ഒരു കവിയുടെ യാത്രാവചനങ്ങൾ
റഷ്യൻ മഹാകവി ഒസിപ് മൻദെൽസ്തമിന്റെ വിഖ്യാതമായ കവിതാപുസ്തകം ‘Stone’ വായിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിലെ റഷ്യൻ കവികളിൽ എന്തുകൊണ്ടും പ്രത്യേകതയുള്ള ഒരു പ്രതിഭയായിരുന്നു ഒസിപ് മൻദെൽസ്തം (Osip Mandelstam). ഒരിക്കൽ ആംഗലേയ മഹാകവി ഡബ്ല്യു.എച്ച്. ഓഡൻ റഷ്യൻ കവിയായ ജോസഫ് ബ്രോഡ്സ്കിയോട് ഇങ്ങനെ ചോദിച്ചു: ''മൻദെൽസ്തമിനെ എന്തുകൊണ്ടാണൊരു മഹാനായ കവിയായി പരിഗണിക്കപ്പെടുന്നത്. ഞാൻ കടന്നുപോയ അദ്ദേഹത്തിന്റെ കവിതകളുടെ പരിഭാഷകളൊന്നും തന്നെ എന്നെയിക്കാര്യത്തിൽ ബോധ്യപ്പെടുത്താനും കഴിഞ്ഞിട്ടില്ല.'' ഒസിപ് മൻദെൽസ്തമിന് ഉണ്ടായിരുന്ന...
Your Subscription Supports Independent Journalism
View Plansഇരുപതാം നൂറ്റാണ്ടിലെ റഷ്യൻ കവികളിൽ എന്തുകൊണ്ടും പ്രത്യേകതയുള്ള ഒരു പ്രതിഭയായിരുന്നു ഒസിപ് മൻദെൽസ്തം (Osip Mandelstam). ഒരിക്കൽ ആംഗലേയ മഹാകവി ഡബ്ല്യു.എച്ച്. ഓഡൻ റഷ്യൻ കവിയായ ജോസഫ് ബ്രോഡ്സ്കിയോട് ഇങ്ങനെ ചോദിച്ചു: ''മൻദെൽസ്തമിനെ എന്തുകൊണ്ടാണൊരു മഹാനായ കവിയായി പരിഗണിക്കപ്പെടുന്നത്. ഞാൻ കടന്നുപോയ അദ്ദേഹത്തിന്റെ കവിതകളുടെ പരിഭാഷകളൊന്നും തന്നെ എന്നെയിക്കാര്യത്തിൽ ബോധ്യപ്പെടുത്താനും കഴിഞ്ഞിട്ടില്ല.'' ഒസിപ് മൻദെൽസ്തമിന് ഉണ്ടായിരുന്ന പ്രശസ്തിയിൽ പൊരുത്തപ്പെടാനാവാത്ത മറ്റൊരു കവിയുടെ സൂചനകൾക്ക് പരിഭാഷയിൽ അനുഭവിച്ച അപ്രവേശ്യത ശരിക്കും കാരണമാകുകയായിരുന്നോ? അതെയെന്ന് പറയേണ്ടിവരും.
എന്തുകൊണ്ടാണ് മൻദെൽസ്തമിനെ ഉൾക്കൊള്ളാൻ ഇത്രമേൽ പ്രയാസം നേരിടേണ്ടിവരുന്നത്. തീർച്ചയായും അതിനു കാരണങ്ങൾ എടുത്തുകാണിക്കാനുണ്ട്. അദ്ദേഹത്തിന്റെ ഭാഷയുടെ സാന്ദ്രതയും ബിംബകൽപനകളുടെ തീവ്രതയും വൈശിഷ്ട്യമാർന്ന പ്രകൃതിയും ചേർന്നു സൃഷ്ടിക്കുന്ന സ്വഭാവത്തെ നമുക്കംഗീകരിച്ചേ മതിയാകൂ: ഭാഷയുടെ ഏറ്റവും മഹത്തായ 'ഓർക്കസ്ട്രേറ്റേർസി'ൽ (Orchestrators) അവയുടെ ഘടനാ ചാരുതകളെ പുറത്തുകൊണ്ടുവരുന്നവരിൽ അദ്ദേഹം കാട്ടിയ മികവ് എത്രയോ ഉദാത്തമായിരുന്നുവെന്ന് നമുക്കംഗീകരിച്ചേ മതിയാകൂ: ശബ്ദത്തിന്റെയും അതിന്റെ ആരോഹണാവരോഹണങ്ങളുടെയും ഉത്കൃഷ്ടരായ മാസ്റ്റേഴ്സിൽ ഒരാളായിരുന്നു അദ്ദേഹം. വലിയ സാധ്യതകളാണിവ തുറന്നുകൊടുത്തത്. തരണം ചെയ്യാനാവാത്ത ഒന്ന് (insuperable) എന്നുവേണമെങ്കിൽ ഇതിനെക്കുറിച്ച് പറയാം. പരിഭാഷക്ക് തീർച്ചയായുമിത് തടസ്സം സൃഷ്ടിക്കുന്നു.
