പ്രിയപ്പെട്ട കവി മുരീദ്
ഫലസ്തീൻ കവി മുരീദ് ബർഗൂതിയുടെ ആത്മകഥ മലയാളത്തിലാക്കിയ അനിത തമ്പിക്ക് കവിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ചും ആ കവിതകളെക്കുറിച്ചും എഴുതുന്നു. കൂടെ നാല് കവിതകളുെട മൊഴിമാറ്റവും.എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് വിദേശഭാഷാ കവികൾ, എന്റെ ആത്മാവിനോട് ഏറ്റവുമടുത്തു വർത്തിക്കുന്ന രണ്ടുപേർ അവരുടെ ഭൗതികശരീരം ഈ മണ്ണിൽ വിട്ടു കടന്നുപോയവരാണ്. എന്നെ സംബന്ധിച്ചിടത്തോളം രണ്ടുപേരും ജീവിച്ചിരിക്കുന്നു....
Your Subscription Supports Independent Journalism
View Plansഫലസ്തീൻ കവി മുരീദ് ബർഗൂതിയുടെ ആത്മകഥ മലയാളത്തിലാക്കിയ അനിത തമ്പിക്ക് കവിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ചും ആ കവിതകളെക്കുറിച്ചും എഴുതുന്നു. കൂടെ നാല് കവിതകളുെട മൊഴിമാറ്റവും.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് വിദേശഭാഷാ കവികൾ, എന്റെ ആത്മാവിനോട് ഏറ്റവുമടുത്തു വർത്തിക്കുന്ന രണ്ടുപേർ അവരുടെ ഭൗതികശരീരം ഈ മണ്ണിൽ വിട്ടു കടന്നുപോയവരാണ്. എന്നെ സംബന്ധിച്ചിടത്തോളം രണ്ടുപേരും ജീവിച്ചിരിക്കുന്നു. അഥവാ അവരെക്കാൾ ജീവിച്ചിരിക്കുന്നവരായി എനിക്കു ചുറ്റും അധികം പേരില്ല. രണ്ടുപേരും ഭൂമിയുടെയും ഭാഷകളുടെയും അതിരുകൾ കടന്ന് എന്റെ ജീവന്റെ ഭാഗമായത് മനുഷ്യബന്ധങ്ങളുടെ, കവിതയുടെയും അത്ഭുതകരമായ ഏതോ വഴിയിലാണ്. ഒരാൾ 1958ൽ മരിച്ചുപോയ സ്പാനിഷ് കവി യുവാൻ റാമൊൺ ഹിമനേസ്. മറ്റേയാൾ ഫലസ്തീൻ കവി മുരീദ് ബർഗൂതി.
ബർഗൂതിയുടെ ആത്മകഥാപരമായ പറച്ചിലായ ‘റാമല്ല ഞാൻ കണ്ടു’ എന്ന പുസ്തകം ഞാൻ പരിഭാഷചെയ്ത് മുമ്പ് മാധ്യമം ആഴ്ചപ്പതിപ്പിൽ ആഴ്ചതോറും ഒരു കൊല്ലത്തോളം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീട് ഒലിവ് പബ്ലിക്കേഷൻസ് അത് പുസ്തകമാക്കി. ‘‘ഫലസ്തീൻ പ്രശ്നത്തെപ്പറ്റിയുള്ള ഏറ്റവും മികച്ച അനുഭവസാക്ഷ്യങ്ങളിലൊന്ന്’’ എന്ന് എഡ്വേഡ് സഈദ് വിശേഷിപ്പിച്ച പുസ്തകം, ലോകമെമ്പാടും അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പുസ്തകം. അതെഴുതിയ കവി അന്നെനിക്ക് പരിചിതനായിരുന്നില്ല. തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോരുന്ന ഒരു കവിയുടെ ആത്മകഥ എന്ന നിലയിലാണ് ഞാനത് വായിക്കാൻ താൽപര്യപ്പെട്ടത്. മുപ്പതുവർഷത്തെ പ്രവാസത്തിനുശേഷം ജന്മനാടായ റാമല്ലയിലേക്ക് കടക്കാൻ ജോർഡൻ നദിക്കു മീതേയുള്ള പാലത്തിന്റെ ഇക്കരെ, നടപടിക്രമങ്ങൾക്കുവേണ്ടി കാത്തുനിൽക്കുകയാണ് കവി. മുപ്പതു വർഷം മുമ്പ് താൻ കടന്നുപോന്ന പാലം. പിന്നീട് ഇക്കാലമത്രയും തനിക്ക് തിരികെ കടന്നുപോകാൻ കഴിയാതിരുന്ന പാലം. ആ കാത്തുനിൽപിൽ കവി തന്റെ ജീവിതം ഓർക്കുകയാണ്. ആ ഓർമ ഒരു വലിയ നീണ്ട കാൻവാസിൽ വരച്ച ചിത്രസമുച്ചയംപോലെ ചുരുളഴിയുന്നു.
