ ഇരകള്‍
റഫീഖിന്റെ കഥകള്‍ അനന്യമായും സര്‍ഗാത്മകമായും പ്രശ്നവത്കരിക്കുന്ന രാഷ്ട്രീയത്തിന് പല അടരുകളുണ്ട്. കാൽപനികതയുടെ കയറ്റിറക്കങ്ങള്‍ ആര്‍ദ്രമായും സംഘര്ഷാത്മകമായും പ്രകടിപ്പിക്കുമ്പോഴും സൂക്ഷ്മരാഷ്ട്രീയത്തിന്റെയും വേറിട്ട നിലപാടുകളുടെയും അടിയൊഴുക്കുകള്‍ പേറുന്നവയാണ് റഫീഖിന്റെ കഥകള്‍. മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും ലിംഗത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും പേരില്‍ പ്രബലധാര അഥവാ സവർണ ദേശീയത അപരവത്കരിച്ച പ്രതിനിധാനങ്ങളുടെ നിലനിൽപിന്റെ രാഷ്ടീയത്തോട് ഈ കഥകള്‍ കൂറുപുലര്‍ത്തുന്നു. മതേതരവും ബഹുസ്വരവുമായ ജീവിതങ്ങളെയും സാംസ്കാരിക തനിമകളെയും ദേശീയതയില്‍നിന്ന് പുറത്താക്കുന്ന സംഘപരിവാര രാഷ്ട്രീയത്തോടുള്ള ചെറുത്തുനിൽപിന്റെയും വിയോജിപ്പിന്റെയും രാഷ്ട്രീയത്തെ ഈ കഥകള്‍ അഭിമുഖീകരിക്കുന്നു. അഹിന്ദുവത്കരിച്ചും ദേശീയതക്ക് വെളിയില്‍ നിര്‍ത്തിയും മുസ്ലിം പ്രതിനിധാനങ്ങളെ ദേശീയ അപരമായി മുദ്രയടിച്ച്, ആയതിനെ പൊതുബോധത്തിന്റെ ഭാവുകത്വത്തില്‍ പലവിധേന നിക്ഷേപിച്ച് സാമാന്യവത്കരിക്കുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയമുയര്‍ത്തുന്ന ഹിംസകളും ആകാംക്ഷകളും ആധികളും റഫീഖിന്റെ പല കഥകളിലും വെളിപ്പെടുന്നുണ്ട്.
ഭീതിപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന കഥയാണ് ‘മറൂള’. എപ്പോള്‍ വേണമെങ്കിലും വേട്ടയാടപ്പെടാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവുമായി ജന്മനാട്ടില് അന്യരെപ്പോലെ, സകലമേഖലയിലും അപരനിലയില് ആയിരിക്കേണ്ടിവരുന്ന ന്യൂനപക്ഷ സമൂഹങ്ങളുടെ ആധികള്‍ മുഴുവനും ഈ കഥയിലൂടെ റഫീഖ് വെളിപ്പെടുത്തുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായ ‘ഗോധ്ര ദുരന്ത’ത്തിന്റെ മറുപടിയായി ഗുജറാത്തില്‍ സംഘപരിവാരം അഴിച്ചുവിട്ട, മാസങ്ങളോളം നീണ്ടുനിന്ന കണ്ണിൽച്ചോരയില്ലാത്ത, മുസ്ലിം ഹിംസകളുടെ ചോരയില്‍ കൈമുക്കിയെഴുതിയ കഥയാണ് ‘മറൂള’. വംശീയ-മതവെറി മുറ്റിയ സവർണഹിന്ദു കലാപകാരികള്‍ തെരുവിലെ വെയിറ്റിങ് ഷെഡില്‍ അപ്പോഴുണ്ടായ ഒരു പശുക്കുട്ടിയെ മാംസക്കൊതിമൂത്ത് തട്ടിയെടുക്കുന്നതാണ് കഥയുടെ ഭയകേന്ദ്രം.
പതുപതുപ്പുള്ള മാംസമുള്ള, പ്രസവജലത്തില് കുഴഞ്ഞ പശുക്കിടാവിനെ വാരിയെടുത്ത് തോളിലിടുമ്പോള്‍ കലാപകാരികളിലൊരാള്ക്ക് കഴിഞ്ഞരാത്രി ഗര്‍ഭിണിയുടെ വയറ്റില്‍ കത്തികേറ്റി കുട്ടിയെ പുറത്തെടുത്ത ‘തമാശ’യാണ് ഓർമവരുന്നത്. മതപരവും വംശീയവുമായ വെറിമൂത്ത മനുഷ്യര്‍ ചെയ്യുന്നിടത്തോളം നൃശംസതകള്‍ ആരും ചെയ്യില്ലെന്ന് സൂചിപ്പിക്കുന്ന സംഭവങ്ങള്‍ ലോകചരിത്രത്തില്‍ നിരവധിയുണ്ട്. അതിലേക്കുള്ള സമീപകാല ഇന്ത്യയുടെ സംഭാവനയാണ് ഗുജറാത്ത്. ഹൈന്ദവകലാപത്തില് കത്തിപ്പടര്‍ന്ന ഭീതിദരായ ഇന്ത്യന്‍ മുസ്ലിംകളുടെ പലായനങ്ങളുടെ ഒരുരാത്രിയെ ‘മറൂള’ എന്ന കഥയിലൂടെ റഫീഖ് നമ്മുടെ നെഞ്ചിലേക്ക് ഇടിച്ചുകയറ്റുന്നു. പുറത്തേക്ക് തള്ളിയ ഗര്‍ഭപാത്രവും താഴേക്കു തൂങ്ങുന്ന മറൂളയുമായി കഥയിലെ തള്ളപ്പശു രാത്രിത്തെരുവിലൂടെയല്ല അലയുന്നത്; മറിച്ച് കലാപകാരികള്‍ കുത്തിക്കീറിയ ഇന്ത്യന്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അവശിഷ്ടത്തിലൂടെയാണ്. സ്വതന്ത്രചിന്തയും രാഷ്ടീയവും സാമൂഹികനീതിബോധവും അപരസ്നേഹവും സാഹോദര്യവും അവശേഷിക്കുന്ന മനുഷ്യര്‍ക്ക് സമീപ ഭൂതകാല ഇന്ത്യനവസ്ഥകളില്‍ ഭീതിപ്പെടാനും ആശങ്കപ്പെടാതിരിക്കാനും കഴിയുമെന്ന് തോന്നുന്നില്ല. ‘മറൂള’ അതിന്റെ നേര്‍ച്ചിത്രമാണ്.
‘മറൂള’യില്‍ കൈകാര്യം ചെയ്യുന്നിടത്തോളം ഭീതിദമായ ഒരവസ്ഥയല്ല അഭിമുഖീകരിക്കുന്നതെങ്കിലും സൂചിതപ്രശ്നത്തിന്റെ മറ്റുചില അടരുകളെ പ്രശ്നവത്കരിക്കുന്ന കഥയാണ് ‘ഗുജറാത്ത്’. കേരളത്തിലെ ഒരു കടലോര ഗ്രാമത്തിലുണ്ടാകുന്ന ഹിന്ദു-മുസ്ലിം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു പാനിന്ത്യന്‍ രാഷ്ട്രീയകഥയാണ് ‘ഗുജറാത്ത്’. മുഖ്യമായും ആബിദലി, ശശാങ്കന് എന്നീ സുഹൃത്തുക്കളുടെയും അവരുടെ ഗുരുതുല്യനായ ശങ്കരേട്ടനെന്ന നാടകപ്രവര്ത്തകന്റെയും ജീവിതത്തിലൂടെയാണ് സമകാലിക ഇന്ത്യ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന, പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നത്തിന്റെ സാമൂഹിക-രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടുന്നത്. യഥാർഥത്തില്‍ ഈ കഥ കൈകാര്യം ചെയ്യുന്ന ഹിന്ദു-മുസ്ലിം പ്രശ്നത്തിന്റെ വേരുകള്‍ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ രൂപപ്പെടലിനും പിന്നിലേക്ക് നീളുന്നവയാണ്. ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് സംഘപരിവാര രാഷ്ട്രീയത്തിന് അനുകൂലമായി അടുത്ത കാലത്തുണ്ടായ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പുനര്‍വായന അര്‍ഹിക്കുന്ന കഥകൂടിയാണ് ‘ഗുജറാത്ത്’.