ഇംഗ്ലീഷ് ഭാഷയുടെയും റഷ്യൻ ഭാഷയുടെയും കാവ്യാത്മകമായ ഉപയോഗത്തിലെ പ്രത്യേകതകളും ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടതായി വരുന്നു. ബ്രോഡ്സ്കിയുടെ സൂചനകളിൽനിന്ന് നമുക്ക് ലഭിക്കുന്നത് ഇതിനുള്ളിലെ സങ്കീർണതകളുടെയും വ്യാപ്തിയുടെയും അപാരമായ സാധ്യതകളാണ്. മൻദെൽസ്തമിന്റെ കവിതകളെല്ലാംതന്നെ അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ അന്തരംഗങ്ങളിൽനിന്നാണ് പുറത്തേക്ക് കൊണ്ടുവരുന്നത്. മൻദെൽസ്തം കവിതകളുടെ അടിസ്ഥാന സ്വഭാവഗുണങ്ങളും ഇവിടെനിന്നാണ് ഉദ്ഭവിക്കുന്നത്. ഭാഷക്കപ്പുറം അദ്ദേഹത്തിന്റെ അനുഭവങ്ങളുടേതായ ഒരു വലിയ ലോകംതന്നെയുണ്ട്: വാക്കുകളുടെ വേരുകളിലേക്കുള്ള സമന്വയത്തിനും വായനക്കാർ തയാറാകേണ്ടിയിരിക്കുന്നു.
ഇത്രയും ആമുഖമായി എഴുതേണ്ടിവന്നത് അദ്ദേഹത്തിന്റെ ആദ്യ കവിതാഗ്രന്ഥമായ ശില (Stone) (റഷ്യൻഭാഷയിൽ Kamen) വായിച്ചതിന്റെ ബൗദ്ധികമായ ആഹ്ലാദത്തിനുള്ളിൽനിന്നാണ്. 1913ലാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. അന്ന് അദ്ദേഹത്തിന് 22 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അതോടെ, അദ്ദേഹം അന്നത്തെ പ്രസിദ്ധരായ കവികളുടെ നിരയിലേക്കുവന്നു. അന്ന് അഖ്മത്തോവയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധം ചാഞ്ചല്യമില്ലാതെ ജീവിതകാലം മുഴുവൻ നിലനിൽക്കുകയും ചെയ്തു. ഒറ്റപ്പെടലിന്റെ ആ വലിയ കാലഘട്ടമായിരുന്നു അത്. മോഹഭംഗങ്ങളുടേതായ ശപിക്കപ്പെട്ട അന്തരീക്ഷവും അന്നുണ്ടായിരുന്നു. 1920കളിൽ അദ്ദേഹം നിശ്ശബ്ദതയുടെ ഭാരിച്ച തലങ്ങളിൽ ഒറ്റപ്പെട്ടു: കവിത പ്രസിദ്ധീകരിക്കാനാവാത്തതിന്റെ നൈരാശ്യവും പരിഭാഷയുടെ തലങ്ങളിലേക്കെത്താനാവാത്തതും പുതിയ ലോകത്തെ അദ്ദേഹത്തിൽനിന്നകറ്റിനിർത്തി.