അയാൾക്ക് വീടില്ല, നാടില്ല, നാളെയുമില്ല. അയാൾക്കുള്ളത് അവസാനിക്കാത്ത നടപ്പുമാത്രം. ആ നടപ്പാണ് അയാളുടെ ജീവിതം. അത് നീണ്ടും കുറുകിയും അയഞ്ഞും മുറുകിയും മുറിഞ്ഞും ചേർന്നും അധികനേരം ഒരിടത്തും തങ്ങാതെയും അങ്ങനെ പോകുകയാണ്. അറ്റമില്ലാതെ കിടക്കുന്ന മണ്ണിലൂടെ നടന്നുവരുന്ന ഭാഷ. അതിന് കയ്പോ കണ്ണീരോ ഇല്ല, അലർച്ചയും നിലവിളിയും ഇല്ല. ഘനീഭവിച്ച ക്ഷോഭങ്ങളുടെ ഗാഢത മാത്രം. യുദ്ധങ്ങളോ പലായനങ്ങളോ നിർബന്ധിത രാഷ്ട്രീയപ്രവാസമോ പരിചയിക്കാത്ത എന്റെ മലയാളത്തിലേക്ക് ആ പറച്ചിൽ ഞാൻ പരിഭാഷപ്പെടുത്തിത്തുടങ്ങി.
പരിഭാഷയിലൂടെ ഒരാൾ എത്തുക ഒരു പുസ്തകത്തിലേക്കും അതിന്റെ ഭാഷ-ജീവിത സംസ്കാരത്തിലേക്കും മാത്രമല്ല, നല്ലൊരളവ് എഴുത്താളുടെ മനോജീവിതമണ്ഡലത്തിലേക്കും കൂടിയാണ്. ഏതു കൃതിയുടെയും പരിഭാഷക്ക് അങ്ങനെയൊരു സഞ്ചാരതലം ഉണ്ടാവും. ആത്മകഥാപരമായ ഒരു കൃതിയാണ് പരിഭാഷപ്പെടുത്തുന്നതെങ്കിൽ അധികമായും അതുണ്ടാകും. ഈ പുസ്തകത്തിന്റെ പരിഭാഷ മുന്നോട്ടുപോകുന്തോറും കവി മുരീദ് എനിക്ക് കൂടുതൽ കൂടുതൽ അറിയുന്ന ഒരാളായി മാറിക്കൊണ്ടിരുന്നു. പരിഭാഷയുടെ കാലത്ത് കവിയുമായി ഇ-മെയിൽ വഴിയും ശബ്ദസന്ദേശങ്ങൾ വഴിയും ഇടക്കിടെ ബന്ധപ്പെട്ടിരുന്നു. സംശയങ്ങൾക്ക് അപ്പപ്പോൾ അദ്ദേഹം മറുപടി തന്നുകൊണ്ടിരുന്നു. ഒപ്പം മറ്റുപല വിഷയങ്ങളും സംസാരിച്ചുകൊണ്ടുമിരുന്നു. താനും തമീമും ഡൽഹിയിൽ വരുന്നു, കാണാൻ കഴിയുമോ എന്നു തിരക്കിക്കൊണ്ട് 2016 ആദ്യം കവി എനിക്കെഴുതി. തമീം അൽ ബർഗൂതി, കവിയുടെ മകൻ, ഫലസ്തീൻ പുതുകവിതയിൽ അറിയപ്പെടുന്ന ശബ്ദം. ഡൽഹി ഇന്ത്യ ഇന്റർനാഷനൽ സെന്ററിൽ മാർച്ച് 11-13 തീയതികളിൽ വിമൻ അൺലിമിറ്റഡ് നടത്തുന്ന ഫലസ്തീൻ എഴുത്തുകാരുടെ സാഹിത്യസമ്മേളനത്തിൽ പങ്കെടുക്കാനാണ് രണ്ടുപേരും വരുന്നത്. മറ്റെല്ലാ അത്യാവശ്യങ്ങളും മാറ്റിവെച്ച് ഞാൻ ഡൽഹിയിലെത്തി. മൂന്നു ദിവസങ്ങളിലും ഐ.