ഹൈസ്കൂള്‍ വിദ്യാർഥിയായിരുന്ന കാലത്ത് ഗാന്ധിയായി വേഷംകെട്ടി നാടകത്തിന്റെ ഫൈനല്‍ റിഹേഴ്സലിന് തയാറെടുക്കുമ്പോഴാണ് ശശാങ്കന്റെ അച്ഛന് വേലായുധന് പുറംകടലില്‍വെച്ച് കുട്ട്യസ്സന്റെ അടിയേറ്റ് മരിക്കുന്നത്. പിറ്റേദിവസം ബാപ്പ കൊണ്ടുവന്ന പത്രത്തില്‍ അച്ഛന്റെ മൃതശരീരത്തിനരികില്‍ ഗാന്ധിവേഷത്തില്‍ അമ്മയെ കെട്ടിപ്പിടിച്ചു നിലവിളിക്കുന്ന ശശാങ്കനെയാണ് ആബിദലി കാണുന്നത്. ഈ സംഭവം കടലോരഗ്രാമത്തില്‍ ഒരു ഹിന്ദു-മുസ്ലിം കലാപത്തിലേക്കാണ് വഴിതെളിച്ചത്. ഗ്രാമത്തില്‍ 144 പ്രഖ്യാപിച്ചു. റഫീഖിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഒരു കടല്ക്കരയിലുള്ളവര് കടലിനപ്പുറവും ഇപ്പുറവും താമസിക്കുന്നവരായി’. ഇരുപക്ഷത്തും ആളുകള്‍ കൊല്ലപ്പെട്ടുകൊണ്ടിരുന്നു. കുട്ടികള്‍പോലും പരസ്പരം മിണ്ടാതായി. ആബിദലിയുടെയും ശശാങ്കന്റെയും സൗഹൃദത്തിലും കലാപം മറകള്‍ തീര്‍ത്തു. കാലംപോകെ എല്ലാം പഴയതുപോലായി. ആബിദലി കച്ചവടക്കാരനും ശശാങ്കന് മീന്‍പിടിത്തക്കാരനുമായി മുതിര്‍ന്നു. ഇതിനിടെ മുൻ തീവ്ര കമ്യൂണിസ്റ്റും നിരാശാഭരിതനുമായ ശങ്കരേട്ടന്റെ നാടകപ്രവര്ത്തനമൊെക്ക ഏറക്കുറെ മന്ദീഭവിച്ചിരുന്നെങ്കിലും, ശശാങ്കന്റെ നാടകക്കൊതി അടങ്ങിയിരുന്നില്ല. ആബിദലിയുടെയും ശശാങ്കന്റെയും ഇടപെടലിനെ തുടര്‍ന്ന് ശങ്കരേട്ടന് വീണ്ടുമെഴുതുന്ന നാടകമാണ് ‘ഗുജറാത്ത്’. ഗുജറാത്തിലെ കലാപബാധിത പ്രദേശത്ത് ഒറ്റപ്പെട്ടുപോകുന്ന ഒരു മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ഗാന്ധി പുനര്‍ജനിക്കുന്നതും ഒരിക്കല്‍ക്കൂടി വെടിയേറ്റു മരിക്കുന്നതുമായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. ഇത്തവണയും ഗാന്ധിയായി രംഗത്തുവന്നത് ശശാങ്കനായിരുന്നു. സ്ഥിരം അണിയറ പ്രവര്‍ത്തകനായിരുന്ന ആബിദലിയുടെ പണി ഗാന്ധിക്ക് വെടിയേല്‍ക്കുന്ന നേരം കല്ലുകൊണ്ട് പൊട്ടാസ് ഇടിച്ചുപൊട്ടിക്കുക എന്നതായിരുന്നു. പക്ഷേ, ആബിദലിക്ക് അതു ചെയ്യേണ്ടിവന്നില്ല. പഴയ വെടിത്തുളയുള്ള നെഞ്ചില്‍ നാടകം കണ്ടുകൊണ്ടിരുന്ന ഏതോ കാണിയുടെ വെടിയേറ്റ് ‘ഗാന്ധി’ സ്റ്റേജില്‍ മരിച്ചുവീഴുകയാണുണ്ടായത്. ആബിദലിയുടെയും ശങ്കരേട്ടന്റെയും മുഖത്തേക്ക് തെറിച്ചത് പക്ഷേ ഗാന്ധിയുടെ ചോരയായിരുന്നില്ല; ശശാങ്കന്റെ ചോരയായിരുന്നു. ‘‘ഞങ്ങളയാളെ വീണ്ടും കൊന്നു, അതേ ഞങ്ങളത് വീണ്ടും ചെയ്തു’’ ജനക്കൂട്ടത്തില്‍ ഒരു വിഭാഗമുയര്‍ത്തുന്ന ശങ്കരേട്ടന്റെ സ്ക്രിപ്റ്റിലില്ലാത്ത ഈ ‘ഡയലോഗോ’ടെയാണ് നാടകത്തിന്റെ കര്ട്ടന് വീഴുന്നത്. വീണത് നാടകത്തിന്റെ കര്ട്ടന് മാത്രമല്ലല്ലോ എന്ന് നടുക്കത്തോടെ നമ്മള് തിരിച്ചറിയുന്നു. ആ നടുക്കം ഹൈന്ദവ ഫാഷിസത്തിന്റെ മുന്‍കൈയില്‍ പലവിധേന ഇന്ത്യയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അപരഹിംസകളും അനീതികളുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വര്‍ത്തമാനകാല പ്രതിസന്ധി ഈ നടുക്കമല്ലാതെ മറ്റൊന്നുമല്ല. ഈ നടുക്കമാണ് ‘ഗുജറാത്തി’നെ പാനിന്ത്യന്‍ സ്വഭാവമുള്ള രാഷ്ട്രീയ കഥയാക്കിമാറ്റുന്നത്.
പാര്‍ശ്വവത്കൃതരുടെ അതിജീവന വഴികള്‍
ഭരണകൂടവും മുഖ്യധാരാ ഭാവുകത്വവും അപരങ്ങളാക്കി പാര്‍ശ്വവത്കരിച്ച സമൂഹങ്ങളുടെ/ മനുഷ്യരുടെ അതിജീവന പ്രശ്നങ്ങള്‍ ‘ഫെയിസ് ബുക്കിസ്ഥാന്’, ‘ഒരു മീശയുടെ രണ്ടു കരകള്‍’, ‘തൊള്ളായിരത്തി എഴുപത്തിയഞ്ച്’ തുടങ്ങിയ കഥകളില്‍ പലനിലകളില്‍ കടന്നുവരുന്നുണ്ട്. കഥാഗാത്രവുമായി ഇഴുകിച്ചേര്‍ത്ത് സര്‍ഗാത്മകവും സൂക്ഷ്മവുമായി ഉപയോഗിക്കുന്ന രാഷ്ട്രീയ-ആക്ഷേപഹാസ്യമാണ് റഫീഖിന്റെ കഥകളുടെ മറ്റൊരു മുഖമുദ്ര. പാഠത്തിന് അനുയോജ്യമായി സന്ദര്‍ഭാനുസരണം റഫീഖ് കഥകളില്‍ ചേര്‍ത്തുവെക്കുന്ന ആക്ഷേപഹാസ്യവും അതിന്റെ ധ്വനികളും വായനാനന്തരവും അനുവാചകരെ പിന്തുടരുകതന്നെ ചെയ്യും. ജനാധിപത്യാവകാശവും സാമൂഹികനീതിയും ആവിഷ്കാരസ്വാതന്ത്ര്യവുംപോലുള്ള അടിസ്ഥാന അവകാശങ്ങള്‍പോലും കീഴാള സമൂഹങ്ങള്‍ക്ക് നിഷേധിച്ച്, ആയതിനെ ദേശസ്നേഹമായി വെള്ളപൂശുന്ന സത്യാനന്തര കാലത്തെ പ്രശ്നവത്കരിക്കാന്‍ ശക്തമായൊരു ഉപാധിയാണ് ആക്ഷേപഹാസ്യം. ഈ വസ്തുത തിരിച്ചറിയുന്ന കഥാകൃത്തുക്കളില്‍ ഒരാളാണ് റഫീഖ്.