സ്റ്റാലിനെക്കുറിച്ചൊരു ആക്ഷേപഹാസ്യ കവിതയെഴുതി. അത് നിഗൂഢമായ ഒരു സൗഹൃദസദസ്സിൽ ചൊല്ലിയതിന്റെ പേരിൽ (1935 -Poem on Stalin) അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്ന യാതന ജീവിതകാലം മുഴുവൻ നീണ്ടുനിന്നു. കേൾവിക്കാരിലുണ്ടായിരുന്ന ആരോ ഇത് സ്റ്റാലിനിലേക്ക് പകർന്നുകൊടുക്കുകയായിരുന്നു. ഏകാധിപതിയായ സ്റ്റാലിനെ കൊലപാതകിയായിട്ടാണ് അദ്ദേഹം ചിത്രീകരിച്ചത്. കേൾവിക്കാരായ ഇരുപതോളം മനുഷ്യരിൽ പ്രസിദ്ധ റഷ്യൻ കവിയായ പാസ്റ്റർനാക്കും ഉണ്ടായിരുന്നു. ''അയാളുടെ വിരലുകൾ ഷഡ്പദത്തിന്റെ പുഴുവിനെപ്പോലെ തടിച്ചതായിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടുകളിൽനിന്നു വീഴുന്ന വാക്കുകൾക്ക് ആത്യന്തികമായും വല്ലാത്ത ഭാരം അനുഭവപ്പെട്ടിരുന്നു'' എന്നിങ്ങനെ കവിതയിലുടനീളം സ്റ്റാലിനെതിരെയുള്ള ആക്ഷേപഹാസ്യ സൂചനകളുടെ തിര ആഞ്ഞടിച്ചുകൊണ്ടിരുന്നു. ഒട്ടും താമസിയാതെ അറസ്റ്റ് ചെയ്യപ്പെടുകയും അജ്ഞാതകേന്ദ്രത്തിൽ സംഭവിച്ച (1938) മരണത്തിന് കാരണമാവുകയും ചെയ്തു. 1936കളിലെ വിചാരണകളുടെ കാലത്താണ് മരണം സംഭവിച്ചത്. ഭാര്യയായ നദിഷ്ദ മൻദെൽസ്തമിന് അദ്ദേഹത്തിന്റെ ഭൗതികശരീരം കാണാൻപോലും കഴിയാതെ വന്നു. അവരുടെ രണ്ട് വാല്യങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഓർമക്കുറിപ്പുകൾ -പ്രത്യാശക്കെതിരെ പ്രത്യാശ (Hope against Hope), പ്രത്യാശ പരിത്യജിക്കപ്പെട്ടു (Hope Abandoned)- ഇന്നും ലോകസാഹിത്യത്തിലെ ഒരു മഹാവിസ്മയമായാണ് വിലയിരുത്തപ്പെടുന്നത്. ഇവ വായിച്ചതിന്റെ ഓർമകൾ ഇന്നും വിട്ടുമാറാതെ നിൽക്കുന്നു. വായനക്കാർ തേടിപ്പിടിച്ച് വായിക്കേണ്ട ഒരു പുസ്തകദ്വയമാണിത്. മൻദെൽസ്തമിനെക്കുറിച്ചുള്ള, അദ്ദേഹത്തിന് നേരിടേണ്ടിവന്ന ഭീകരയാതനകളെക്കുറിച്ച് തിരിച്ചറിയാൻ ഇതിനപ്പുറം മറ്റൊരു ഉറവിടം ഇനിയുണ്ടാകാനും പോകുന്നില്ല. അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും നദിഷ്ദയുമായിട്ടുള്ള ജീവിതത്തെക്കുറിച്ചും വിശദമായറിയാനുള്ള തലങ്ങൾ ഈ പുസ്തകങ്ങളിലുണ്ട്.വ്യക്തിപരമായ ഓർമകൾക്കൊന്നും കവി വലിയ പ്രാധാന്യം കൊടുക്കുന്നില്ല. വ്യക്തിപരമായ ഇത്തരം കാര്യങ്ങളുടെ നേർക്ക് അഹിതമായ ഒരു സമീപനമാണ് ഓർമകൾ ഏറ്റെടുക്കുന്നത്. കാലത്തിന്റെ ശബ്ദം (The Sound of Time) എന്ന ഒരു കഥയിൽ അദ്ദേഹം ഇതിനെ വിശകലനംചെയ്യുന്നുണ്ട്. 19ാം നൂറ്റാണ്ടിലെ റഷ്യൻ മാനുഷിക പരിഗണന നേരിട്ട അവസ്ഥകൾക്കുള്ളിൽ നിൽക്കെ ഒരെഴുത്തുകാരൻ ഏതു രീതിയിലാണ് പ്രതികരിക്കേണ്ടതെന്നുപോലും അറിയാതെ വരുന്നു. 1891 ജനുവരിയിൽ പോളണ്ടിലെ വാഴ്സോ നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. അന്ന് അത് റഷ്യൻ ഭരണത്തിന് കീഴിലായിരുന്നു. 1938ൽ മരണം സംഭവിച്ചത് സൈബീരിയയിലെ ഫ്വാദിവാസ്റ്റോക്കിനടുത്തുള്ള ഒരു ട്രാൻസിറ്റ് ക്യാമ്പിൽ. ജന്മനാ ജൂതന്മാരായ ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അധികാരിവർഗവുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ ഒരിക്കലും കഴിയാതെ വന്നിരുന്നു. സെന്റ് പീറ്റേഴ്സ് ബർഗ് നഗരത്തിന്റെ തലങ്ങളിൽ ജൂതന്മാരെ പൊതുവെ സ്വൈരജീവിതം നയിക്കാൻ അനുവദിച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നഗരമായി അത് നിലനിന്നു.