ഐ.സിയിലെത്തി കവിയെ കണ്ടു. എല്ലാ ദിവസവും വളരെനേരം ഒപ്പം ചെലവഴിച്ചു. നെടിയതും ജീവസ്സുറ്റതുമായ രൂപം. ലളിതവും അതീവ സൗമ്യവുമായ പ്രകൃതം. കുറച്ചു മാത്രം വാക്കുകൾ, തുരുതുരാ സിഗരറ്റുകൾ, കവിയുടെ കൈമറിഞ്ഞ് മേശപ്പുറത്തെ ചാരപ്പെട്ടിയിലേക്ക് വീണുപുകഞ്ഞുകൊണ്ടിരിക്കുന്ന സിഗരറ്റ് കുറ്റികൾ. എന്റെ അച്ഛൻ നിറുത്തില്ലാതെ ബീഡി പുകച്ചിരുന്നു; അമ്മയും ഞങ്ങൾ കുട്ടികളും അതിന് നിറുത്തില്ലാതെ പരാതിപ്പെടുകയും ചെയ്തിരുന്നു. അതൊക്കെയോർത്ത്, കവിയിൽനിന്ന് പുറപ്പെട്ട് ചുരുളഴിഞ്ഞ് മായുന്ന പുകച്ചുരുളുകൾ നോക്കി ഞാനിരുന്നു, കവിയെ കേട്ടു.
ജീവിതപങ്കാളിയായ റദ്വായുടെ മരണശേഷം കൈറോയിൽനിന്നും ജോർഡനിലേക്ക് പാർപ്പ് മാറ്റിയതിനെപ്പറ്റി, ദുഃഖിതനും ക്ഷീണിതനുമായി ഏഴുമാസം ഒറ്റപ്പെട്ട് അടഞ്ഞ് ജീവിച്ചതിനെപ്പറ്റി, അദ്ദേഹം പറഞ്ഞു. തരണംചെയ്യാൻ കഴിയാത്ത ദുഃഖമായിരുന്നു റദ്വായുടെ വിയോഗം. കൈറോയിൽ കവിയുടെ സഹപാഠിയായിരുന്നു അവർ. പിന്നീട് ജീവിതത്തിൽ ഉറ്റ സഹയാത്രികയായി. ഈജിപ്തിലെ പ്രമുഖ എഴുത്തുകാരിയും നോവലിസ്റ്റും അധ്യാപികയും ആയിരുന്നു അവർ. 2014 നവംബർ 30നുണ്ടായ റദ്വായുടെ മരണത്തെത്തുടർന്ന് കവി എഴുതിയ ഹൃദയസ്പർശിയായ ലേഖനം ഞാൻ വായിച്ചിരുന്നു. നീണ്ട വർഷങ്ങൾ റദ്വാക്കൊപ്പം കഴിയാൻ സാധിച്ചത് തന്റെ ഭാഗ്യമാണെന്ന് കവിയെഴുതി, അതിലധികം താൻ ആഗ്രഹിക്കുന്നതെങ്ങനെ എന്ന്, ജീവിതം തന്നോട് എത്ര ഉദാരമായിരുന്നു എന്ന്!