റഫീഖിന്റെ എല്ലാ കഥകളും ഏറക്കുറെ പൂർണമായും ആഖ്യാതാവിലൂടെയാണ് അനാവൃതമാക്കപ്പെടുന്നത്. കഥാകൃത്ത് തന്നെയാണ് കഥകളിലെല്ലാം വ്യത്യസ്തരായ ആഖ്യാതാക്കളായി എത്തുന്നതും. മധ്യവർഗജീവിതം നയിക്കുന്ന സര്‍ക്കാർ ജോലിക്കാരനായ തയ്യപ്പുറത്ത് ഗംഗാധരന് വേണുഗോപാലന്‍ എന്ന മധ്യവയസ്കനാണ് ‘ഫെയിസ്ബുക്കിസ്ഥാന്‍’ എന്ന കഥയിലെ ആഖ്യാതാവ്. പുതിയകാലത്തിനും ലോകത്തിനും ഒഴിച്ചുകൂടാനാവാത്ത ഫേസ്ബുക്കിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തി ഒരു ഹിന്ദു-മുസ്ലിം പ്രണയത്തിന്റെ വളര്‍ച്ചയും ദാമ്പത്യത്തിന്റെ തകര്‍ച്ചയും തുടര്‍ന്നുണ്ടാകുന്ന പിരിയലും സ്ഥാവരജംഗമവസ്തുക്കളുടെ വീതംവെക്കലും ആക്ഷേപഹാസ്യത്തിന്റെ തീവ്രസ്പര്ശംകൊണ്ട് രാഷ്ട്രീയവത്കരിക്കുന്നു റഫീഖ്. അതുവഴി യഥാർഥ ലോകത്തിന്റെ സകല സങ്കീർണതകളുമുള്ള ഫേസ്ബുക്കെന്ന പ്രതീതിലോകത്തെ റഫീഖ് ആഖ്യാതാവിലൂടെ ‘ഫെയിസ്ബുക്കിസ്ഥാൻ’ എന്ന ദേശീയതയാക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ സദാചാരനോട്ടങ്ങള്ക്കും ഉപജാപങ്ങള്‍ക്കും പാത്രമാകുന്ന മുസ്ലിം-ഹിന്ദു കമിതാക്കളായ നസീമ-മഹേഷുമാരുടെ ജീവിതം ആഖ്യാതാവായ വേണുഗോപാലന്‍ ചുവരെഴുത്തുകളിലൂടെയാണ് ‘ഫെയിസ്ബുക്കിസ്ഥാനി’ല്‍ വെളിപ്പെടുത്തുന്നത്. കുറച്ചുനാളത്തെ ദാമ്പത്യത്തിനുശേഷം അവര്‍ വിവാഹമോചിതരാവുമ്പോള് സജീവമാകുന്ന ഇരുവരുടെയും ബന്ധുമിത്രാദികളുടെ കമന്റുകളും ഇടപെടലുകളും ആഖ്യാതാവ് കഥയുടെ തുടര്ഗതിക്ക് ഉപയോഗിക്കുന്നു.
ഭരണകൂട സൃഷ്ടിയായ പ്രബലധാരയുടെ വിധങ്ങളായ ഹിംസയെ/ വിവേചനത്തെ/ അപരവത്കരണത്തെ/ അസഹിഷ്ണുതയെ പ്രശ്നവത്കരിക്കാനും വിമര്‍ശിക്കാനും റഫീഖ് ആക്ഷേപഹാസ്യത്തെ പലനിലകളില്‍ ഉപയോഗിക്കുന്നുണ്ട്.
പൂര്‍വാശ്രമത്തില്‍ അതിര്‍ത്തി കാത്ത പട്ടാളക്കാരനും ഇപ്പോള്‍ കള്ളന്മാരില്നിന്ന് ബാങ്കിനെ കാത്തുപോരുന്ന സെക്യൂരിറ്റി ജീവനക്കാരനുമായ രവിയിലൂടെ വികസിക്കുന്ന ‘ഒരു മീശയുടെ രണ്ടു കരകള്‍’ എന്ന കഥയും മുഖ്യമായും ആക്ഷേപഹാസ്യത്തെ ഉപജീവിച്ചാണ് റഫീഖ് പറയുന്നത്. നോട്ടുനിരോധനത്തിന്റെയും കര്‍ഷകവിരുദ്ധ കാര്ഷികനയങ്ങളുടെയും ഇരകളുടെ പ്രതിനിധിയായ ഒരു കര്‍ഷകനു മുന്നില്‍ ഈ കഥയിലെ ബാങ്കും സെക്യൂരിറ്റിയും പ്രതീകാത്മകമായി ഭരണകൂടവും പട്ടാളവുമായി മാറുകയാണ്. കവര്‍ച്ചക്കാരെ മാത്രമല്ല നീതിയും ദയയും തേടിയെത്തുന്നവരെക്കൂടി നേരിടാനാണ് രവി ഇരട്ടക്കുഴല്‍ തോക്കുമായി ബാങ്കിന് മുന്നില്‍നില്‍ക്കുന്നത്. അതിര്‍ത്തി കാവലില്നിന്ന് ബാങ്ക് കാവലിലേക്ക് ഇടിഞ്ഞ തന്റെ കരിയറിനെ കൊമ്പന്മീശകൊണ്ട് ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുമ്പോഴും മറ്റുള്ളവരുടെ കണ്ണില്‍ താനൊരു കോമാളിയാണോ എന്നൊരാശങ്ക രവിയിലുണ്ട്.
പ്രകൃതിക്ഷോഭത്താല്‍ വിളവ് നശിച്ചതിനെ തുടര്‍ന്ന് ഭൂപണയത്തിന്മേല് ബാങ്ക് നല്കിയ കൃഷിവായ്പ തിരിച്ചടക്കാന്‍ കഴിയാതെ വന്നതിനാല്‍ ജപ്തിനടപടികള്‍ നേരിടുന്നവരാണ് ഈ കഥയിലെ കൃഷിക്കാര്‍. ഭരണകൂടവും ബാങ്കും മാത്രമല്ല, പ്രകൃതിയും ഇവരോട് ദയാരഹിതമായാണ് പെരുമാറുന്നത്. നീതിതേടി തെരുവിലിറങ്ങിയതിനാല്‍ തുറുങ്കിലടക്കപ്പെട്ട യുവാക്കളുടെയും കുട്ടികള്‍ വിശന്നു ചാകാതിരിക്കാന്‍ വ്യഭിചാരത്തിനിറങ്ങിയ സ്ത്രീകളുടെയും ഗ്രാമത്തിന്റെ പ്രതിനിധിയായ വൃദ്ധ കര്ഷകനുനേരെയാണ് രവി നിറയൊഴിക്കുന്നത്. കര്‍ഷകവിരുദ്ധ നയങ്ങളെയും നോട്ടുനിരോധനത്തെയും തെളിഞ്ഞും പൗരാവകാശപ്രശ്നത്തെ ഒളിഞ്ഞും അഭിമുഖീകരിക്കുന്ന ഈ കഥയിലും സാമൂഹികനീതിയില്‍ അധിഷ്ഠിതമായ ഒരു സാമൂഹിക-രാഷ്ടീയ വീക്ഷണത്തോടാണ് റഫീഖിലെ കഥാകൃത്ത് ആഭിമുഖ്യം പുലര്‍ത്തുന്നത്.