ഈ പുസ്തകത്തിലെ ആദ്യ കവിതയിലെ വരികൾക്കുള്ളിൽ ഒറ്റപ്പെട്ട ദൃശ്യം അവതരിപ്പിച്ചാണ് കവി തുടങ്ങുന്നത്. ഒരു ബീജകോശം താഴേക്ക് വീഴുമ്പോഴുള്ള അനിശ്ചിതമായ സ്വരവിന്യാസത്തിന്റെ സൂചനകളാണ് അദ്ദേഹം പങ്കുവെക്കുന്നത്. മരത്തിന്റെ ശാഖയിൽനിന്നത് താഴേക്കു വീഴുന്നതിനിടയിൽ വനത്തിന്റെ അഗാധമായ ശാന്തതയുടെ തുടർച്ചയായ സ്വരമാധുര്യം അനുഭവിച്ചറിയാൻ കഴിയുന്നുണ്ട്. വനത്തിൽനിന്നും ക്രിസ്മസ് മരങ്ങളുടെ സുവർണസാന്നിധ്യമാണുണ്ടായിരുന്നത്. കുറ്റിക്കാടുകൾക്കുള്ളിൽ ചെന്നായ്ക്കളുടെ കുഞ്ഞുരൂപങ്ങൾ ചകിതമായ മിഴികളോടെ തുറിച്ചുനോക്കുന്നു. എന്റെ പ്രവചനാത്മകമായ ശോകഭാവങ്ങൾ, എന്റെ നിശ്ശബ്ദമായ സ്വാതന്ത്ര്യം എല്ലാം ഞാൻ തിരിച്ചറിയുന്നു.
രൂപകൽപനകളുടെ വിഷാദാത്മകമായ ലോകത്തിന്റെ ദൃശ്യങ്ങളാണിവിടെ കവി പങ്കുവെക്കുന്നത്. ഈയൊരു കവിതാഗ്രന്ഥത്തെ ഒരൊറ്റ രചനയായി പരിഗണിക്കുകയാണെങ്കിൽ ഇതോടൊപ്പം വേറിട്ട രണ്ട് പുസ്തകങ്ങൾ മാത്രമേ നമുക്ക് ഇതിൽനിന്ന് കണ്ടെത്താനാവൂ. ഒന്ന് 1922ൽ പ്രസിദ്ധപ്പെടുത്തിയ 'ട്രിസ്റ്റിയ'യും (Tristia) 1928ൽ പുറത്തുവന്ന കവിതാസമാഹാരവുമാണ്.
'ശില' പുറത്തുവന്ന കാലം റഷ്യയിൽ വലിയ മാറ്റം അരങ്ങേറിയ സമയമായിരുന്നു. 1914ലെ ഒന്നാം ലോകയുദ്ധവും 1917ലെ ബോൾഷെവിക് വിപ്ലവവും ഇതോടൊപ്പം പ്രത്യേകം സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഇതുകൂടാതെ 1918-1920 കാലത്തെ ആഭ്യന്തര കലാപവും കൂടിയാകുമ്പോൾ അത് റഷ്യയിൽ സൃഷ്ടിച്ച മാറ്റം മൻദെൽസ്തമിന്റെ കവിതകളിലും രൂപാന്തരത്വം വരുത്തി. 1924ലെ ലെനിന്റെ മരണം റഷ്യൻ ജീവിതതലങ്ങളിൽ വളരെ സൂക്ഷ്മമായ നിയന്ത്രണങ്ങളാണ് വരുത്തിയത്. ഇക്കാലമെല്ലാം ഒരു റഷ്യൻ അഭയാർഥിയുടെ ജീവിതം ചെലവഴിക്കേണ്ടിവന്ന മൻദെൽസ്തം ശരിക്കും തകർച്ചയെ നേരിൽ കാണുന്ന കാലമായിരുന്നു. ഗ്രിമിയയിലെ ഒറ്റപ്പെട്ട ജീവിതസാഹചര്യങ്ങൾ അദ്ദേഹത്തിന് പ്രത്യാശ പങ്കുവെക്കുന്ന ഒന്നായിരുന്നില്ല. 1925നും 1930നുമിടയിൽ എഴുത്തുകാരെ ബാധിക്കുന്ന താൽക്കാലിക ആലസ്യം അദ്ദേഹത്തെ വല്ലാതെ തളർത്തിക്കളഞ്ഞു. 1928നു ശേഷമുള്ള ഏകാധിപതി സ്റ്റാലിന്റെ കടന്നുവരവും കൂടിയായപ്പോൾ ക്രൂരമായ ഒറ്റപ്പെടലുകളിൽനിന്നും മോചനം ലഭിക്കാത്ത നാളുകളിൽ കവിക്ക് ജീവിതം കൂടുതൽ പരീക്ഷണത്തിന്റെ പ്രതിരൂപമായി മാറി.