അദ്ദേഹത്തിന്റെ എഴുത്തിലെ മിതത്വത്തെപ്പറ്റി ഞാൻ പരാമർശിച്ചപ്പോൾ കവി പറഞ്ഞു: ‘‘എഴുത്തിൽ ന്യൂനോക്തിയാണ് കൂടുതൽ ഫലം തരിക. എഴുതിവെക്കുന്ന ഏതു വാക്കും പ്രവർത്തിക്കും. അതുകൊണ്ട് ആവശ്യമില്ലാത്ത ഒരു വാക്കുപോലും അരുത്. ഉദാഹരണത്തിന്, ‘അനിത വന്നു. ഞാൻ കതകു തുറന്നു. അവൾ വളരെ ക്ഷീണിതയായി കാണപ്പെട്ടു’. ഈ വാക്യത്തിൽ ‘വളരെ’ എന്ന വാക്ക് ആവശ്യമില്ല. അനിത ക്ഷീണിതയായിരിക്കുമെന്ന പ്രതീക്ഷയിലല്ലല്ലോ ഞാൻ കതകു തുറക്കുന്നത്. അപ്പോൾ ക്ഷീണിതയായിരിക്കുന്നു എന്നത് അപ്പോൾ ഉണ്ടായ ഒരറിവാണ്. അതിന് ആപേക്ഷികമായ ഒരു വിശേഷണം ആവശ്യമില്ല.’’
അദ്ദേഹത്തിന്റെ ദർശനത്തെപ്പറ്റി ചോദിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. സംഭാഷണങ്ങളിലും എഴുത്തിലും അദ്ദേഹം അത് വ്യക്തമായും കൃത്യമായും എല്ലാക്കാലത്തും എത്രയോവട്ടം ആവർത്തിച്ചിരിക്കുന്നു. ഒരുകാലത്തും അദ്ദേഹം ഹിംസയെ പിന്തുണച്ചില്ല. സ്വന്തം തെറ്റുകളെ മൂടിവെച്ച് എതിർപക്ഷത്തിന്റെ തെറ്റുകളെ ആക്രമിക്കുന്ന രീതിയും അദ്ദേഹം പിന്തുണച്ചില്ല. ‘‘നിങ്ങൾ റൈഫിൾ ഉയർത്തി സംസാരിക്കുന്നെങ്കിൽ, വിശുദ്ധപുസ്തകം ഉയർത്തി സംസാരിക്കുന്നെങ്കിൽ, എങ്കിൽ എനിക്ക് നിങ്ങളോടൊന്നും സംസാരിക്കാനില്ല’’ എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ട് അധിനിവേശ അധികാരികൾക്കെന്നപോലെ ഒടുവിൽ ഫലസ്തീൻ പോരാളികൾക്കും അനഭിമതനുമായിത്തീർന്നു. ജീവിതത്തെപ്പറ്റി, ലോകമെങ്ങും കൂടുതൽ കൂടുതൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷ, വർഗീയ, സ്വേച്ഛാധിപത്യ പ്രവണതകളെപ്പറ്റി കവി വളരെ സംസാരിച്ചു: ‘‘സ്വേച്ഛാധിപതികൾ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കും. ഉത്കണ്ഠയിലാക്കും. അവർ പറയും, ‘ഞാൻ പറയുന്നതു മാത്രം കേൾക്കുക. എനിക്കെല്ലാം അറിയാം. ഞാൻ നിങ്ങൾക്ക് എല്ലാം പറഞ്ഞുതരാം…’ എന്ന്. എല്ലാ സ്വേച്ഛാധികാരികളും ഇതാണ് പറയുന്നത്.’’
പ്രവാസത്തിന്റെ ഏറ്റവും നിസ്സഹായമായ മുഹൂർത്തങ്ങളിൽപ്പോലും ഉലയാതിരുന്ന കവി പക്ഷേ അദ്ദേഹത്തിന്റെ ജീവിതസായാഹ്നത്തിലെ ഞങ്ങളുടെ ഈ വ്യക്തിപരമായ കൂടിക്കാഴ്ചക്കിടയിൽ നിരാശയോടെ പറഞ്ഞു: ‘‘പോകപ്പോകെ കലയിലും സാഹിത്യത്തിലും സംഗീതത്തിലും അവയുടെ പ്രസക്തിയിലും ഉള്ള എന്റെ വിശ്വാസം ഉലയുകയാണ്. ഏകാധിപതികൾ ഒടുവിൽ പരാജയപ്പെടുമായിരിക്കും. പക്ഷേ അവരുടെ പതനത്തിനുമുമ്പ് അനേകം മനുഷ്യർ പീഡിപ്പിക്കപ്പെടുന്നു, കൊല ചെയ്യപ്പെടുന്നു, പതനത്തിനുമുമ്പുള്ള കാലവും പ്രധാനമാണ്.’’