കീഴാള/ന്യൂനപക്ഷ വിരുദ്ധ മുന്‍വിധികളാല്‍ കൊഴുത്ത പൊതുസമൂഹവും അവര്‍ക്ക് മേൽക്കൈയുള്ള ഭരണകൂടവും തങ്ങള്‍ക്ക് താൽപര്യമില്ലാത്ത, അല്ലെങ്കില്‍ തങ്ങളോട് വിയോജിപ്പ് പുലര്‍ത്തുന്ന വ്യക്തികളെയോ, സമൂഹത്തെയോ കുറ്റവാളി/ രാജ്യദ്രോഹി ലിസ്റ്റിൽപെടുത്തി വേട്ടയാടുകയോ പ്രതിവത്കരിക്കുകയോ നിശ്ശബ്ദരാക്കുകയോ ചെയ്യുന്നതിന് എത്രവേണമെങ്കിലും തെളിവുകള്‍ നിരത്താനാവും. ചില വംശവും ദേശവും രൂപവും നിറവും മതവും ജാതിയും രാഷ്ട്രീയവുമായി ബന്ധപ്പെട്ടതൊക്കെ ഇവര്‍ക്ക് അസഹിഷ്ണുതയുണ്ടാക്കുന്ന സാന്നിധ്യങ്ങളാണ്. സൂചിത മനുഷ്യരുടെ ജനാധിപത്യപരമായ വിയോജിപ്പുകളെയും നീതിക്കുവേണ്ടിയുള്ള മുറവിളികളെയും ഇവര്‍ക്ക് ദേശദ്രോഹവും തീവ്രവാദവുമായേ കാണാന്‍ കഴിയൂ. അഥവാ അങ്ങനെ കാണുന്നതാണ് ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ നിലനിൽപിന്റെ പ്രത്യയശാസ്ത്രം. എപ്പോള്‍ വേണമെങ്കിലും രൂപംകൊള്ളാവുന്ന, അപരസ്വത്വങ്ങളില് ആരോപിക്കാവുന്ന ഇത്തരമൊരു സാഹചര്യത്തെ റഫീഖ് കടുത്ത ആക്ഷേപഹാസ്യത്തിന്റെ മുള്മുനയുപയോഗിച്ച് ‘ഒസാമ ബിന്‍ രാജന്’ എന്ന കഥയില്‍ ഉള്ളുലക്കുംവിധം പ്രശ്നവത്കരിക്കുന്നു. ഒരു ഫാഷിസ്റ്റ് ഭരണകൂടവും അതിന്റെ വിവിധ എജന്‍സികളും വിചാരിച്ചാല്‍ ഏതു നാട്ടിലെ സാധാ രാജനെയും ‘ഒസാമ ബിന്‍ രാജനാ’ക്കി മാറ്റാവുന്നതേയുള്ളൂ എന്ന് ഈ കഥ ബോധ്യപ്പെടുത്തുന്നു.
സാമൂഹിക വഴക്കങ്ങളിലെ ജാതിവേരുകള്‍
ജാതീയതയോട് അടുത്തുവരുന്ന വേര്‍തിരിവുകള്‍ പുലര്‍ത്തുന്ന മുസ്ലിം സമുദായത്തിന്റെ ഉള്ളറകളെ കാലാനുസൃതം മാറിമാറിവരുന്ന മുടിവെട്ടിന്റെയും ക്ഷൗരത്തിന്റെയും പശ്ചാത്തലത്തില്‍ പ്രശ്നവത്കരിക്കുന്ന ഒരന്യാപദേശകഥയാണ് ‘സദ്ദാമിന്റെ ബാര്‍ബര്‍’. ഈ കഥയിലെ മുടിവെട്ടിന്റെയും ക്ഷൗരത്തിന്റെയും ഭൂമിക അംശം അധികാരി അയ്മൂട്ടി സാഹിബിന്റെ മകന് ഹംസമൂപ്പരുടെ കുടുംബ ബാര്‍ബറായ ഐദ്രോസുകുട്ടി ഒസ്സാന് മുതല്‍ നാടുവിട്ടുപോയി സദ്ദാം ഹുസൈന്റെ മുടിവെട്ടുകാരനായിമാറി തിരിച്ചുവന്ന അയാളുടെ മകന് മുത്തപ്പ വരെയും അതിനപ്പുറത്തേക്കും പടര്‍ന്നുകിടക്കുന്നു. മുടിവെട്ടിന്റെയും ക്ഷൗരത്തിന്റെയും രാഷ്ട്രീയം കുടുംബതലം വിട്ട് പ്രാദേശീയ/ദേശീയ/അന്തർദേശീയ സമൂഹവുമായും ഇടകലരുന്നു. കഥയിലതിന് ആലുമ്മാവില്നിന്ന് ഇറാഖിലെ തിക്രിതിലെ ഭൂഗര്‍ഭ അറയിലേക്ക് നീളുന്നൊരു വഴിയായി കഥാകൃത്ത് തെളിച്ചെടുക്കുന്നുണ്ട്. പിടിക്കപ്പെടുന്നതുവരെ സദ്ദാം ഹുസൈനോടൊപ്പം അദ്ദേഹത്തിന്റെ ബാര്‍ബറായി സഞ്ചരിച്ച മുത്തപ്പ യഥാർഥത്തില്‍ ആലുമ്മാവിനുവേണ്ടി അമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധ ചേരിയില്‍ അണിചേരുകയായിരുന്നു.
പഴയതും പുതിയതുമായ രണ്ടു കാലങ്ങളിലാണ് ഈ കഥയിലെ ‘വെട്ടും വടിയും’ മുസ്ലിം യാഥാസ്ഥിതികത്വത്തെയും ആധുനികതയെയും ഇടതുപക്ഷ ഇടപെടലുകളെയും ട്രോളിക്കൊണ്ട് പടര്‍ന്നു പന്തലിക്കുന്നത്. മുത്തപ്പ നാടുവിടുന്നതിന് മുമ്പുള്ള ആലുമ്മാവിന്റെ കഥയാണ് ‘പഴയകാലം’ പറയുന്നത്.
നാടുവിട്ട മുത്തപ്പ പട്ടാള യൂനിഫോമില്‍ സദ്ദാമിന്റെ ആളായി തിരിച്ചുവന്നതിനുശേഷമുള്ള ഗതിവിഗതികളാണ് പുതിയ കാലം അഭിമുഖീകരിക്കുന്നത്.
ദുരഭിമാനവും യാഥാസ്ഥിതികത്വവും എഴുന്നുനില്ക്കുന്ന മതാത്മക പരിസരത്തില്‍ ഓടിക്കളിക്കുന്ന ജാതി-ലിംഗ വേര്തിരിവുകളുടെയും, ഗൂഢപ്രണയത്തിന്റെയും നിഴലുകളെ അസാധാരണമായി പിന്തുടരുന്ന കഥയാണ് ‘പഴയൊരു പ്രേമകഥ’. ബ്രിട്ടീഷുകാര്‍ ഖാന് പദവി നല്കിയ, ഗ്രാമത്തില്‍നിന്ന് മക്കത്ത് പോയ, നാട്ടിലെ സകല സര്ക്കാേരാഫിസുകള്ക്കും ചന്തക്കും കളിസ്ഥലത്തിനും ഉദാരമായി ഭൂമി വിട്ടുകൊടുത്ത, ഖാന് സാഹിബ് എന്നറിയപ്പെടുന്ന വലിയകത്ത് കൊച്ചഹമ്മദ് ഹാജിയുടെ മകന് പേര്‍ഷ്യാക്കാരനായ മൂസാന്‍ ഹാജിയുടെ മകനാണ് സൈനുദ്ദീന്‍. ബാലനായ സൈനുദ്ദീന്റെ കൂട്ടുകാരനായ നരേറ്റര്വഴിയാണ് വലിയകത്ത് തറവാടുമായി പുണര്‍ന്നുകിടക്കുന്ന, അവിടത്തെ പുറംപണിക്കാരനും മുഖ്യകഥാപാത്രവുമായ കണവതിയുടെ കഥ നമ്മളറിയുന്നത്. ‘ഗുജറാത്ത്’ എന്ന കഥയിലേതുപോലെ കുട്ടിയായ നരേറ്ററാണ് കൂടുതലായും ഈ കഥയിലുള്ളത്. കഥയിലുടനീളം നിറഞ്ഞുനില്ക്കുന്ന യാഥാസ്ഥിതിക മുസ്ലിം അന്തരീക്ഷത്തിലെ/അന്തപ്പുരത്തിലെ കണവതിയെന്ന പുലയന്റെ പ്രതിനിധാനത്തെ/ കലര്‍പ്പിനെ വീണ്ടെടുത്ത് രേഖപ്പെടുത്തിക്കൊണ്ടാണ് ‘പഴയൊരു പ്രേമകഥ’യെ റഫീഖ് അസാധാരണ പ്രേമകഥയാക്കി മാറ്റുന്നത്.