കവിതകളുടെ പൊതുശീർഷകമായി വരുന്ന ശില (Stone) ശരിക്കും വിളിച്ചുചൊല്ലുന്നത് മൻദെൽസ്തമിന്റെ കാവ്യാത്മകമായ അടിസ്ഥാന തത്ത്വങ്ങളെയാണ്. ഇതിലെ സൃഷ്ടിയുടെ മൂല്യമാണ് കൂടുതൽ പരിഗണന അർഹിക്കുന്നത്. കൂട്ടുകാരനും കവിയുമായിരുന്ന ഗുമിലിയോവിന് ഇതിനെക്കുറിച്ച് വലിയ മതിപ്പായിരുന്നു. ഇവയിലൂടെ കവിയായ മൻദെൽസ്തം സമ്മാനിച്ചത് ഒരു കല്ല് മാത്രമായിരുന്നു. ഒരു സാധാരണ കല്ല് മാത്രം^ അതിനെ എവിടെനിന്നുവേണമെങ്കിലും പെറുക്കിയെടുക്കാവുന്നതേയുള്ളൂ. ഒരു കല്ലാശാരിക്കതുകൊണ്ട് നിർമിതിയിൽ ഉപയോഗിക്കാനും കഴിയും. പത്തൊമ്പതാം നൂറ്റാണ്ട് ദർശിച്ച റഷ്യൻ കവികളിലൊരു പ്രതിഭയായിരുന്ന ഫയദേൽടയൂട്ഷേവിന്റെ കവിതയിൽ ഇതിന്റെ സൂചനകളുണ്ടെന്ന് ഒസിപ് മൻദെൽസ്തം സൂചിപ്പിച്ചിട്ടുണ്ട്. പർവതസാനുക്കളിലൂടെ ഒഴുകി താഴേക്കുവന്ന ഒരു കല്ല് താഴെ നിദ്രയിലാണ്ടു കിടക്കുന്നു: എങ്ങനെയാണതിന്റെ പതനം സംഭവിച്ചത്? ആർക്കുമതിനെ കുറിച്ചൊന്നുമറിയില്ല. അത് സ്വയം താഴേക്ക് പതിച്ചതാണോ? അല്ലെങ്കിൽ ആരെങ്കിലും അതിനെ ബോധപൂർവം തള്ളിയിട്ടതാണോ? നിർമിതികൾക്ക് ഉതകുന്നതുപോലെ കവിതയുടെ നിർമിതിക്കും അടിസ്ഥാനമൂലകമായിവിടെ ഭവിച്ചിരിക്കുന്നു. നിർമിതി കല്ലിൽനിന്നാകുമ്പോൾ കവിതയിൽ വാക്കുകളാണ് കല്ലിന്റെ സ്ഥാനമേറ്റെടുക്കുന്നത്. ഒരു വാക്കിന് കവിതയിൽ കടന്നുകയറാൻ വല്ലാത്ത അന്തർദാഹമാണ്. അതിലെ ഏറ്റവും ആധുനികമായ അസ്തിത്വത്തിന്റെ വഴിയാണിവിടെ തുറന്നുവരുന്നത്. നിശ്ശബ്ദതയുടെയും ശൂന്യതാബോധത്തിന്റെയും എതിരെയൊരു വെല്ലുവിളിയുയർത്താനാണ് അതിന്റെ ശ്രമം. ശൂന്യമായി കിടന്ന ഇടത്തിലാണ് അത് അതിന്റെ നിർമിതിക്ക് തയാറാവുന്നത്.