ആദ്യദിവസം ഞാൻ കണ്ടുമടങ്ങുമ്പോൾ കവി പറഞ്ഞു, ‘‘നാളെ മോളെയും കൊണ്ടുവരൂ.’’ എന്റെ മകൾ മീനാക്ഷി അപ്പോൾ ഡൽഹിയിൽ പഠിക്കുകയാണ്. അടുത്ത രണ്ടു ദിവസവും ഞങ്ങൾ ഒന്നിച്ചാണ് കവിയെ കാണാൻ പോയത്. അവസാനദിവസം ഏറെനേരം ഇരുന്നു സംസാരിച്ചിട്ടും കവി പിരിയാൻ മടിച്ചു. മീനാക്ഷിയെ ചേർത്തുനിർത്തി വളരെ കാര്യങ്ങൾ സംസാരിച്ചു. ‘‘പ്രിയപ്പെട്ട കവി മുരീദ്’’ എന്ന് ഞാൻ സംബോധന ചെയ്തിരുന്ന കവി 2021 ഫെബ്രുവരി 14ന് മരിച്ചു. മരണവാർത്ത കണ്ട് മീനാക്ഷി ഡൽഹിയിൽനിന്ന് വിളിച്ചു: ‘‘അമ്മേ അന്ന് അദ്ദേഹം എന്നോട് ഈ പുസ്തകം വായിച്ചുവോ എന്ന് ചോദിച്ചിരുന്നു. ഇല്ലെന്നു പറഞ്ഞപ്പോൾ അതു നീ വായിക്കണം എന്നുപറഞ്ഞു, ‘അപ്പോൾ നിന്റെ അമ്മയെപ്പറ്റിയും നിനക്ക് കൂടുതൽ മനസ്സിലാകും.’ ”
മൃദുവും സ്നേഹം നിറഞ്ഞതുമായ ശബ്ദത്തിൽ അദ്ദേഹം എനിക്കയച്ച അവസാന സന്ദേശം ഇപ്പോഴും എപ്പോഴും എത്രവട്ടവും കേൾക്കാൻ പാകത്തിൽ എന്റെ ഫോണിൽ തങ്ങുന്നു: ‘‘പ്രിയപ്പെട്ട അനിത, ഞങ്ങൾ അമ്മാനിലാണ്, തമീമും ഞാനും. ഞങ്ങൾ കർഫ്യൂ ആസ്വദിക്കുകയാണ് (ചിരി...) കഴിയുന്നത്ര ഉഷാറായിരിക്കാൻ ശ്രമിക്കുകയാണ്. നീ നന്നായിരിക്കുന്നുവെന്ന് അറിയുന്നത് സന്തോഷം. ഇന്ത്യയിലും ലോകത്തിന്റെ മറ്റു പലയിടങ്ങളിലും ഇപ്പോഴുള്ള രാഷ്ട്രീയ സ്ഥിതിഗതികളിൽ എനിക്ക് വല്ലാത്ത അസ്വസ്ഥതയുണ്ട്. നിങ്ങളുടെ വേദന എനിക്ക് മനസ്സിലാവും, ഈ കഷ്ടപ്പാടുകളിൽ ഞാനും ഒപ്പമുണ്ട്. നന്ദി.’’