കേരള സമൂഹത്തില്‍ നിലനിന്നിരുന്ന/നിലനില്‍ക്കുന്ന ജാതിബന്ധങ്ങളിലെ ഉച്ചനീചത്വങ്ങളെ കൃഷ്ണത്തണ്ടാന്‍ എന്ന ഈഴവപ്രമുഖന്റെ മരണവും മരിച്ചടക്കുമായി ബന്ധപ്പെട്ട് പ്രശ്നവത്കരിക്കുന്ന കഥയാണ് ‘കുഴി’. മധ്യമ ജാതിയാണെങ്കിലും കേരളത്തിലെ ജനസംഖ്യയുടെ 22 ശതമാനം വരുന്ന ഈഴവരെ സാമൂഹികശാസ്ത്രജ്ഞനായ എം.എന്‍. ശ്രീനിവാസ് പ്രബലജാതി (Dominant Caste) വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. നവോത്ഥാന കാലത്തും തുടര്‍ന്നും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരിക മേഖലകളില്‍ അവര്‍ക്കുണ്ടായ പുരോഗതിയാണ് ഈ ഉള്‍പ്പെടുത്തലിന് കാരണം. സൂചിത മൂലധനങ്ങള്‍ ചരിത്രപരമായി നേടിയെടുത്ത വിഭാഗത്തിലെ ഉന്നതസ്ഥാനീയരില്‍ ഒരാളാണ് കൃഷ്ണത്തണ്ടാന്‍. സ്വാതന്ത്ര്യപൂര്‍വകാലത്ത് നാടുവാഴികളുടെ പടയോടൊപ്പം ചേര്‍ന്ന് ലഹളക്കാരെ അമര്‍ച്ചചെയ്യാന്‍ ആയുധമെടുത്തതിന് കലക്ടര്‍ സായിപ്പിന്റെ ബഹുമതി ലഭിച്ചയാളാണ് കൃഷ്ണത്തണ്ടാന്‍. എന്നാല്‍, വയസ്സ് നൂറു പിന്നിട്ട, പണിക്കസ്ഥാനവും വീരചങ്ങലയും സ്ഥാനവടിയുമുള്ള കൃഷ്ണത്തണ്ടാന്റെ കഥയല്ല ‘കുഴി’. മറിച്ച്, അഞ്ചലോട്ടക്കാരനെപ്പോലെ നാടുമുഴുവന്‍ ഓടിനടന്ന് അങ്ങേരുടെ മരണവാര്‍ത്ത പറയുന്ന താമിയുടെയും അങ്ങേരുടെ ശവക്കുഴിവെട്ടുന്ന കോരുളയുടെയും കഥയാണ്. പ്രതാപിയായ കൃഷ്ണത്തണ്ടാന്റെ മകന് കൃഷ്ണകുമാര്‍ തഹസില്‍ദാരായി മാറുമ്പോള്‍ കുഴിവെട്ടുകാരന് പല്ലന്റെ മകന് കോരുള കുഴിവെട്ടുകാരനായും, ആശ്രിത തൊഴിലാളിയായിരുന്ന കൂടന്റെ മകന് തൊഴിലാളിയായും തുടരുന്നതിന്റെ കഥയാണ്.
പിഞ്ഞിപ്പോയ ജീവിതങ്ങള്‍ തുന്നിച്ചേര്‍ക്കുന്നവര്‍
സാമൂഹികവും രാഷ്ട്രീയവും ചരിത്രപരവുമായ കാരണങ്ങളാല്‍ പിഞ്ഞിപ്പോയ ജീവിതം തുന്നിച്ചേര്‍ക്കുന്ന ചെറുകിട മനുഷ്യരുടെ കഥകളാണ് റഫീഖ് കൂടുതലായും എഴുതുന്നത്. തങ്ങളുടെ ഉപജീവനമാർഗങ്ങളിലേക്കും ആവാസ ഇടങ്ങളിലേക്കും മനോവ്യാപാരങ്ങളിലേക്കും പടരുന്ന ഒടുങ്ങാത്ത അടരുകളുള്ള അധിനിവേശത്തിനും ചൂഷണത്തിനും ഇരപ്പെടുമ്പോഴും അതില്‍നിന്ന് കുതറാന്‍ ശ്രമിക്കുന്നവരാണ് റഫീഖിന്റെ കഥാപാത്രങ്ങള്‍. ‘ഗ്രൗണ്ട് സീറോ’യിലെ നന്ദിനിയും അവളുടെ ചിത്രകാരനായ കൂട്ടുകാരനും, ‘കടലെടുത്തവരുടെ നഗര’ത്തിലെ സാം എന്ന എഡിറ്ററും ദേവികയെന്ന ഡോക്യുമെന്ററി ഡയറക്ടറും, ‘അറ്റുപോയ ഒരാളി’ലെ അബ്ദുള്‍ സത്താറും ഇവരില്‍ ചിലരാണ്.
സെയില്‍സ് ഗേളായ നന്ദിനിയുടെ കൂട്ടുകാരനും ചിത്രകാരനുമായ ചെറുപ്പക്കാരന്റെ നോട്ടപ്പാടിലൂടെയാണ് കഥ വികസിക്കുന്നതെങ്കിലും ‘ഗ്രൗണ്ട് സീറോ’ എന്ന കഥയിലെ മാസ് അട്രാക്ഷന് നന്ദിനിയാണ്. അവള്‍ക്കെപ്പോഴും ആഖ്യാതാവായ ചിത്രകാരനുമേല്‍ ഒരു മേല്‍ക്കൈയുണ്ട്. അവന്റെ ചുമരില്‍ ആഴമുള്ള നോട്ടത്തോടെയുള്ള അവളുടെ ഒരു ചിത്രം തൂങ്ങുന്നുണ്ട്. നന്ദിനിയുടെ ചിത്രം അയാള്‍ക്ക് അവളുടെ സാന്നിധ്യംപോലെ തന്നെയാണ്. അയാള്‍ വരച്ചുതുടങ്ങാന്‍ പ്ലാനിടുന്ന പുതിയ ചിത്രത്തിന്റെ പേരാണ് ഗ്രൗണ്ട് സീറോ. അതില്‍ മണ്ണുമാന്തിമാന്തി കുന്നിനെ ഇല്ലാതാക്കുന്ന യന്ത്രമുണ്ട്, അവശേഷിക്കുന്ന കുന്നിന്റെ ഉച്ചിയില്‍ വേരുകള്‍ പറിഞ്ഞുതുടങ്ങിയ വീടുണ്ട്, വീടിനു മുന്നില്‍ യന്ത്രത്തിന് നേരേ കുരക്കുന്ന പട്ടിയുണ്ട്, ഉള്‍വശം കാണാവുന്ന വീട്ടില്‍ കിടപ്പിലായൊരു സ്ത്രീയുണ്ട്. മാന്തിമാന്തി യന്ത്രം കുന്നില്ലാതാക്കുന്നതുപോലെ നാലുനില സ്ഥാപനത്തിലെ എണ്ണിയാലൊടുങ്ങാത്ത സെയില്‍സ് ഗേള്‍സിന്റെ മാനം കവര്‍ന്ന് പെണ്ണിനെ ഇല്ലാതാക്കുന്ന വസ്ത്രവ്യാപാര ഉടമയായ ഡെയ്സണ്‍ തോമസിന്റെ ‘ആണത്തം’ ചെത്തിയെടുത്ത് ചിത്രകാരന് കാഴ്ചവെക്കുന്നിടത്താണ് ഈ കഥ അവസാനിക്കുന്നത്.
കാണെക്കാണെ ചുറ്റുപാടുകള്‍ പൊളിഞ്ഞുവീണ് നിലംപൊത്തുകയും, കടലുകേറിപ്പോവുകയും ചെയ്തുകൊണ്ടിരിക്കുന്ന സങ്കീര്‍ണ കാലത്തിന്റെ മുഴുവന്‍ സാമൂഹിക ആധികളും ഉള്ളിലേറ്റുന്നൊരു മാധ്യമപ്രവര്‍ത്തകനാണ് സാം. നിയതമല്ലാത്ത ജീവിതപ്പാച്ചിലില്‍ താന്‍ ചേര്ത്തുപിടിച്ചതൊക്കെ ഊര്ത്തിക്കളയുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും സമരസപ്പെടാനും കഴിയാതെ മെല്ലെമെല്ലെ മറവിയിലേക്കും വിഭ്രാന്തിയിലേക്കും കൂപ്പുകുത്താന്‍ തുടങ്ങുന്ന സാം എന്ന എഡിറ്ററുടെ കഥയാണ് പ്രധാനമായും ‘കടലെടുത്തവരുടെ നഗരം’. തന്റെ പ്രഫഷനോടും ലക്ഷ്യങ്ങളോടും കൂടുതല്‍ നീതിപുലര്ത്തുകയാല് അറിഞ്ഞോ അറിയാതെയോ സാമിന്റെ ജീവിതത്തെ കൂടുതല്‍ സങ്കീർണമാക്കും വിധമാണ് ഡോക്യുമെന്ററി സംവിധായികയായ ദേവികയെന്ന അയാളുടെ ജീവിതപങ്കാളി കഥയില്‍ ഇടപെടുന്നത്. ഈ കഥ സാമിന്റെ കാഴ്ചപ്പാടില്‍ വികസിക്കുന്നതുകൊണ്ടാവാം നമ്മള് സാമിനോട് അനുതാപമുള്ളവരും അയാളുടെ അനുഭവങ്ങളോട് താദാത്മ്യം പ്രാപിക്കുന്നവരുമായി മാറി ഈവിധം ചിന്തിക്കുന്നത്. ശാരീരികമായ ഊഷ്മളതകള്‍ അപൂർവമായി അവശേഷിക്കുന്നുണ്ടെങ്കിലും തുടര്‍ന്നുപോരുന്ന ചെതുക്കിച്ച ലിബറല്‍ ദാമ്പത്യത്തിന്റെ അഴുകിയ ഭാരം സാമിന്റെ വിവരണങ്ങളില്‍ പ്രകടമായിതന്നെ കടന്നുവരുന്നുണ്ട്. പ്രകടിപ്പിക്കാനാവാത്ത അമര്‍ഷങ്ങളും, ഭൂമിതൊടാത്ത സഹവാസജീവിതവും ഒക്കെച്ചേര്‍ന്ന് കുഴച്ചുപടുക്കുന്ന എരിപൊരി ജീവിതാവസ്ഥകളെ വിഭ്രാന്തികളും മറവികളും കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും നേരിടാനാവില്ല എന്നൊരു പാഠമാണ് ഈ കഥ അവശേഷിപ്പിക്കുന്നത്.