ഒരു കല്ലിനോടായി കവി പറയുന്നു: ''നീയൊരു കല്ലാണ്. ഈയൊരു കല്ലിന്റെ മുകളിൽ ഞാനെന്റെ ദേവാലയത്തെ പണിതുയർത്തും. എന്റെ ശിലാനഗരമായ പീറ്റേഴ്സ് ബർഗിന്റെ ഛായ അതിന് ലഭിക്കുകയും ചെയ്യും.''
മൻദെൽസ്തമിന്റെ സെന്റ് പീറ്റേഴ്സ് ബർഗ് ദസ്തയേവ്സ്കിയുടെ, അലക്സാണ്ടർ ബ്ലോക്കിന്റെ അവ്യക്തമായ ഭ്രമാത്മകസ്വഭാവമുള്ള നഗരമായിരുന്നില്ല. ഇത് ശരിക്കും യഥാർഥമായ വൈശിഷ്ട്യ സ്വഭാവമുള്ള ഒന്നാണ്. നഗരത്തിന്റെ യഥാർഥ മൂല്യങ്ങളും അതിന്റെ മിത്തുകളും ശരിക്കും ശിൽപത്തിൽ വന്നിട്ടുണ്ട്. സാഹിത്യത്തിലും ഇത് സംഭവിക്കുന്നു.
കവി അഖ്മത്തോവയെ കുറിച്ചുള്ള കവിതയിൽ ദുഃഖപുത്രിയായ അവരുടെ രൂപസൗകുമാര്യത്തിന്റെ ദൃശ്യതകളിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്. വേദനകൊണ്ട് ദാഹം തീർത്ത അവരുടെ ശബ്ദം ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അവരുടെ ആത്മാവിന്റെ അഗാധതകളിൽനിന്നാണ് വാക്കുകൾ സ്വതന്ത്രമാകുന്നത്. അവരുടെ ചുമലുകളിൽനിന്ന് വീണിരുന്ന മേൽവസ്ത്രത്തിന്റെ തുമ്പ് ഒരു കല്ലായി രൂപാന്തരപ്പെട്ടു.
ബിഥോവനെക്കുറിച്ച് ഒരു ഭാവഗീതം ഈ കവിതകൾക്കുള്ളിലെ ഒരു മുത്താണ്. അഗ്നിയാളിക്കത്തുന്ന ഒരിരുണ്ട അറക്കുള്ളിലെവിടെയോ സംഗീതജ്ഞൻ ഇരിക്കുന്നു. ഒന്നും കേൾക്കാനാവാത്ത അവസ്ഥയിൽ പീഡിപ്പിക്കുന്നവന്റെ സാന്നിധ്യം അദ്ദേഹത്തിനറിയാതെ പോകുന്നു. മഹത്തായ പരിത്യാഗത്തിന്റെ അഗ്നിനാളം പാതിയാകാശത്തെ മൂടിനിൽക്കുന്നു. ഒന്നുമില്ലായ്മക്കുള്ളിൽ നമുക്കാകെക്കൂടി കാണാൻ കഴിയുന്നത് ഭരണസിംഹാസനമുറിക്കുള്ളിൽ കഴിയുന്ന സംഗീതജ്ഞനെയാണ്. അദ്ദേഹത്തിൽനിന്നുയർന്ന് പടരുന്ന പ്രകാശത്തിന് വിജയത്തിന്റെ മൂല്യങ്ങളുണ്ടായിരുന്നു. ബിഥോവന്റെ സംഗീതത്തിന്റെ ധ്വനിവ്യത്യാസങ്ങൾ ഉൾക്കൊള്ളുന്ന ഈ കവിത അദ്ദേഹത്തിനുള്ള കവിയുടെ അർച്ചനയാണ്.
മൻദെൽസ്തമിന്റെ കവിതകൾ ശരിക്കുമീ ലോകത്തിനായി സമർപ്പിക്കപ്പെട്ടവയാണ്. അവിടെ നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. നക്ഷത്രങ്ങളെക്കുറിച്ചെഴുതുമ്പോൾ കവിക്ക് ഒരു കാവ്യാത്മകമായ പ്രചോദനം നഷ്ടപ്പെടുന്നതുപോലെയാണ്. സൈബീരിയൻ ഗുലാരിലെവിടെയോ മാഞ്ഞുപോയ ഈ കാവ്യപ്രതിഭയെ അത്രപെട്ടെന്നൊന്നും മാനവരാശിക്ക് മറക്കാൻ കഴിയില്ല.