2022 ഒക്ടോബർ ഒടുവിൽ ഞാൻ ഈജിപ്തിൽ നടന്ന ഒരു കാവ്യോത്സവത്തിൽ പങ്കെടുക്കുന്ന വേളയിൽ, എന്റെ കവിതകൾ അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി അവ വായിക്കാൻ എത്തിയ കവിയും അധ്യാപകനുമായ ബഷീർ റെഫാതിനോട് ഞാൻ ബർഗൂതിയെപ്പറ്റി അന്വേഷിച്ചു. കവിയുടെയും പ്രിയ റദ്വായുടെയും നഗരമാണല്ലോ കൈറോ. ചില നിമിഷങ്ങളിലെ നിശ്ശബ്ദതക്കുശേഷം ബഷീർ ചോദിച്ചു, നിങ്ങൾക്ക് എങ്ങനെയറിയും ബർഗൂതിയെ? ഞാൻ കഥ ചുരുക്കിപ്പറഞ്ഞു. അയാളുടെ കണ്ണുകൾ നനഞ്ഞു. ബഷീർ ഗവേഷണം നടത്തിയത് ബർഗൂതിയുടെ കൃതികളിലാണ്, ബർഗൂതിയും റദ്വായും അയാൾക്ക് ആത്മബന്ധുക്കൾ. പിന്നീട് ഈജിപ്തിലെ വായനകളിൽ ഉടനീളം ബഷീർ എന്നെ കാത്തു.
മുരീദ് ബർഗൂതിയുടെ കവിതകൾ പൊതുവെ നേർഭാഷണത്തിന്റെ ശൈലിയിലാണ്. ആശയത്തിലാണ് അതിന്റെ ഊന്നൽ, സത്യമാണ് അതിന്റെ കല. അതിവൈകാരികതകൾക്കും അത്യുക്തികൾക്കും ആഡംബരങ്ങൾക്കും അതിൽ ഇടമില്ല. അടിത്തട്ടിലെ പരലുകൾ കാട്ടിത്തരുന്ന വെള്ളത്തിന്റെ തെളിച്ചം. ആഴമുണ്ടെന്ന് തോന്നുകയില്ല, എന്നാൽ ആഴമുണ്ട്. തെളിമയിൽ അലിഞ്ഞുചേരുന്ന അദൃശ്യമായ, അനക്കമറ്റ ആഴം. കവി കൈയൊപ്പിട്ടു തന്ന ‘പാതിരാവും മറ്റു കവിതകളും’ എന്ന സമാഹാരത്തിൽനിന്ന് പരിഭാഷപ്പെടുത്തിയ ചില കവിതകൾ ഇതോടൊപ്പം.
01
ഭാഷ്യങ്ങൾ
കവി കോഫീ ഷോപ്പിലിരുന്ന് എഴുതുകയാണ്.
വൃദ്ധ വിചാരിക്കുന്നു,
അയാൾ അമ്മക്ക് കത്തെഴുതുകയായിരിക്കും എന്ന്,
ചെറുപ്പക്കാരി വിചാരിക്കുന്നു
അയാൾ കാമുകിക്ക് കത്തെഴുതുകയായിരിക്കും എന്ന്,
കുട്ടി വിചാരിക്കുന്നു
അയാൾ പടം വരക്കുകയായിരിക്കും എന്ന്,
കച്ചവടക്കാരൻ വിചാരിക്കുന്നു
അയാൾ ഏതോ കരാർ ഉറപ്പിക്കുകയാണെന്ന്,
വിനോദസഞ്ചാരി വിചാരിക്കുന്നു
അയാൾ പോസ്റ്റ്കാർഡിൽ കുറിക്കുകയാണെന്ന്,
ഉദ്യോഗസ്ഥൻ വിചാരിക്കുന്നു
അയാൾ കടങ്ങൾ കണക്കുകൂട്ടുകയാണെന്ന്.
രഹസ്യപ്പോലീസ്
മെല്ലെ അയാൾക്കുനേരേ നടന്നടുക്കുന്നു.
02
കരുണാമയൻ
അയാളുടെ മിലിട്ടറി യൂനിഫോം
തീർച്ചയായും, അതു യുദ്ധങ്ങൾ തുന്നിയത്.
ഒഴിവുദിവസം അയാൾ അതണിഞ്ഞ് തൊപ്പി വെച്ച് തന്റെ ഉയരം കൂട്ടി.