കാൽപന്തുകളിയില് ഗോളടിക്കുന്നതുപോലെ ആളുകളെ കൊല്ലുകയും അവരുടെ കൈകാലുകള്‍ വെട്ടുകയും ചെയ്യുന്ന ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട അബ്ദുള്‍ സത്താറെന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ അപ്രതീക്ഷിത തിരിവുകളെയും പ്രശ്നങ്ങളെയും വൈകാരിക തീവ്രതയോടെ ആവിഷ്കരിക്കുന്ന കഥയാണ് ‘അറ്റുപോയ ഒരാള്‍’. സാമൂഹികനീതിയും ജനാധിപത്യബോധവും രാഷ്ട്രീയസാഹോദര്യവും തെല്ലും തീണ്ടാത്ത കണ്ണിൽച്ചോരയില്ലാത്തവരുടെ സ്ഥാപിത ‘രാഷ്ട്രീയ’മാണ് ഒരുപരിധിവരെ ക്വട്ടേഷന്‍ സംഘങ്ങളെ നിലനിര്‍ത്തുന്നത്. പ്രതിഫലം ലഭിച്ചാല്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന ഏതുടലിനു നേരെയും ആയുധംവീശാന് മടിക്കാത്ത ചെറുപ്പക്കാരാണ് ഇവരുടെ കൈമുതല്‍. പരസ്പരം കൊണ്ടും കൊടുത്തും, വളര്‍ന്ന (വളര്‍ത്തിയ) ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ട്ടിനേതാക്കളുമായും, അവര്‍ക്ക് തിരിച്ചുമുള്ള ബന്ധങ്ങള്‍ (പ്രത്യേകിച്ചും വടക്കന്‍ കേരളത്തിലെ) ഏവര്‍ക്കും അറിവുള്ളതാണ്. ഈ അവിശുദ്ധ/അധോലോക കൂട്ടുകെട്ട് പ്രായോജകരായിട്ടുള്ള ‘കളി’ക്കാരുടെ ടീമില്‍ ഇടര്ച്ചകളോടെ ‘പണി’ക്കിറങ്ങേണ്ടിവന്ന പലരില്‍ ഒരാളാണ് അബ്ദുൾ സത്താര്‍. അബ്ദുൾ സത്താറിനെപ്പോലെ ഒരാള്‍ ഉണ്ടാകുന്നതിന്റെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിലേക്ക് നീളാതെ, പ്രസ്തുത കണ്ണിയില്‍ ഉള്‍പ്പെട്ടുപോയ അയാള്‍ വ്യക്തിജീവിതത്തില്‍ അഭിമുഖീകരിക്കുന്ന സമാനതകളില്ലാത്ത അനുഭവങ്ങളിലേക്കാണ് ഈ കഥയുടെ പടര്‍ച്ചകള്‍. ഒരാളുടെ കാലുവെട്ടാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തതിന്റെ പണമുപയോഗിച്ച് വാങ്ങിയ പാദസരങ്ങളും ആയുധവുമടങ്ങിയ സഞ്ചിയുമായി അമ്മയെക്കാണാന്‍ ആശുപത്രിയിലെത്തുന്ന സത്താറിനെ എതിരേല്ക്കുന്നത് ആണി കയറി പഴുത്തതിനാല്‍ മുറിച്ചുമാറ്റേണ്ടിവന്ന അമ്മയുടെ വലതുകാലാണ്.
കാടിന്റെയും കടലിന്റെയും എഴുത്തുകള്‍
മനുഷ്യര്‍ പ്രകൃതിയോട് പുലര്‍ത്തുന്ന വ്യത്യസ്ത സമീപനങ്ങളില്‍ അടങ്ങിയിട്ടുള്ള രാഷ്ട്രീയത്തെ പ്രശ്നവത്കരിക്കുന്ന രീതി റഫീഖിന്റെ കഥകളുടെ മറ്റൊരു പ്രത്യേകതയാണ്. മനുഷ്യര്‍ പരസ്പരവും ജീവജാലങ്ങളോടും പരിസരങ്ങളോടും പുലര്‍ത്തുന്ന ബന്ധങ്ങളിലെ വൈവിധ്യവും താൽപര്യങ്ങളും പല കഥകളിലും വിഷയീഭവിക്കുന്നുണ്ടെങ്കിലും ‘കടുവ’യിലും ‘വിശുദ്ധപിശാചി’ലും അവ വളരെ പ്രകടമാണ്. സമീപ/വിദൂര/അതിവിദൂര ദൃശ്യങ്ങളുടെ വിന്യാസം സിനിമയില്‍ ചെയ്യുന്നതുപോലുള്ളൊരു പണി പ്രകൃതിവര്‍ണനകളാല്‍ റഫീഖിന്റെ കഥകളില്‍ ചെയ്യുന്നുണ്ട്. വായിച്ചുപോകെ ദൃശ്യാനുഭവങ്ങളായി പരിണമിക്കുന്ന ഇത്തരം മായികവര്ണനകള് കാടും കടലും പശ്ചാത്തലമാകുന്ന ‘കടുവ’യിലും ‘വിശുദ്ധപിശാചി’ലും നിരവധിയാണ്.
റഫീഖിന്റെ കഥകളില്‍ പ്രമേയം, പരിസരം, ഭാഷ ഇവകൊണ്ട് വളരെ വ്യത്യസ്തമായ ഒരു കഥയാണ് ‘കടുവ’. എന്നാല്‍ രാഷ്ടീയം, ദര്‍ശനം, മനുഷ്യത്വം എന്നീനിലകളില്‍ ഈ കഥ അദ്ദേഹത്തിന്റെ ഇതരകഥകളുമായി രക്തബന്ധം പുലര്‍ത്തുന്നു. മനുഷ്യഭാഷ്യത്തിലൂടെയാണ് ഈ കഥ വികസിക്കുന്നതെങ്കിലും ഈ കഥയിലെ മുഖ്യകഥാപാത്രങ്ങള്‍ കാടും മരങ്ങളും മൃഗങ്ങളും പക്ഷികളും പറവകളും ഉരഗങ്ങളും മിന്നാമിനുങ്ങുകളും ഒക്കെ ഉള്‍പ്പെടുന്ന പ്രകൃതിയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ കഥയിലെ പ്രകൃതിയെ റഫീഖ് ഒരു കടുവയുടെ രൂപഭാവങ്ങളിലേക്ക് പകര്‍ത്തിയെടുത്തിട്ടുണ്ട്. കഥയുടെ പരിസരവും അടിമുടി കടുവമയമാണ്. മുഖ്യധാരാസമൂഹം പൂർണ മനുഷ്യപദവി നല്‍കാത്ത ആദിവാസികളുടെ അതിജീവനത്തിന്റെ ഉള്‍വശമാണ് ഈ കഥ വെളിവാക്കാന്‍ ശ്രമിക്കുന്നത്. ഗോത്രഭാഷയുടെ വഴക്കങ്ങളിലൂടെ അതിന്റെ തനിമചോരാതെയുള്ള ഒരു മലയാളഭേദ്യമാണ് റഫീഖ് ഈ കഥപറച്ചിലിന് ഉപയോഗിച്ചിട്ടുള്ളത്. വളരെ സ്വാഭാവികവും മാനകവുമായ വായനയോട് കൊമ്പുകോര്‍ക്കുന്ന ഒരു വാമൊഴിവഴക്കവും വർണനയുമാണ് ഈ കഥയുടെ സവിശേഷത. വിട്ടുവീഴ്ചകള്‍ക്ക് തയാറാകാതെ കല്ലില്‍ കല്ലുകൊണ്ടെഴുതുന്നതിന്റെ ഒരു രാഷ്ട്രീയസൂക്ഷ്മത ഈ ഭാഷാ/ഭാവുകത്വ സ്വീകരണത്തില്‍ ഉള്ളതായി തോന്നുന്നു. ആഖ്യാതാവായി കഥയിലെത്തുന്ന ഒരു ആദിവാസിബാലന്റെ പറച്ചിലുകളും വിവരണങ്ങളും വിചാരങ്ങളും ഭാവനകളുംകൊണ്ടാണ് റഫീഖ് ‘കടുവ’യെന്ന കഥ മെടഞ്ഞെടുക്കുന്നത്.
കടലിന്റെ പശ്ചാത്തലത്തില്‍ കഥപറയുമ്പോള്‍ റഫീഖിന്റെ എഴുത്ത് തിരകളുടെ ശക്തിസൗന്ദര്യങ്ങള്‍ കൈവരിക്കും. നേരവും കാലവും നോക്കാതെ ഇളകിമറിഞ്ഞവ വായനയുടെ തുരുത്തിലേക്ക് നാലുപാടുനിന്നും അടിച്ചുകയറും. തീരദേശ ജീവിതത്തിന്റെ തനിമകളോടും സാമൂഹികാനുഭവത്തോടും നീതിപുലര്‍ത്തുന്ന എഴുത്തിനോടും ഭാവനയോടും ബിബ്ലിക്കലായൊരു ഭാവുകത്വ പരിചരണംകൂടി കലരുന്നതോടെ സര്‍ഗാത്മകതയുടെ ചുഴികളില്പെട്ട നോവലായി മാറിമറിയുന്ന കഥയാണ് ‘വിശുദ്ധപിശാച്’. കഥകളിലെ ദേശത്തെയും കഥാപാത്രങ്ങളെയും സാമാന്യലോകത്തെ/ ഭാവനയെ മറികടക്കുന്ന ബഹുസ്വരവും അമൂര്‍ത്തവുമായ ഒരു ഭൂപടമായി വളര്‍ത്താനും, കഥക്കുള്ളില്‍ ഇതരകഥകളിലേക്ക് തുറസ്സുകള്‍ സൃഷ്ടിക്കാനും, കഥാപാത്രങ്ങളെ മിഴിവുള്ളവരാക്കാനും റഫീഖിനുള്ള കഴിവ് അന്യാദൃശവുമാണ്. ‘അടയാളം’, ‘സദ്ദാമിന്റെ ബാര്‍ബര്‍’, ‘പഴയൊരു പ്രേമകഥ’ പോലുള്ള റഫീഖിന്റെ പലകഥകള്ക്കും നോവല്‍ സ്വഭാവമുണ്ടെങ്കിലും ‘വിശുദ്ധപിശാചി’ല്‍ അത് കുറെക്കൂടി പ്രകടവും അനുഭവവേദ്യവുമാണ്. വലിയൊരു നോവല്‍ വായിച്ചുതീര്ത്തതിനുശേഷമുണ്ടാകുന്ന ഉള്ളുലക്കുന്നൊരു തിക്കുമുട്ടല്‍ ഈ കഥയുണ്ടാക്കുന്നുണ്ട്. കഥയിലെ ദേശവും കഥാപാത്രങ്ങളും സംഭവപരമ്പരകളും വായനക്കുശേഷവും ഉള്ളില്‍ സജീവമായി തുടരുന്നു. ചില മികച്ച കഥകളിലെ ചില സന്ദര്‍ഭങ്ങള്‍ പിന്തുടരാറുണ്ടെങ്കിലും ഒരു കഥയൊന്നാകെ ഇങ്ങനെ പിന്നാലെ കൂടുന്നത് അപൂര്‍വമാണ്. റഫീഖിന്റെ കഥകള്‍ നോവലുകളെപ്പോലെയാണ് മനസ്സിനെ ബാധിക്കുന്നത്. കഥകളിലെ വരികള്‍ ഒന്നിനുപുറകെ ഒന്നായി തെറുത്തുതെറുത്തുവന്ന് തിരകളായി വായനയിലേക്ക് അടിച്ചുകയറുന്നു. കടലിന്റെ സ്വഭാവമാണ് റഫീഖിന്റെ കഥകള്ക്കെന്ന് ചുരുക്കം. അവ ശാന്തത കൈവരിക്കുന്നതേയില്ല. വായനയുടെ/ഭാവുകത്വത്തിന്റെ/ഭാവനയുടെ തീരങ്ങളെ അവ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു.
ഭൂമിക്ക് മുകളില്‍ മാത്രമല്ല ഭൂമിക്കടിയിലും ലോകമുണ്ടെന്ന് വിവിധ അടരുകളുള്ള രാഷ്ട്രീയ ഉള്ളടക്കങ്ങളെ വഹിച്ചുകൊണ്ട് ഈ കഥ വായനയോട് വേറിട്ട രീതിയില്‍ സംവദിക്കുന്നു. തങ്ങള്‍ പ്രതാപശാലികളായിരുന്നുവെന്ന് പ്രഖ്യാപിക്കുന്ന കല്ലറകളും അവശരായിരുന്നുവെന്ന് കേഴുന്ന കുഴിമാടങ്ങളും സെമിത്തേരിയിലുണ്ടെന്ന് കഥയിലൊരിടത്ത് പറയുന്നുണ്ട്. സാമൂഹിക പദവിയിലും സാമ്പത്തികനിലയിലും പുരാതന ക്രിസ്ത്യാനികളും പുത്തന്‍ ക്രിസ്ത്യാനികളും തമ്മിലുള്ള അന്തരത്തെ കുറിച്ചും കഥയില്‍ സൂചനകളുണ്ട്.
വസന്തത്തിന്റെ മുഴക്കങ്ങള്‍; ഇല്ലായ്മയുടെയും
റഫീഖിന്റെ കഥകളുടെ രാഷ്ട്രീയത്തിന് പല അടരുകളുണ്ടെന്ന് ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നു. അതിലൊന്ന് എഴുപതുകളിലെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. കാൽപനികതയുടെ കയറ്റിറക്കങ്ങള്‍ ആര്‍ദ്രമായും സംഘര്ഷാത്മകമായും പ്രകടിപ്പിക്കുമ്പോഴും സൂക്ഷ്മരാഷ്ട്രീയത്തിന്റെയും വ്യതിരിക്ത നിലപാടുകളുടെയും അടിയൊഴുക്കുകള്‍ റഫീഖിന്റെ കഥകളില്‍ അനുഭവവേദ്യമാണ്. ‘വസന്തത്തിന്റെ ഇടിമുഴക്ക’ത്തിനായി പണിയെടുത്തതിനാല്‍ ഭരണകൂടത്താല്‍ വേട്ടയാടപ്പെടുകയും തുറങ്കിലടക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തവരുടെ അവശേഷിച്ച ജീവിതങ്ങളോട് കഥാകൃത്ത് പുലര്‍ത്തുന്ന രാഷ്ട്രീയാഭിമുഖ്യം പലകഥകളിലും ഒളിഞ്ഞും തെളിഞ്ഞും കാണാം. എഴുപതുകളിലെ യുവതയുടെ സമാന്തരങ്ങളില്ലാത്ത രാഷ്ട്രീയ ഇടപെടലുകളുടെ, ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളുടെ, അവശേഷിപ്പുകളുടെ രാഷ്ട്രീയത്തെ കഥകളില്‍ അടയാളപ്പെടുത്താനുള്ള ശ്രമം റഫീഖിനെ പുതുകഥാകൃത്തുക്കളുടെ ഇടയില്‍തന്നെ വ്യത്യസ്തനാക്കുന്നു. പുതിയ ലോകത്തെയും മനുഷ്യബന്ധങ്ങളെയും മൂല്യങ്ങളെയും വിഭാവനം ചെയ്തുകൊണ്ട് തീവ്ര ഇടതുപക്ഷ രാഷ്ട്രീയ ആശയങ്ങള്‍ നെഞ്ചിലേറ്റി അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും വരാതെപോയ ‘വസന്തം’ അവശേഷിപ്പിച്ച സങ്കീർണതകളിലും പ്രതിസന്ധികളിലുംപെട്ട് ജീവിതവും മനോനിലയും നഷ്ടമായവര്‍ റഫീഖിന്റെ കഥകളില്‍ മാത്രമല്ല, ഓർമക്കുറിപ്പുകളിലും കടന്നുവരുന്നുണ്ട്. കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ജീവിതം തന്നെയാണ് കഥകളായി മാറുന്നതെന്ന് ഓർമയെഴുത്തുകള്ക്കും കഥകള്‍ക്കും ഇടയിലുള്ള നേര്‍ത്ത അതിര്‍വരമ്പുകള്‍ വെളിപ്പെടുത്തുന്നു.