സോഫോക്ലീസിനുപോലും അയാൾക്കുള്ളത്ര പ്രചോദനം
ഉണ്ടായിരുന്നില്ല,
മേഘങ്ങൾക്ക് അയാൾക്കൊപ്പം ചെന്നെത്താൻ കഴിഞ്ഞുമില്ല.
കലികൊണ്ട നേരത്ത്,
തന്നെ എതിർക്കുന്ന സകലർക്കും നേരെ അയാൾ വാളുയർത്തി
പിന്നെ, ഉത്സാഹം പെരുകിയപ്പോൾ,
തന്നെ പിന്തുണക്കുന്ന സകലർക്കും നേരെ അയാൾ വാളുയർത്തി.
പിറ്റേന്ന്
പ്രസംഗിക്കുമ്പോൾ,
അയാൾ തന്റെ ജനതയെച്ചൊല്ലി ഉള്ളിൽത്തട്ടി കരഞ്ഞു,
അയാളെ കേൾക്കാൻ ആരും അതിജീവിച്ചിരുന്നില്ല.
03
തലയിണ
തലയിണ മൊഴിഞ്ഞു:
നീണ്ട ഒരു ദിവസത്തിന്റെ അവസാനം
എനിക്കു മാത്രമേ അറിയൂ,
തന്റേടക്കാരന്റെ അധൈര്യം,
സന്യാസിനിയുടെ അഭിലാഷം,
ഏകാധിപന്റെ കൺപീലികളിലെ ചെറുവിറ,
സുവിശേഷകന്റെ അശ്ലീലത,
പറക്കുന്ന തീപ്പൊരികൾ ജ്വലിക്കുന്ന കനലാക്കിമാറ്റുന്ന
ഒരു ചൂടുള്ള ശരീരത്തിനായുള്ള ആത്മാവിന്റെ കൊതി,
എനിക്കു മാത്രമേ അറിയൂ,
ഗൗനിക്കാതെ വിടുന്ന കൊച്ചു കാര്യങ്ങളുടെ മഹത്ത്വം
എനിക്കു മാത്രമേ അറിയൂ, പരാജിതന്റെ അന്തസ്സ്,
വിജയിയുടെ ഏകാന്തത
ആഗ്രഹം സഫലമാകുമ്പോൾ അനുഭവിക്കുന്ന
വെറും നിസ്സംഗത.
04
അതും നല്ലതാണ്
സ്വന്തം കിടക്കയിൽ
വൃത്തിയുള്ള തലയിണ മേൽ
കൂട്ടുകാർക്കിടയിൽ കിടന്ന്
മരിക്കുന്നതും നല്ലതുതന്നെ
ഒരിക്കലെങ്കിലും
കൈകൾ മാറിൽ പിണച്ചുവെച്ച്,
ശൂന്യമായും വിളർത്തും,
പോറലുകളില്ലാതെ, ചങ്ങലകളില്ലാതെ, ബാനറുകളില്ലാതെ,
ഹരജികളുമില്ലാതെ
മരിക്കുന്നത് നല്ലതാണ്.
വെടിപ്പുള്ള ഒരു മരണം നല്ലതാണ്
ഉടുപ്പിൽ ഒറ്റത്തുളയും വീഴാതെ,
വാരിയെല്ലിൽ തെളിവുകൾ ബാക്കിവെക്കാതെ.
കവിളുകൾ നിരത്തോടല്ല, ഒരു വെളുത്ത തലയിണയോട് ചേർത്ത്,
മരിക്കുന്നത് നല്ലതാണ്
വെപ്രാളത്തോടെ ഡോക്ടർമാരും നഴ്സുമാരും ചുറ്റുംകൂടിനിൽക്കെ,
കൈകൾ പ്രിയപ്പെട്ടവരുടെ കൈകളോടു ചേർത്ത്,
ഭംഗിയായി വിടപറയുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലാതെ,
ചരിത്രത്തെ തീരെ ഗൗനിക്കാതെ,
ഒരുനാൾ ഇനി മറ്റാരെങ്കിലും
മാറ്റിക്കൊള്ളുമെന്ന് ആശിച്ച്
ഈ ലോകത്തെ അപ്പടി വിട്ടുകളഞ്ഞ്.