സൂചിത ആഭിമുഖ്യം പ്രകടമാക്കുന്ന കഥയാണ് ‘തൊള്ളായിരത്തി എഴുപത്തഞ്ച്’. പതിവുപോലെ കഥാകൃത്ത് പരകായപ്രവേശം നടത്തിയ കഥാപാത്രത്തിന്റെ നോട്ടപ്പാടിലൂടെയാണ് ഈ കഥയും വികസിക്കുന്നത്. ഈ കഥയിലെ ആഖ്യാതാവ് ചെറുപ്പക്കാരനായ ഒരു പത്രപ്രവര്‍ത്തകനാണ്. ‘ജീവിച്ചിരിക്കുന്ന രക്തസാക്ഷി’ എന്ന ക്ലീഷേ പ്രയോഗത്തിന് സര്‍വഥാ യോഗ്യനായ, എഴുപതുകളുടെ തീവ്രരാഷ്ട്രീയത്തില് പൂണ്ടുപോയ അപ്പനും അപ്പന്റെ കൂട്ടാളികളായ സഖാക്കളുമാണ് മറ്റ് കഥാപാത്രങ്ങള്‍. അപ്പനെ പരിപാലിച്ചും, പ്രതിസന്ധികള്‍ നിറഞ്ഞ പുതിയ ജീവിതസാഹചര്യങ്ങളെ നേരിട്ടും ജീവിതം തള്ളുമ്പോഴും സ്വയം നഷ്ടപ്പെട്ട അപ്പനോടും കൂട്ടാളികളോടും അനുതാപം സൂക്ഷിക്കുന്നുണ്ട് ഈ ചെറുപ്പക്കാരന്. മരിച്ചുപോയ കനു സന്യാലും ടീയെന്‍ ജോയിയും (നജ്മൽ ബാബു) രാഷ്ട്രീയമുപേക്ഷിച്ച കെ. വേണുവും ഈ കഥയിലെ കഥാപാത്രങ്ങളുടെ ലോകത്ത് സജീവതയോടെ കടന്നുവരുന്നു. ‘‘വീടിപ്പോ പൊലീസു വളയും’’ എന്നുപറഞ്ഞുകൊണ്ട് കതക് തള്ളിത്തുറന്ന് കിതക്കുന്ന കൃഷ്ണക്കമ്മത്തിന്റെ കാഴ്ചകളും മനോവ്യാപാരങ്ങളും എമിര്‍ കുസ്തൂറിക്കയുടെ വിഖ്യാത സിനിമയായ ‘അണ്ടര്‍ഗ്രൗണ്ടി’ലെ ചില സന്ദര്‍ഭങ്ങളെ ഓർമപ്പെടുത്തും. പൊലീസ് പിന്തുടരുന്ന നിരോധിക്കപ്പെട്ട പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനാണ് താനെന്ന് സ്വയം കരുതുന്ന ആളാണിയാള്‍.
തനിമയുള്ള ഭാഷയില്‍ എഴുതപ്പെട്ട കവിതയുടെ മിന്നലുകളുള്ള കഥയാണ് ‘ഇല്ലാത്ത രാവുണ്ണി’. സാധാരണമാകാമായിരുന്ന ഈ കഥയെ തനിമകൊണ്ടും കവിതകൊണ്ടും റഫീഖ് അസാധാരമായ അനുഭവമാക്കുന്നു. കഥയുടെ പ്രത്യേകതകൊണ്ടല്ല, കഥപറച്ചിലിന്റെ പ്രത്യേകതകൊണ്ടാണ് ഈ കഥ ഹൃദയത്തെ ആര്ദ്രമാക്കുന്നത്. റഫീഖിന്റെ കഥകളില്‍ മാത്രമല്ല മുന്നേ സൂചിപ്പിച്ച, രണ്ടായിരത്തിനുശേഷമുള്ള മിക്കവരുടെയും കഥകളില്‍ (പുതു) കവിതയുടെ നിഴലുകള്‍ അനൽപമായി കാണാം. ദാര്‍ശനിക ഭാരമോ പ്രഹേളികാസ്വഭാവമോ ഇല്ലാത്ത ഇത്തരം നിഴലുകള്‍ കഥക്ക് നല്കുന്ന ആര്‍ദ്രതയും തീക്ഷ്ണതയും അതുല്യമാണ്. ഇതരകഥകളെ തൊട്ടിട്ടുള്ളതുപോലെതന്നെ റഫീഖ് ഈ കഥയെയും കവിതകൊണ്ട് സമർഥമായി തൊട്ടുമിനുക്കിയിട്ടുണ്ട്. ഈ കഥ പറയുന്നതില്‍ സ്വീകരിച്ചിട്ടുള്ള ഭാഷയുടെ തനിമയും പച്ചപ്പുംകൊണ്ടാവാം ഇതില്‍ തലനീട്ടുന്ന ‘കവിതാശകലങ്ങള്‍ക്ക്’,വേറിട്ടൊരു മാനവും സവിശേഷതയും കൈവരുന്നത്. വായനക്കാരുടെ കുറിക്കുകൊള്ളുന്നതിന് റഫീഖ് ഉപജീവിക്കുന്ന നാട്ടുപഴമകളും ആക്ഷേപഹാസ്യത്തിന്റെ അടരുകളും മുഖ്യധാരാ ഹിംസകളും രാഷ്ട്രീയധ്വനികളും കാവ്യഭാഷയും ഈ കഥയുടെ അടിയൊഴുക്കുകളായി വര്‍ത്തിക്കുന്നു. അങ്ങനെയാണ് ‘ഇല്ലാത്ത ഇല്ലാവുണ്ണി’യുടെ സാധാരണകഥ അസാധാരണ അനുഭവമാകുന്നത്.
മതവും ജാതിയും നിര്‍ണായകമായിട്ടുള്ള പ്രബലഭാവുകത്വത്തിന്റെ ഹിംസകളോടും അപര/പാര്ശ്വവത്കരണത്തോടും ഇടയുകയും തങ്ങളുടേതായ നിലയില്‍ തനിമകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഓരപ്പെട്ട മനുഷ്യരുടെ ജീവിതമാണ് റഫീഖിന്റെ കഥകളില്‍ കൂടുതലായും കടന്നുവരുന്നത്. പലതരം കാരണങ്ങളാല്‍ പലവിധേന തകര്‍ന്ന മനുഷ്യരാണ് റഫീഖിന്റെ കഥകളിലെ ഒട്ടുമിക്ക മുന്‍നിര കഥാപാത്രങ്ങളും. ചെറുകിട/സാധാരണ ജീവിതം തള്ളിനീക്കുന്നവര്‍ ആയിരിക്കുമ്പോള്‍തന്നെ അതിന്റെയുള്ളില് നില്ക്കക്കള്ളി ഇല്ലാത്തവരാണ് പലരും. ശരി-തെറ്റുകളെയും നന്മ-തിന്മകളെയും ബ്ലാക്ക് ആൻഡ് വൈറ്റായി വേര്‍തിരിക്കാതെ രാഷ്ട്രീയശരികൊണ്ടും മനുഷ്യപ്പറ്റുകൊണ്ടും അടയാളപ്പെടുത്താനാണ് റഫീഖ് ശ്രമിക്കുന്നത്. സൂചിത അടയാളപ്പെടുത്തലുകളില്‍ അനന്യമായ സര്ഗാത്മകതക്കൊപ്പം സാമൂഹികനീതിയുടെയും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെയും അടരുകള്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ട്.